Thursday, November 20, 2008

ചിരി

ചിരി
മുന്‍പില്‍ കാണുന്നതു പല്ലുകള്‍
വെളുവെളുത്ത, മുല്ലമൊട്ടു പോലുള്ള പല്ലുകള്‍
അതിനുള്ളില്‍ പോടുകള്‍
പോടിനുള്ളില്‍ ചിലപ്പോള്‍ കീടങ്ങളും
അതിനു പിന്നില്‍ ചുവന്ന നാവ്
രാജസഭാവത്തിനിതു പോരേ?
ഇനിയും പിന്നില്‍ ഇരുളടഞ്ഞ ഗര്‍ത്തം
കറുപ്പാര്‍ന്ന ഊടു വഴികള്‍
അയ്യയ്യോ...
ഒരു ചിരി കാണുമ്പോള്‍ പേടിയാവുന്നു

© ജയകൃഷ്ണന്‍ കാവാലം

Sunday, November 16, 2008

ഉറക്കത്തിലെ കൂട്ടുകാരി

അവന്‍റെ രാവുകളില്‍
അവളവനോടു ചേര്‍ന്നുറങ്ങുമായിരുന്നു
അവന്‍റെ സ്വപ്നങ്ങള്‍ അവളുടേതുമായിരുന്നു
അവന്‍റെ മാറിലെ ചൂടേറ്റ്, അവന്‍റെ ഗന്ധമേറ്റ്,
അവന്‍റെ പരിലാളനമേറ്റവള്‍
എന്നും അവനോടൊപ്പമുണ്ടായിരുന്നു
അവനോടൊപ്പമുള്ള നിദ്രകള്‍
അവള്‍ക്കെന്നും പ്രിയമുള്ളതായിരുന്നു
പുലരി വന്നവനെ ഉണര്‍ത്തുമ്പോള്‍
അവള്‍ക്കെന്നും പരിഭവമായിരുന്നു
അവള്‍ക്കു മനോഹരമായ കണ്ണുകളുണ്ടായിരുന്നു
ആ കണ്ണുകളില്‍ പ്രണയമുണ്ടായിരുന്നു
അവളുടെ ശരീരം മിനുസമുള്ളതായിരുന്നു
അവള്‍ക്കു വാലുണ്ടായിരുന്നു...
...
...
...
...
...
...
...
പൂച്ചക്കു പിന്നെ വാലില്ലാതിരിക്കുമോ?

© ജയകൃഷ്ണന്‍ കാവാലം

Thursday, November 13, 2008

കണ്മണീ നിനക്കായ്...

അങ്ങേ തൊടിയിലെ ചീരത്തളിര്‍പ്പിന്നും
നിന്‍ കവിളിന്‍ നിറമായിരുന്നു
തെക്കേ വരമ്പിലെ ചൂണ്ടപ്പനങ്കുല
നിന്‍ മുടി തന്നഴകേന്തി നിന്നു

പാടത്തു മേയുന്ന പൈക്കിടാവും
മധു ഗാനം പൊഴിക്കുന്ന കോകിലവും
നീണ്ട കാലില്‍ കലപില കിങ്ങിണിപ്പാട്ടുമായ്
തുള്ളി നടക്കുന്നൊരീ ചോലയും
നിന്‍റെ നാണത്തിലോമനേ അന്യമായീ
നിന്‍റെയീ മുഖം കണ്ടു ഞാന്‍ നിന്നു പോയീ

ആ സ്മേരദീപത്തിലാത്മാവില്‍ നമ്മുടെ
അനുരാഗ രംഗം തെളിഞ്ഞു നിന്നൂ
രാഗ പീയൂഷ പ്രസാദവുമായ്
ശുഭ ഭാവി തന്നോമനപ്പൂക്കളുമായ്
എന്‍റെ ജീവന്‍റെ കോവിലില്‍ പ്രേമപ്രകാശമായ്
ദേവി നീയെന്നോടു മിണ്ടിയപ്പോള്‍
സഖീയെല്ലാം മറന്നു ഞാന്‍ നിന്നു പോയീ
നീ നിന്‍ ജീവഗന്ധിപ്പൂക്കള്‍ തന്നു പോയീ

