Thursday, December 24, 2009

ജാതകം

സന്ധ്യതന്‍ കപോലത്തില്‍ ശോണിമയേറി, ചില
കാര്‍മേഘമങ്ങിങ്ങായി പ്രേമസഞ്ചാരം ചെയ്കേ
ഇലഞ്ഞിപ്പൂക്കള്‍ തന്‍റെ മാദക ഗന്ധം തേടി
മാനസാരാമത്തിങ്കല്‍ മാരുതനണഞ്ഞപ്പോള്‍

മാരിവില്‍ സ്വപ്നങ്ങളാലാരെയോ വരച്ചിട്ടൊ-
രന്തരംഗത്തില്‍ വൃഥാ തേന്‍‍മഴ പൊഴിഞ്ഞപ്പോള്‍
ഓര്‍മ്മതന്‍ മണിച്ചെപ്പില്‍ ലാളിച്ചു വളര്‍ത്തുമെന്‍
പ്രേമസ്വപ്നങ്ങള്‍ വന്നെന്നാത്മാവില്‍ മന്ത്രിക്കുന്നു

വരവായ് പ്രിയസഖി, പ്രണയക്കതിര്‍ക്കൊടി,
പല നാള്‍ കാത്തിരുന്ന വാസന്തമലര്‍ക്കൊടി
നിന്നിലെന്നാളും നവ സ്വപ്നമായരങ്ങേറും
പ്രണയോത്സവത്തിന്‍റെ മധുരപ്രതിധ്വനി !

ഒട്ടൊരു നിമിഷമാ വാക്കുകള്‍ കേട്ടിട്ടെന്‍റെ-
യുള്‍ത്തടം സന്തോഷത്താല്‍ പ്രേമസ്വപ്നത്തെ പൂകെ
സുന്ദരിയവളുടെ നൂപുരനാദം പോലെ,
‘ഫോണടി’ച്ചുണര്‍ത്തിയെന്നാമോദ സങ്കല്‍‍പ്പത്തെ

ആരിവള്‍? മധുരാര്‍ദ്രവര്‍ഷമായ് പൊഴിയുന്ന
തേന്‍ കണം തുളുമ്പുന്ന വാക്കുകള്‍ പറയുവോള്‍
സ്നേഹമാണത്രേ ! എന്നില്‍ ചേരുവോളം നാള്‍ നിത്യം
പാര്‍വതീപതിയെത്താന്‍ പൂജിച്ചു പോരും പോലും!

ഓര്‍ത്തെടുത്തവളെയെന്‍ പൂര്‍വ്വ സഞ്ചാരങ്ങളില്‍
ഓര്‍മ്മയായ് വിട ചൊല്ലി പോയ പെണ്‍‍കൊടിയവള്‍
ഓളങ്ങളാലെ നൂറു ഗാഥകള്‍ രചിക്കുന്ന
പൂക്കൈതയാറിന്‍ തീരത്തന്നു പാര്‍ത്തിരുന്നവള്‍

ഓളങ്ങള്‍ കാലത്തിന്‍റെ നൂതന കഥകളാ-
ലായിരം കാതം ദൂരം മുന്നോട്ടു ചരിച്ചപ്പോള്‍
കാണാതെയായി തമ്മിലെങ്കിലും ചില നേരം
ഓര്‍ത്തിരുന്നവളെ ഞാനോമനിച്ചിരുന്നു ഞാന്‍

ഒന്നുമേ ചൊല്ലാനെന്‍റെ ഗദ്ഗദം തടഞ്ഞപ്പോള്‍
ഹൃത്തുടിപ്പുയര്‍ന്നതെന്‍ പ്രാണന്‍റെ താളം പോലെ
പ്രേയസീ നിന്നെ തന്നെ കാത്തിരിക്കുന്നു ഞാനെ-
ന്നാവതും പറയുവാന്‍ വാക്കുകള്‍ തിരഞ്ഞു ഞാന്‍

എങ്കിലും തമ്മില്‍ തമ്മില്‍ മൌനങ്ങള്‍ കൈമാറിയ
പുഞ്ചിരി പോലും രാവില്‍ വാനിലെ നക്ഷത്രമായ്
എന്‍ ചുടു നിശ്വാസത്തില്‍ പൂമ്പൊടി കലര്‍ന്നിട്ടോ
സുന്ദരിയവളുടെ മന്ത്രണം നുകര്‍ന്നിട്ടോ

രാത്രീരവം തെല്ലു ശാന്തമായ്, മരങ്ങളില്‍
പാര്‍ത്തിടും കിളികളും തമ്മിലാശ്ലേഷം ചെയ്തു
വൃശ്ചികപ്പുതപ്പിട്ട സന്ധ്യ തന്‍ മിഴികളില്‍
ചന്ദനക്കുളിര്‍ തൂകി ചന്ദ്രിക പ്രകാശിച്ചു

സാന്ധ്യസൌന്ദര്യത്തിലെന്നാരാമ സുരഭികള്‍
ആലോലഗാത്രങ്ങളാല്‍ പ്രേമഗീതങ്ങള്‍ പാടി
വര്‍ണ്ണങ്ങള്‍ നമുക്കായി വന്നുത്ഭവിച്ചോ പാരില്‍
വാനിലെ നക്ഷത്രങ്ങള്‍ നമുക്കായ് പിറന്നതോ

ചിന്തകള്‍ വിഹായസ്സിലഞ്ജിത വര്‍ണ്ണങ്ങളായ്
പൂക്കളായ് വസന്തമായ് മഞ്ജുള സ്വപ്നങ്ങളായ്
നമ്മള്‍ നമുക്കായ് ചമച്ച സാമ്രാജ്യത്തി-
ലര്‍ക്കനുറങ്ങാത്ത നാളുകള്‍ തുടങ്ങയായ്

ഏറെനാള്‍ കഴിഞ്ഞു നിന്‍ ശബ്ദസൌഭാഗ്യം നെഞ്ചി-
ലുള്‍ക്കുളിര്‍ പകര്‍ന്നൊരു സാന്ത്വനത്തലോടല്‍ പോല്‍
ഉല്‍ക്കടം കൊതിക്കുന്നു നിന്‍റെ സാമീപ്യം നിത്യ-,
മുല്‍‍ക്കാര്‍ദ്രചിത്തത്തിന്‍റെയാഗ്രഹം കഷ്ടം കഷ്ടം!

കാലമാം കനല്‍‍പ്പാത നീണ്ട നാള്‍വഴികളായ്
കാതങ്ങള്‍ താണ്ടാനെന്നെയാജ്ഞയാല്‍ ക്ഷണിക്കവേ
കാണുമോ കണ്ണില്‍ കണ്ണു ചേര്‍ത്തുമെന്‍ സിരകളില്‍
കാലുഷ്യമിയലാത്ത സ്നേഹമായ് നീയും കൂടെ...© ജയകൃഷ്ണന്‍ കാവാലം

Sunday, December 20, 2009

വന്നോളൂ...

എന്നെ വന്നു പുണര്‍ന്നോളൂ നിന്‍
ഉള്ളില്‍ രാഗം നിറയുമ്പോള്‍
എന്നില്‍ വന്നു നിറഞ്ഞോളൂ നീ
കവിതക്കനിയായ് മാറുമ്പോള്‍
എന്നില്‍ വന്നു പുലര്‍ന്നോളൂ നിന്‍
സ്നേഹം പൂവായ് വിരിയുമ്പോള്‍
എന്നുടെ മുന്‍പില്‍ നടന്നോളൂ നീ-
യറിവായുള്ളില്‍ നിറയുമ്പോള്‍
എന്നില്‍ നിന്നുമകന്നോളൂ നീ
സ്വാര്‍ത്ഥതയാല്‍ വിഷമാകുമ്പോള്‍

© ജയകൃഷ്ണന്‍ കാവാലം

Wednesday, November 25, 2009

എനിക്കു ചിതയൊരുങ്ങുമ്പോള്‍

ജ്വലിക്കുമഗ്നിയില്‍ ഹവിസ്സു മാത്രമായ്
എരിഞ്ഞടങ്ങുവാന്‍ വിധിച്ച ദേഹമേ
കൊടുത്തു നിന്നെയെന്‍ അന്ത്യ ദാനമായ്
മടങ്ങട്ടെ, ഭുവില്‍ ശാന്തി വാഴട്ടെ

ജനിച്ചു ഭൂമിയില്‍ തപിച്ചു ദേഹിയും
കൊടുത്തു കൊണ്ടതും വിധി വിഹിതങ്ങള്‍
തടുത്തതില്ല ഞാന്‍ വിധി ഹസ്തങ്ങളെ
ചെറുത്തതില്ലൊരു വരപ്രസാദവും

ജനിച്ച നാള്‍ മുതല്‍ കണ്ട കാഴ്ചകള്‍
മറക്കട്ടെ, ലോകം വെടിഞ്ഞു പോകട്ടെ
ജന ശതങ്ങളും നദീ പ്രവാഹവും
വിപിനവും മൃഗ ഖഗാവലികളും

മരങ്ങളും മഹാ മലനിരകളും
മണിപുരങ്ങളും ധനധാന്യങ്ങളും
കുളങ്ങളും, നീണ്ട വഴികളും, ചെറു-
കിളികള്‍ പാടുമീ ചാഞ്ഞ ചില്ലയും,

വസന്ത ഭംഗിയും, ശിശിരമേഘവും,
ഹരിത വര്‍ണ്ണമാര്‍ന്നിളകിടും ചെറു-
വാര്‍പ്പു കുഞ്ഞുങള്‍ നീന്തിടും - കല്ലിന്‍
പടവിളകിയ കുളക്കരയുമീ

നിമിഷ ജീവിത പ്രയാണ വേളയില്‍
കണ്ടതൊക്കെയും മറക്കട്ടെ ഞാനെന്‍
പ്രതീക്ഷയും, പ്രിയ കവിതയും കണ്ണീര്‍-
ക്കിനാക്കളുമിതാ തിരികെ നല്‍കട്ടെ

