Saturday, January 24, 2009

മോചനഗീതം

കാമക്കെടുതിയിലുലഞ്ഞ മനസ്സില്‍
മോഹമിരമ്പുമ്പോള്‍
തത്വം കൊണ്ടു ശമിക്കുവതാമോ
മണ്ണിലെ ദുഃഖങ്ങള്‍

നിറഞ്ഞ കണ്ണുകള്‍ പുഴകള്‍ തീര്‍ത്തി-
ട്ടിടിഞ്ഞ തീരവുമായ്
നനഞ്ഞ കവിളിന്‍ കണ്ണീര്‍ക്കവിതക-
ളുരുകിപ്പാടുമ്പോള്‍
തടുത്തിടാമോ കരളിന്‍ വ്യഥകളെ-
യൊരുപിടി സ്നേഹത്തിന്‍,
വിടര്‍ന്നു വിലസും അനുപമ സുന്ദര
വാടാമലരാലെ?

കഴിഞ്ഞ കാലം വ്യഥകള്‍ നിരത്തി
ഇരവുകള്‍ പകലാക്കെ,
കൊഴിഞ്ഞ പൂവും മധുകരനായി
മദഭരയായ് നില്‍ക്കേ
ശമിപ്പതാമോ മണ്ണില്‍ കാമം
പകര്‍ന്ന വേദനകള്‍
ഉദിച്ചിടാമോ പുതിയൊരുഷസ്സിന്‍
പൊന്‍ കതിരൊളിവെട്ടം?

കൊതിച്ചിടുന്നൂ ഇനിയൊരുഷസ്സിന്‍
മോചനഗീതിക്കായ്
വിടര്‍ന്നിടട്ടേ രജനികള്‍ തോറും
പ്രതീക്ഷ തന്‍ താരം
ഉണര്‍ന്നിടട്ടേ രാഷ്ട്രം മന്നില്‍
മഹത്വമോടെന്നും
ജ്വലിച്ചിടട്ടേ പാവനമാകും
കെടാവിളക്കായി...

© ജയകൃഷ്ണന്‍ കാവാലം

12 comments:

-: നീരാളി :- said...

ശരിയാ ചിലതൊന്നും തത്വം കൊണ്ടു ശമിക്കില്ല.

പകല്‍കിനാവന്‍ | daYdreaMer said...

കഴിഞ്ഞ കാലം വ്യഥകള്‍ നിരത്തി
ഇരവുകള്‍ പകലാക്കെ,
കൊഴിഞ്ഞ പൂവും മധുകരനായി
മദഭരയായ് നില്‍ക്കേ
ശമിപ്പതാമോ മണ്ണില്‍ കാമം
പകര്‍ന്ന വേദനകള്‍

ഒരു നല്ല നാളെക്കായ്‌ നമുക്കു കാതോര്‍ക്കാം.... വരികള്‍ നന്നായിരിക്കുന്നു...

simy nazareth said...

കുറെ നാള്‍ കൂടി ഈണമുള്ള കവിത വായിച്ചതിന്റെ സന്തോഷം. വരികള്‍ ഇഷ്ടപ്പെട്ടു, അവസാനത്തെ നാലുവരികള്‍ കവിതയുടെ ഭംഗി കളഞ്ഞു.

കാപ്പിലാന്‍ said...

nannaayirikkunnu .

കാവാലം ജയകൃഷ്ണന്‍ said...

നീരജ്‌: സ്വാഗതം. സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ

പകല്‍ക്കിനാവന്‍: നമുക്ക് ഒന്നായി കാതോര്‍ക്കാം, അതിനായി പ്രവര്‍ത്തിക്കാം

സിമി: സ്വാഗതം. ആസ്വാദനത്തിന് നന്ദി. അവസാന വരികളില്‍ താങ്കളെ ബോറടിപ്പിച്ചതിന് ക്ഷമ ചോദിക്കുന്നു.

കാപ്പിലാന്‍: താങ്കള്‍ എന്നെക്കാള്‍ മുതിര്‍ന്ന ആളാണെന്ന് അറിയില്ലായിരുന്നു അതു കൊണ്ടാണ് പലപ്പോഴും പേരെടുത്തു വിളിച്ചിരുന്നത്, ക്ഷമിക്കണം. സന്ദര്‍ശനത്തിന് നന്ദി അറിയിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

എറേ നാളായിരുന്നു നല്ല ഒരു കവിത വായിച്ചിട്ട്,നല്ല വരികൾ ജയകൃഷ്ണാ.കവിത നന്നായി ഇഷ്ടപ്പെട്ടു

mayilppeeli said...

പ്രതീക്ഷയോടെ കാത്തിരിയ്ക്കാം.....ഒരു നല്ല പ്രഭാതത്തിനായി......നല്ല കവിത....

അരുണ്‍ കരിമുട്ടം said...

കൊള്ളാം ജയാ,നല്ല വരികള്‍ എന്ന് മാത്രമല്ല,ഇട്ട സമയവും കറക്റ്റ്.
ആശംസകള്‍

Mr. X said...

"കൊഴിഞ്ഞ പൂവും മധുകരനായി
മദഭരയായ് നില്‍ക്കേ
ശമിപ്പതാമോ മണ്ണില്‍ കാമം
പകര്‍ന്ന വേദനകള്‍"

Nice one...

(ഈ കമന്‍റ് വിന്‍ഡോ പോപ്പ്-അപ് ആക്കിയിരിക്കുന്നത് മാറ്റാമോ? You know, most of us hate pop-ups. Me too.)

Lathika subhash said...

കവിത ചൊല്ലി നോക്കി.
നന്നായിരിക്കുന്നു.

Jayasree Lakshmy Kumar said...

കൊള്ളാം. നല്ല കവിത, ജയകൃഷ്ണൻ

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടി, മയില്‍പ്പീലി: നന്ദി

അരുണ്‍ കായംകുളം: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി

ആര്യന്‍: കമന്‍റ്‌ പോപ്പ് അപ്പ് ദേ മാറ്റിക്കഴിഞ്ഞു. ഇതാവും എല്ലാവര്‍ക്കും സൌകര്യമെന്നു കരുതിയാ ഇങ്ങനെ ചെയ്തത്.

ലതി, ലക്ഷ്മി: നന്ദി