Wednesday, June 30, 2010

ആത്മാവ്‌ പാടുന്നത്

നെഞ്ചിടിപ്പിന്‍റെ താളം മുറുകുന്നു
മനസ്സിലെ ചക്രവാകപ്പക്ഷി ചിറകടിച്ചകലുന്നു
നഭസ്സിലെ ശ്യാമരാജികള്‍ വിഷാദ മൌനത്തിന്‍റെ
ചിത്രം വരക്കുവാന്‍ വ്യര്‍ത്ഥം ശ്രമിക്കുന്നു
വെറുമൊരു ചുടലപ്പറമ്പുപോല്‍ ശൂന്യമാം-
മനസ്സേ... ചിതകളില്‍ ചിന്തയെകൊന്നെരിച്ചും,
സഫലമാകാത്ത സ്വപ്നങ്ങളെ വറളി കൂട്ടിപ്പുകച്ചും,
അരിയ മന്ദസ്മിതം പങ്കിട്ടെടുത്തൊരാ-
മധുരവര്‍ഷങ്ങളെ തിലയോടു ചേര്‍ത്തു ഹവിച്ചും,
ഒരു വിഫല ജന്മത്തിന്‍റെയളവെടുപ്പു നടത്തിയാലും.......

ഉടലെരിക്കുന്നൊരന്തരാത്മാവിന്‍റെ
വ്രണിതഗീതം മുഴങ്ങുമീസന്ധ്യയില്‍
മധുരസ്വപ്നങ്ങള്‍ കണ്ടുമടുത്തൊരെ
ന്നാത്മകഥകള്‍കാറ്റില്‍ പറന്നു നടക്കട്ടെ
വ്യഥകള്‍, നൊമ്പരപ്പാടുകള്‍ പൂക്കുമെന്‍
കവിത തന്നുടല്‍ ചിതലരിച്ചീടട്ടെ
ഇളകിയാടുന്ന മാനസസഞ്ചാര
ഗതിവിഗതികള്‍ താളം പിഴയ്ക്കുന്നു
തരളജീവിതസ്സങ്കല്‍‍പ്പകന്യകള്‍
മുടിയഴിച്ചുന്മാദ നൃ്ത്തം ചവിട്ടുന്നു
ചകിതനാണിന്നു കാലമേ നിന്‍റെയീ
ചരണതാഡനം പാടേ തളര്‍ത്തുമെ-
ന്നുടല്‍ വിറയ്ക്കുന്നു ജീവിതം കാണവേ.......

നെടിയനേരുകള്‍ നൊമ്പരപ്പൂക്കളായ്
പഴയയോര്‍മ്മതന്‍ വഴികളില്‍ പൂക്കുന്നു
നടുവൊടിക്കുന്ന ജീവിതഭാരത്തി-
ന്നഴല്‍കളില്‍ ഞാന്‍ തകര്‍ന്നു പോകുന്നു
സഫലജീവിതത്തിരിതെളിച്ചന്നു നീ
വഴിയില്‍ നില്‍‍ക്കവേ കണ്ടു ഞാനെങ്കിലും,
സഹഗമനത്തിനര്‍ത്ഥിച്ചു ഞാനെന്‍റെ
ഉയിര്‍ പകരം നിനക്കു നേദിക്കിലും,
ഹൃദയഗര്‍ഭത്തിലുണ്മയോലും സ്നേഹ
അമരകോശത്തില്‍ നിന്നെ പ്രതിഷ്ഠിച്ച്
പരിധിയില്ലാത്തനശ്വരപ്രേമത്താല്‍
ഉദയസായന്തനങ്ങള്‍ കഴിക്കിലും,
അരുവിയാം നിന്‍റെ മിഴികളൊന്നെന്നിലേ-
ക്കൊഴുകിയില്ലെന്‍റെ കരളിലെക്കണ്ണുനീര്‍-
തരളപാദം നനച്ചില്ല ദേവി നിന്‍
മിഴിയറിഞ്ഞതില്ലെന്നാത്മ നൊമ്പരം.......