ഓരോ വസന്തവും നിന്‍ മുഖം വിരിയിച്ച
പുഞ്ചിരിപ്പൂക്കളായ് മാറിയപ്പോള്‍
ഓരോ കിനാവിലും നിന്നരമണികള്‍ തന്‍
കൊഞ്ചുന്ന സംഗീതം ഒഴുകിയെത്തി
ആ നളിനങ്ങളാം നയനങ്ങളില്‍
നീണ്ട വാലിട്ടെഴുതിയ നയനങ്ങളില്‍
തുമ്പി പോലെ പറന്നു പറന്നു നടക്കുന്ന
കണ്മണിയെന്നില്‍ പതിച്ചു നിന്നു
നിന്‍റെ കണ്ണുകളെന്നെയുഴിഞ്ഞെടുത്തു
ഞാന്‍ നിന്‍ കണ്‍കളില്‍ ദീപമായ് മാറിയപ്പോള്‍

എന്‍റെ കിനാക്കളില്‍ ഒരു മയില്‍പ്പീലിയായ്
നീയെന്നരികിലണഞ്ഞിരുന്നു
എന്‍റെ സുഷുപ്തിയില്‍ ഒരു വേണു ഗാനമായ്
പ്രിയ രാഗമേ നീ ഉണര്‍ന്നിരുന്നു
ആത്മരാഗങ്ങളില്‍ താളമായി
എന്‍റെ ഹൃദയം ജപിക്കുന്ന മന്ത്രമായി
പ്രേമഗാന മധ്യത്തിലെ ആരോഹണങ്ങളില്‍
ദേവി നിന്‍ പദസ്വരം കൊഞ്ചിയപ്പോള്‍
എന്‍റെ ഗാനമീ ഭൂമിക്കു തേന്‍മഴയായ്
നമ്മില്‍ പൂത്ത കിനാവുകള്‍ കുളിര്‍മഴയായ്

നിന്‍ കേശ ലതയിലെ ചെമ്പകപ്പൂക്കളെന്‍
പഞ്ചേന്ദ്രിയങ്ങളില്‍ ലഹരി തൂകി
നിന്‍ നിറമാറില്‍ തുടിക്കുന്ന രാഗമെന്‍
ജീവഗാനത്തിന്നു രാഗമേകീ
അധരപീയൂഷം നുകര്‍ന്നിടുവാന്‍
മൃദുമേനിയെന്‍ മേനിയില്‍ ചേര്‍ത്തിടുവാന്‍
വെമ്പുമെന്‍ കരള്‍ത്തുടിപ്പിന്‍റെ മൌനമന്ത്രങ്ങളില്‍
ചാരുതേ നീയും വരികളായോ
നീയെന്നനുരാഗ ഗാഥ തന്നീണമായോ...

© ജയകൃഷ്ണന്‍ കാവാലം

Monday, November 10, 2008

ദുഃഖമെന്ന പ്രണയിനി

തെല്ലും വിചാരിച്ചിരിക്കാതെയോര്‍ക്കാതെ
ദുഃഖമേ നീയിങ്ങണഞ്ഞിടുമ്പോള്‍
നിത്യ നീയെന്നിലെന്നാകിലും ഹൃത്തിലെ
തന്ത്രി തന്നീണം മുറിഞ്ഞിടുന്നു

അത്യഗ്നിയുള്ളില്‍ നിറഞ്ഞുജ്ജ്വലിക്കവേ
സ്വഛതയെന്നില്‍ തളര്‍ന്നിടുന്നു
ലോകമുറങ്ങുന്ന രാത്രിതന്‍ യാമത്തില്‍
യാത്രികന്‍ വീണ്ടും നടന്നിടുമ്പോള്‍
ദുഃഖമേ നീയെന്‍റെ തളരുന്ന പാദത്തില്‍
പാശം മുറുക്കുവതെന്തിനായി?

ഏതോ കിനാവിന്‍ മയൂര നൃത്തങ്ങളില്‍
താനേ മറന്നു ഞാന്‍ നിന്നിടുമ്പോള്‍
വീണ്ടും വരികയായ് നീ നിന്‍റെ കാല്‍ത്തള
രൌദ്രമായ് വീണ്ടും മുഴക്കയായി

എങ്കിലും ഞാന്‍ പ്രിയേ സ്നേഹിച്ചു പോയി -എന്‍
പ്രേയസിയായ് നീ നിറഞ്ഞതല്ലേ
രാവും പകലുമെന്‍ ജീവനില്‍, ചിന്തയില്‍
നിത്യയായ് മാറിയ കൂട്ടുകാരീ

ദുഃഖമെന്നാകിലും എന്നെ നീ കാംക്ഷിച്ചു
വന്നീടില്‍ വേറെ ഞാനെന്തു ചെയ് വൂ
ഏറ്റുവാങ്ങുന്നു ഞാന്‍ നിന്നെയെന്‍ ജീവനില്‍
കൂട്ടു ചേര്‍ത്തിന്നു ഞാന്‍ സ്വന്തമായി...

