Wednesday, November 25, 2009

എനിക്കു ചിതയൊരുങ്ങുമ്പോള്‍

ജ്വലിക്കുമഗ്നിയില്‍ ഹവിസ്സു മാത്രമായ്
എരിഞ്ഞടങ്ങുവാന്‍ വിധിച്ച ദേഹമേ
കൊടുത്തു നിന്നെയെന്‍ അന്ത്യ ദാനമായ്
മടങ്ങട്ടെ, ഭുവില്‍ ശാന്തി വാഴട്ടെ

ജനിച്ചു ഭൂമിയില്‍ തപിച്ചു ദേഹിയും
കൊടുത്തു കൊണ്ടതും വിധി വിഹിതങ്ങള്‍
തടുത്തതില്ല ഞാന്‍ വിധി ഹസ്തങ്ങളെ
ചെറുത്തതില്ലൊരു വരപ്രസാദവും

ജനിച്ച നാള്‍ മുതല്‍ കണ്ട കാഴ്ചകള്‍
മറക്കട്ടെ, ലോകം വെടിഞ്ഞു പോകട്ടെ
ജന ശതങ്ങളും നദീ പ്രവാഹവും
വിപിനവും മൃഗ ഖഗാവലികളും

മരങ്ങളും മഹാ മലനിരകളും
മണിപുരങ്ങളും ധനധാന്യങ്ങളും
കുളങ്ങളും, നീണ്ട വഴികളും, ചെറു-
കിളികള്‍ പാടുമീ ചാഞ്ഞ ചില്ലയും,

വസന്ത ഭംഗിയും, ശിശിരമേഘവും,
ഹരിത വര്‍ണ്ണമാര്‍ന്നിളകിടും ചെറു-
വാര്‍പ്പു കുഞ്ഞുങള്‍ നീന്തിടും - കല്ലിന്‍
പടവിളകിയ കുളക്കരയുമീ

നിമിഷ ജീവിത പ്രയാണ വേളയില്‍
കണ്ടതൊക്കെയും മറക്കട്ടെ ഞാനെന്‍
പ്രതീക്ഷയും, പ്രിയ കവിതയും കണ്ണീര്‍-
ക്കിനാക്കളുമിതാ തിരികെ നല്‍കട്ടെ

വൃഥാ കരഞ്ഞിടും പ്രിയ ജനങ്ങളേ
വെറുതെയെന്തിനീ വിലാപ ഗീതകം
മറക്കുമൊക്കെയും നിങ്ങളും വരും
ഒരു ദിനം, വീണ്ടും കരയുമുടയവര്‍

പ്രപഞ്ചനീതിതന്‍ നിയമ സഞ്ചയം
മറച്ചിടുന്നു ഹാ അനന്ത വേപഥു
ചിരിച്ചിടും, നാളെ കരഞ്ഞിടാന്‍ വീണ്ടും
ചിരിച്ചിടാം, ഭവാന്‍ ചമയ്ക്കും നാടകം

കഴിഞ്ഞ ജീവിത കണക്കു കൂട്ടലില്‍
കരഞ്ഞു കൂട്ടിയ കണക്കു ബാക്കിയായ്
കഴിഞ്ഞ കാലമെന്‍ കരം കഴിച്ചിതാ
പൊതിഞ്ഞു തന്നതാം പുണ്യ സഞ്ചയം

വിദൂര യാത്രയില്‍ പാഥേയമാക്കിടാം
പൊതി, കരുതുക ‘പുണ്യ’ ഭോജനം
കടുത്ത ജീവിതക്കടല്‍ കടന്നിതാ
മടങ്ങട്ടെ, ഭുവില്‍ സുഖം ഭവിക്കട്ടെ

ചിതയൊരുങ്ങുന്നു, പലര്‍ മതില്‍ക്കക-
ത്തിരിക്കുന്നു ചിലര്‍ നടന്നു കാണുന്നു
മരണ വീടിന്‍റെ ചിതം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ കുനിഞ്ഞിരിക്കുന്നു

മരിച്ചവനുടെ ഗുണം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ പരിഹസിക്കുന്നു
പരിഹാസ ഗുണ ഗണങ്ങളൊക്കെയും
ശവത്തിനോ അതോ പരം പുരുഷനോ?

മുറിച്ച മാവിന്‍റെ ഗുണ ഗണങ്ങളില്‍
ശവം വരുത്തിയ കുറവു തീര്‍ക്കുവാന്‍
മൂപ്പിലാന്‍റെ പട്ടടയടങ്ങുമ്പോള്‍
വളം കരുതുവാനുറച്ച മക്കളും

കൊടുത്ത ഭൂമിതന്നളവില്പവും
കുറയാതെ കരഞ്ഞിടും ബന്ധുക്കളും
നെടിയ ശ്വാസങ്ങള്‍ നിറഞ്ഞു കേള്‍ക്കുന്നു
സഹതപിക്കണേ പൊതു ജനങ്ങളേ...

ജനിച്ച ഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഞാ
നിവര്‍ക്കു വേണ്ടി ഹാ കരുതിയൊക്കെയും
നിവര്‍ന്നു നില്‍ക്കുവാന്‍ പഠിച്ച മക്കളെ-
ന്നൊടിഞ്ഞൊരെല്ലിനോ വിലപറയുന്നു

കരം കൊടുത്തു ഞാന്‍ പിരിഞ്ഞു പോകവേ
വിരുന്നു വന്നൊരെന്‍ പ്രിയ ജനങ്ങളേ
ശവം കിടക്കുന്നു കണ്ടു കൊള്ളുക
നാളെ നിങ്ങളും കിടക്കുമീവിധം

ചൂട്ടു കറ്റകള്‍ കരഞ്ഞു കത്തുന്നു
കുളിച്ചു വന്നവന്‍ ശവത്തിന്‍ സീമന്തന്‍
എടുത്തു കൊള്ളുകീ ശവത്തെയഗ്നിതന്‍
കരത്തിലെന്നവന്‍ ജപിപ്പതില്ലയോ?