വൃഥാ കരഞ്ഞിടും പ്രിയ ജനങ്ങളേ
വെറുതെയെന്തിനീ വിലാപ ഗീതകം
മറക്കുമൊക്കെയും നിങ്ങളും വരും
ഒരു ദിനം, വീണ്ടും കരയുമുടയവര്‍

പ്രപഞ്ചനീതിതന്‍ നിയമ സഞ്ചയം
മറച്ചിടുന്നു ഹാ അനന്ത വേപഥു
ചിരിച്ചിടും, നാളെ കരഞ്ഞിടാന്‍ വീണ്ടും
ചിരിച്ചിടാം, ഭവാന്‍ ചമയ്ക്കും നാടകം

കഴിഞ്ഞ ജീവിത കണക്കു കൂട്ടലില്‍
കരഞ്ഞു കൂട്ടിയ കണക്കു ബാക്കിയായ്
കഴിഞ്ഞ കാലമെന്‍ കരം കഴിച്ചിതാ
പൊതിഞ്ഞു തന്നതാം പുണ്യ സഞ്ചയം

വിദൂര യാത്രയില്‍ പാഥേയമാക്കിടാം
പൊതി, കരുതുക ‘പുണ്യ’ ഭോജനം
കടുത്ത ജീവിതക്കടല്‍ കടന്നിതാ
മടങ്ങട്ടെ, ഭുവില്‍ സുഖം ഭവിക്കട്ടെ

ചിതയൊരുങ്ങുന്നു, പലര്‍ മതില്‍ക്കക-
ത്തിരിക്കുന്നു ചിലര്‍ നടന്നു കാണുന്നു
മരണ വീടിന്‍റെ ചിതം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ കുനിഞ്ഞിരിക്കുന്നു

മരിച്ചവനുടെ ഗുണം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ പരിഹസിക്കുന്നു
പരിഹാസ ഗുണ ഗണങ്ങളൊക്കെയും
ശവത്തിനോ അതോ പരം പുരുഷനോ?

മുറിച്ച മാവിന്‍റെ ഗുണ ഗണങ്ങളില്‍
ശവം വരുത്തിയ കുറവു തീര്‍ക്കുവാന്‍
മൂപ്പിലാന്‍റെ പട്ടടയടങ്ങുമ്പോള്‍
വളം കരുതുവാനുറച്ച മക്കളും

കൊടുത്ത ഭൂമിതന്നളവില്പവും
കുറയാതെ കരഞ്ഞിടും ബന്ധുക്കളും
നെടിയ ശ്വാസങ്ങള്‍ നിറഞ്ഞു കേള്‍ക്കുന്നു
സഹതപിക്കണേ പൊതു ജനങ്ങളേ...

ജനിച്ച ഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഞാ
നിവര്‍ക്കു വേണ്ടി ഹാ കരുതിയൊക്കെയും
നിവര്‍ന്നു നില്‍ക്കുവാന്‍ പഠിച്ച മക്കളെ-
ന്നൊടിഞ്ഞൊരെല്ലിനോ വിലപറയുന്നു

കരം കൊടുത്തു ഞാന്‍ പിരിഞ്ഞു പോകവേ
വിരുന്നു വന്നൊരെന്‍ പ്രിയ ജനങ്ങളേ
ശവം കിടക്കുന്നു കണ്ടു കൊള്ളുക
നാളെ നിങ്ങളും കിടക്കുമീവിധം

ചൂട്ടു കറ്റകള്‍ കരഞ്ഞു കത്തുന്നു
കുളിച്ചു വന്നവന്‍ ശവത്തിന്‍ സീമന്തന്‍
എടുത്തു കൊള്ളുകീ ശവത്തെയഗ്നിതന്‍
കരത്തിലെന്നവന്‍ ജപിപ്പതില്ലയോ?

ജനം തിരക്കിട്ടു നിരന്നു നില്‍ക്കുന്നു
ഇടം കൊടുക്കുക അഭൂത ദര്‍ശനം!!!
മനം നിറഞ്ഞിതാ അനുഗ്രഹിക്കുന്നു
കൊളുത്തുക കുഞ്ഞേ സമയമാഗതം

ജ്വലിച്ചൊരഗ്നിതന്‍ രഥത്തിലേറി ഞാന്‍
നഭസ്സിലൂടെയെന്‍ പുരത്തിലെത്തവേ
ജപിച്ചിടുന്നു വേരറുക്ക ജീവിത
ക്കനല്‍ക്കയത്തിലേക്കുള്ള മോഹവും

കളത്രസന്തതീ വൃഥാ വിനോദവും
കറുത്ത ഭൂമിയില്‍ കര്‍മ്മയോഗവും
അറുക്ക ജനിമൃതീ പരമ്പരകളും
അനന്തജീവിതം വിധിക്ക നീ വിഭോ

© ജയകൃഷ്ണന്‍ കാവാലം

Saturday, November 14, 2009

മാതൃവന്ദനം

ശക്തിയായ് മമ ബുദ്ധിയായ് മന-
ശുദ്ധിയേകിടുമുണ്മയായ്,
സ്വപ്നസുന്ദരമാകുമെന്‍ മല-
നാടിന്‍ സൌന്ദര്യ ഗീതമായ്,

അര്‍ത്ഥികള്‍ക്കു വരപ്രസാദമായ്,
നിത്യമുള്ളില്‍ വിളങ്ങണേ
ഹാ സുഭഗേ മനോഹരീ മമ
മാതൃഭാഷേ നമിച്ചിടാം

ചാരുവര്‍ണ്ണ പദാവലീ രസ
മോദദായകരൂപിണീ
കേരനാടിനു കേള്‍വി നല്‍കിയ
കോമളാംഗി മനോഹരീ

ഒപ്പമില്ലൊരു ഭാഷയും തവ
ചാരു വശ്യ പദങ്ങള്‍പോല്‍
എത്തുകില്ലൊരു നാളുമംബികേ
നിന്‍ മഹിമ രചിക്കുകില്‍

തല്‍‍സ്തനാമൃതഭാഗ്യമേകി നീ
പോറ്റിടുന്നു നിന്‍ മക്കളെ
നാദരൂപിണീ കൈതൊഴാം മമ
മാതൃഭാഷേ ദിനം ദിനം

കാവ്യസുന്ദര മോഹിനീ തവ
ജ്ഞാനസമ്പന്നമാനസം
അന്‍‍പിനാലെ കനിയണേ മമ
മാതൃഭാഷേ നമിച്ചിടാം...

© ജയകൃഷ്ണന്‍ കാവാലം

Sunday, November 01, 2009

മലയാളമധുരമേ... അമ്മേ...

മലയാളമേ മനസ്സിനെ ധന്യമാക്കും സന്തോഷമേ
മാതൃഭാവേ വിലസുന്ന നന്‍‍മതന്‍ പൂവേ
പൂക്കള്‍ തിങ്ങി, കര കേരസൌഭാഗ്യത്താല്‍ നിലകൊള്‍വൂ
പൂന്തിങ്കളിന്‍ പ്രഭയില്‍ നീ പരിലസിപ്പൂ
നന്‍‍മകള്‍ തന്‍ വിളനിലം, ഉണ്‍‍മയോലും സംസ്കാരത്താല്‍
വിണ്ണിലെങ്ങും ഖ്യാതി നേടി ജ്വലിച്ചു നില്‍‍ക്കെ
മക്കള്‍ ഞങ്ങള്‍ നമിക്കട്ടെ, ഹര്‍ഷാരവം മുഴക്കട്ടെ
ഹാ ജനനീ ജയിക്ക നീ നാള്‍ക്കു നാള്‍ നീളേ

നീളെനീളെ വയലുകള്‍ ഹരിതാംബരാഭ ചൂടി
കൊയ്ത്തുപാട്ടിന്‍ ശീലണിഞ്ഞ മന്ദമാരുതന്‍
മധുരകല്ലോലിനിയാല്‍ കായല്‍ പാടും നിന്‍റെ ഗാഥ
എന്നുമെന്നും ജയിക്കനീ കേരളനാടേ

അര്‍ത്ഥമായാശ്രയമായെന്‍ നിധിയായ് നീ വിലസുക
അര്‍ദ്ധനാരീസ്വരൂപത്തില്‍ നമിപ്പു നിന്നെ
അക്ഷയ സൌഭാഗ്യത്തിന്‍ പൊന്നറയേ സ്വര്‍ഗ്ഗനാടേ
അക്ഷരാര്‍ച്ചനയാലിതാ നമിപ്പു നിന്നെ...

കിഴക്കുമലനിരകള്‍ കാവല്‍ നില്‍ക്കും ധന്യമാതേ
കവി,കലാനിപുണന്‍‍മാര്‍ നിറഞ്ഞ നാടേ
വിശാലവിജ്ഞാനത്തിന്‍റെയൊളി വീശും സൌഭാഗ്യമേ
നമിച്ചിടാമെന്നുമെന്നും മംഗളം നല്‍ക...

© ജയകൃഷ്ണന്‍ കാവാലം

Wednesday, September 09, 2009

ഉയര്‍ച്ച

എത്തിച്ചേരാന്‍ കഴിയാത്ത ഉയരങ്ങള്‍ മോഹിച്ച്
താഴ്വാരങ്ങളില്‍ പറന്നലഞ്ഞവളാണു ഞാന്‍
പൂമരങ്ങളുടെ ചാഞ്ഞ കൊമ്പുകളേക്കാള്‍
പര്‍വ്വതശാഖികളെ പ്രണയിച്ചവളാണു ഞാന്‍
നക്ഷത്രങ്ങള്‍ മാത്രം ഉദിച്ചിരുന്ന എന്‍റെ സ്വപ്നങ്ങളില്‍
ഒരു കുഞ്ഞു പൂവു പോലും വിടര്‍ന്നതില്ല
ഇനിനിയുമിനിയും ഉയര്‍ന്നു പറക്കാനുള്ള വ്യഗ്രതയില്‍
എന്‍റെ ചിറകുകള്‍ കുഴയുന്നുണ്ടായിരുന്നു
അവസാനം,
ചിറകൊടിഞ്ഞ് ഈ താഴ്വരയിലെ
കൊഴിഞ്ഞുണങ്ങിയ പൂവിതള്‍ മെത്തയില്‍ കിടക്കുമ്പൊഴും
എന്നെങ്കിലും ഉയര്‍ത്തപ്പെടുമെന്ന പ്രതീക്ഷ മാത്രം !