© ജയകൃഷ്ണന്‍ കാവാലം

Thursday, November 06, 2008

ഒരു കീര്‍ത്തനം

വേദന നീയെനിക്കെന്തിനു തന്നു
വേദ വിഹാരി മുരാരേ
വേനലിതില്‍ കുളിര്‍ മഴയായ് പൊഴിയാന്‍
വൈകുവതെന്തിനു വെറുതേ - ഇനിയും
വൈകുവതെന്തിനു വെറുതേ...

വേവും മനസ്സുമായ് ഇടറും പദങ്ങളാല്‍
ഇഹലോകമെല്ലാം തിരയുന്നു നിന്നെ
കരുണ ചൊരിയുവാന്‍ കരുണാകരായിനി
അരുതരുതരുതേ വൈകരുതേ

ഈ ദുഃഖസാഗര നടുവില്‍ ഉഴറുന്നു
നിന്‍ നാമ വൈഖരി കണ്ഠത്തിലിടറുന്നു
കനലുകളെരിയും കരളില്‍ പകരാന്‍
കരുണാമൃതം തൂകി നീ വരണേ

പദമലര്‍ തൊഴുവാന്‍ ഒരു കുറി കാണ്മാന്‍
കണ്ണുകള്‍ വെമ്പുന്നു ദീനബന്ധോ
പദനിസ്വനങ്ങള്‍ക്കു കാതോര്‍ത്തു കാക്കുമ്പോള്‍
പ്രേമാമൃതം തൂകി നീ വരണേ...

© ജയകൃഷ്ണന്‍ കാവാലം

Saturday, November 01, 2008

നിന്നെയും കാത്ത്

നീയകന്നു പോകിലും തുഷാര വര്‍ണ്ണ സ്വപ്നമേ
മനസ്സിലിന്നു നിന്‍റെയാ പദസ്വനങ്ങള്‍ കേള്‍പ്പു ഞാന്‍
ഹൃദന്തമിന്നു വിങ്ങിടുന്നു നിന്‍റെയോര്‍മ്മയാല്‍ സഖീ
പ്രകാശവും പൊലിഞ്ഞിടാന്‍ തുടങ്ങിടുന്നെന്‍ ജീവനില്‍

മൃദുസ്മിതങ്ങളൊക്കവേ മധു വിളമ്പിയെന്നിലേ
പ്രതീക്ഷതന്‍ ഹരിതമാം പ്രണയപുഷ്പ വല്ലിയില്‍
പ്രതീക്ഷയൊക്കെ മായയായ് മറഞ്ഞു പോണു മത്സഖീ
മനസ്സിലേറ്റ ബാണമെന്‍ മനം തുളയ്പ്പു കണ്മണീ

കണ്ണിലിന്നു നിന്‍റെ രൂപമാര്‍ദ്ര ബാഷ്പ ധാരയായ്
കവിള്‍ത്തടങ്ങളില്‍ പടര്‍ന്നു ചാലു തീര്‍പ്പു നായികേ
മെനഞ്ഞൊരാ മൃദുല സ്വപ്നമൊക്കെയും മനസ്സിലെ
കനല്‍ക്കയത്തില്‍ വീണു ധൂമമായ് മറഞ്ഞു ഓമനേ

വസന്തകാല സന്ധ്യയില്‍ തിരഞ്ഞു നിന്നെയേകനായ്
കണിക്കു വച്ച പൂക്കളീല്‍ മധു പരതും വണ്ടു പോല്‍
വരാത്തതെന്തു നീ സഖീ പിരിഞ്ഞു പോകയോ മമ
കരള്‍ പകര്‍ന്ന പൂക്കളെ ചവിട്ടി നീ നടക്കയോ...?

© ജയകൃഷ്ണന്‍ കാവാലം