ജനം തിരക്കിട്ടു നിരന്നു നില്‍ക്കുന്നു
ഇടം കൊടുക്കുക അഭൂത ദര്‍ശനം!!!
മനം നിറഞ്ഞിതാ അനുഗ്രഹിക്കുന്നു
കൊളുത്തുക കുഞ്ഞേ സമയമാഗതം

ജ്വലിച്ചൊരഗ്നിതന്‍ രഥത്തിലേറി ഞാന്‍
നഭസ്സിലൂടെയെന്‍ പുരത്തിലെത്തവേ
ജപിച്ചിടുന്നു വേരറുക്ക ജീവിത
ക്കനല്‍ക്കയത്തിലേക്കുള്ള മോഹവും

കളത്രസന്തതീ വൃഥാ വിനോദവും
കറുത്ത ഭൂമിയില്‍ കര്‍മ്മയോഗവും
അറുക്ക ജനിമൃതീ പരമ്പരകളും
അനന്തജീവിതം വിധിക്ക നീ വിഭോ

© ജയകൃഷ്ണന്‍ കാവാലം

Saturday, November 14, 2009

മാതൃവന്ദനം

ശക്തിയായ് മമ ബുദ്ധിയായ് മന-
ശുദ്ധിയേകിടുമുണ്മയായ്,
സ്വപ്നസുന്ദരമാകുമെന്‍ മല-
നാടിന്‍ സൌന്ദര്യ ഗീതമായ്,

അര്‍ത്ഥികള്‍ക്കു വരപ്രസാദമായ്,
നിത്യമുള്ളില്‍ വിളങ്ങണേ
ഹാ സുഭഗേ മനോഹരീ മമ
മാതൃഭാഷേ നമിച്ചിടാം

ചാരുവര്‍ണ്ണ പദാവലീ രസ
മോദദായകരൂപിണീ
കേരനാടിനു കേള്‍വി നല്‍കിയ
കോമളാംഗി മനോഹരീ

ഒപ്പമില്ലൊരു ഭാഷയും തവ
ചാരു വശ്യ പദങ്ങള്‍പോല്‍
എത്തുകില്ലൊരു നാളുമംബികേ
നിന്‍ മഹിമ രചിക്കുകില്‍

തല്‍‍സ്തനാമൃതഭാഗ്യമേകി നീ
പോറ്റിടുന്നു നിന്‍ മക്കളെ
നാദരൂപിണീ കൈതൊഴാം മമ
മാതൃഭാഷേ ദിനം ദിനം

കാവ്യസുന്ദര മോഹിനീ തവ
ജ്ഞാനസമ്പന്നമാനസം
അന്‍‍പിനാലെ കനിയണേ മമ
മാതൃഭാഷേ നമിച്ചിടാം...

© ജയകൃഷ്ണന്‍ കാവാലം

Sunday, November 01, 2009

മലയാളമധുരമേ... അമ്മേ...

മലയാളമേ മനസ്സിനെ ധന്യമാക്കും സന്തോഷമേ
മാതൃഭാവേ വിലസുന്ന നന്‍‍മതന്‍ പൂവേ
പൂക്കള്‍ തിങ്ങി, കര കേരസൌഭാഗ്യത്താല്‍ നിലകൊള്‍വൂ
പൂന്തിങ്കളിന്‍ പ്രഭയില്‍ നീ പരിലസിപ്പൂ
നന്‍‍മകള്‍ തന്‍ വിളനിലം, ഉണ്‍‍മയോലും സംസ്കാരത്താല്‍
വിണ്ണിലെങ്ങും ഖ്യാതി നേടി ജ്വലിച്ചു നില്‍‍ക്കെ
മക്കള്‍ ഞങ്ങള്‍ നമിക്കട്ടെ, ഹര്‍ഷാരവം മുഴക്കട്ടെ
ഹാ ജനനീ ജയിക്ക നീ നാള്‍ക്കു നാള്‍ നീളേ

നീളെനീളെ വയലുകള്‍ ഹരിതാംബരാഭ ചൂടി
കൊയ്ത്തുപാട്ടിന്‍ ശീലണിഞ്ഞ മന്ദമാരുതന്‍
മധുരകല്ലോലിനിയാല്‍ കായല്‍ പാടും നിന്‍റെ ഗാഥ
എന്നുമെന്നും ജയിക്കനീ കേരളനാടേ

അര്‍ത്ഥമായാശ്രയമായെന്‍ നിധിയായ് നീ വിലസുക
അര്‍ദ്ധനാരീസ്വരൂപത്തില്‍ നമിപ്പു നിന്നെ
അക്ഷയ സൌഭാഗ്യത്തിന്‍ പൊന്നറയേ സ്വര്‍ഗ്ഗനാടേ
അക്ഷരാര്‍ച്ചനയാലിതാ നമിപ്പു നിന്നെ...

കിഴക്കുമലനിരകള്‍ കാവല്‍ നില്‍ക്കും ധന്യമാതേ
കവി,കലാനിപുണന്‍‍മാര്‍ നിറഞ്ഞ നാടേ
വിശാലവിജ്ഞാനത്തിന്‍റെയൊളി വീശും സൌഭാഗ്യമേ
നമിച്ചിടാമെന്നുമെന്നും മംഗളം നല്‍ക...

© ജയകൃഷ്ണന്‍ കാവാലം