©ജയകൃഷ്ണന്‍ കാവാലം

Thursday, August 27, 2009

കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍...


കുറേനാള്‍ മുന്‍പെഴുതിയ ഒരു പാട്ടാണിത്. നാടന്‍പാട്ടു ശൈലിയില്‍ എഴുതിയ ഇത് ഈ ബ്ലോഗില്‍ തന്നെ പോസ്റ്റ് ചെയ്തിരുന്നതുമാണ്. ഇത് ഓണത്തോടനുബന്ധിച്ച് ‘ആല്‍ത്തറയില്‍‘ പോസ്റ്റ് ചെയ്തപ്പോള്‍ മാണിക്യം ചേച്ചിയാണ് ഇതെടുത്ത് സംഗീതം നല്‍കി ആലപിക്കുവാന്‍ പണിക്കര്‍സാറിന് അയച്ചു കൊടുക്കുകയും, പണിക്കര്‍സാര്‍ ശ്രവണമധുരമായി ഇത് ആലപിക്കുകയും ചെയ്തിരിക്കുന്നത്. കുട്ടനാടന്‍ ഗ്രാമീണതയുടെ സൌന്ദര്യം മനസ്സില്‍ സൂക്ഷിക്കുന്ന പണിക്കര്‍സാറിന്‍റെ പ്രതിഭയ്ക്കു പ്രണാമം. ഒപ്പം മാണിക്യം ചേച്ചിക്കും, പണിക്കര്‍ സാറിനും അളവില്ലാത്ത നന്ദിയും അറിയിക്കുന്നു.

കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
സംഗീതം, ആലാപനം: ഡോ. എന്‍.എസ് പണിക്കര്‍ (ഇന്‍ഡ്യ ഹെറിറ്റേജ്‌)


Sunday, July 12, 2009

അന്വേഷണം


കാടു തേടി നാടു തേടി
നാടിന്‍റെ നേരു തേടി
നേരിന്‍ പൊരുള്‍ തേടി
പൊരുളിന്നകം തേടി
അകതാരിലറിവു തേടി
അറിവിന്‍ ഗുണം തേടി
ഗുണമുള്ള കനി തേടി
മണമുള്ള പൂ തേടി
പൂവിന്‍ നിറം തേടി
നിറമുള്ള നിലാവു തേടി
നിലാവിന്‍ കുളിര്‍ തേടി
കുളിരില്‍ ഇണ തേടി
ഇണ തന്‍ മനം തേടി
മനസ്സിന്‍ മനം തേടി
ഒടുവിലിതെവിടെ ഞാന്‍
ഭ്രാന്താലയത്തിലോ?

© ജയകൃഷ്ണന്‍ കാവാലം

Saturday, June 20, 2009

എന്‍റെ മുറി

എന്‍റെ പ്രിയയാമീയറയില്‍ ഞാന്‍ നിത്യവും
ഏകനായ് വിശ്രമിക്കും
നിഴലുകള്‍ നല്‍കുന്ന ചുംബനപ്പൂക്കള്‍ തന്‍
നിര്‍വൃതിയാസ്വദിക്കും
പരിഭവക്കൊഞ്ചലും കവിതയും കേള്‍ക്കുവാന്‍
ജനലുകള്‍ കാതോര്‍ത്തു കാത്തിരിക്കും
അവ പ്രകൃതിതന്നധരത്തില്‍ കൈകള്‍ മൂടും

നിശ്വാസമെന്നാത്മരാഗവും പേറിയെന്‍
നിശയുടെ മൂകത ധന്യമാക്കും

നിഴല്‍ സഖി,യവളുടെ വടിവുകളാലെന്നില്‍
രതിസ്വപ്നമൊന്നു പകര്‍ന്നു നല്‍കും
ചന്ദ്രിക ചാരത്തണഞ്ഞതു പോലൊരു
പുഞ്ചിരിയെന്നില്‍ പകര്‍ന്നു നല്‍കും
ഞാനെന്നിലെയെന്നില്‍ അലിഞ്ഞു ചേരും

പകലുകള്‍ പാടുന്ന പാട്ടുകളല്ലാതെ
രാത്രിയൊരീണം കരുതി വയ്ക്കും
ആ രാഗമൊരു രാഗമാലികയായ് മാറി
മമജീവഗാഥയായ് ഭൂമി പാടും
എന്‍റെ പൂക്കൈതയാറുമതേറ്റു പാടും...

© ജയകൃഷ്ണന്‍ കാവാലം

Wednesday, June 10, 2009

ലോകങ്ങള്‍... എന്‍റെയും, നിന്‍റെയും...

മനസ്സു ശൂന്യമാകുന്ന വേളകളിലെല്ലാം
ഞാന്‍ നിന്നെക്കുറിച്ചോര്‍ത്തുകൊണ്ടിരിക്കുന്നു
എന്‍റെ മനസ്സില്‍ ശൂന്യത തീര്‍ത്ത
നിന്നെക്കുറിച്ചു മാത്രം
പക്ഷേ ആ ഓര്‍മ്മ ഇന്നെന്‍റെ മനസ്സിന് നിറവാണ്
ആ നിറവില്‍ തിരിച്ചറിവിന്‍റെ പ്രകാശമുണ്ട്
ചിതാഗ്നിയുടെ ജ്വലനപ്രകാശം!
ഇവിടെ ഇന്നെനിക്കു ചുറ്റും ഇപ്പൊഴും ഒരു ലോകം!
നമ്മുടേതല്ലാത്ത ലോകം
എന്‍റെയും നിന്‍റെയും ലോകങ്ങള്‍ തമ്മില്‍
ഇന്നെത്രയോ അകലം ഞാന്‍ കാണുന്നു
അന്ന്‌...
കേവലം ഒരു തേങ്ങലായ് നീ നടന്നെത്തിയ
ആ അകലത്തിനിന്നെന്തൊരകലം!
ഇവിടെയിന്ന് നിനക്കും എനിക്കുമുള്ളതു പോലെ
എത്രയോ പേര്‍ക്കെത്രയോ ലോകങ്ങള്‍
ഇവിടെ സൂര്യനുദിക്കുന്ന ലോകം എത്രയുണ്ട്‌?
ഇവിടെ കിളികള്‍ പാടുകയും,
പൂക്കള്‍ ചിരിക്കുകയും ചെയ്യുന്ന,
മനസ്സുകള്‍ പൊട്ടിപ്പൊട്ടിച്ചിരിക്കുന്ന ലോകമെത്ര?
കനവുകളില്‍ കരിവളകള്‍ കിലുങ്ങുന്ന ലോകമെത്ര?
സ്നേഹക്കടലുള്ള ലോകമുണ്ടോ?
പരസ്പരം കരുതിവയ്ക്കാന്‍ ഹൃദയമുണ്ടോ?

© ജയകൃഷ്ണന്‍ കാവാലം

Sunday, June 07, 2009

കിളിപ്പാട്ട്*

ഒരു കിളി കരഞ്ഞു
ഒരു കിളി ചിലച്ചു
ഒരു കിളി പാടി

ഒരു കിളി കരഞ്ഞതും മറു കിളി ചിലച്ചതും
മറ്റേക്കിളി പാടിയതും പണ്ഡിതര്‍ കേട്ടു
അവരതിന്നൊരു കഥ മെനഞ്ഞു
‘ത്രിഗുണ’മെന്നൊരു പേര്‍ കൊടുത്തു
തത്വ,ശാസ്ത്രാര്‍ത്ഥങ്ങളേകി നിത്യവും പാടി

മൂന്നു പേരും ചേര്‍ന്നുരച്ചതിനര്‍ത്ഥമുണ്ടായി
ആ അര്‍ത്ഥം തത്വമായ്, വിശ്വാസമായ്
ആചാരമായ് നാമമായ് ഗീതമായ്
കിളികള്‍ സം‍പൂജ്യരായ്
കിളിവാക്കില്‍ കവിതയുണ്ടായ്
കിളിക്കൊഞ്ചല്‍ ഹൃദ്യവുമായ്

മൂന്നു തത്വം, മൂന്നു സ്വത്വം
മൂന്നവസ്ഥയിങ്ങനെ
മൂന്നു മുന്നൂറായിരം ശ്രുതി-
യവയിലുണ്ടായി

മൂന്നവസ്ഥാവിശേഷങ്ങള്‍!
മൂന്നു ലോകം!, മൂന്നു ഗുണം!
മുക്കിളികളെന്തറിഞ്ഞു മൂഢസാമ്രാജ്യം!

*കഥയില്‍ മാത്രമല്ല കവിതയിലും ചോദ്യമില്ല. (ഇതാണോ കവിത എന്നു പോലും...)

