Monday, February 23, 2009

ഒരു കീര്‍ത്തനം

എന്‍റെ പാറശ്ശാലേശ്വരന്...


ചന്ദ്രകലാധര സങ്കടനാശക ശങ്കര ദേവ നമോ
സങ്കട വാരിധിയില്‍ ഉഴലുന്നിവനെന്നും നീ ശരണം
ഹിമഗിരിനന്ദിനിതന്‍ പതിയായിടുമന്‍പിന്‍ നിറകുടമേ
ചപല മനസ്സുകള്‍ തന്‍പരിദേവനമന്‍പൊടു കേള്‍ക്കണമേ


അഗതികള്‍ ഞങ്ങളീ വലിയ ജഗത്തില്‍ അഴലൊടു നീന്തുമ്പോള്‍
അവനിയിലുടയവന്‍, വലിയ ജഗത്തിന്‍ പ്രഭു നീയരുളണമേ
മമ ഹൃദയത്തില്‍ നീ തിരുജടയിളകി താണ്ഡവമാടുമ്പോള്‍
ധിമിധിമി ധിദ്ധിമി താളം പ്രണവ ധ്വനിയായുയരുമ്പോള്‍


സകല ജഗത്തിനുമധിപതി നീ തന്‍ മുക്കണ്ണില്‍ ഉണരും
അത്യുഷ്ണോജ്ജ്വല പാവകനാളം മോഹമടക്കുമ്പോള്‍
ഹര ഹര ശങ്കര നാമമിതല്ലോ അകതാരില്‍ നിറയും
അണിയുന്നൂ തവ ദിവ്യസുഗന്ധവിഭൂതികളാത്മാവില്‍


അകതളിരെന്നും നിന്നുടെ താണ്ഡവ ലഹരിയിലുണരുമ്പോള്‍
അരിമര്‍ദ്ദക തവ പദസഞ്ചലനം കാമമൊടുക്കുമ്പോള്‍
സുരലോകേശ്വര നിന്നുടെ മന്ത്രപ്പൊരുളിവനറിയുന്നു
അനുദിനമെന്നും നൊന്തുജപിപ്പൂ ശംഭോ മഹാദേവാ


© ജയകൃഷ്ണന്‍ കാവാലം

Monday, February 16, 2009

നേര്‍രേഖ തേടി

ഇനിയെത്ര ദൂരം നടക്കണം യാത്രയില്‍
വഴിയമ്പലത്തിലേക്കൊട്ടു മയങ്ങുവാന്‍
ഇനിയെത്ര വേണമെന്നുഷ്ണപ്രതീക്ഷകള്‍
ഒരു നീര്‍ത്തടാകത്തില്‍ ദാഹം മറക്കുവാന്‍
എവിടെയും തീരാത്ത യാത്രതന്നന്ത്യത്തില്‍
ഇനിയെന്നു തുടങ്ങണമെന്‍ മഹായാത്ര
എത്രയിങ്ങെത്തി ഞാനെത്രയുമിനിയെന്ന്‌
ദൂരം കുറിക്കുക സാക്ഷിയാം കാലമേ

എന്തെന്തു കാഴ്ചകള്‍, കാണാത്ത കാഴ്ചകള്‍
എത്രയോ ശബ്ദ തരംഗങ്ങള്‍ ചുറ്റിലും
ഇവിടെയെങ്ങും തെല്ലു കാണാന്‍ കഴിഞ്ഞീല
ഇത്ര നാള്‍ കേള്‍ക്കാന്‍ കൊതിച്ച നാദം മാത്രം
ഇവിടെയെങ്ങും ഒരു ബിന്ദുവായ്‌ പോലുമാ
ദിവ്യ പ്രഭാ പൂരം കാണാന്‍ കഴിഞ്ഞീല