വഴി പിരിഞ്ഞു നാം പോകയോ ഹാ... മനം
വഴി തിരിയാതെയിരുളില്‍ പരതുന്നു
തീയൊഴുകുമെന്‍ ഹൃത്തിലെ ധമനികള്‍
അമിതതാപത്താല്‍ പൊട്ടിത്തകരുന്നു
വരണമാല്യം കരുതിയില്ലെങ്കിലും,
വളകിലുക്കങ്ങള്‍ കവിത പാടുന്ന നിന്‍
കൈകളാലൊരു പൂച്ചെണ്ടു മാത്രമെന്‍
ചിതയില്‍ വയ്ക്ക, കൃതാര്‍ത്ഥനാവട്ടെ ഞാന്‍.......

© ജയകൃഷ്ണന്‍ കാവാലം

Monday, June 21, 2010

ജാതകം (ഭാഗം രണ്ട്‌)

ഒന്നാം ഭാഗം ഇവിടെ നിന്നു വായിച്ചു തുടങ്ങുമല്ലോ...

നാള്‍കള്‍, ഋതുക്കള്‍ തന്‍റെ വര്‍ണ്ണാന്ധകാരങ്ങളാല്‍
മാസമായ് വര്‍ഷങ്ങളായ് മുന്നോട്ടു ചരിക്കവേ
നാള്‍‍തോറുമേറുന്ന നിറവായി നാം തമ്മി-
ലറിയാതറിഞ്ഞറിഞ്ഞൊന്നായൊഴുകുവാന്‍,

വാസരോത്സാഹങ്ങളിലൂര്‍ജ്ജമായ് നിറയുവാന്‍,
രാത്രിതന്‍ കുളിര്‍സുഖം പങ്കിട്ടെടുക്കുവാന്‍,
സ്വപ്നങ്ങള്‍ പരസ്പരം കൈമാറിയതി ദീര്‍ഘ-
കാലങ്ങളൊന്നായ് ചേര്‍ന്നു ജീവിതം നയിക്കുവാന്‍

എത്രയോ കൊതിച്ചു നാമെത്തിനിന്നീടുന്നൊരീ
മുഗ്ദ്ധമോഹത്തിന്‍റെയുത്തുംഗ ശൃംഗങ്ങളില്‍
പ്രേമം, മധുവര്‍ഷമായ് പൊഴിഞ്ഞാത്മാവിലെ
പ്രേമസ്വരൂപന്നഭിഷേകമായലിയവേ

മക്കളാം മാമ്പൂകണ്ടു മോഹിച്ചും ദിനം ദിനം
മത്സരിച്ചോമനിച്ച മാതാപിതാക്കന്മാര്‍ക്കും
സമ്മതം തന്നെന്നാലും ജാതകം ചേര്‍ന്നീടണം
ജാലകമതാണല്ലോ ഭാവിയെ തിരയുവാന്‍

പന്ത്രണ്ടു കളങ്ങളില്‍ ജീവിതം പരസ്പരം
ദുഃഖമായ്, സന്തോഷമായ് ഉയര്‍ച്ച, താഴ്ചകളായ് !
കൂട്ടിയും കിഴിച്ചുമങ്ങിരിക്കേ കാലത്തിന്‍റെ
‘വിളി‘ വന്നീടില്‍ പോലും ജാതകം പിഴക്കില്ലാ !

ഒട്ടൊത്തുമൊട്ടൊക്കെയൊക്കാതെ വരുകിലും
ജാതകം ചേര്‍ന്നീടണം വീട്ടുകാര്‍ക്കതേയുള്ളൂ
ജീവിതമാണ്‌ നിങ്ങളെന്നുമൊന്നായീടുവാന്‍
ശാസ്ത്രത്തെയവഗണിച്ചീടൊല്ലേ കുഞ്ഞുങ്ങളേ...

പോകയായ്, ഊര്‍ദ്ധ്വപുണ്ഡ്രഗാംഭീര്യവിരാജിതന്‍
ദൈവജ്ഞന്‍, മുക്കാലങ്ങള്‍ ചിന്തയാല്‍ ഗ്രഹിപ്പവന്‍,
നാടെങ്ങും പുകള്‍ പെറ്റ ജ്യോതിഷീസവിധത്തില്‍
സ്വന്ത ജീവിതത്തിന്‍റെ സ്വസ്ഥത ഗണിക്കുവാന്‍

