Monday, January 31, 2011

പാഴ്മരം പാടുന്നു

വേദനിക്കുന്ന നെഞ്ചില്‍ കിളിര്‍ത്തൊരു
വേരുറപ്പുള്ള പാഴ്മരമാണു ഞാന്‍
വേനല്‍ വന്നുഗ്രതാപമേകീടിലും
ഉറവ വറ്റാത്ത കണ്ണുനീരാണു ഞാന്‍

ദുഃഖചിന്തകളുള്ളില്‍ പരസ്പരം
പകിടപന്ത്രണ്ടുരുട്ടിക്കളിക്കവേ
പകുതിയായൊരെന്നായുസ്സിനൊപ്പമെന്‍
ശിഖരകമ്പനം ശിഥിലമായീടവേ

വികൃതജീവിത കഷ്ടകാണ്ഡങ്ങള്‍ തന്‍
സ്മൃതികള്‍ വീണ്ടും വികൃതി കാണിക്കവേ
വിജനമജ്ഞാതമാമീ തുരുത്തില്‍ ഞാന്‍
പൂവിടാന്‍ കാത്തു കാത്തു നില്‍ക്കുന്നിതാ

അരുതരുതെന്‍ കടയ്ക്കല്‍ പതിക്കുവാന്‍
പരശു തീര്‍ക്കുന്ന ദുഷ്ടവ്യാപാരമേ
പകരമെന്തിനി നല്‍കണം, ജീവനായ്
ഗുണമിയലാത്തൊരെന്റെ പാഴ്ദേഹമോ???

സഫലമാവാത്തൊരെന്റെ സ്വപ്നങ്ങളോ?
ഇടയിലോര്‍മ്മതന്‍ ദീര്‍ഘനിശ്വാസമോ?
പലര്‍ പറിച്ചൊരെന്നാത്മപുഷ്പങ്ങളോ?
ഇനിയുമറിയാത്ത താതവാത്സല്യമോ?

വിജന വീഥിയിലാര്‍ നട്ടു പണ്ടെന്നെ?
പകലില്‍ വാടാതെ നീര്‍ തന്നതമ്മയോ?
പക ജ്വലിക്കുന്ന ലോകസഞ്ചാരത്തില്‍
തണലു തേടിയിങ്ങെത്രപേര്‍ വന്നു പോയ്...?

പകരമൊന്നും കൊതിക്കാതെയെത്രയോ
പകലുകള്‍ക്കുഷ്ണശാന്തി പകര്‍ന്നു ഞാന്‍
ഇരവിലെത്രയോ നഷ്ടസ്വപ്നങ്ങളാം
കിളികള്‍വന്നെന്നിലഭയം തിരഞ്ഞു പോയ്

ഇനിയുമാശതന്‍ പൂഞ്ചില്ല വീശിയീ
പുലരികള്‍ക്കഭിവാദനമേകുവാന്‍
പുതുജനങ്ങള്‍ക്കു തണല്‍ വിരിച്ചീടുവാന്‍
തരിക വിധിയേ... എനിക്കുമീ ജീവിതം...


© ജയകൃഷ്ണന്‍ കാവാലം