Thursday, July 17, 2008

റോഷിണി (അവസാന ഭാഗം)


ചിതറുമെന്നോര്‍മ്മകള്‍ക്കുള്ളില്‍ വസന്തമായ്
ഒഴുകുന്ന കണ്ണീലെ തീര്‍ത്ഥരേണുക്കളായ്
ഇടറുന്ന പദഗമന വേഗത്തിന്‍ താളമായ്
നീറുമെന്‍ മനസ്സിന്‍റെ നോവു നീ റോഷിണീ

റോഷിണീ നീ വിടര്‍ന്നതും, പിന്നെ-
പടര്‍ന്നതും, പൂന്തേന്‍ കിനിഞ്ഞതും,
എന്നുള്ളിലെരിയുന്ന കാമാഗ്നിയില്‍
ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,

നീണ്ടയിരവുകള്‍ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നില്‍ നിറഞ്ഞതും,
നാഗശരീരിയായ് നീയെന്‍റെ മേനിയില്‍
മാറാടി വീണു തളര്‍ന്നതും,

പോരാടിയെന്നൂര്‍ജ്ജ ബാഷ്പരേണുക്കളില്‍
നീരാടിയമൃതം നുകര്‍ന്നതും,
വിഷപ്പല്ലിറക്കാതെ കണ്ഠപാര്‍ശ്വങ്ങളില്‍
തേന്‍ ചുണ്ടമര്‍ത്തിക്കടിച്ചതും,

ഓര്‍മ്മയിലിന്നുമൊരു കനല്‍ച്ചൂടായി
നീറുന്നു, പടരുന്നു, തകരുന്നു ഞാനും
ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-
യാളുന്നു ദാഹാര്‍ത്തയായിന്നു റോഷിണീ

മേവുന്നു റോഷിണീ നീയൊരു ശിലാശില്പ
ഭംഗിയാര്‍ന്നിരവിന്‍റെ വധുവായി, മധുവായി,
കാമ കേളീ രസലോലയായ് മനസ്സിലെ
കാടു പിടിച്ചൊരീ യക്ഷിത്തറകളില്‍,

ഉദ്യാനഭൂമിതന്‍ ഹൃദ്സ്പന്ദനങ്ങളില്‍,
വിജ്ഞാനശാലതന്നന്തപ്പുരങ്ങളില്‍,
കാമാര്‍ത്തയായിട്ടലഞ്ഞു നീ റോഷിണീ
ആചാര്യ ഭോഗത്തില്‍ നിര്‍വൃതി തേടി നീ!

ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ
മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്
മഹിതമാം ജന്മത്തിനര്‍ത്ഥം കുറിക്കുന്ന
മഹിതപത്രത്തില്‍ കളങ്കം കുറിച്ചു നീ!

അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ
എന്നെയറിഞ്ഞൊരു മുഗ്ധകുസുമമായ്,
പടരുന്നുവെന്നിലെ നിന്നുടെയോര്‍മ്മയില്‍
തിരയുന്നു നിന്‍റെ വിഷലിപ്ത ദംശനം

സുപ്രഭാഗര്‍ഭത്തില്‍ സൂര്യബീജം
വീണുണര്‍വള്‍
സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോള്‍
സപ്രമഞ്ചങ്ങളില്‍ രാത്രികള്‍ ലീലയാല്‍
സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോള്‍
സ്വപ്നവേഗത്തിലെന്‍ മാറിലെ ചൂടിനാല്‍
സ്വര്‍ണ്ണകുംഭങ്ങളില്‍ ക്ഷീരം ചുരത്തുവോള്‍

റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവള്‍
നേരിന്‍റെ നേരേ പുലഭ്യം പറഞ്ഞവള്‍
ലോകസത്യങ്ങള്‍ തന്നാഭിജാത്യത്തിലേ-
ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവള്‍

രാശിചക്രങ്ങളില്‍ ദൈവജ്ഞര്‍ കാണാത്ത-
രോഹിണി നക്ഷത്ര പാപം ചുമക്കുവോള്‍,
നാടിന്‍ സദാചാര മംഗളദീപത്തി-
ലെന്നും കരിന്തിരിയായി രമിപ്പവള്‍.

