Wednesday, October 29, 2008

ഒരമ്മ ചോദിക്കുന്നു

എന്‍റെ മോനെക്കണ്ടോ?
താരാട്ടു പാടിയും, ഉമ്മ വച്ചുറക്കിയും
സങ്കടം വന്നപ്പൊഴെല്ലാം വാരിപ്പുണര്‍ന്നും
പൂക്കളും പൂമ്പാറ്റയും എല്ലാം കാട്ടിയും
ഞാനന്നു വളര്‍ത്തിയ, പാലൂട്ടി വളര്‍ത്തിയ
എന്‍റെ മോനെക്കണ്ടോ?

അവനിന്നൊത്തിരി വലുതല്ലേ?
വളര്‍ന്നങ്ങു വലുതായില്ലേ?
ഇന്നെന്നെ നോക്കാന്‍ സമയമുണ്ടോ?
എന്നാലും അവനെന്നെ ഇഷ്ടമാ
അതെനിക്കറിയാം
അല്ലെങ്കില്‍ ഈ വൃദ്ധസദനത്തില്‍
ഇത്രയധികം പണം നല്‍കി
അവനെന്നെ സൂക്ഷിക്കാന്‍ നല്‍കുമോ?
മാസത്തിലയ്യായിരം രൂപയുടെ വിലയെനിക്കിന്നില്ലേ?
ഒരു മാസം അഞ്ഞൂറു രൂപാ ശമ്പളം കിട്ടിയിരുന്ന
എന്‍റെ കൊച്ചേട്ടനേക്കാള്‍ സമ്പന്നയല്ലേ ഞാന്‍
കൊച്ചേട്ടന്‍ പോയിട്ടും ഞാന്‍ ബാക്കി നിന്നത്
അവനു വേണ്ടിയല്ലേ, അവനു വേണ്ടി മാത്രം

എന്‍റെ മോനെക്കണ്ടോ?
അവനിന്നൂണു കഴിച്ചോ?
ഞാനില്ലെങ്കില്‍ ഇതൊക്കെയവന്‍ ചെയ്യുമോ?
അവന്‍റെ നെറ്റിയില്‍ ഞാനല്ലാതെ
മറ്റാരുണ്ടൊരു ചന്ദനക്കുറി ചാര്‍ത്തുവാന്‍
എന്‍റെ നാലാം വിരല്‍ത്തുമ്പുകൊണ്ടല്ലാതെ
ആരുണ്ടവനിന്നുയര്‍ച്ച കുറിക്കുവാന്‍?
ഇപ്പോള്‍ സമയം സന്ധ്യയായില്ലേ
നാമം ജപിക്കാന്‍ സമയമായില്ലേ
ഉറങ്ങാനൊരുങ്ങുന്ന പൂക്കളേ
നിങ്ങളവനെക്കണ്ടോ?

അത്താഴപൂജയ്ക്കടുപ്പില്‍ കിടന്ന്
തിരിഞ്ഞും മറിഞ്ഞും വെന്തു പിടയുന്ന
അന്ന ദേവതമാരേ
നിങ്ങളാരെങ്കിലുമെന്‍റെ
പൊന്നുമോനെക്കണ്ടോ?

© ജയകൃഷ്ണന്‍ കാവാലം

Thursday, October 23, 2008

ഭാവനഎന്‍റെ ചിന്തകള്‍ക്കു നിറം പകര്‍ന്നവള്‍
എന്‍റെ സ്വപ്നത്തെ അഗ്നിയിലെരിച്ചവള്‍
എന്‍റെ കൂട്ടില്‍ രാപ്പാര്‍ത്തിരുന്നവള്‍
എന്നുമെന്നിലെ ഞാനായ് നിറഞ്ഞവള്‍

ജീവിതം തീര്‍ത്ഥയാത്രയെന്നുരച്ചവള്‍
സങ്കടം ആത്മാവെന്നോതിയോള്‍
എന്‍റെ നിശ്വാസങ്ങള്‍ ഗീതമായ് മാറ്റിയോള്‍
എന്നുമെന്നുമെന്നീണമായ് മാറിയോള്‍

ഇവളെന്‍റെ ജീവന്‍
ജീവന്‍റെ താളം
താളനിബദ്ധമാം എന്‍റെ ഹൃദ്സ്പന്ദനം
ഇവളെന്‍റെ ഭാവന
എന്നുമെന്നുമെന്‍ മനസ്സിന്‍റെ തീരത്ത്
കവിതക്കനിയുമായെത്തുന്ന ശാരിക
ഇവളെന്‍റെ ഭാവന
ജീവന്‍റെ സാധന

© ജയകൃഷ്ണന്‍ കാവാലം

Saturday, October 18, 2008

വെറുതേ ഒരു പാട്ട് (ചുമ്മാതിരിക്കുമ്പോള്‍ പാടാം)കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
കാത്തു നില്‍ക്കുകയായിരുന്നു
കരളേ നിന്നുടെ കരിവളയുടെ
കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
കവിത പൂക്കുകയായിരുന്നു

കരിയില വഴി കഴിഞ്ഞു പോകുമ്പോള്‍
കരിനിലത്തിന്‍ വരമ്പത്ത്
കണവനെന്നുടെ വരവും കാത്തു നീ
പിണങ്ങി നില്‍ക്കുകയായിരുന്നോ-മിഴി
നിറഞ്ഞിരിക്കുകയായിരുന്നോ

