Saturday, January 31, 2009

മൌനഗീതം


ഏതു സ്വരത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി ഞാന്‍
എത്ര ജന്മങ്ങളില്‍ പാടിയെന്നറിവീല
ഏതാത്മ നിര്‍വൃതി തേടി ഞാനിന്നുമെന്‍
ആത്മസംഗീതം പൊഴിക്കുവതറിവീല

ആത്മാനുഗായികേ നിന്‍ സൌമ്യ ഭാവന
ആരാമ രാജ്ഞിയാം സൂനമായ് വിരിയവേ
ഏതന്ധകാരത്തിലാണ്ടെന്‍റെ ഭാവന
ആത്മസഖീ നിന്നെ പാടിയുണര്‍ത്തുവാന്‍

ആരും കൊതിക്കുന്ന സൌരഭ്യമേ സുര-
ഗീതമായ് പൊഴിയുന്ന സംഗീതമേ
ആ സുധാവര്‍ഷിണീ രാഗമെന്‍ ഹൃത്തിലെ
ആരാധകന്നായ് പൊഴിക്കു നീ ദേവതേ

കാലം ചിരാതുമായ് മുന്‍പേ നടക്കവേ
കാമിനീ ഞാന്‍ തവ രൂപം തിരയുന്നു
ഭൂമി തന്‍ മര്‍മ്മര മന്ത്രണ ഗീതിയില്‍
പരിചിതമായ നിന്‍ പല്ലവി തേടുന്നു

കാലം കഴിഞ്ഞങ്ങു ജീവിത സായാഹ്ന
വിശ്രമക്ഷേത്രത്തില്‍ നാമം ജപിക്കവേ
കാണുമോ നീയും മമാര്‍ദ്ധാംശമായ് സഖീ
ജീവന്‍റെ ജീവനാം പ്രേയസീ ചാരെ നീ

© ജയകൃഷ്ണന്‍ കാവാലം

9 comments:

SNair said...

nannayi varunnundu.ellabhavukangalum

ജിജ സുബ്രഹ്മണ്യൻ said...

കാലം കഴിഞ്ഞങ്ങു ജീവിത സായാഹ്ന
വിശ്രമക്ഷേത്രത്തില്‍ നാമം ജപിക്കവേ
കാണുമോ നീയും മമാര്‍ദ്ധാംശമായ് സഖീ
ജീവന്‍റെ ജീവനാം പ്രേയസീ ചാരെ നീ



പിന്നെ !! പ്രേയസി വേറെവിടെ പോവാനാ ! മുറുക്കാനും വായിലിട്ട് ബബബ്ബാ ന്നു പറയാൻ കൂടെ തന്നെ കാണും.നല്ല വരികൾ ജയകൃഷ്ണൻ

Unknown said...

വിശ്രമക്ഷേത്രത്തില്‍ നാമം ജപിക്കവേ
കാണുമോ നീയും മമാര്‍ദ്ധാംശമായ് സഖീ

Unknown said...

entha ithu jayetta oru .............. :)

ബഷീർ said...

ജീവിതാന്ത്യം വരെയും സഖി കൂടെയുണ്ടായിരിക്കട്ടെ..

നന്നായിരിക്കുന്നു. :)

പകല്‍കിനാവന്‍ | daYdreaMer said...

ഭാവന ഇഷ്ടമായ്... വരികളും...

കാവാലം ജയകൃഷ്ണന്‍ said...

എസ് നായര്‍: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ.

കാന്താരിക്കുട്ടി: അതു കെട്ടിക്കഴിഞ്ഞിട്ടല്ലേ? ഇത് ആദ്യ ദര്‍ശനത്തില്‍ തന്നെ ആത്മാര്‍ത്ഥമായിട്ടങ്ങു ചോദിച്ചതാ. ചോദിക്കുന്നതു കേട്ടാല്‍ ഉത്തരം പറയാന്‍ തോന്നണ്ടേ? അതു കൊണ്ടാ ഇത്രേം ഭയങ്കരമായിട്ട് ചോദിച്ചത്

മുരളിക: ‘.......:)‌‘ എന്താണുദ്ദേശിച്ചതെന്നു മനസ്സിലായി... ഒരു നൈഷ്ഠികബ്രഹ്മചാരിയാണു ഞാനെന്ന ഭയങ്കര സത്യം മറക്കല്ലേ...

ബഷീര്‍ വെള്ളറക്കാട്‌: ഈ ആത്മാര്‍ത്ഥമായ അനുഗ്രഹം, അങ്ങനെ തന്നെ സംഭവിക്കട്ടെ... നന്ദി

പകല്‍ക്കിനാവന്‍: നന്ദി

Lathika subhash said...

സ്നേഹം,സംഗീതം,സൌന്ദര്യം,വിരഹം,ഭക്തി....
ഒന്നിനും കുറവില്ല. നന്നായിരിക്കുന്നു.

Mr. X said...

"കാലം ചിരാതുമായ് മുന്‍പേ നടക്കവേ
കാമിനീ ഞാന്‍ തവ രൂപം തിരയുന്നു
ഭൂമി തന്‍ മര്‍മ്മര മന്ത്രണ ഗീതിയില്‍
പരിചിതമായ നിന്‍ പല്ലവി തേടുന്നു"

beautiful, Jayakrishnan...
Nice poem. I liked it.