പ്രണവമേ നീയെന്‍റെ ഹൃത്തിലും
ഭൂവിന്‍ തുടിപ്പിലും, ആത്മാവിലൊക്കെയും, ജീവനായ്‌
എവിടെയും നിത്യം വിരാജിപ്പുവെങ്കിലും
എത്ര നാളെത്ര നാളെത്ര നാള്‍ നീളുമെന്‍
ലക്ഷ്യത്തിലെത്തുവാന്‍ നിന്നില്‍ ലയിക്കുവാന്‍
എത്ര നാളിനിയും ചുമക്കേണ്ടു ജീവിത
കഷ്ടഭണ്ഡാരമാ നേര്‍ രേഖ കാണുവാന്‍

കാമത്തിനായി പരതുന്ന മാനവര്‍
ദാഹത്തിനായി കരയുന്ന ജീവികള്‍
മാനം മറന്നും ചിരിക്കുന്ന പൂവുകള്‍
പണിയുന്നു സ്വര്‍ഗ്ഗമിതാ എന്‍റെ ചുറ്റിലും
പ്രാണന്‍ മറന്നു കുറിച്ച സങ്കീര്‍ത്തന
പ്പാനകള്‍ കൊണ്ടു ഭജിക്കുന്ന കാമുകര്‍
കാമിനിയെ കൊടുത്തും, കിരാതമാം
കാമനാപൂര്‍ത്തിക്കു വെമ്പുന്ന മാനവര്‍
കാണ്‍മതില്ലെങ്ങും ചെറു നൂല്‍ കനമെങ്കിലും
പ്രേമം; നിസ്സ്വാര്‍ഥമാം പ്രേമപ്രകാശം

എവിടെ നിന്‍ ഗീതികളറിയുന്ന ശാരിക
എവിടെ നിന്‍ നാമം ജപിക്കും ഋഷികളും
എവിടെയെന്നെന്നും വസന്തം വിരിയുന്ന
അമരാശ്രമം; എന്‍റെ ആശ്രമമെവിടെ
എവിടെയെന്നും ഞാനെന്‍ പ്രേമസരസ്സില്‍ നി-
ന്നുയിര്‍ തേകി വളര്‍ത്തിയ തുളസിച്ചെടികളും
എവിടെ ഞാനെന്നുമെന്‍ കണ്ണീര്‍കണങ്ങളാല്‍
അഭിഷേകമാടിയ പൂജാസ്വരൂപവും

ഇവിടെയിന്നൊന്നുമേയില്ല ഈ യാത്രതന്‍
വിജനമാം പാതയില്‍ അനന്തത മാത്രം
ഇവിടില്ലെയെന്‍ ചുണ്ടിലന്നു ഞാനുരുവിട്ട
ആയിരമായിരം മന്ത്രങ്ങള്‍ പോലും
ഇവിടെയിന്നില്ലെന്‍റെ കയ്യില്‍ കമണ്ഡലു
എവിടെയോ പോയ്മറഞ്ഞെന്‍റെ തപോബലം
ഒരു നാളിലിണതേടി, ഉയിര്‍ തേടിയുയിരാര്‍ന്ന
നാഗം മയങ്ങുന്നു യോഗി ഞാനലയുന്നു.

അകമേയെന്നാധാര ചക്രങ്ങളാറിലും
അമൃതപ്രവാഹം നിലയ്ക്കുന്നു വരളുന്നു
വഴിയിലെന്നാത്മ നൊമ്പരം മുളപൊട്ടി
മുള്‍ച്ചെടികളായ്‌ യാത്ര മുടക്കുന്നു

എവിടെയെന്നാശ്രമം, എവിടെ ഞാന്‍ വ്രതമേറ്റു
പൂണൂല്‍ ധരിക്കേണ്ട ധ്യാന ഗൃഹങ്ങളും
എവിടെ ഞാന്‍ ചമതയായ്‌ സ്വയമെന്നെയര്‍പ്പിക്കും
യോഗാഗ്നിയാളുന്ന ഹോമകുണ്ഡങ്ങളും
എവിടെ ഞാനെന്നെത്തിരിച്ചറിഞ്ഞീടുന്ന
പുണ്യ മുഹൂര്‍ത്തവും ജ്ഞാനസമാധിയും