© ജയകൃഷ്ണന്‍ കാവാലം

Monday, June 01, 2009

നീ

നീയെന്തിനെന്നെ വീണ്ടുമുണര്‍ത്തി
കണ്ണില്‍ പ്രതീക്ഷതന്‍ പൂക്കള്‍ വിടര്‍ത്തി
കല്ലോലവീചികള്‍ ഗീതം പൊഴിക്കും
കാവാലമാറിന്‍റെ തീരത്തു നിര്‍ത്തി

കാമിനീ ഹേ പ്രിയ രാഗമേ നീയെന്തെന്‍
കൂരിരുള്‍ പാതയില്‍ ദീപമായ് മിന്നി
ഹൃത്തില്‍ വിഷാദഗ്നിജ്വാലകള്‍ നീളവേ
നീയെന്തിനെന്നില്‍ കിനാക്കളായ് മാറി

നീയെന്തിനെന്നുമെന്‍ സ്വപ്നസഞ്ചാരത്തില്‍
സ്നേഹം പൊഴിക്കും പ്രകാശമായ് മാറി
അറിയില്ലയിന്നും ഇതജ്ഞാത സത്യം
ഇതവനി തന്‍ സ്വന്തമാം മിഥ്യതന്‍ സത്യം
ഇതിവനുടെ നെഞ്ചിലെ ജീവന്‍റെ സ്വത്വം

© ജയകൃഷ്ണന്‍ കാവാലം

Wednesday, May 27, 2009

അപ്രിയസത്യം

അതു രാത്രിയായിരുന്നു
അവള്‍ വന്നതു സത്യമായിരുന്നു
ഇതു നക്ഷത്രങ്ങള്‍ പറഞ്ഞതാണ്
എന്‍റെ കിനാവുകള്‍ക്കു കൂട്ടിരുന്ന താരകള്‍ !
അവര്‍ പറയുന്നതു കള്ളമാവില്ല
അവരുടെ ചിന്തകള്‍ക്ക് എന്നേക്കാള്‍ ഉണര്‍വ്വുണ്ട്‌
പുലരിയേക്കാള്‍ ഉണ്മയുണ്ട്‌
പക്ഷേ അവസാനം?
അതു മാത്രം നക്ഷത്രങ്ങള്‍ പറഞ്ഞില്ല
എന്തു കൊണ്ടോ... അതു മാത്രം...
എത്ര ചോദിച്ചിട്ടും കണ്‍ചിമ്മിയതല്ലാതെ
ഒന്നും പറയാന്‍ അവര്‍ തയ്യാറല്ല
അപ്രിയസത്യം പറയാതിരിക്കുന്നതല്ലേ ഭേദം?

© ജയകൃഷ്ണന്‍ കാവാലം

Tuesday, May 12, 2009

രാധികേ, കാലം വിളിക്കുന്നു നിന്നെ...രാധികേ...നിറവാര്‍ന്നു നില്‍ക്കുമുഷസ്സിന്‍റെ
ദേവതേ...നിന്‍ സൌമ്യസാന്ത്വനസ്പര്‍ശമെന്‍
ജീവനില്‍ പകരുന്നൊരായിരം നന്‍‍മതന്നുണ്മയെന്നും
അന്നു ഞാനൊരു ചെറു ലതയായിരുന്നതി-
ലെന്നും തലോടിയിരുന്നു നീ...
ജന്‍‍മം കഴിഞ്ഞു കലിയുഗത്തില്‍ ഒരു
മനുജനായ് പിറവി കൊണ്ടപ്പോള്‍
നിത്യ ദുഃഖത്തില്‍ വലയുന്ന മര്‍ത്യര്‍ തന്‍
വ്യര്‍ത്ഥ ജന്‍‍മങ്ങളെ കാണ്‍കേ
കാംക്ഷിപ്പു ഹാ സ്നേഹ ദേവതേ
നിന്‍ ദിവ്യ സാന്നിദ്ധ്യമിവിടെയുണ്ടെങ്കില്‍

രാധികേ ഋതുമാറി,കാലം കുതിക്കവേ
മാറാതെയിന്നും എവിടെ വാഴുന്നു നീ
നഷ്ടസ്വപ്നത്തിന്‍ വിഴുപ്പുഭാണ്ഡങ്ങളില്‍,
വ്യര്‍ത്ഥവിശ്വാസത്തിന്‍ നാലമ്പലങ്ങളില്‍,
കപടഭക്തി മൂഢവേദാന്തമായ് പരിണമി-
ച്ചാത്മാവറിയാതെ നെറ്റിയില്‍ ചാര്‍ത്തിയ
ഊര്‍ദ്ധ്വപുണ്ഡ്രങ്ങളിലെങ്ങുമേയില്ല നീ...
ജീവനെ കാമം ദഹിപ്പിച്ചിടുന്നൊരീ
ദേഹമാം ചുടലപ്പറമ്പിലുമില്ല നീ...
ലോകസ്ഥിതിതന്‍ വ്രണിതമാം നേര്‍ക്കാഴ്ച
കാണുന്ന കണ്ണിലുമില്ല നീ...

രാധികേ ഒരു നേര്‍ത്ത തേങ്ങലായ്,
വിങ്ങുമിടനെഞ്ചിലുറവയായന്നാത്മ
വേദനയൊഴുകിയ നിന്‍ കണ്ണുനീര്‍ത്തുള്ളിയില്‍
കാണുന്നു ഹാ; മഹാകാവ്യങ്ങളില്‍,
സ്നേഹ മാനങ്ങളില്‍, ലോക ചരിതങ്ങ-
ളെന്നുമനന്തമാമാകാശ വീഥിയിലൊരു
പൊന്‍താരമായ് വാഴ്ത്തിയ
നിസ്തുലപ്രേമത്തിന്നായിരമനന്തമാം
സൌവര്‍ണ്ണ രാജികള്‍ വിതറും പ്രകാശരേണുക്കള്‍

രാധികേ, കാലം മറക്കാത്ത ത്യാഗമേ
യുഗങ്ങളാദ്യന്തമില്ലാതണയുന്നു, മറയുന്നു
മാധവ ജന്‍‍മങ്ങളനന്തമായെത്രയോ
ഭാവഹാവാദിയില്‍ പൂക്കുന്നു പൊഴിയുന്നു
അപ്പൊഴും, നിന്‍ പ്രേമഭാവനപ്പൂക്കളീ
ലോകര്‍ക്കു ദിവ്യ സുഗന്ധം പരത്തുന്നു

രാധികേ, രാജീവനയനന്‍റെ ഗാഥയില്‍
കണ്ണുനീരാല്‍ കുറിച്ചിട്ട കാവ്യമേ
കാലമീ കലിയുഗ ക്ഷേത്രവാടങ്ങളില്‍
കാമത്തിനായാഭിചാരങ്ങള്‍ ചെയ്യവേ
മോഹത്തിനായാത്മ വഞ്ചന ചെയ്യുന്ന
ചണ്ഡാളരെങ്ങും അഥര്‍വ്വം ജപിക്കവേ
സര്‍വ്വം മുടിക്കാന്‍ പിറക്കുന്ന ദുര്‍ഭൂത-
ഹൃദയം വഹിപ്പവര്‍ വേദാന്തമോതവേ,
അണയുക രാധികേ നിസ്വാര്‍ത്ഥപ്രേമമേ
ലോകര്‍ ഗ്രഹിക്കട്ടെ സ്നേഹം,
അവര്‍ കാണട്ടെ ശാശ്വത സത്യം !

കൃഷ്ണ കൃഷ്ണാ ജപിച്ചും, 
മനക്കാമ്പിലച്യുതനെ സ്മരിച്ചും,
സ്മൃതിയിലെന്നുമെന്നും മധുരമായൊഴുകുന്ന
ശ്യാമവര്‍ണ്ണന്‍ തന്‍റെ വേണുഗാനത്തിലെ
പല്ലവിയായ് നീ ലയിച്ചോ?
അതുമല്ലൊരായിരം പരിഭവങ്ങള്‍ 
തന്‍റെയുള്ളില്‍ ചിരി തൂകി നിത്യം രമിക്കുന്ന
കാമുകന്നായി പകര്‍ന്നും,
ലോക മിഥ്യതന്നര്‍ത്ഥം ഗ്രഹിച്ചും,
വസുധ തന്‍ ദുര്‍വ്വിധി കണ്ടു തപിച്ചും,
ലോക രക്ഷാകരന്‍ തന്‍റെ കനിവിനായ് കാട്ടില്‍ നീ
ഏകയായ് ധ്യാനത്തിലാണ്ടോ?
എവിടെ രമിപ്പു നീ രാധികേ, കണ്ണന്‍റെ
വൃന്ദാവനത്തില്‍ നീ മാഞ്ഞോ?
കാലമര്‍ത്ഥിപ്പു നിന്‍റെയാ പ്രേമസൂക്തങ്ങളെ
മന്നില്‍ വിളംബരം ചെയ്‌വാന്‍...

© ജയകൃഷ്ണന്‍ കാവാലം

Thursday, May 07, 2009

ഗംഗേ മമ പ്രണയിനീ

പകല്‍ രാത്രി സന്ധ്യയിവയെന്നുമെന്നും
വെറുതേ വിരുന്നു വരുമെന്‍റെ വീട്ടില്‍
ഇനിയെന്‍റെ ചിന്തകളിലെന്‍റെ ഗംഗേ
കുളിരാര്‍ന്ന രൂപമായ് നീ വരില്ലേ

മിഴിയോര്‍ത്തു നിന്‍റെ മൃദുഹാസമെല്ലാം
കാതോര്‍ത്തു നിന്‍റെ പദതാളമെല്ലാം
മനമോര്‍ത്തു നിന്നാത്മരാഗമെല്ലാം
ഇനിയെന്‍റെ മാത്രമായ് തീര്‍ത്തിടും ഞാന്‍

കിളിനാദമില്ലാതൊരെന്‍റെ തോപ്പില്‍
കുയിലായി വന്നു നീ പാട്ടു പാടി
കളിവാക്കുരച്ചു മമ സഖിയായി നീ
കണിയായെനിക്കു നിന്‍ മുഖമെന്നുമേ

ഇനിയെന്‍റെ നിദ്രയില്‍ സ്വപ്നമായ് നീ
ഇനിയെന്‍റെ ചിന്തതന്‍ ജ്വാലയായ് നീ
ഇനിയെന്‍റെ ഗാനത്തിലീണമായ് നീ
ഇനിയെന്നുമെന്നുമെന്നിണയായി നീ

ഇനിയെന്‍റെയാരാമശ്രീയായി നീ
ഇളവെയില്‍ച്ചൂടിന്‍റെ സുഖമായി നീ
ഇനിയെന്നുമെന്നുമെന്നകതാരില്‍ നീ
അമൃതം പൊഴിക്കുകെന്‍ പുണ്യ ഗംഗേ

© ജയകൃഷ്ണന്‍ കാവാലം

Wednesday, May 06, 2009

അങ്ങനെയാണ്

ചില സങ്കടങ്ങള്‍ അങ്ങനെയാണ്
അവ സങ്കടമായി തന്നെ അവശേഷിക്കും
അവ നമ്മിലൊരംശമായ് വിലയം പ്രാപിക്കും
അതോ നാം അതിലേക്കോ?
ചില സങ്കടങ്ങളോട് നാം സമരസപ്പെടും
ചിലവയോട് കലഹിക്കും
ചിലവയെ പ്രണയിക്കും
ചിലവയെ നാം ഏറെ സ്നേഹിക്കുന്നവര്‍ക്ക്
പകുത്തു കൊടുക്കും
ചിലവയെ ആര്‍ക്കും കൊടുക്കാതെ
സ്വന്തമാക്കി വയ്ക്കും
സങ്കടങ്ങള്‍ അങ്ങനെയൊക്കെയാണ്
ജീവിതവും അങ്ങനെയാണ്
അല്ല,... അതാണ് ജീവിതം

© ജയകൃഷ്ണന്‍ കാവാലം

Monday, May 04, 2009

എന്തേ...?

