Saturday, November 01, 2008

നിന്നെയും കാത്ത്

നീയകന്നു പോകിലും തുഷാര വര്‍ണ്ണ സ്വപ്നമേ
മനസ്സിലിന്നു നിന്‍റെയാ പദസ്വനങ്ങള്‍ കേള്‍പ്പു ഞാന്‍
ഹൃദന്തമിന്നു വിങ്ങിടുന്നു നിന്‍റെയോര്‍മ്മയാല്‍ സഖീ
പ്രകാശവും പൊലിഞ്ഞിടാന്‍ തുടങ്ങിടുന്നെന്‍ ജീവനില്‍

മൃദുസ്മിതങ്ങളൊക്കവേ മധു വിളമ്പിയെന്നിലേ
പ്രതീക്ഷതന്‍ ഹരിതമാം പ്രണയപുഷ്പ വല്ലിയില്‍
പ്രതീക്ഷയൊക്കെ മായയായ് മറഞ്ഞു പോണു മത്സഖീ
മനസ്സിലേറ്റ ബാണമെന്‍ മനം തുളയ്പ്പു കണ്മണീ

കണ്ണിലിന്നു നിന്‍റെ രൂപമാര്‍ദ്ര ബാഷ്പ ധാരയായ്
കവിള്‍ത്തടങ്ങളില്‍ പടര്‍ന്നു ചാലു തീര്‍പ്പു നായികേ
മെനഞ്ഞൊരാ മൃദുല സ്വപ്നമൊക്കെയും മനസ്സിലെ
കനല്‍ക്കയത്തില്‍ വീണു ധൂമമായ് മറഞ്ഞു ഓമനേ

വസന്തകാല സന്ധ്യയില്‍ തിരഞ്ഞു നിന്നെയേകനായ്
കണിക്കു വച്ച പൂക്കളീല്‍ മധു പരതും വണ്ടു പോല്‍
വരാത്തതെന്തു നീ സഖീ പിരിഞ്ഞു പോകയോ മമ
കരള്‍ പകര്‍ന്ന പൂക്കളെ ചവിട്ടി നീ നടക്കയോ...?

© ജയകൃഷ്ണന്‍ കാവാലം

4 comments:

ചാണക്യന്‍ said...

:)

വികടശിരോമണി said...

പഞ്ചചാമരം ഭംഗിയായി എഴുതുന്നുണ്ടല്ലോ...
ആ ശ്രദ്ധയിൽ കവിത പോകുന്നുവോ എന്നു സംശയം.
ആശംസകൾ...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

vaaychu . alla cholli :)

കാവാലം ജയകൃഷ്ണന്‍ said...

ഇതു പഞ്ചചാമരമാണോ എന്ന് സംശയമുണ്ട്‌. അവിടവിടെ വൃത്തഭംഗം ഉണ്ടല്ലോ... കുസുമമഞ്ജരിയാണോ എന്നൊരു സംശയം മറ്റൊരാള്‍ പറയുകയുണ്ടായി. അങ്ങനെ വൃത്തം ഒന്നും നോക്കിയല്ല എഴുതിയത്. ഇത് വളരെ പണ്ടെഴുതിയതാണ്. കൃത്യമായി പറഞ്ഞാല്‍ പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് വെറുതെയിരുന്ന സമയത്തെ സൃഷ്ടി. വൃത്തവും അലങ്കാരവുമൊന്നും ഇവനൊരു പിടിയുമില്ല സുഹൃത്തേ അന്നും, ഇന്നും. എല്ലാവര്‍ക്കും സന്ദര്‍ശനത്തിനു നന്ദി അറിയിക്കുന്നു.