അജ്ഞനോ, വിദുഷിയോയെന്നറിഞ്ഞീടാത്തൊരീ
ജ്യോതിഷീപ്രവചനം, ജാതകം ചേരില്ലത്രേ!
നാള്‍കളായ്‍, മനസ്സുകള്‍ സ്നേഹത്താല്‍ പരസ്പരം
അമൃതം പകര്‍ന്നൊരീ കാലത്തെ മറക്കണം

കാണ്‍ക പോല്‍ പാടില്ലല്ലീ, വേധനക്ഷത്രങ്ങളും
കോപിച്ച രാഹു, കേതു, ഏഴിലോ ചൊവ്വാ നില്‍‍പ്പൂ
പന്ത്രണ്ടു കളങ്ങളാല്‍ വര്‍ജ്ജിതസ്നേഹത്തിന്‍റെ
മൂല്യത്തെയളക്കുവാന്‍ ശാസ്ത്രത്തിനാമോ പക്ഷേ...?

എന്തു താന്‍ വന്നീടിലും സമ്മതിക്കില്ലീ ബന്ധം
കാണുവാന്‍ കഴിയില്ല നിങ്ങള്‍ തന്നധോഗതി
പുത്രവാത്സല്യത്തിന്‍റെയര്‍ഹതയാലെ ചൊല്ലി,
ശക്തമായച്ഛന്‍, കേള്‍ക്കയില്ലെങ്കില്‍ മരിക്കും ഞാന്‍!

ശാസ്ത്രമാപിനികളാല്‍ സ്നേഹത്തെയളക്കുന്ന
പ്രാകൃത സംസ്കാരത്തിന്‍ ഊഹക്കണക്കുകള്‍
ഊതിയണച്ചൂ രണ്ടു ജീവിതപ്രത്യാശകള്‍
ജാതകക്കണക്കുകള്‍ തെറ്റുകില്ലത്രേ പോലും!

ഇടിഞ്ഞ മനസ്സോടെയിടറും പദങ്ങളാല്‍
ഇനി നാം കാണില്ലെന്നു തകര്‍ന്നു പറഞ്ഞു ഞാന്‍
കരഞ്ഞില്ലവള്‍, തെല്ലുമിരുണ്ടില്ലവളുടെ
മുഖവും, കിനാക്കളാല്‍ വിടര്‍ന്ന കണ്ണുകളും

നിറഞ്ഞില്ലവയൊട്ടുമറിയാതൊരു ശാപ
വചസ്സും മൊഴിഞ്ഞില്ലാ മധുരാധരങ്ങളും
നീയൊരു മഹാശാപ വാക്കിനാലേയെന്നെ
സംഹരിച്ചേക്കൂ തോഴി,യതു താന്‍ മമഹിതം

നീയൊരു മഹാഗ്നിയായ് ഭസ്മമാക്കിയാല്‍ പോലും
നമ്രനായ്, വിധേയനായ് നിന്നില്‍ ഞാനലിഞ്ഞു പോം
എങ്ങനെ പിരിയും നാമെങ്ങനെ മറക്കുമീ
ശാസ്ത്രത്തിനാമോ രണ്ടു ജീവനെ പിരിക്കുവാന്‍?

ഒട്ടൊരു നിമിഷത്തിന്‍ മൌനത്തിനവധിയായ്,
ശാന്തമായ് മൊഴിഞ്ഞവള്‍, അച്ഛനെ കേള്‍ക്ക വേണം
ഹാ... മനം പൊടിയുന്ന വേദനക്കിടയിലും
എന്തിനീ നാട്യം പെണ്ണേ, എന്നെയാശ്വസിപ്പിക്കാന്‍?

നില്‍ക്കുവാന്‍ കഴിയുകില്ലധികം നിന്‍ സവിധത്തി-
ലുള്‍ക്കനല്‍ച്ചൂടില്‍ വെന്തു വെണ്ണീറായ് മാറുന്നു ഞാന്‍
പോകയാണെന്നേയ്ക്കുമായ് നാം പിരിഞ്ഞകലുമ്പോള്‍
നന്‍‍മകള്‍ നേരുന്നിതാ, ഇതു താന്‍ പ്രഹസനം!