എന്‍റെ ദുഃഖത്തില്‍ നിന്നുണര്‍ന്ന സന്തോഷമേ
നിന്നില്‍ പിറന്നവള്‍ ദുഃഖമായ് തീര്‍ന്നതെന്തേ
എന്‍റെ കണ്ണീരിലെ മധുവില്‍ നിന്നൂറിയോളേ
നിന്‍റെ മാധുര്യമെന്‍ കണ്ണീരായ് നിറയ്‌വതെന്തേ
എന്‍റെ സര്‍വ്വസ്വവും ഹോമിച്ച പ്രതീക്ഷയേ
നിന്നില്‍ ഹവിസ്സാകാന്‍ എന്നെയും വിളിപ്പതെന്തേ

© ജയകൃഷ്ണന്‍ കാവാലം

Saturday, March 21, 2009

ഞാന്‍ എങ്ങനെ ഒരു കവിയായി?

മുഗ്ധമാം വസന്തത്തില്‍ പൂമ്പൊടി തേടും-കാട്ടു
വണ്ടു പോല്‍ മനസ്സെങ്ങോ തിരയുന്ന സന്ധ്യകളില്‍
പൊയ്പ്പോയ വസന്തത്തിന്‍ പൂമ്പൊടി തേടി-സത്യ,
മിഥ്യകള്‍ക്കുള്ളില്‍ മനം ഭ്രാന്തമായലയുമ്പോള്‍
ദുഃഖസാഗരത്തിര നിത്യവും തലോടുന്ന
ഹൃത്തിലെ തീരങ്ങളില്‍ കൊടുങ്കാറ്റടിക്കുമ്പോള്‍
മന്ദമാരുതന്‍, മൃദു പല്ലവാംഗുലികളാല്‍
മനസ്സിന്‍ മനസ്സിനെ സ്നേഹമായ് തഴുകുമ്പോള്‍
വീണലിഞ്ഞുറവയായെങ്ങോട്ടോ ഒഴുകുന്ന
കണ്ണുനീരത്രേ മമ കാവ്യഗീതങ്ങളെന്നും

കവിയായ് ചമച്ചവയെന്നെയീ മണ്ണില്‍ നിന്നും
വിണ്ണില്‍, മനസ്സുകളിലെങ്ങുമേ പ്രതിഷ്ഠിച്ചു
വാക്കുകള്‍; വിരഹാദ്ര സ്വപ്നങ്ങള്‍ രൂപം കൊണ്ട
കാവ്യമാല്യങ്ങള്‍ മമ മാനസകുമാരിമാര്‍
കണ്ണുനീരൂട്ടി,ആത്മ വേദന നല്കി, സ്വപ്ന-
വര്‍ണ്ണങ്ങളേകി ഹൃത്തില്‍ ലാളിച്ച കുമാരിമാര്‍
കവിയായ് മാറി ഞാനാ കാവ്യമോഹിനികളെ
സ്നേഹിച്ചു കീര്‍ത്തനങ്ങള്‍ നിത്യവും പാടിപ്പാടി


© ജയകൃഷ്ണന്‍ കാവാലം

Sunday, March 15, 2009

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍,
കറുപ്പും വെളുപ്പുമായ ഓര്‍മ്മകള്‍
അറപ്പും, വെറുപ്പുമുള്ള ഓര്‍മ്മകള്‍
ഒളിഞ്ഞും തെളിഞ്ഞുമുള്ള ഓര്‍മ്മകള്‍
ചിരിച്ചും കരഞ്ഞുമുള്ള ഓര്‍മ്മകള്‍
നനഞ്ഞ ഓര്‍മ്മകള്‍
വരണ്ട ഓര്‍മ്മകള്‍
വേണ്ടാത്ത ഓര്‍മ്മകള്‍
ഓര്‍മ്മകള്‍
ഓരോരുത്തരും ഓരോ മകള്‍
അവരെന്‍റെ മക്കള്‍
അവരെന്‍റെ ചിന്തകള്‍
നിറമുള്ള ചിന്തകള്‍
നിറമില്ലാച്ചിന്തകള്‍
ചിലര്‍ വെറും ‘ചന്ത’കള്‍
ചിലരൊക്കെ നന്മകള്‍
അവരെന്‍റെ നന്‍ മകള്‍

© ജയകൃഷ്ണന്‍ കാവാലം

Saturday, March 14, 2009

ഒരു കീര്‍ത്തനം?ദ്വാപരയുഗത്തിലെ കാളിന്ദീ തടത്തിലെ
കണ്ണന്‍റെ കളി വേണുവെവിടെ
കളി പറഞ്ഞിടക്കിടെ കളവു നടത്തുന്ന
നവനീതചോരനിന്നെവിടെ


വിരഹിണിയിവളുടെ മൂകാനുരാഗത്തില്‍
യദുകുലമല്ലോ വിതുമ്പുന്നു
നളിനനയനന്‍ തന്‍റെ
നന്‍‍മൊഴി കേള്‍ക്കാതെ
ഗോപാലബാലന്‍റെ
കുഴല്‍ വിളി കേള്‍ക്കാതെ
പാവമീ ഗോപിക തേങ്ങുന്നു


കാല്‍ത്തള കിലുക്കാതെ
അരികത്തു വന്നെന്നു
കരുതുന്നവള്‍ വീണ്ടും കരയുന്നു
കണ്ണുകളിമയ്ക്കാതെ പരിഭവമില്ലാതെ
കണ്ണനാമുണ്ണിയെ തേടുന്നു
കണ്ണില്‍, കനവുകള്‍ കരിന്തിരി കത്തുന്നു


* ഇത് കീര്‍ത്തനമാണോ? എനിക്കറിയില്ല...


© ജയകൃഷ്ണന്‍ കാവാലം

Monday, March 02, 2009

എന്നും തിളങ്ങുന്ന താരകത്തിന് (അയ്യപ്പപണിക്കര്‍ക്ക്)

മുന്‍പേ നടന്നവരാരും മൊഴിഞ്ഞീല
എങ്കിലും ഞാനറിഞ്ഞിരുന്നെന്നുമാ സത്യം
പിന്‍പേ നടന്നവരോടു ഞാനും പറഞ്ഞീല
അപ്പൊഴും ഞാനോര്‍ത്തിരുന്നാ സത്യം
എങ്കിലും ഞാനറിയാതെയെന്നില്‍ നിന്നും
കനികളായ് വീണ വാക്കുകള്‍ മന്ത്രിച്ചു
പണ്ടൊരു മുന്‍‍ഗാമി ചൊന്നൊരാ വാക്കുകള്‍
ഇന്നു ഞാന്‍ നാളെ നീ...

ആരോ തിരക്കിയോ എന്തിനായന്നു നീ
ഇങ്ങനെ കല്‍‍പ്പിച്ചു നിന്‍റെ പത്രങ്ങളില്‍
അപ്പൊഴും മിണ്ടാന്‍ തുനിഞ്ഞില്ല ഞാനെന്‍റെ
സന്തത മൌനത്തിലെല്ലാമൊളിപ്പിച്ചു

മുന്‍‍പേ നടന്നവരന്ത്യത്തിലെത്തിയ
ആറടി മണ്ണിലെന്‍ കല്‍‍പന മയങ്ങവേ
കണ്ണുനീര്‍ വാര്‍ത്തവര്‍, കാണാതെ പോയവര്‍
കണ്ടുവോ ഞാനന്നു ചൊല്ലാഞ്ഞതിന്‍ പൊരുള്‍

പണ്ടു ഞാന്‍ പൂജിച്ച ദേവി; നിന്‍ ചാരത്ത്
നിര്‍മ്മാല്യമായെന്‍റെ ദേഹം മയങ്ങവേ
നിത്യവസന്തമെന്നമ്മയ്ക്കു നല്‍കിയ
നിസ്തുല സേവനം ലോകം പുകഴ്ത്തവേ

കാഴ്ച്ചയ്ക്കുമപ്പുറം കേള്‍വിക്കുമപ്പുറം
അന്നു ഞാനെത്തിയ ചക്രവാളങ്ങളില്‍
എന്നോ തെളിഞ്ഞൊരെന്നമ്മയാം സൌവര്‍ണ്ണ
താരക ചിരിക്കുന്നു, മെല്ലെ തഴുകുന്നു

കുഞ്ഞേ കഴിഞ്ഞു നിന്‍ സംസാര ജീവിത-
പ്രാരബ്‌ധകാണ്ഡം, തിരിച്ചു വന്നിന്നു നീ
എന്നേ മറഞ്ഞൊരെന്‍ ദേഹി നിന്‍ കാവലായ്
എന്നും ജപിപ്പു നാരായണ ഗീതികള്‍

ഈ നേരമിന്നു സുഷുപ്തിയിലെങ്കിലും
നീ സഞ്ചരിച്ച നിന്‍ സൂക്ഷ്മ സ്മൃതികളില്‍
കാലങ്ങളെത്ര ചരിക്കുമീ ലോകവും
പിന്‍പേ നടക്കുന്ന ശിഷ്യവൃന്ദങ്ങളും

നീ സഞ്ചരിച്ച നിന്‍ ജീവിത പന്ധാവില്‍
കാതങ്ങളോളം പിറകിലെന്നാകിലും
കാണുന്നവര്‍ നിന്‍റെ പാദം പതിഞ്ഞൊരാ
വ്യക്തതയാര്‍ന്നൊരാ കാലടിപ്പാടുകള്‍

എന്നും ചിരിച്ചു നീ എങ്ങും തളരാതെ
എങ്ങോ മറച്ചു നിന്‍ ദുഃഖപ്പരിഷയെ
ഏതോ വിഹായസ്സിലര്‍ക്കനായ് മാറി നീ
ഏറിയ ഭാവനാ ലോകത്തില്‍ രാജനായ്

വീട്ടില്‍ നീയേട്ടനായച്ഛനായനുജനായ്
അമ്മാവനായ്‌, ഗുരുവായ്, തുണയുമായ്
അര്‍ത്ഥിച്ചവര്‍ക്കൊക്കെയും നീയറിവായി
അര്‍ഹിച്ചവര്‍ക്കൊക്കെ നീ കൃപയുമായ്
അന്തരംഗങ്ങളിലൊക്കെ പ്രകാശമായ്
അന്യദേശങ്ങളില്‍ പോലും തിളങ്ങി നീ

എത്ര വേഗം കടന്നു പോയ് താരമേ
ചിത്രവര്‍ണ്ണപ്രഭാവപ്രകാശമേ
കാലമിന്നു വഹിക്കുന്നിതാ പ്രഭാ
പൂരിതം നിന്‍റെ ചിത്രമെന്നേയ്ക്കുമായ്

© ജയകൃഷ്ണന്‍ കാവാലം

Monday, February 23, 2009

ഒരു കീര്‍ത്തനം

എന്‍റെ പാറശ്ശാലേശ്വരന്...


