Thursday, February 12, 2009

നീ വരുമോ? (ഒരു പ്രേമലേഖനം)

ഒരു ഏഴാം ക്ലാസ്സ് പ്രേമലേഖനം !

എത്ര തേടി ഞാനെന്‍റെയോമലേ
കണ്‍ കുളിര്‍ത്തൊന്നു കാണുവാന്‍
വശ്യമന്ദസ്മിതേ നിനക്കിതാ
കൂട്ടി വച്ചെന്‍റെ ഭാവന

ആഗ്രഹിച്ചു ഞാനെന്നുമെന്നുമെന്‍
കൂട്ടിനായി നീ പോരുമോ
ശക്തനല്ല ഞാന്‍ പ്രേയസീ നിന്‍റെ
മറ്റൊരുത്തരം കേള്‍ക്കുവാന്‍

ആര്‍ദ്രമാവുന്നു എന്‍ മനം സഖീ
ആശയേകി നീ മാനസേ
ആശയുണ്ടെനിക്കെന്നുമെന്നുമാ
നേര്‍ത്ത പുഞ്ചിരി കാണുവാന്‍

അന്നു നിന്നുടെ നിര്‍മ്മല സ്വരം
അല്പമൊന്നു നുകര്‍ന്നു ഞാന്‍
അമ്പലപ്പുഴക്കണ്ണനുണ്ണിയെ
കണ്ടുണര്‍ന്നൊരു നിര്‍വൃതി

നേരമായ് സഹയാത്രിയാകുവാന്‍
നേരമില്ലിനി വൈകുവാന്‍
കാത്തു കാത്തു ഞാന്‍ നില്‍പ്പു നിന്നുടെ
മൌനസമ്മതം കേള്‍ക്കുവാന്‍...

© ജയകൃഷ്ണന്‍ കാവാലം

6 comments:

കാവാലം ജയകൃഷ്ണന്‍ said...

ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സമയം... അന്നത്തെ ഇവന്‍റെ വ്യര്‍ത്ഥ സ്വപ്നങ്ങളില്‍ ഒരായിരം വര്‍ണ്ണരാജികള്‍ തീര്‍ത്ത പട്ടുപാവാടക്കാരിക്ക്‌...

the man to walk with said...

ormakal thanne..
congrats

ശ്രീ said...

അതി മനോഹരം മാഷേ... വളരെ ഇഷ്ടപ്പെട്ടു. നല്ല ഈണവുമുണ്ട്.

കൂട്ടിനായി എന്നത് ‘കൂറ്റിനായി’ എന്നാണെഴുതിയിരിയ്ക്കുന്നത്. അതു പോലെ “കാണ്‍ഊവാന്‍”. ശ്രദ്ധിയ്ക്കുമല്ലോ.

:)

mayilppeeli said...

നല്ല ഈണത്തില്‍ പാടാന്‍ പറ്റിയ പ്രണയ ലേഖനം.....ഏഴാം ക്ലാസ്സിലെത്തിയപ്പോഴേ ഉള്ളിലെ കവി പുറത്തു വന്നിരുന്നു അല്ലേ....മനോഹരമായിട്ടുണ്ട്‌.....

നിലാവ് said...

ശ്രീ പറഞ്ഞപോലെ ഒരീണമുള്ള കവിത...
ഏഴാം ക്ലാസ്സില്‍ വെച്ചെഴുതിയതായതുകൊണ്ട് പ്രത്യേകം അഭിനന്ദനങ്ങള്‍...
ആ ചെറുപ്രായത്തിലെ ഇത്രയ്ക്കു കവ്യാത്മകമായിട്ടെഴുതുക എന്ന് വെച്ചാല്‍...! അത്ഭുതം.

കാവാലം ജയകൃഷ്ണന്‍ said...

the man to walk with : ഓര്‍മ്മകളല്ലേ സുഹൃത്തേ നമ്മെ നയിക്കുന്നത്, ചിരിപ്പിക്കുന്നതും...

ശ്രീ: തെറ്റു തിരുത്തിയിട്ടുണ്ട്‌ ശ്രീ. ചൂണ്ടിക്കാണിച്ചതില്‍ നന്ദി അറിയിക്കുന്നു

മയില്‍പ്പീലി: ഏഴാം ക്ലാസ്സിലല്ല രണ്ടാം ക്ലാസ്സില്‍ വച്ചേ തുടങ്ങിയതാ മനുഷ്യനെ മിനക്കെടുത്തുന്ന ഈ പരിപാടി.

നിലാവ്‌: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ...