Wednesday, November 25, 2009

എനിക്കു ചിതയൊരുങ്ങുമ്പോള്‍

ജ്വലിക്കുമഗ്നിയില്‍ ഹവിസ്സു മാത്രമായ്
എരിഞ്ഞടങ്ങുവാന്‍ വിധിച്ച ദേഹമേ
കൊടുത്തു നിന്നെയെന്‍ അന്ത്യ ദാനമായ്
മടങ്ങട്ടെ, ഭുവില്‍ ശാന്തി വാഴട്ടെ

ജനിച്ചു ഭൂമിയില്‍ തപിച്ചു ദേഹിയും
കൊടുത്തു കൊണ്ടതും വിധി വിഹിതങ്ങള്‍
തടുത്തതില്ല ഞാന്‍ വിധി ഹസ്തങ്ങളെ
ചെറുത്തതില്ലൊരു വരപ്രസാദവും

ജനിച്ച നാള്‍ മുതല്‍ കണ്ട കാഴ്ചകള്‍
മറക്കട്ടെ, ലോകം വെടിഞ്ഞു പോകട്ടെ
ജന ശതങ്ങളും നദീ പ്രവാഹവും
വിപിനവും മൃഗ ഖഗാവലികളും

മരങ്ങളും മഹാ മലനിരകളും
മണിപുരങ്ങളും ധനധാന്യങ്ങളും
കുളങ്ങളും, നീണ്ട വഴികളും, ചെറു-
കിളികള്‍ പാടുമീ ചാഞ്ഞ ചില്ലയും,

വസന്ത ഭംഗിയും, ശിശിരമേഘവും,
ഹരിത വര്‍ണ്ണമാര്‍ന്നിളകിടും ചെറു-
വാര്‍പ്പു കുഞ്ഞുങള്‍ നീന്തിടും - കല്ലിന്‍
പടവിളകിയ കുളക്കരയുമീ

നിമിഷ ജീവിത പ്രയാണ വേളയില്‍
കണ്ടതൊക്കെയും മറക്കട്ടെ ഞാനെന്‍
പ്രതീക്ഷയും, പ്രിയ കവിതയും കണ്ണീര്‍-
ക്കിനാക്കളുമിതാ തിരികെ നല്‍കട്ടെ

വൃഥാ കരഞ്ഞിടും പ്രിയ ജനങ്ങളേ
വെറുതെയെന്തിനീ വിലാപ ഗീതകം
മറക്കുമൊക്കെയും നിങ്ങളും വരും
ഒരു ദിനം, വീണ്ടും കരയുമുടയവര്‍

പ്രപഞ്ചനീതിതന്‍ നിയമ സഞ്ചയം
മറച്ചിടുന്നു ഹാ അനന്ത വേപഥു
ചിരിച്ചിടും, നാളെ കരഞ്ഞിടാന്‍ വീണ്ടും
ചിരിച്ചിടാം, ഭവാന്‍ ചമയ്ക്കും നാടകം

കഴിഞ്ഞ ജീവിത കണക്കു കൂട്ടലില്‍
കരഞ്ഞു കൂട്ടിയ കണക്കു ബാക്കിയായ്
കഴിഞ്ഞ കാലമെന്‍ കരം കഴിച്ചിതാ
പൊതിഞ്ഞു തന്നതാം പുണ്യ സഞ്ചയം

വിദൂര യാത്രയില്‍ പാഥേയമാക്കിടാം
പൊതി, കരുതുക ‘പുണ്യ’ ഭോജനം
കടുത്ത ജീവിതക്കടല്‍ കടന്നിതാ
മടങ്ങട്ടെ, ഭുവില്‍ സുഖം ഭവിക്കട്ടെ

ചിതയൊരുങ്ങുന്നു, പലര്‍ മതില്‍ക്കക-
ത്തിരിക്കുന്നു ചിലര്‍ നടന്നു കാണുന്നു
മരണ വീടിന്‍റെ ചിതം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ കുനിഞ്ഞിരിക്കുന്നു

മരിച്ചവനുടെ ഗുണം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ പരിഹസിക്കുന്നു
പരിഹാസ ഗുണ ഗണങ്ങളൊക്കെയും
ശവത്തിനോ അതോ പരം പുരുഷനോ?

മുറിച്ച മാവിന്‍റെ ഗുണ ഗണങ്ങളില്‍
ശവം വരുത്തിയ കുറവു തീര്‍ക്കുവാന്‍
മൂപ്പിലാന്‍റെ പട്ടടയടങ്ങുമ്പോള്‍
വളം കരുതുവാനുറച്ച മക്കളും

കൊടുത്ത ഭൂമിതന്നളവില്പവും
കുറയാതെ കരഞ്ഞിടും ബന്ധുക്കളും
നെടിയ ശ്വാസങ്ങള്‍ നിറഞ്ഞു കേള്‍ക്കുന്നു
സഹതപിക്കണേ പൊതു ജനങ്ങളേ...

ജനിച്ച ഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഞാ
നിവര്‍ക്കു വേണ്ടി ഹാ കരുതിയൊക്കെയും
നിവര്‍ന്നു നില്‍ക്കുവാന്‍ പഠിച്ച മക്കളെ-
ന്നൊടിഞ്ഞൊരെല്ലിനോ വിലപറയുന്നു

കരം കൊടുത്തു ഞാന്‍ പിരിഞ്ഞു പോകവേ
വിരുന്നു വന്നൊരെന്‍ പ്രിയ ജനങ്ങളേ
ശവം കിടക്കുന്നു കണ്ടു കൊള്ളുക
നാളെ നിങ്ങളും കിടക്കുമീവിധം

ചൂട്ടു കറ്റകള്‍ കരഞ്ഞു കത്തുന്നു
കുളിച്ചു വന്നവന്‍ ശവത്തിന്‍ സീമന്തന്‍
എടുത്തു കൊള്ളുകീ ശവത്തെയഗ്നിതന്‍
കരത്തിലെന്നവന്‍ ജപിപ്പതില്ലയോ?

ജനം തിരക്കിട്ടു നിരന്നു നില്‍ക്കുന്നു
ഇടം കൊടുക്കുക അഭൂത ദര്‍ശനം!!!
മനം നിറഞ്ഞിതാ അനുഗ്രഹിക്കുന്നു
കൊളുത്തുക കുഞ്ഞേ സമയമാഗതം

ജ്വലിച്ചൊരഗ്നിതന്‍ രഥത്തിലേറി ഞാന്‍
നഭസ്സിലൂടെയെന്‍ പുരത്തിലെത്തവേ
ജപിച്ചിടുന്നു വേരറുക്ക ജീവിത
ക്കനല്‍ക്കയത്തിലേക്കുള്ള മോഹവും

കളത്രസന്തതീ വൃഥാ വിനോദവും
കറുത്ത ഭൂമിയില്‍ കര്‍മ്മയോഗവും
അറുക്ക ജനിമൃതീ പരമ്പരകളും
അനന്തജീവിതം വിധിക്ക നീ വിഭോ

© ജയകൃഷ്ണന്‍ കാവാലം

12 comments:

Rejeesh Sanathanan said...

:)

ശ്രീജ എന്‍ എസ് said...

മരണമെന്ന സത്യം.

ഷൈജു കോട്ടാത്തല said...

വായിയ്ക്കുന്നു....

ഗോപി വെട്ടിക്കാട്ട് said...

നന്നായിരിക്കുന്നു..

ഗീതാരവിശങ്കർ said...

കവിതയുടെ സുന്ദരമായ മുഖം കണ്ട സന്തോഷം
അറിയിക്കുന്നു ഒപ്പം ആശംസകളും .

ശ്രീ said...

മനോഹരം, മാഷേ

Unknown said...

എത്ര മനോഹരം ഈ കവിത....അഭിനന്ദനങ്ങള്‍ !!!

meegu2008 said...

നന്നായിരിക്കുന്നു.... ജനനം മുതല്‍ മരണം വരെയുള്ള ഒരു ജീവിതയാത്ര ...നല്ല ആവിഷ്ക്കാരം ....

ആശംസകള്‍ ....

Martin Tom said...

Exceptional!

മനോഹര്‍ മാണിക്കത്ത് said...

നല്ലൊതൊന്ന് വായിച്ച സുഖം
നന്നായി ഈ എഴുത്ത്

കുരാക്കാരന്‍ ..! said...

ഇത് കവിത!!! നന്നായി....

"കഴിഞ്ഞ ജീവിത കണക്കു കൂട്ടലില്‍
കരഞ്ഞു കൂട്ടിയ കണക്കു ബാക്കിയായി
കഴിഞ്ഞ കാലമെന്‍ കരം കഴിച്ചിതാ
പൊതിഞ്ഞു തന്നതാം പുണ്യ സഞ്ചയം"

ഈ വരികള്‍ മനോഹരം.....

sunil panikker said...

മനോഹരം.. ചില വരികൾ വല്ലാതെ സ്പർശിക്കുന്നു..ആശംസകൾ..