ചന്ദ്രകലാധര സങ്കടനാശക ശങ്കര ദേവ നമോ
സങ്കട വാരിധിയില്‍ ഉഴലുന്നിവനെന്നും നീ ശരണം
ഹിമഗിരിനന്ദിനിതന്‍ പതിയായിടുമന്‍പിന്‍ നിറകുടമേ
ചപല മനസ്സുകള്‍ തന്‍പരിദേവനമന്‍പൊടു കേള്‍ക്കണമേ


അഗതികള്‍ ഞങ്ങളീ വലിയ ജഗത്തില്‍ അഴലൊടു നീന്തുമ്പോള്‍
അവനിയിലുടയവന്‍, വലിയ ജഗത്തിന്‍ പ്രഭു നീയരുളണമേ
മമ ഹൃദയത്തില്‍ നീ തിരുജടയിളകി താണ്ഡവമാടുമ്പോള്‍
ധിമിധിമി ധിദ്ധിമി താളം പ്രണവ ധ്വനിയായുയരുമ്പോള്‍


സകല ജഗത്തിനുമധിപതി നീ തന്‍ മുക്കണ്ണില്‍ ഉണരും
അത്യുഷ്ണോജ്ജ്വല പാവകനാളം മോഹമടക്കുമ്പോള്‍
ഹര ഹര ശങ്കര നാമമിതല്ലോ അകതാരില്‍ നിറയും
അണിയുന്നൂ തവ ദിവ്യസുഗന്ധവിഭൂതികളാത്മാവില്‍


അകതളിരെന്നും നിന്നുടെ താണ്ഡവ ലഹരിയിലുണരുമ്പോള്‍
അരിമര്‍ദ്ദക തവ പദസഞ്ചലനം കാമമൊടുക്കുമ്പോള്‍
സുരലോകേശ്വര നിന്നുടെ മന്ത്രപ്പൊരുളിവനറിയുന്നു
അനുദിനമെന്നും നൊന്തുജപിപ്പൂ ശംഭോ മഹാദേവാ


© ജയകൃഷ്ണന്‍ കാവാലം

Monday, February 16, 2009

നേര്‍രേഖ തേടി

ഇനിയെത്ര ദൂരം നടക്കണം യാത്രയില്‍
വഴിയമ്പലത്തിലേക്കൊട്ടു മയങ്ങുവാന്‍
ഇനിയെത്ര വേണമെന്നുഷ്ണപ്രതീക്ഷകള്‍
ഒരു നീര്‍ത്തടാകത്തില്‍ ദാഹം മറക്കുവാന്‍
എവിടെയും തീരാത്ത യാത്രതന്നന്ത്യത്തില്‍
ഇനിയെന്നു തുടങ്ങണമെന്‍ മഹായാത്ര
എത്രയിങ്ങെത്തി ഞാനെത്രയുമിനിയെന്ന്‌
ദൂരം കുറിക്കുക സാക്ഷിയാം കാലമേ

എന്തെന്തു കാഴ്ചകള്‍, കാണാത്ത കാഴ്ചകള്‍
എത്രയോ ശബ്ദ തരംഗങ്ങള്‍ ചുറ്റിലും
ഇവിടെയെങ്ങും തെല്ലു കാണാന്‍ കഴിഞ്ഞീല
ഇത്ര നാള്‍ കേള്‍ക്കാന്‍ കൊതിച്ച നാദം മാത്രം
ഇവിടെയെങ്ങും ഒരു ബിന്ദുവായ്‌ പോലുമാ
ദിവ്യ പ്രഭാ പൂരം കാണാന്‍ കഴിഞ്ഞീല

പ്രണവമേ നീയെന്‍റെ ഹൃത്തിലും
ഭൂവിന്‍ തുടിപ്പിലും, ആത്മാവിലൊക്കെയും, ജീവനായ്‌
എവിടെയും നിത്യം വിരാജിപ്പുവെങ്കിലും
എത്ര നാളെത്ര നാളെത്ര നാള്‍ നീളുമെന്‍
ലക്ഷ്യത്തിലെത്തുവാന്‍ നിന്നില്‍ ലയിക്കുവാന്‍
എത്ര നാളിനിയും ചുമക്കേണ്ടു ജീവിത
കഷ്ടഭണ്ഡാരമാ നേര്‍ രേഖ കാണുവാന്‍

കാമത്തിനായി പരതുന്ന മാനവര്‍
ദാഹത്തിനായി കരയുന്ന ജീവികള്‍
മാനം മറന്നും ചിരിക്കുന്ന പൂവുകള്‍
പണിയുന്നു സ്വര്‍ഗ്ഗമിതാ എന്‍റെ ചുറ്റിലും
പ്രാണന്‍ മറന്നു കുറിച്ച സങ്കീര്‍ത്തന
പ്പാനകള്‍ കൊണ്ടു ഭജിക്കുന്ന കാമുകര്‍
കാമിനിയെ കൊടുത്തും, കിരാതമാം
കാമനാപൂര്‍ത്തിക്കു വെമ്പുന്ന മാനവര്‍
കാണ്‍മതില്ലെങ്ങും ചെറു നൂല്‍ കനമെങ്കിലും
പ്രേമം; നിസ്സ്വാര്‍ഥമാം പ്രേമപ്രകാശം

എവിടെ നിന്‍ ഗീതികളറിയുന്ന ശാരിക
എവിടെ നിന്‍ നാമം ജപിക്കും ഋഷികളും
എവിടെയെന്നെന്നും വസന്തം വിരിയുന്ന
അമരാശ്രമം; എന്‍റെ ആശ്രമമെവിടെ
എവിടെയെന്നും ഞാനെന്‍ പ്രേമസരസ്സില്‍ നി-
ന്നുയിര്‍ തേകി വളര്‍ത്തിയ തുളസിച്ചെടികളും
എവിടെ ഞാനെന്നുമെന്‍ കണ്ണീര്‍കണങ്ങളാല്‍
അഭിഷേകമാടിയ പൂജാസ്വരൂപവും

ഇവിടെയിന്നൊന്നുമേയില്ല ഈ യാത്രതന്‍
വിജനമാം പാതയില്‍ അനന്തത മാത്രം
ഇവിടില്ലെയെന്‍ ചുണ്ടിലന്നു ഞാനുരുവിട്ട
ആയിരമായിരം മന്ത്രങ്ങള്‍ പോലും
ഇവിടെയിന്നില്ലെന്‍റെ കയ്യില്‍ കമണ്ഡലു
എവിടെയോ പോയ്മറഞ്ഞെന്‍റെ തപോബലം
ഒരു നാളിലിണതേടി, ഉയിര്‍ തേടിയുയിരാര്‍ന്ന
നാഗം മയങ്ങുന്നു യോഗി ഞാനലയുന്നു.

അകമേയെന്നാധാര ചക്രങ്ങളാറിലും
അമൃതപ്രവാഹം നിലയ്ക്കുന്നു വരളുന്നു
വഴിയിലെന്നാത്മ നൊമ്പരം മുളപൊട്ടി
മുള്‍ച്ചെടികളായ്‌ യാത്ര മുടക്കുന്നു

എവിടെയെന്നാശ്രമം, എവിടെ ഞാന്‍ വ്രതമേറ്റു
പൂണൂല്‍ ധരിക്കേണ്ട ധ്യാന ഗൃഹങ്ങളും
എവിടെ ഞാന്‍ ചമതയായ്‌ സ്വയമെന്നെയര്‍പ്പിക്കും
യോഗാഗ്നിയാളുന്ന ഹോമകുണ്ഡങ്ങളും
എവിടെ ഞാനെന്നെത്തിരിച്ചറിഞ്ഞീടുന്ന
പുണ്യ മുഹൂര്‍ത്തവും ജ്ഞാനസമാധിയും

© ജയകൃഷ്ണന്‍ കാവാലം

Saturday, February 14, 2009

തൂലിക*

ആത്മാവു തീക്കനലാവുന്ന അപൂര്‍വ നിമിഷങ്ങളില്‍
അവളെന്‍റെ ചാരത്തു വന്നിരുന്നു
പ്രണയത്തേക്കാള്‍ വന്യമായ കാമത്തെ
ഞാനവളില്‍ കണ്ടു
നെടുവീര്‍പ്പുകള്‍ക്ക് അവധി കൊടുക്കാതെ
ഞാനവളോടു ചോദിച്ചു
നീയാരാണ്?
അവളൊന്നും മിണ്ടിയില്ല
വീണ്ടും പലപ്പൊഴും
എന്‍റെ മനസ്സിന്‍റെ ചിതയ്ക്കരുകില്‍ അവള്‍
അപ്പോഴെല്ലാം ഞാന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു
നീയാരാണ്...
അവസാനം അവള്‍ പറഞ്ഞു
ഞാന്‍ നിന്‍റെയാണ്
അപ്പോഴും ഞാനവളെ തിരിച്ചറിഞ്ഞില്ല
എനിക്കവളോടു വാത്സല്യമായിരുന്നു
പ്രണയമായിരുന്നു
എന്നിട്ടും ആ ബന്ധത്തിന്‍റെ ദൃഢത ഞാനറിഞ്ഞില്ല
അവസാനം വീണ്ടുമൊരു ചോദ്യത്തിനിട നല്‍കാതെ
അവള്‍ എന്നോടു പറഞ്ഞു
ഞാന്‍ നിന്‍റെയാണ്... നിന്‍റേതു മാത്രം...


