Saturday, November 14, 2009

മാതൃവന്ദനം

ശക്തിയായ് മമ ബുദ്ധിയായ് മന-
ശുദ്ധിയേകിടുമുണ്മയായ്,
സ്വപ്നസുന്ദരമാകുമെന്‍ മല-
നാടിന്‍ സൌന്ദര്യ ഗീതമായ്,

അര്‍ത്ഥികള്‍ക്കു വരപ്രസാദമായ്,
നിത്യമുള്ളില്‍ വിളങ്ങണേ
ഹാ സുഭഗേ മനോഹരീ മമ
മാതൃഭാഷേ നമിച്ചിടാം

ചാരുവര്‍ണ്ണ പദാവലീ രസ
മോദദായകരൂപിണീ
കേരനാടിനു കേള്‍വി നല്‍കിയ
കോമളാംഗി മനോഹരീ

ഒപ്പമില്ലൊരു ഭാഷയും തവ
ചാരു വശ്യ പദങ്ങള്‍പോല്‍
എത്തുകില്ലൊരു നാളുമംബികേ
നിന്‍ മഹിമ രചിക്കുകില്‍

തല്‍‍സ്തനാമൃതഭാഗ്യമേകി നീ
പോറ്റിടുന്നു നിന്‍ മക്കളെ
നാദരൂപിണീ കൈതൊഴാം മമ
മാതൃഭാഷേ ദിനം ദിനം

കാവ്യസുന്ദര മോഹിനീ തവ
ജ്ഞാനസമ്പന്നമാനസം
അന്‍‍പിനാലെ കനിയണേ മമ
മാതൃഭാഷേ നമിച്ചിടാം...

© ജയകൃഷ്ണന്‍ കാവാലം

5 comments:

Typist | എഴുത്തുകാരി said...

ജയകൃഷ്ണന്‍, ഞാനും കൂടെ കൂടുന്നു.

റൊമാന്‍സ് കുമാരന്‍ said...

എന്റെ പുതിയ കവിത വായ്ച് അഭിപ്രായം പറയുമല്ലോ?

yousufpa said...

ദേശസ്നേഹം നാള്‍ക്കുനള്‍ വളരട്ടെ......
മനുഷ്യരില്‍ നന്മ നിറയട്ടെ
ഭാരതം ജയിക്കട്ടെ..

ജയകൃഷ്ണന്‍ കാവാലം said...

ബെന്നി ജോണിന്‍റെ സുഖിപ്പീരു കമന്‍റ്‌ എനിക്കു നന്നായി ബോധിച്ചതുകൊണ്ട് അത് നിരുപാധികം ഡിലീറ്റ് ചെയ്തിരിക്കുന്നു. (വഴി തെറ്റി വന്നതായിരുന്നു അല്ലേ?)

Gopakumar V S (ഗോപന്‍ ) said...

ഹൃദ്യം, ഒരു ഗ്രാമീണന്റെ ആത്മാവിഷ്കാരം തന്നെ...