Tuesday, October 23, 2012

തിരികെയെത്തും എന്ന് വാഗ്ദാനം ചെയ്ത പെണ്ണിനേക്കുറിച്ച് ഒരു സന്യാസി പാടുന്നു... (ചുമ്മാ)


നീ വരും നാളെകളെന്നുമെന്‍ കണ്ണിന്റെ -

യൊരു തുള്ളി വെട്ടത്തില്‍ ചേര്‍ത്തു വയ്ക്കാം
അണിമലര്‍ കോര്‍ത്തൊരു ചേലൊത്ത കൊലുസിന്റെ
യരിയകൊഞ്ചലുകള്‍ ഞാന്‍ കാത്തിരിക്കാം

ഇളവെയില്‍ വീണ നിന്‍ മുഖവര്‍ണ്ണകാന്തിയാല്‍
സുരലോകമൊന്നു നീ തീര്‍ത്തു വയ്ക്കേ
അറിയുന്നിതാത്മരഹസ്യമൊന്നിന്നു ഞാ-
നിവള്‍ തന്നെയെന്റെ സുഭാഗ്യതാരം

ചിതറിയ കുന്തള ഭാരമൊരഴകിന്റെ
വനഭംഗിയെന്നില്‍ പകര്‍ന്നു നല്‍കേ
അരിയ തേന്‍ ചുണ്ടില്‍നിന്നൊഴുകുന്ന ഹാസമെന്‍
കുന്തളത്തില്‍ തേന്‍ പകര്‍ന്നു നല്‍കേ

അനുദിനം മനസ്സിന്റെ ശ്രീലകത്തൊരു വേള-
യമരുന്ന ദേവി തന്‍ ദര്‍ശനം പോല്‍
ധ്യാനാര്‍ത്ഥമോഹിനീ ഏകാന്തയോഗിഞാ-
നറിയുന്നിതെന്റെ സന്യാസസാരം !



© 
ജയകൃഷ്ണന്‍ കാവാലം

Saturday, September 01, 2012

വിരഹം !

എന്നിലെ ഞാനിന്നകന്നു പോയീ-കണി
ക്കൊന്നകള്‍ പൂത്ത കിനാക്കള്‍ മങ്ങി
എന്നിനിക്കാണുമെന്നോര്‍ത്തോര്‍ത്തു ചിന്തതന്‍
വേദനക്കൂട്ടില്‍ കിളികള്‍ വിങ്ങി


രാവും പകലുമീയേകാന്ത ബന്ധനം
തീര്‍ക്കുന്ന നെഞ്ചിന്റെ വിങ്ങലാലെ
മുട്ടിയുരഞ്ഞു നെഞ്ചസ്ഥികള്‍ കത്തുമ്പോള്‍
താങ്ങാവതല്ലീ കഠോരതാപം

രാത്രിയില്‍, നോവും പിടയ്ക്കും മനസ്സുമായ്
നിദ്ര തീണ്ടാതെയുരുകിടുമ്പോള്‍
ഇന്നലെക്കൂടി നീ മന്ദഹാസത്താലെ
കോര്‍ത്ത മലരുകള്‍ ബാക്കിയായി

ജീവിതം! ജീവനാ ജീവനില്‍ ചേര്‍ന്നിടും
രണ്ടിണപ്പക്ഷിതന്‍ ഭംഗിപോലെ
ചേര്‍ന്നിരുന്നില്ലെങ്കിലാകെയുടഞ്ഞുപോം
രണ്ടു കണ്ണീര്‍മണി മുത്തുപോലെ