© ജയകൃഷ്ണന്‍ കാവാലം

Saturday, February 14, 2009

തൂലിക*

ആത്മാവു തീക്കനലാവുന്ന അപൂര്‍വ നിമിഷങ്ങളില്‍
അവളെന്‍റെ ചാരത്തു വന്നിരുന്നു
പ്രണയത്തേക്കാള്‍ വന്യമായ കാമത്തെ
ഞാനവളില്‍ കണ്ടു
നെടുവീര്‍പ്പുകള്‍ക്ക് അവധി കൊടുക്കാതെ
ഞാനവളോടു ചോദിച്ചു
നീയാരാണ്?
അവളൊന്നും മിണ്ടിയില്ല
വീണ്ടും പലപ്പൊഴും
എന്‍റെ മനസ്സിന്‍റെ ചിതയ്ക്കരുകില്‍ അവള്‍
അപ്പോഴെല്ലാം ഞാന്‍ അതേ ചോദ്യം ആവര്‍ത്തിച്ചു
നീയാരാണ്...
അവസാനം അവള്‍ പറഞ്ഞു
ഞാന്‍ നിന്‍റെയാണ്
അപ്പോഴും ഞാനവളെ തിരിച്ചറിഞ്ഞില്ല
എനിക്കവളോടു വാത്സല്യമായിരുന്നു
പ്രണയമായിരുന്നു
എന്നിട്ടും ആ ബന്ധത്തിന്‍റെ ദൃഢത ഞാനറിഞ്ഞില്ല
അവസാനം വീണ്ടുമൊരു ചോദ്യത്തിനിട നല്‍കാതെ
അവള്‍ എന്നോടു പറഞ്ഞു
ഞാന്‍ നിന്‍റെയാണ്... നിന്‍റേതു മാത്രം...


ഞാന്‍ നിന്‍റെ പേനയാണ്...


*ഈ കവിത ‘സതീഷ്ബാബു’ എന്ന പേരില്‍ ഞാന്‍ പണ്ടു പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. അതു വായിച്ചിട്ടുള്ളവര്‍ ഇതു ഞാന്‍ മോഷ്ടിച്ചതാണെന്നു കരുതരുതെന്ന്‌ അപേക്ഷ© ജയകൃഷ്ണന്‍ കാവാലം

Thursday, February 12, 2009

നീ വരുമോ? (ഒരു പ്രേമലേഖനം)

ഒരു ഏഴാം ക്ലാസ്സ് പ്രേമലേഖനം !

എത്ര തേടി ഞാനെന്‍റെയോമലേ
കണ്‍ കുളിര്‍ത്തൊന്നു കാണുവാന്‍
വശ്യമന്ദസ്മിതേ നിനക്കിതാ
കൂട്ടി വച്ചെന്‍റെ ഭാവന

ആഗ്രഹിച്ചു ഞാനെന്നുമെന്നുമെന്‍
കൂട്ടിനായി നീ പോരുമോ
ശക്തനല്ല ഞാന്‍ പ്രേയസീ നിന്‍റെ
മറ്റൊരുത്തരം കേള്‍ക്കുവാന്‍

ആര്‍ദ്രമാവുന്നു എന്‍ മനം സഖീ
ആശയേകി നീ മാനസേ
ആശയുണ്ടെനിക്കെന്നുമെന്നുമാ
നേര്‍ത്ത പുഞ്ചിരി കാണുവാന്‍

അന്നു നിന്നുടെ നിര്‍മ്മല സ്വരം
അല്പമൊന്നു നുകര്‍ന്നു ഞാന്‍
അമ്പലപ്പുഴക്കണ്ണനുണ്ണിയെ
കണ്ടുണര്‍ന്നൊരു നിര്‍വൃതി

നേരമായ് സഹയാത്രിയാകുവാന്‍
നേരമില്ലിനി വൈകുവാന്‍
കാത്തു കാത്തു ഞാന്‍ നില്‍പ്പു നിന്നുടെ
മൌനസമ്മതം കേള്‍ക്കുവാന്‍...

