Monday, February 16, 2009

നേര്‍രേഖ തേടി

ഇനിയെത്ര ദൂരം നടക്കണം യാത്രയില്‍
വഴിയമ്പലത്തിലേക്കൊട്ടു മയങ്ങുവാന്‍
ഇനിയെത്ര വേണമെന്നുഷ്ണപ്രതീക്ഷകള്‍
ഒരു നീര്‍ത്തടാകത്തില്‍ ദാഹം മറക്കുവാന്‍
എവിടെയും തീരാത്ത യാത്രതന്നന്ത്യത്തില്‍
ഇനിയെന്നു തുടങ്ങണമെന്‍ മഹായാത്ര
എത്രയിങ്ങെത്തി ഞാനെത്രയുമിനിയെന്ന്‌
ദൂരം കുറിക്കുക സാക്ഷിയാം കാലമേ

എന്തെന്തു കാഴ്ചകള്‍, കാണാത്ത കാഴ്ചകള്‍
എത്രയോ ശബ്ദ തരംഗങ്ങള്‍ ചുറ്റിലും
ഇവിടെയെങ്ങും തെല്ലു കാണാന്‍ കഴിഞ്ഞീല
ഇത്ര നാള്‍ കേള്‍ക്കാന്‍ കൊതിച്ച നാദം മാത്രം
ഇവിടെയെങ്ങും ഒരു ബിന്ദുവായ്‌ പോലുമാ
ദിവ്യ പ്രഭാ പൂരം കാണാന്‍ കഴിഞ്ഞീല

പ്രണവമേ നീയെന്‍റെ ഹൃത്തിലും
ഭൂവിന്‍ തുടിപ്പിലും, ആത്മാവിലൊക്കെയും, ജീവനായ്‌
എവിടെയും നിത്യം വിരാജിപ്പുവെങ്കിലും
എത്ര നാളെത്ര നാളെത്ര നാള്‍ നീളുമെന്‍
ലക്ഷ്യത്തിലെത്തുവാന്‍ നിന്നില്‍ ലയിക്കുവാന്‍
എത്ര നാളിനിയും ചുമക്കേണ്ടു ജീവിത
കഷ്ടഭണ്ഡാരമാ നേര്‍ രേഖ കാണുവാന്‍

കാമത്തിനായി പരതുന്ന മാനവര്‍
ദാഹത്തിനായി കരയുന്ന ജീവികള്‍
മാനം മറന്നും ചിരിക്കുന്ന പൂവുകള്‍
പണിയുന്നു സ്വര്‍ഗ്ഗമിതാ എന്‍റെ ചുറ്റിലും
പ്രാണന്‍ മറന്നു കുറിച്ച സങ്കീര്‍ത്തന
പ്പാനകള്‍ കൊണ്ടു ഭജിക്കുന്ന കാമുകര്‍
കാമിനിയെ കൊടുത്തും, കിരാതമാം
കാമനാപൂര്‍ത്തിക്കു വെമ്പുന്ന മാനവര്‍
കാണ്‍മതില്ലെങ്ങും ചെറു നൂല്‍ കനമെങ്കിലും
പ്രേമം; നിസ്സ്വാര്‍ഥമാം പ്രേമപ്രകാശം

എവിടെ നിന്‍ ഗീതികളറിയുന്ന ശാരിക
എവിടെ നിന്‍ നാമം ജപിക്കും ഋഷികളും
എവിടെയെന്നെന്നും വസന്തം വിരിയുന്ന
അമരാശ്രമം; എന്‍റെ ആശ്രമമെവിടെ
എവിടെയെന്നും ഞാനെന്‍ പ്രേമസരസ്സില്‍ നി-
ന്നുയിര്‍ തേകി വളര്‍ത്തിയ തുളസിച്ചെടികളും
എവിടെ ഞാനെന്നുമെന്‍ കണ്ണീര്‍കണങ്ങളാല്‍
അഭിഷേകമാടിയ പൂജാസ്വരൂപവും

ഇവിടെയിന്നൊന്നുമേയില്ല ഈ യാത്രതന്‍
വിജനമാം പാതയില്‍ അനന്തത മാത്രം
ഇവിടില്ലെയെന്‍ ചുണ്ടിലന്നു ഞാനുരുവിട്ട
ആയിരമായിരം മന്ത്രങ്ങള്‍ പോലും
ഇവിടെയിന്നില്ലെന്‍റെ കയ്യില്‍ കമണ്ഡലു
എവിടെയോ പോയ്മറഞ്ഞെന്‍റെ തപോബലം
ഒരു നാളിലിണതേടി, ഉയിര്‍ തേടിയുയിരാര്‍ന്ന
നാഗം മയങ്ങുന്നു യോഗി ഞാനലയുന്നു.

അകമേയെന്നാധാര ചക്രങ്ങളാറിലും
അമൃതപ്രവാഹം നിലയ്ക്കുന്നു വരളുന്നു
വഴിയിലെന്നാത്മ നൊമ്പരം മുളപൊട്ടി
മുള്‍ച്ചെടികളായ്‌ യാത്ര മുടക്കുന്നു

എവിടെയെന്നാശ്രമം, എവിടെ ഞാന്‍ വ്രതമേറ്റു
പൂണൂല്‍ ധരിക്കേണ്ട ധ്യാന ഗൃഹങ്ങളും
എവിടെ ഞാന്‍ ചമതയായ്‌ സ്വയമെന്നെയര്‍പ്പിക്കും
യോഗാഗ്നിയാളുന്ന ഹോമകുണ്ഡങ്ങളും
എവിടെ ഞാനെന്നെത്തിരിച്ചറിഞ്ഞീടുന്ന
പുണ്യ മുഹൂര്‍ത്തവും ജ്ഞാനസമാധിയും

© ജയകൃഷ്ണന്‍ കാവാലം

6 comments:

the man to walk with said...

nannayi ..

ശ്രീ said...

നന്നായിട്ടുണ്ട്.

ഞാന്‍ ആചാര്യന്‍ said...

'വഴിയിലൊരാത്മ നൊമ്പരം മുള പൊട്ടി...' വാഹ് വാഹ്

Mr. X said...

Very beautiful, Jayakrishnan.

As always :)
Hey, one question:
"വഴിയമ്പലത്തിലേയ്ക്കൊട്ടൊന്നു മയങ്ങുവാന്‍"
OR
"വഴിയമ്പലത്തിലേയ്ക്കൊട്ടു മയങ്ങുവാന്‍"?
I think the second line goes better with the metre... but it's the poet who decides.

കാവാലം ജയകൃഷ്ണന്‍ said...

the man to walk with, ശ്രീ, ആചാര്യന്‍: സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ


ആര്യന്‍: താങ്കള്‍ അഭിപ്രായപ്പെട്ടതാണു ശരി. തിരുത്തിയിട്ടുണ്ട്‌. നന്ദി സുഹൃത്തേ...

Unknown said...

നല്ല കവിത ജയെട്ടാ, ഇതന്നെ ഞാനും പറയാന്‍ വന്നത്