ആഴ്ചകള്‍, സ്നേഹാഹവാഘാതത്താല്‍ വര്‍ഷങ്ങള്‍ തന്‍
ദൈര്‍ഘ്യമാര്‍ന്നിഴഞ്ഞഴിഞ്ഞെങ്ങോ പോയ് മറയവേ
കേട്ടൊരു നാളില്‍, മഹാ സ്ഫോടനം പോലേ നെഞ്ചില്‍
മാറ്റൊലിക്കൊള്ളും വാര്‍ത്ത, ‘പോയവള്‍ കൂട്ടില്‍ നിന്നും...‘

കൊടുങ്കാറ്റടിക്കുന്നു നെഞ്ചില്‍ ഹാ മഹാ വഹ്നി-
ജ്വാലകള്‍ സംഹാരാര്‍ത്ഥമാളുന്നു, ദഹിപ്പു ഞാന്‍
പൊയ്ക്കളഞ്ഞല്ലോ പെണ്ണേ, ഒരു വാക്കുരയ്ക്കാതെ
ജാതകപ്രവചന വാഴ്വിതോ ഭയങ്കരം !

ജീവിതം വരണ്ടു പോയ്, ചിന്തകള്‍ ശൂന്യം, നിദ്രാ-
ഹീനമാമിരവിങ്കല്‍ നിന്നെയോര്‍ത്തുരുകട്ടെ
മാരിവില്‍വര്‍ണ്ണം ചേര്‍ന്നൊരായിരം വസന്തങ്ങ-
ളാരവം തീര്‍ത്ത മനോരാജ്യങ്ങള്‍ പൊലിഞ്ഞു പോയ്

അത്രമേല്‍ മധുരിത സ്വപ്നലാളനങ്ങളാല്‍
ശുദ്ധമായ്തീര്‍ന്ന ചിത്ത ഭിത്തികള്‍ തകര്‍ന്നു പോയ്
വാനവീഥികള്‍ തോറും പ്രേമദീപ്തമാം സ്വര്‍ണ്ണ-
വീചികള്‍ പരത്തിയ താരകള്‍ പൊലിഞ്ഞു പോയ്

പന്ത്രണ്ടു കളം നോക്കിയത്ഭുതം പ്രവചിച്ച
ജ്യോതിഷീവര്യന്‍ തന്‍റെ വൈഭവപ്രഭാവത്താല്‍
പോയൊരു ജീവന്‍, പറന്നായുസ്സണയാതെ-
യൂഹങ്ങള്‍ ഭരിച്ചിടാരാജ്യത്തു കുടിയേറി

ഹേ, വൃഥാവാക്യങ്ങളാല്‍ പാപത്തിനാഹ്വാനിക്കും
കോമരക്കൂട്ടങ്ങളേ നിങ്ങളാല്‍ കഴിയുമോ,
ജീവിതം, മണ്ണില്‍ പൂത്ത സ്വര്‍ഗ്ഗീയപുഷ്പങ്ങളെ-
ന്നാഹ്വാനം നടത്തുവാന്‍, സ്നേഹിക്കാന്‍ പഠിപ്പിക്കാന്‍?

ചന്ദ്രനില്‍ പോലും മര്‍ത്യപാദങ്ങള്‍ പതിഞ്ഞിട്ടും
മര്‍ത്ത്യദൈവങ്ങള്‍ പോലും സംഹാരം പഠിച്ചിട്ടും
അജ്ഞത, ഉരുക്കിന്‍റെ വാക്കിനാല്‍ തകര്‍ത്തിടും
അച്യുതന്മാരാല്‍ കൊച്ചു കേരളം നിറഞ്ഞിട്ടും

മാറിയില്ലഹോ കഷ്ടം, മനസ്സും മനസ്സുമായ്
ചേരുവാന്‍ ദൈവജ്ഞന്‍റെ കൃപയും കടാക്ഷവും!
മാറുന്നില്ലവബോധം, മാനവസ്നേഹത്തിന്‍റെ
മാനവും, മനസ്സിലെ ഇരുളിന്‍ ഗര്‍ത്തങ്ങളും!