ഞാന്‍ നിന്‍റെ പേനയാണ്...


*ഈ കവിത ‘സതീഷ്ബാബു’ എന്ന പേരില്‍ ഞാന്‍ പണ്ടു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അതു വായിച്ചിട്ടുള്ളവര്‍ ഇതു ഞാന്‍ മോഷ്ടിച്ചതാണെന്നു കരുതരുതെന്ന്‌ അപേക്ഷ© ജയകൃഷ്ണന്‍ കാവാലം

Thursday, February 12, 2009

നീ വരുമോ? (ഒരു പ്രേമലേഖനം)

ഒരു ഏഴാം ക്ലാസ്സ് പ്രേമലേഖനം !

എത്ര തേടി ഞാനെന്‍റെയോമലേ
കണ്‍ കുളിര്‍ത്തൊന്നു കാണുവാന്‍
വശ്യമന്ദസ്മിതേ നിനക്കിതാ
കൂട്ടി വച്ചെന്‍റെ ഭാവന

ആഗ്രഹിച്ചു ഞാനെന്നുമെന്നുമെന്‍
കൂട്ടിനായി നീ പോരുമോ
ശക്തനല്ല ഞാന്‍ പ്രേയസീ നിന്‍റെ
മറ്റൊരുത്തരം കേള്‍ക്കുവാന്‍

ആര്‍ദ്രമാവുന്നു എന്‍ മനം സഖീ
ആശയേകി നീ മാനസേ
ആശയുണ്ടെനിക്കെന്നുമെന്നുമാ
നേര്‍ത്ത പുഞ്ചിരി കാണുവാന്‍

അന്നു നിന്നുടെ നിര്‍മ്മല സ്വരം
അല്പമൊന്നു നുകര്‍ന്നു ഞാന്‍
അമ്പലപ്പുഴക്കണ്ണനുണ്ണിയെ
കണ്ടുണര്‍ന്നൊരു നിര്‍വൃതി

നേരമായ് സഹയാത്രിയാകുവാന്‍
നേരമില്ലിനി വൈകുവാന്‍
കാത്തു കാത്തു ഞാന്‍ നില്‍പ്പു നിന്നുടെ
മൌനസമ്മതം കേള്‍ക്കുവാന്‍...

© ജയകൃഷ്ണന്‍ കാവാലം

Monday, February 09, 2009

സന്ധ്യകനകാംബരങ്ങള്‍ക്കു ചായം പകര്‍ന്നൊരു സന്ധ്യേ
പകലിന്‍റെ ലാഭനഷ്ടങ്ങള്‍ക്കു തോതു കുറിക്കുന്ന സന്ധ്യേ
പകരു നിന്‍ കയ്യിലെ പുസ്തകത്താളിന്‍മേല്‍
കാലം കുറിച്ചിട്ട കണ്ണുനീര്‍ക്കവിത തന്‍ ചൂടും
പകലിന്‍റെയുച്ച വെയില്‍ നിനക്കേകിയ
ദുഃഖസത്യങ്ങളും ഒരു പഴമ്പാട്ടും
തേടുന്നു സത്യം..., തിരിച്ചറിഞ്ഞീടുവാന്‍
പോകുന്നു നീണ്ടൊരീ വഴിയിലൂടിന്നു ഞാന്‍

നേരിന്‍റെ നേരായി വഴി കിടക്കുന്നിതാ
രാവില്‍ മറച്ചൊരീ നഗ്ന സത്യങ്ങളും
മണ്ണിന്‍റെ മാതൃസ്തനം ചുരത്തുന്നൊരീ
നോവിന്‍റെ ക്ഷീരസമുദ്റ്രങ്ങള്‍ കാണ്മു ഞാന്‍

മറവി തന്‍ മാറില്‍ മുഖം ചേര്‍ത്തവര്‍ ചെയ്ത
ക്രൂര വിനോദം മറക്കാന്‍ കൊതിക്കവേ
പോകുന്ന വഴികളീലൊരു കനല്‍ പാതയായ്
പൊന്തുന്നു ജീവിത യാഥാര്‍ത്ഥ്യ വേളകള്‍...

പോരും അഹന്തയും മാറ്റുരച്ചീടുന്ന
മനസ്സെന്ന മാന്ത്രികക്കോട്ടകള്‍ കണ്ടു ഞാന്‍
ഇരവായ് മനുഷ്യനെ കാര്‍ന്നു തിന്നീടുന്ന
വഞ്ചനക്കോലങ്ങള്‍ നോക്കിച്ചിരിക്കവേ
രാഗവും, ദ്വേഷവും; മണ്ണില്‍ മതങ്ങളായ്
മനസ്സില്‍ വൃണങ്ങളായ്, കണ്ണില്‍ അസൂയ തന്‍-
തീനാളമായ് പെയ്തിറങ്ങിയ
കലിയുടെ താണ്ഡവ നൃ്ത്തവും കണ്ടു ഞാന്‍...

ക്രൂരമായുള്ളൊരീ ചെയ്തികള്‍ കണ്ടു നി-
ന്നുരുകുന്ന സൂര്യനെ കണ്ടു ഞാന്‍
നിണത്തില്‍ കുളിച്ചൊരീ കൈകള്‍ കണ്ടോ
അതോ ഇന്നിന്‍റെ കണ്ണിലെ തീയു കണ്ടോ
ഭയം വിറപ്പിക്കുന്നു പ്രകൃതിയെ
ഭൂകമ്പമായ് കൊടും കാറ്റായിക്കാണുന്നു നാമിതും
വെറും കലികാല ലീലയായ് കാണുന്നു നാമിതും

ആത്മാവു കത്തിയെരിഞ്ഞമര്‍ന്നീടുന്ന
നാടിന്‍റെ ബീഭത്സ രൂപവും ഭാവവും
കണ്ടെന്‍റെ കണ്ണിലെ ചൈതന്യ ധാരകള്‍
മങ്ങിപ്പൊലിഞ്ഞങ്ങു ബാഷ്പമായ് മാറവേ

ചിന്തിച്ചു ഞാന്‍ മനുഷ്യനായിരുന്നെങ്കില്‍
ഞാനീ മനുഷ്യനല്ലായിരുന്നെങ്കില്‍...

അകലെ നിന്നാരോ ഉയര്‍ത്തുന്നു മോഹന
സ്വപ്നങ്ങള്‍ ചാലിച്ച സപ്തവര്‍ണ്ണക്കൊടി
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുവാന്‍ വേണമെന്‍
ആത്മച്ചമതയാല്‍ ആഭിചാരക്രിയ !
സത്യവും നീതിയും കത്തുന്നൊരീ ഹോമ-
കുണ്ഡത്തില്‍ ഹോമിക്ക വേണമെന്‍ ജീവിതം !

ചിന്തിപ്പു ഞാന്‍ മനുഷ്യനായിരുന്നെങ്കില്‍
ഞാനീ മനുഷ്യനല്ലായിരുന്നെങ്കില്‍...

© ജയകൃഷ്ണന്‍ കാവാലം

Monday, February 02, 2009

ഒരു അനാഥന്‍റെ പ്രാര്‍ത്ഥന


വിധി വിഹിതമായായിരമായിരം
എരികനല്‍ കോരിയിട്ടൊരെന്‍ നെഞ്ചിലെ
കരുണദാഹം ശമിക്കുവാനായിതാ
കരളുരുകി ഞാന്‍ പ്രാര്‍ത്ഥിപ്പു നിത്യവും

വിധി വിലക്കിയ താതവാത്സല്യമേ
മതി കൊതിക്കുന്നു നിന്‍ പരിലാളനം
അവനിയിലന്ത്യ നാളിലും ചേതന
ചമതപോല്‍ വെന്തു കത്തിടും നിശ്ചയം

കൊടിയ പാപങ്ങളാലോ ദിനം ദിനം
ചെയ്ത പൂജകളില്‍ വന്ന വീഴ്ചയോ
മമ ശിരസ്സില്‍ തലോടാനണയാതെ
പിതൃകരങ്ങളകന്നു കഴിയുന്നു

വികൃതമായ് മനം കാടുകള്‍ കയറവേ
ചടുലമായൊരീ കാലപ്രവാഹത്തില്‍
ചരണമൊന്നിനി മുന്‍പോട്ടണയ്ക്കുവാന്‍
ചകിതമായൊരീ മേനി വിറയ്ക്കുന്നു

കരളകത്തെ കനല്‍ കൊണ്ടു വെന്തൊരെന്‍
കവിളില്‍ കണ്ണുനീര്‍ ബാഷ്പീകരിക്കുന്നു
കഠിനമായൊരീ ജീവിതയാത്രയില്‍
പഥികനായി ഞാനൊറ്റക്കലയുന്നു

അരുണ വര്‍ണ്ണം കടുപ്പിച്ച ചെന്നിറം
കണ്‍ജലങ്ങളില്‍ നിണനിറം ചേര്‍ക്കുന്നു
അരുവികള്‍ കൊഞ്ചുമാ സ്വരമെന്നുള്ളില്‍
ഗദ്‌ഗദങ്ങളായ് മാറ്റൊലിക്കൊള്ളുന്നു

കഴിയുകില്ലിനിയീ നല്ല ഭൂമിയെ
അമര സൌന്ദര്യ ധാമമായ് കാണുവാന്‍
അഴല്‍ തടുക്കുന്നു ലോകമേ നിന്നിലെ
ഹരിത ഭംഗിയെ മാറോടു ചേര്‍ക്കുവാന്‍...

