Wednesday, April 21, 2010

നോവറിയുന്നവര്‍‍(ള്‍?)ക്ക്...

ഏതു നോവിന്‍റെയാത്മാവില്‍ നിന്നുമീ
പാട്ടെടുത്തെന്‍റെ കരളില്‍ നിറച്ചു നീ
ഏതു ദിവ്യമാം ചോദനയാലെയെന്‍
ചേതനയിലെ വേദന കണ്ടു നീ...???

ഏതൊരുന്‍‍മാദ ചിന്തതന്‍ തീയിലേ-
ക്കാര്‍ദ്രമായ് വന്നു നീ പൊലിഞ്ഞെങ്കിലും
ഏതൊരുത്തുംഗ ഭാവനാ ശൈലത്തി-
ലര്‍ക്കതുല്യം ജ്വലിച്ചു നിന്നീടിലും

ഹാ... മനസ്സിന്‍റെ വിങ്ങലില്‍ പൂക്കുന്ന
പുഷ്പമേ..., നിനക്കാകട്ടെയെന്നിലെ
എന്നെയും, എന്‍റെ നോവിന്‍ കണങ്ങളും
അര്‍ത്ഥശൂന്യമാമീ പ്രേമ ഗീതവും

വേദനത്തീ പടര്‍ന്നിടും ദേഹിയില്‍
വേദഗീതികള്‍ക്കെന്തുണ്ടു സാഹസം
ചെയ്തുണര്‍വ്വിന്‍റെയുണ്മയെ കാട്ടുവാന്‍
വേരിറങ്ങുന്ന നോവിനെ മായ്ക്കുവാന്‍?

ദൂരദൂരം നടന്നെത്തിയാകാശ
സീമയാം ചക്രവാളങ്ങള്‍ തേടവേ
നേരമില്ലിനി ഭൂമിയില്‍ കാലമേ
കാഴ്ച നല്‍‍കുകെന്‍ ലക്ഷ്യം ഗ്രഹിക്കുവാന്‍...

© ജയകൃഷ്ണന്‍ കാവാലം

Monday, April 19, 2010

അസ്വസ്ഥത

ഉള്ളില്‍ ഒരു വിങ്ങല്‍ പോലെ, വേദന പോലെ
ഭയം പോലെ നീ... അല്ല നീതന്നെയാണു ഭയം!
അഭയത്തില്‍ നിന്നെന്നെ അകറ്റി നിര്‍ത്തുന്ന ഭയം!
അഭയത്തെക്കുറിച്ചുള്ള ഭയം!

അനന്തമായ ചക്രവാളത്തിനു നേരേ
പറന്നടുക്കുവാനൊരുങ്ങിയ
എന്‍റെ ചിറകില്‍ ബന്ധനം തീര്‍ക്കുന്ന ഭയമേ
നിന്നെ ഞാന്‍ അസ്വസ്ഥതയെന്നു വിളിക്കും...

നെഞ്ചില്‍ ഭാരമായ്, ഉള്ളില്‍ ആശങ്കയായ്
സ്വയം തീര്‍ത്ത നെരിപ്പോടിലേക്ക്
മെല്ലെ പറന്നടിഞ്ഞെരിയുന്ന ചിന്തകള്‍
നിങ്ങളെന്തിനെന്നെ ഇങ്ങനെ ഞെരിക്കുന്നു?

ഈ ബന്ധനവിമുക്തിക്കായ് തപം ചെയ്യുന്ന
എന്‍റെ ജടകളിലും ബന്ധനം
തപസ്സിനും ബന്ധനം
മനസ്സിനും ബന്ധനം

എന്നിലീ ബന്ധനം തീര്‍ത്ത്
നിറചിരിയായ് നില്‍‍ക്കുമസ്വസ്ഥതേ...
പറയുക, നീതന്നെയല്ലേയെന്നെ
കവിയായ് പുലര്‍ത്തുമെന്‍ സ്വപ്നം!
എന്നിലെ എന്നെ തളര്‍ത്തുന്ന വേദന!

© ജയകൃഷ്ണന്‍ കാവാലം