© ജയകൃഷ്ണന്‍ കാവാലം

Monday, February 09, 2009

സന്ധ്യകനകാംബരങ്ങള്‍ക്കു ചായം പകര്‍ന്നൊരു സന്ധ്യേ
പകലിന്‍റെ ലാഭനഷ്ടങ്ങള്‍ക്കു തോതു കുറിക്കുന്ന സന്ധ്യേ
പകരു നിന്‍ കയ്യിലെ പുസ്തകത്താളിന്‍മേല്‍
കാലം കുറിച്ചിട്ട കണ്ണുനീര്‍ക്കവിത തന്‍ ചൂടും
പകലിന്‍റെയുച്ച വെയില്‍ നിനക്കേകിയ
ദുഃഖസത്യങ്ങളും ഒരു പഴമ്പാട്ടും
തേടുന്നു സത്യം..., തിരിച്ചറിഞ്ഞീടുവാന്‍
പോകുന്നു നീണ്ടൊരീ വഴിയിലൂടിന്നു ഞാന്‍

നേരിന്‍റെ നേരായി വഴി കിടക്കുന്നിതാ
രാവില്‍ മറച്ചൊരീ നഗ്ന സത്യങ്ങളും
മണ്ണിന്‍റെ മാതൃസ്തനം ചുരത്തുന്നൊരീ
നോവിന്‍റെ ക്ഷീരസമുദ്റ്രങ്ങള്‍ കാണ്മു ഞാന്‍

മറവി തന്‍ മാറില്‍ മുഖം ചേര്‍ത്തവര്‍ ചെയ്ത
ക്രൂര വിനോദം മറക്കാന്‍ കൊതിക്കവേ
പോകുന്ന വഴികളീലൊരു കനല്‍ പാതയായ്
പൊന്തുന്നു ജീവിത യാഥാര്‍ത്ഥ്യ വേളകള്‍...

പോരും അഹന്തയും മാറ്റുരച്ചീടുന്ന
മനസ്സെന്ന മാന്ത്രികക്കോട്ടകള്‍ കണ്ടു ഞാന്‍
ഇരവായ് മനുഷ്യനെ കാര്‍ന്നു തിന്നീടുന്ന
വഞ്ചനക്കോലങ്ങള്‍ നോക്കിച്ചിരിക്കവേ
രാഗവും, ദ്വേഷവും; മണ്ണില്‍ മതങ്ങളായ്
മനസ്സില്‍ വൃണങ്ങളായ്, കണ്ണില്‍ അസൂയ തന്‍-
തീനാളമായ് പെയ്തിറങ്ങിയ
കലിയുടെ താണ്ഡവ നൃ്ത്തവും കണ്ടു ഞാന്‍...

ക്രൂരമായുള്ളൊരീ ചെയ്തികള്‍ കണ്ടു നി-
ന്നുരുകുന്ന സൂര്യനെ കണ്ടു ഞാന്‍
നിണത്തില്‍ കുളിച്ചൊരീ കൈകള്‍ കണ്ടോ
അതോ ഇന്നിന്‍റെ കണ്ണിലെ തീയു കണ്ടോ
ഭയം വിറപ്പിക്കുന്നു പ്രകൃതിയെ
ഭൂകമ്പമായ് കൊടും കാറ്റായിക്കാണുന്നു നാമിതും
വെറും കലികാല ലീലയായ് കാണുന്നു നാമിതും

ആത്മാവു കത്തിയെരിഞ്ഞമര്‍ന്നീടുന്ന
നാടിന്‍റെ ബീഭത്സ രൂപവും ഭാവവും
കണ്ടെന്‍റെ കണ്ണിലെ ചൈതന്യ ധാരകള്‍
മങ്ങിപ്പൊലിഞ്ഞങ്ങു ബാഷ്പമായ് മാറവേ

ചിന്തിച്ചു ഞാന്‍ മനുഷ്യനായിരുന്നെങ്കില്‍
ഞാനീ മനുഷ്യനല്ലായിരുന്നെങ്കില്‍...

