Monday, February 02, 2009

ഒരു അനാഥന്‍റെ പ്രാര്‍ത്ഥന


വിധി വിഹിതമായായിരമായിരം
എരികനല്‍ കോരിയിട്ടൊരെന്‍ നെഞ്ചിലെ
കരുണദാഹം ശമിക്കുവാനായിതാ
കരളുരുകി ഞാന്‍ പ്രാര്‍ത്ഥിപ്പു നിത്യവും

വിധി വിലക്കിയ താതവാത്സല്യമേ
മതി കൊതിക്കുന്നു നിന്‍ പരിലാളനം
അവനിയിലന്ത്യ നാളിലും ചേതന
ചമതപോല്‍ വെന്തു കത്തിടും നിശ്ചയം

കൊടിയ പാപങ്ങളാലോ ദിനം ദിനം
ചെയ്ത പൂജകളില്‍ വന്ന വീഴ്ചയോ
മമ ശിരസ്സില്‍ തലോടാനണയാതെ
പിതൃകരങ്ങളകന്നു കഴിയുന്നു

വികൃതമായ് മനം കാടുകള്‍ കയറവേ
ചടുലമായൊരീ കാലപ്രവാഹത്തില്‍
ചരണമൊന്നിനി മുന്‍പോട്ടണയ്ക്കുവാന്‍
ചകിതമായൊരീ മേനി വിറയ്ക്കുന്നു

കരളകത്തെ കനല്‍ കൊണ്ടു വെന്തൊരെന്‍
കവിളില്‍ കണ്ണുനീര്‍ ബാഷ്പീകരിക്കുന്നു
കഠിനമായൊരീ ജീവിതയാത്രയില്‍
പഥികനായി ഞാനൊറ്റക്കലയുന്നു

അരുണ വര്‍ണ്ണം കടുപ്പിച്ച ചെന്നിറം
കണ്‍ജലങ്ങളില്‍ നിണനിറം ചേര്‍ക്കുന്നു
അരുവികള്‍ കൊഞ്ചുമാ സ്വരമെന്നുള്ളില്‍
ഗദ്‌ഗദങ്ങളായ് മാറ്റൊലിക്കൊള്ളുന്നു

കഴിയുകില്ലിനിയീ നല്ല ഭൂമിയെ
അമര സൌന്ദര്യ ധാമമായ് കാണുവാന്‍
അഴല്‍ തടുക്കുന്നു ലോകമേ നിന്നിലെ
ഹരിത ഭംഗിയെ മാറോടു ചേര്‍ക്കുവാന്‍...

© ജയകൃഷ്ണന്‍ കാവാലം

4 comments:

Lathika subhash said...

ജയകൃഷ്ണാ,
ഞാന്‍ കവിത രണ്ടു തവണ ചൊല്ലി നോക്കി.
നന്നായിരിയ്ക്കുന്നു. ആശംസകള്‍.

ശ്രീക്കുട്ടന്‍ | Sreekuttan said...

:)

കറുത്തേടം said...

Good ...

Mr. X said...

"കൊടിയ പാപങ്ങളാലോ ദിനം ദിനം
ചെയ്ത പൂജകളില്‍ വന്ന വീഴ്ചയോ
മമ ശിരസ്സില്‍ തലോടാനണയാതെ
പിതൃകരങ്ങളകന്നു കഴിയുന്നു"
...............................
"കഴിയുകില്ലിനിയീ നല്ല ഭൂമിയെ
അമര സൌന്ദര്യ ധാമമായ് കാണുവാന്‍
അഴല്‍ തടുക്കുന്നു ലോകമേ നിന്നിലെ
ഹരിത ഭംഗിയെ മാറോടു ചേര്‍ക്കുവാന്‍"

ജയാ, പറയട്ടെ; ജയകൃഷ്ണന്‍ തീര്ച്ചയായും കൂടുതല്‍ exposure അര്‍ഹിക്കുന്നു. ചിലപ്പോള്‍, ബ്ലോഗ്സ്പോട്ട്-ല്‍ ജയന് അധികം contacts ഇല്ലാത്തത് കൊണ്ടാവാം, ഇവിടെ visitors കുറഞ്ഞിരിക്കുന്നത്. എന്തായാലും, ഏറ്റവും അധികം വായിക്കപ്പെടുന്ന ബ്ലോഗര്‍മാരുടെ ഇടയില്‍ ജയന് അധികം വൈകാതെ സ്ഥാനം ഉണ്ടാവും എന്ന് തീര്‍ച്ച. All the best.