നിന്‍ ശ്വാസ, നിശ്വാസ സീല്‍ക്കാര നാദത്തി-
ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയില്‍,
സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,
കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം
പൂണ്ടുയര്‍ന്നു താഴും നിന്‍റെ കണ്ഠനാളത്തിന്‍റെ
ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവര്‍

ആ തീക്ഷ്ണ ദൃഷ്ടിതന്‍ മുനയേറ്റു-
രക്തം ചൊരിഞ്ഞവര്‍,
ശത കോടി ജന്മപുണ്യങ്ങളെ-
രേതസ്സു ചേര്‍ത്തു ഹോമിച്ചവര്‍,
നീ തീര്‍ത്ത കാമസമുദ്രച്ചുഴികളില്‍
അറിയാതെയാഴ്ന്നു മരിച്ചവര്‍,
നിന്‍ ഭോഗതൃഷ്ണതന്‍ ശരമേറ്റു-
മണ്ണില്‍ പതിച്ചവര്‍,
നിന്‍റെ സാമീപ്യത്തിനായി തപം ചെയ്തു-
തര്‍പ്പണപ്പലകയില്‍ രക്തമര്‍ച്ചിച്ചവര്‍…
ചിതറുന്നു പൊലിയുന്നവര്‍ക്കൊപ്പമെന്നിലെ
നിന്നില്‍ സമര്‍പ്പിച്ച പ്രണയവും മനസ്സും.

ഇനിയില്ല നിന്‍റെയനന്യമാം മാദക-
ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നില്‍.
വിടരില്ല നീയിനി വിഷപരാഗങ്ങള്‍ തന്‍-
ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.

പടരില്ലയിനിയും നീയാരിലും, പൂന്തേന്‍-
കിനിയില്ല, ലഹരിതന്‍ പാനപാത്രത്തില്‍ നീ-
നുരയില്ല, മനസ്സിന്‍റെയേകാന്ത നിദ്രയില്‍-
തെളിയില്ല ജീവിതസ്വപ്നവര്‍ണ്ണങ്ങളായ്.

കരയുവാനല്ലയെന്‍ തൂലികത്തുമ്പിനാല്‍
പൊരുതുവാനായി ജനിച്ചവന്‍ ഞാന്‍!
തളരുവാനല്ലെന്‍റെയുയിരിന്‍ പ്രഭാവത്തി-
ലൊരു യുഗം തീര്‍ക്കുവാന്‍ വന്നവന്‍ ഞാന്‍!

ഇരുളിന്‍റെ വഴികളിലഭിസാരികേ നിന്‍റെ
ചരിതം തിരുത്തുവാന്‍ വന്നവന്‍ ഞാന്‍!
കവിധര്‍മ്മമത്രേ!, ഇതെന്നില്‍ നിയുക്തമാം
വിധി തന്ന മോചന ഹൃദയമന്ത്രം!!!

മൃത്യുവിന്‍ മടിയിലടിയുന്നതിന്‍ മുന്‍പേ,
ഓര്‍മ്മയായ് ഞാനൊടുങ്ങുന്നതിന്‍ മുന്‍പേ,
കത്തിജ്വലിക്കുമെന്നന്തരംഗത്തിലെ-
ചിന്തതന്നൂഷ്മാവുറവായിടും മുന്‍പേ,
കോര്‍ത്തിടും മണിമുത്തു മാലകള്‍ നിനക്കായി
അഗ്നിവിശുദ്ധയായ് നീ വന്നണയുമ്പോള്‍.

സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ
ഞാന്‍ തീര്‍ത്ത കണ്ണുനീര്‍ കാവ്യതീര്‍ത്ഥങ്ങളാല്‍
നീ വന്നുദിച്ചിടുമിനിയുമെന്‍ മനസ്സിന്‍റെ
ശശിലേഖ മായാത്ത വാനവീഥികള്‍ തോറും

തിരികെയൊരു വഴി നീ തിരയും,
പ്രതീക്ഷതന്‍ പുതിയ നാളത്തിനായ് കേഴും
പുതിയൊരുഷസ്സിന്‍റെ പൊന്‍കതിരണിയുവാന്‍
മുകുളമായിനി നീ കുരുക്കും.

അവിടെ നീ കേള്‍ക്കുമെന്നുയിരിന്‍റെയൂര്‍ജ്ജം
സുധയായ് പൊഴിയുന്ന മോചനഗീതികള്‍
അവിടെ നീ കാണുമെന്‍ ദേഹം, മഹാഗ്നി തന്‍-
പരിലാളനത്താല്‍ ജ്വലിച്ച ചിത്രം.

അവിടെ നീ കേള്‍ക്കുമാ പ്രേമകുടീരത്തിലെ,
പ്രകൃതി തന്നിടറുന്ന കണ്ഠത്തില്‍ നിന്നും,
ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകന്‍
വിട വാങ്ങിയെന്ന വിലാപ ഗീതം.

© ജയകൃഷ്ണന്‍ കാവാലം