© ജയകൃഷ്ണന്‍ കാവാലം

Saturday, January 31, 2009

മൌനഗീതം


ഏതു സ്വരത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി ഞാന്‍
എത്ര ജന്മങ്ങളില്‍ പാടിയെന്നറിവീല
ഏതാത്മ നിര്‍വൃതി തേടി ഞാനിന്നുമെന്‍
ആത്മസംഗീതം പൊഴിക്കുവതറിവീല

ആത്മാനുഗായികേ നിന്‍ സൌമ്യ ഭാവന
ആരാമ രാജ്ഞിയാം സൂനമായ് വിരിയവേ
ഏതന്ധകാരത്തിലാണ്ടെന്‍റെ ഭാവന
ആത്മസഖീ നിന്നെ പാടിയുണര്‍ത്തുവാന്‍

ആരും കൊതിക്കുന്ന സൌരഭ്യമേ സുര-
ഗീതമായ് പൊഴിയുന്ന സംഗീതമേ
ആ സുധാവര്‍ഷിണീ രാഗമെന്‍ ഹൃത്തിലെ
ആരാധകന്നായ് പൊഴിക്കു നീ ദേവതേ

കാലം ചിരാതുമായ് മുന്‍പേ നടക്കവേ
കാമിനീ ഞാന്‍ തവ രൂപം തിരയുന്നു
ഭൂമി തന്‍ മര്‍മ്മര മന്ത്രണ ഗീതിയില്‍
പരിചിതമായ നിന്‍ പല്ലവി തേടുന്നു

കാലം കഴിഞ്ഞങ്ങു ജീവിത സായാഹ്ന
വിശ്രമക്ഷേത്രത്തില്‍ നാമം ജപിക്കവേ
കാണുമോ നീയും മമാര്‍ദ്ധാംശമായ് സഖീ
ജീവന്‍റെ ജീവനാം പ്രേയസീ ചാരെ നീ

© ജയകൃഷ്ണന്‍ കാവാലം

Saturday, January 24, 2009

മോചനഗീതം

കാമക്കെടുതിയിലുലഞ്ഞ മനസ്സില്‍
മോഹമിരമ്പുമ്പോള്‍
തത്വം കൊണ്ടു ശമിക്കുവതാമോ
മണ്ണിലെ ദുഃഖങ്ങള്‍

നിറഞ്ഞ കണ്ണുകള്‍ പുഴകള്‍ തീര്‍ത്തി-
ട്ടിടിഞ്ഞ തീരവുമായ്
നനഞ്ഞ കവിളിന്‍ കണ്ണീര്‍ക്കവിതക-
ളുരുകിപ്പാടുമ്പോള്‍
തടുത്തിടാമോ കരളിന്‍ വ്യഥകളെ-
യൊരുപിടി സ്നേഹത്തിന്‍,
വിടര്‍ന്നു വിലസും അനുപമ സുന്ദര
വാടാമലരാലെ?

കഴിഞ്ഞ കാലം വ്യഥകള്‍ നിരത്തി
ഇരവുകള്‍ പകലാക്കെ,
കൊഴിഞ്ഞ പൂവും മധുകരനായി
മദഭരയായ് നില്‍ക്കേ
ശമിപ്പതാമോ മണ്ണില്‍ കാമം
പകര്‍ന്ന വേദനകള്‍
ഉദിച്ചിടാമോ പുതിയൊരുഷസ്സിന്‍
പൊന്‍ കതിരൊളിവെട്ടം?

കൊതിച്ചിടുന്നൂ ഇനിയൊരുഷസ്സിന്‍
മോചനഗീതിക്കായ്
വിടര്‍ന്നിടട്ടേ രജനികള്‍ തോറും
പ്രതീക്ഷ തന്‍ താരം
ഉണര്‍ന്നിടട്ടേ രാഷ്ട്രം മന്നില്‍
മഹത്വമോടെന്നും
ജ്വലിച്ചിടട്ടേ പാവനമാകും
കെടാവിളക്കായി...

© ജയകൃഷ്ണന്‍ കാവാലം

Monday, January 05, 2009

റോഷിണി (ഭാഗം ഒന്ന്)


എന്നുമെന്‍റെ കിനാവിന്‍റെ നിലാവായി മാറിയോളേ
ഇന്നു നിന്‍റെ ഗാഥയാലെന്‍ തന്ത്രിയുണരട്ടെ
റോഷിണീ ഞാനോര്‍ത്തിടുന്നെന്‍ രാഗമുണരും സന്ധ്യകളില്‍
രാസലീലാ വിവശയാം നിന്‍റെ സാന്നിദ്ധ്യം

പ്രേമഗീതാമൃതം തൂവും നിന്നധര സുമം രാഗ-
മന്ത്ര മധുരം വിളമ്പിയ രാഗവായ്പോടേ
അന്നുഷസ്സിന്നൊളി ചൂടി വശ്യമന്ദസ്മിതം തൂകി
തങ്കവിഗ്രഹ ശോഭയോടെന്‍ മുന്‍പില്‍ വന്നു നീ

കണ്ടതില്ലെന്‍ കണ്ണിനാലെ, മിണ്ടിയില്ലെന്നധരങ്ങള്‍
കണ്ടതേതോ ദിവ്യലോകം അന്തരാത്മാവില്‍
കേട്ടതേതോ ദിവ്യ രാഗം, വന്നതേതോ ദിവ്യ ഗന്ധം
തന്നു നീയെന്‍ പ്രാണനില്‍ നിന്‍ ദിവ്യമാം രാഗം

റോഷിണീ നിന്നാസ്യ വര്‍ണ്ണം തീര്‍ത്തിടുന്നു ചിത്രഭാവം
നിന്നിടുന്നു മൂഢനിവനിന്നര്‍ത്ഥമറിയാതെ
എന്തിനെന്നും കരയുന്നു എന്തിനായി തിരയുന്നു
എങ്ങു നിന്നോ വന്നണഞ്ഞ ചെമ്പനീര്‍പ്പൂവേ

മിഴി രണ്ടും നിറഞ്ഞ നിന്‍ നിലാവൊത്ത മുഖം കാണ്‍കേ
ഇടറുന്നെന്‍ വാക്കുകള്‍ തന്‍ തലോടല്‍ പോലും
നിറഞ്ഞ നിന്‍ കണ്ണുകളില്‍ പൊഴിയുന്ന മുത്തു വാരി
ചൊരിഞ്ഞു നീയെന്‍റെയുള്ളില്‍ അഗ്നിവര്‍ഷങ്ങള്‍

പിടയുന്നു പിടി വിട്ടങ്ങുലയുന്നു മനം നിന്‍റെ
വ്യഥയാലെ നനഞ്ഞ കണ്‍പീലി കാണുമ്പോള്‍
റോഷിണീ തവ മുഖാഭരണമാമീ കണ്ണുകളില്‍
ഇനിയെന്തേ വിഷാദത്തിന്‍ കണ്ണുനീരോട്ടം

ഇളവെയില്‍ ചാഞ്ഞു നിന്നി ട്ടൊളിഞ്ഞു നോക്കിടും പച്ച-
പ്പുതപ്പാലെ മൂടി നിന്നെ തഴുകിടുമ്പോള്‍
പടരുന്നാ മുഖം തന്നിലുണരുന്ന വശ്യഭാവം
കുളിര്‍ കോരി, കുളിര്‍ കോരി നിന്നിടുന്നു ഞാന്‍

മൃദുല ഭാഷണമോ നിന്‍ ചകിതമാം കണ്ണുകളോ
ഭരത മാനസ പുത്രീ മയക്കിയെന്നെ
സുപ്രഭാതം സുപ്രഭയാല്‍ ജ്വലിപ്പിച്ച രവി ശോഭ
സ്വപ്നമായ് നിന്‍ കണ്ണുകളില്‍ തിളങ്ങി നിന്നു

സഖീ നീയാം സുപ്രഭാതം സ്വഛമാമെന്‍ ഹൃദയത്തില്‍
തീര്‍ത്ത കണ്ണീരലയില്‍ ഞാന്‍ മുങ്ങി നിവരുമ്പോള്‍
മന്നിലെങ്ങും നഭസ്സിലും സുന്ദരമാം സ്വപ്നമേ നിന്‍
മന്ദഹാസം മധുമാരി ചൊരിഞ്ഞിടുമ്പോള്‍

കാമദാഹാദികളില്ല, മോഹമില്ലെന്‍ മനസ്സില്‍ നീ
കാമിനിയായ് ഗാഢമെന്നെപുണരുമ്പൊഴും
മാറിലെന്നും ചേര്‍ന്നു നിന്നിട്ടാര്‍ദ്രയായ് നീ മൊഴിയുമ്പോള്‍
ഞാനലിഞ്ഞലിഞ്ഞു മധുവായ് നിന്നില്‍ നിറയുന്നു

ആശ്രമപ്പൂവേ നിലാവേ ആശയേകും തേന്‍ കനിയേ
ആരു നീ നിലാവില്‍ വിരിയും അഞ്ചിതള്‍പ്പൂവേ
എന്നുദിച്ച നിലാവു നീ എന്നു വന്ന വസന്തം നീ
എന്നിലെങ്ങു നിന്നുണര്‍ന്ന പ്രേമഗീതം നീ

നിഴലായി, നിലാവായി മണമായെന്‍ മനസ്സില്‍ നീ
മധുമയ സ്വപ്നമായി നിറഞ്ഞു നില്‍ക്കേ
മലര്‍വാടിയൊന്നിലെന്നും പാട്ടു പാടാനണയുന്ന
രാക്കിളി പോലിവനും നിന്‍ ഗാഥ പാടുന്നു

ഒഴുകുന്നു നമ്മളൊന്നായ് പൊഴിയുന്നു പ്രേമവര്‍ഷം
ലയിക്കുന്നു ഭൂമി സര്‍വ്വം നമ്മളില്‍ തന്നെ


റോഷിണി അവസാനഭാഗം ഇവിടെ© ജയകൃഷ്ണന്‍ കാവാലം