ശാസ്ത്രങ്ങള്‍, സൂത്രവാക്യമൊന്നുമേയല്ലാ പാരില്‍
സ്നേഹത്തിന്‍ നിദാനമാം മാനസം ഭരിക്കേണ്ടൂ
ജീവിതം, ക്ഷണികമീ കാലചക്രത്തില്‍ തുച്ഛ-
കാലമെങ്കിലും തമ്മില്‍ സ്നേഹിക്കാന്‍ പഠിക്ക നാം

ജാതകക്കളങ്ങളില്‍ കാണുകില്ലതി ലോല-
ലോലമാം വികാരത്തിന്‍ നിതാന്തസൌന്ദര്യത്തെ
ശാസ്ത്രീയമാനങ്ങളാലളക്കാന്‍ കഴിയില്ലീ
സ്വര്‍ഗ്ഗീയവികാരത്തിന്നമൂല്യസംസ്ക്കാരത്തെ

-ഇതെന്‍റെ ആത്മകഥയോ, സ്വന്തം അനുഭവമോ അല്ല-

© ജയകൃഷ്ണന്‍ കാവാലം

Wednesday, June 02, 2010

സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവിന്

സ്വന്തമാക്കാന്‍ കൊതിക്കുന്ന പൂവേ-നിന്‍
അഞ്ചിതമാം മിഴിപ്പൂ തുറന്നാട്ടേ
ഉണ്‍‍മയോലുമീ സുപ്രഭാതത്തില്‍ ഞാന്‍
നിന്‍റെ കണ്‍‍കളില്‍ കവിത കണ്ടോട്ടേ

ഇങ്ങു ചാരെയീ മാമരക്കൊമ്പിലെ
പൂങ്കുയിലുകള്‍ മധുരം വിളമ്പുന്നു
ആര്‍ദ്രനായി ഞാനാഗാന വീചിതന്‍
ചിറകിലേറി നിന്‍ ചാരത്തണയട്ടെ

നിദ്രപൂക്കാത്ത രാത്രിതന്‍ സ്പന്ദനം
നിന്‍റെയോര്‍മ്മകള്‍ നെഞ്ചില്‍ പടര്‍ത്തുന്നു
നിഷ്കളങ്കമാം നിന്‍ മൃദുഹാസമെന്‍
സ്വപ്നമണ്ഡലം പാടേയുലയ്ക്കുന്നു

ആരു നീ മമ ജീവിത വേനലില്‍
അമൃതമായ് പെയ്തിറങ്ങുന്ന വര്‍ഷമേ
ആരു നീ മമ ജീവഗാനത്തിലെ
ചിരപരിചിത രാഗസൌഭാഗ്യമേ

നിന്‍റെയാത്മാവിനോരങ്ങളില്‍ വേണു-
വൂതിയൂതി ഞാന്‍ നിന്നെയുണര്‍ത്തട്ടെ
നിന്‍ കടാക്ഷം തപം ചെയ്തു ചെയ്തെന്‍റെ
നെഞ്ചിലെ നെരുപ്പോടില്‍ ദഹിക്കട്ടെ

അല്‍‍പ്പമാത്രമെന്‍ ജീവിത സ്വപ്നത്തി-
ലത്രമാത്രം നിറഞ്ഞിടും വര്‍ണ്ണമേ
എത്തുമോ എന്‍റെ ചാരത്തു പൂത്തിരു-
വാതിരക്കു വിളക്കു കൊളുത്തുവാന്‍

ദീര്‍ഘകാലം വിരസമായ് ജീവിത-
പ്പാഴ്മരുവിലൂടൊറ്റയ്ക്കൊഴുകി നാം
ചേര്‍ന്നൊഴുകുവാനായി നീ പോരുമോ
ദിവ്യമാം സ്നേഹസാഗരം പൂകുവാന്‍

പ്രാര്‍ത്ഥനപ്പൂക്കളാലെ മനസ്സിന്‍റെ
ശ്രീലകത്തു ഞാന്‍ പ്രാര്‍ത്ഥിച്ചിരിക്കവേ
പൂത്തു നില്‍ക്കുമുഷസ്സിന്‍റെ സിന്ദൂര
ബിന്ദുവായി നീ ശ്രീലകത്തമരുമോ

സ്നേഹ സൌധം പണിഞ്ഞുനിന്നാഗമം
കാത്തിരിക്കുന്നു സാധകനക്ഷമം
ദേവി, നീയണഞ്ഞിടുമോയെന്നര്‍ദ്ധ-
ഭാഗമായ് സ്നേഹരാജ്യം ഭരിക്കുവാന്‍


© ജയകൃഷ്ണന്‍ കാവാലം