കറുത്ത മാനത്ത് നിറഞ്ഞ താരക
നിരനിരന്നു ചിരിച്ചപ്പോള്‍
കരിവിളക്കിന്‍റെ മുനിഞ്ഞ വെട്ടത്തില്‍
തനിച്ചു കണ്ട കിനാവേത്-മുഖം
കുനിഞ്ഞു നാണിച്ചതെന്താണ്

കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതനെതാണ്-നിന്‍റെ
കരളു പാടിയതെന്താണ്

കിഴക്കുപാടത്ത് കതിരണിഞ്ഞ നെല്‍-
ച്ചെടികള്‍ നാണിച്ചു നിന്നപ്പോള്‍
തുടുത്ത നിന്‍ കവിള്‍പ്പൂവിലെന്‍ മനം
പറിച്ചു നട്ടതു നീയറിഞ്ഞോ-വെയില്‍
മറഞ്ഞു നിന്നതു നീയറിഞ്ഞോ

കറുത്ത സുന്ദരി കരിമഷിയിട്ട
കരിമീനോടണ കണ്ണുകളാല്‍
കഥ പറഞ്ഞെന്‍റെ കനവിനുള്ളില്
കണിയൊരുക്കിയ പെണ്ണല്ലേ-വിഷു-
ക്കണിയായ് മാറിയ മുത്തല്ലേ

നടവരമ്പിലെ നനുനനുത്തൊരു
നനവിലൂടെ നടക്കുമ്പോള്‍
നാണം കൊണ്ടെന്‍റെ നാട്ടുമാവിന്‍റെ
മറവിലന്നു മറഞ്ഞൂ നീ-നാട്ടു
മാങ്ങ പോലെ ചുവന്നൂ നീ

വരമ്പുടച്ചു നെല്‍ വയലിന്നോരത്തു
കലപ്പയേന്തി ഞാന്‍ പോകുമ്പോള്‍
കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ...

© ജയകൃഷ്ണന്‍ കാവാലം

Thursday, October 16, 2008

കവിതയുടെ അമ്മ പറയുന്നത്

ദൂരേ നിലാവത്തു മിഴി നട്ടു നില്‍ക്കുന്ന
കവിതേ നീയാണെന്‍റെ ദുഃഖപുത്രി

നാണം കുണുങ്ങുന്ന നൂപുരം ചാര്‍ത്തി നീ
നാണിച്ചു നാണിച്ചണയുമ്പൊഴും
ഏതോ കിനാവിന്‍റെയാഗമം കാത്തു നീ
ദൂരേയ്ക്കു കണ്‍ നീട്ടി നില്‍ക്കുമ്പൊഴും

ചായും വെയിലത്തു കോലകത്തിണ്ണയില്‍
ചാഞ്ഞു നിന്നെന്നോടു കൊഞ്ചുമ്പൊഴും
തേങ്ങുന്നിട നെഞ്ചമോമനേ നിന്നിലെ
വൈകല്യമോര്‍ത്തു; ഞാനമ്മയല്ലേ

അന്നോളമതുവരെ കാണാക്കിനാവു നീ
അന്നെന്‍റെ മകളായ് പിറന്നപ്പൊഴും
അച്ഛന്‍റെയാശ്ലേഷ,ചുംബനച്ചൂടേറ്റു
കുഞ്ഞിളം മേനി തുടുത്തപ്പോഴും

പിന്നെനീയിക്കയ്യില്‍ നെയ്യാമ്പല്‍ മൊട്ടു പോല്‍
താരാട്ടു കേട്ടു കുണുങ്ങുമ്പൊഴും
എത്രയോ ജന്മത്തിനര്‍ത്ഥമാം കുഞ്ഞേ നിന്‍
കുഞ്ഞുകാലിളകാന്‍ മടിച്ചതെന്തേ

പിന്നെ നീയമ്മതന്നോമനയായ് കൊച്ചു
പൂവുപോല്‍ മെല്ലെ വിരിഞ്ഞു
പിന്നെ നീയേതോ പ്രതീക്ഷതന്‍ നാളമായ്
നെഞ്ചകം തന്നില്‍ തെളിഞ്ഞു

പിന്നെ നീ നീയായ് തളിര്‍ത്തു
ഒരായിരം സ്വപ്ന രാജ്യങ്ങള്‍ ഭരിച്ചു
പിന്നെ നീയെത്രയോ നക്ഷത്ര ശോഭയെ
ഓമനക്കണ്‍കളില്‍ ചേര്‍ത്തു

മകളേ തപിക്കുന്നു നിന്‍റെയീ കൌമാര
വാസന്ത സന്ധ്യയില്‍ പോലും
അമ്മയല്ലേ, നിന്‍റെ നന്മയാണെപ്പൊഴും
അമ്മയ്ക്കു നെഞ്ചകത്തേറ്റം

നാളെ, നീ വേനലിന്‍ വെയിലേറ്റു ഭൂമിയില്‍
ഏകയായ് യാത്ര ചെയ്യുമ്പോള്‍
‍താങ്ങാകുവാന്‍ പോന്ന കൈകളെക്കാത്തു ഞാന്‍
എങ്ങും തിരയുന്നു നിത്യം


ലോകക്കറുപ്പിലൊരിത്തിരി വെട്ടമായ്
മിന്നുന്ന കാരുണ്യം തേടി
അമ്മയാണിവളൊരു കുഞ്ഞിന്‍റെ, ജീവിതം
വികലാംഗയാക്കിയ പെണ്ണിന്‍...

© ജയകൃഷ്ണന്‍ കാവാലം