Monday, March 02, 2009

എന്നും തിളങ്ങുന്ന താരകത്തിന് (അയ്യപ്പപണിക്കര്‍ക്ക്)

മുന്‍പേ നടന്നവരാരും മൊഴിഞ്ഞീല
എങ്കിലും ഞാനറിഞ്ഞിരുന്നെന്നുമാ സത്യം
പിന്‍പേ നടന്നവരോടു ഞാനും പറഞ്ഞീല
അപ്പൊഴും ഞാനോര്‍ത്തിരുന്നാ സത്യം
എങ്കിലും ഞാനറിയാതെയെന്നില്‍ നിന്നും
കനികളായ് വീണ വാക്കുകള്‍ മന്ത്രിച്ചു
പണ്ടൊരു മുന്‍‍ഗാമി ചൊന്നൊരാ വാക്കുകള്‍
ഇന്നു ഞാന്‍ നാളെ നീ...

ആരോ തിരക്കിയോ എന്തിനായന്നു നീ
ഇങ്ങനെ കല്‍‍പ്പിച്ചു നിന്‍റെ പത്രങ്ങളില്‍
അപ്പൊഴും മിണ്ടാന്‍ തുനിഞ്ഞില്ല ഞാനെന്‍റെ
സന്തത മൌനത്തിലെല്ലാമൊളിപ്പിച്ചു

മുന്‍‍പേ നടന്നവരന്ത്യത്തിലെത്തിയ
ആറടി മണ്ണിലെന്‍ കല്‍‍പന മയങ്ങവേ
കണ്ണുനീര്‍ വാര്‍ത്തവര്‍, കാണാതെ പോയവര്‍
കണ്ടുവോ ഞാനന്നു ചൊല്ലാഞ്ഞതിന്‍ പൊരുള്‍

പണ്ടു ഞാന്‍ പൂജിച്ച ദേവി; നിന്‍ ചാരത്ത്
നിര്‍മ്മാല്യമായെന്‍റെ ദേഹം മയങ്ങവേ
നിത്യവസന്തമെന്നമ്മയ്ക്കു നല്‍കിയ
നിസ്തുല സേവനം ലോകം പുകഴ്ത്തവേ

കാഴ്ച്ചയ്ക്കുമപ്പുറം കേള്‍വിക്കുമപ്പുറം
അന്നു ഞാനെത്തിയ ചക്രവാളങ്ങളില്‍
എന്നോ തെളിഞ്ഞൊരെന്നമ്മയാം സൌവര്‍ണ്ണ
താരക ചിരിക്കുന്നു, മെല്ലെ തഴുകുന്നു

കുഞ്ഞേ കഴിഞ്ഞു നിന്‍ സംസാര ജീവിത-
പ്രാരബ്‌ധകാണ്ഡം, തിരിച്ചു വന്നിന്നു നീ
എന്നേ മറഞ്ഞൊരെന്‍ ദേഹി നിന്‍ കാവലായ്
എന്നും ജപിപ്പു നാരായണ ഗീതികള്‍

ഈ നേരമിന്നു സുഷുപ്തിയിലെങ്കിലും
നീ സഞ്ചരിച്ച നിന്‍ സൂക്ഷ്മ സ്മൃതികളില്‍
കാലങ്ങളെത്ര ചരിക്കുമീ ലോകവും
പിന്‍പേ നടക്കുന്ന ശിഷ്യവൃന്ദങ്ങളും

നീ സഞ്ചരിച്ച നിന്‍ ജീവിത പന്ധാവില്‍
കാതങ്ങളോളം പിറകിലെന്നാകിലും
കാണുന്നവര്‍ നിന്‍റെ പാദം പതിഞ്ഞൊരാ
വ്യക്തതയാര്‍ന്നൊരാ കാലടിപ്പാടുകള്‍

എന്നും ചിരിച്ചു നീ എങ്ങും തളരാതെ
എങ്ങോ മറച്ചു നിന്‍ ദുഃഖപ്പരിഷയെ
ഏതോ വിഹായസ്സിലര്‍ക്കനായ് മാറി നീ
ഏറിയ ഭാവനാ ലോകത്തില്‍ രാജനായ്

വീട്ടില്‍ നീയേട്ടനായച്ഛനായനുജനായ്
അമ്മാവനായ്‌, ഗുരുവായ്, തുണയുമായ്
അര്‍ത്ഥിച്ചവര്‍ക്കൊക്കെയും നീയറിവായി
അര്‍ഹിച്ചവര്‍ക്കൊക്കെ നീ കൃപയുമായ്
അന്തരംഗങ്ങളിലൊക്കെ പ്രകാശമായ്
അന്യദേശങ്ങളില്‍ പോലും തിളങ്ങി നീ

എത്ര വേഗം കടന്നു പോയ് താരമേ
ചിത്രവര്‍ണ്ണപ്രഭാവപ്രകാശമേ
കാലമിന്നു വഹിക്കുന്നിതാ പ്രഭാ
പൂരിതം നിന്‍റെ ചിത്രമെന്നേയ്ക്കുമായ്

© ജയകൃഷ്ണന്‍ കാവാലം

3 comments:

Anonymous said...

നല്ല കവിത...

ചാണക്യന്‍ said...

“ താരമേചിത്രവര്‍ണ്ണപ്രഭാവപ്രകാശമേകാലമിന്നു വഹിക്കുന്നിതാ പ്രഭാപൂരിതം നിന്‍റെ ചിത്രമെന്നേയ്ക്കുമായ്“-

നല്ല വരികള്‍ ജയകൃഷ്ണന്‍ കാവാലം....

ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി...

കാപ്പിലാന്‍ said...

ജയകൃഷ്ണ , കവിത വായിച്ചു . നല്ല വരികള്‍ .