അകലെ നിന്നാരോ ഉയര്‍ത്തുന്നു മോഹന
സ്വപ്നങ്ങള്‍ ചാലിച്ച സപ്തവര്‍ണ്ണക്കൊടി
സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാകുവാന്‍ വേണമെന്‍
ആത്മച്ചമതയാല്‍ ആഭിചാരക്രിയ !
സത്യവും നീതിയും കത്തുന്നൊരീ ഹോമ-
കുണ്ഡത്തില്‍ ഹോമിക്ക വേണമെന്‍ ജീവിതം !

ചിന്തിപ്പു ഞാന്‍ മനുഷ്യനായിരുന്നെങ്കില്‍
ഞാനീ മനുഷ്യനല്ലായിരുന്നെങ്കില്‍...

© ജയകൃഷ്ണന്‍ കാവാലം

Monday, February 02, 2009

ഒരു അനാഥന്‍റെ പ്രാര്‍ത്ഥന


വിധി വിഹിതമായായിരമായിരം
എരികനല്‍ കോരിയിട്ടൊരെന്‍ നെഞ്ചിലെ
കരുണദാഹം ശമിക്കുവാനായിതാ
കരളുരുകി ഞാന്‍ പ്രാര്‍ത്ഥിപ്പു നിത്യവും

വിധി വിലക്കിയ താതവാത്സല്യമേ
മതി കൊതിക്കുന്നു നിന്‍ പരിലാളനം
അവനിയിലന്ത്യ നാളിലും ചേതന
ചമതപോല്‍ വെന്തു കത്തിടും നിശ്ചയം

കൊടിയ പാപങ്ങളാലോ ദിനം ദിനം
ചെയ്ത പൂജകളില്‍ വന്ന വീഴ്ചയോ
മമ ശിരസ്സില്‍ തലോടാനണയാതെ
പിതൃകരങ്ങളകന്നു കഴിയുന്നു

വികൃതമായ് മനം കാടുകള്‍ കയറവേ
ചടുലമായൊരീ കാലപ്രവാഹത്തില്‍
ചരണമൊന്നിനി മുന്‍പോട്ടണയ്ക്കുവാന്‍
ചകിതമായൊരീ മേനി വിറയ്ക്കുന്നു

കരളകത്തെ കനല്‍ കൊണ്ടു വെന്തൊരെന്‍
കവിളില്‍ കണ്ണുനീര്‍ ബാഷ്പീകരിക്കുന്നു
കഠിനമായൊരീ ജീവിതയാത്രയില്‍
പഥികനായി ഞാനൊറ്റക്കലയുന്നു

അരുണ വര്‍ണ്ണം കടുപ്പിച്ച ചെന്നിറം
കണ്‍ജലങ്ങളില്‍ നിണനിറം ചേര്‍ക്കുന്നു
അരുവികള്‍ കൊഞ്ചുമാ സ്വരമെന്നുള്ളില്‍
ഗദ്‌ഗദങ്ങളായ് മാറ്റൊലിക്കൊള്ളുന്നു

കഴിയുകില്ലിനിയീ നല്ല ഭൂമിയെ
അമര സൌന്ദര്യ ധാമമായ് കാണുവാന്‍
അഴല്‍ തടുക്കുന്നു ലോകമേ നിന്നിലെ
ഹരിത ഭംഗിയെ മാറോടു ചേര്‍ക്കുവാന്‍...

© ജയകൃഷ്ണന്‍ കാവാലം