Monday, November 10, 2008

ദുഃഖമെന്ന പ്രണയിനി

തെല്ലും വിചാരിച്ചിരിക്കാതെയോര്‍ക്കാതെ
ദുഃഖമേ നീയിങ്ങണഞ്ഞിടുമ്പോള്‍
നിത്യ നീയെന്നിലെന്നാകിലും ഹൃത്തിലെ
തന്ത്രി തന്നീണം മുറിഞ്ഞിടുന്നു

അത്യഗ്നിയുള്ളില്‍ നിറഞ്ഞുജ്ജ്വലിക്കവേ
സ്വഛതയെന്നില്‍ തളര്‍ന്നിടുന്നു
ലോകമുറങ്ങുന്ന രാത്രിതന്‍ യാമത്തില്‍
യാത്രികന്‍ വീണ്ടും നടന്നിടുമ്പോള്‍
ദുഃഖമേ നീയെന്‍റെ തളരുന്ന പാദത്തില്‍
പാശം മുറുക്കുവതെന്തിനായി?

ഏതോ കിനാവിന്‍ മയൂര നൃത്തങ്ങളില്‍
താനേ മറന്നു ഞാന്‍ നിന്നിടുമ്പോള്‍
വീണ്ടും വരികയായ് നീ നിന്‍റെ കാല്‍ത്തള
രൌദ്രമായ് വീണ്ടും മുഴക്കയായി

എങ്കിലും ഞാന്‍ പ്രിയേ സ്നേഹിച്ചു പോയി -എന്‍
പ്രേയസിയായ് നീ നിറഞ്ഞതല്ലേ
രാവും പകലുമെന്‍ ജീവനില്‍, ചിന്തയില്‍
നിത്യയായ് മാറിയ കൂട്ടുകാരീ

ദുഃഖമെന്നാകിലും എന്നെ നീ കാംക്ഷിച്ചു
വന്നീടില്‍ വേറെ ഞാനെന്തു ചെയ് വൂ
ഏറ്റുവാങ്ങുന്നു ഞാന്‍ നിന്നെയെന്‍ ജീവനില്‍
കൂട്ടു ചേര്‍ത്തിന്നു ഞാന്‍ സ്വന്തമായി...

© ജയകൃഷ്ണന്‍ കാവാലം

5 comments:

ജിജ സുബ്രഹ്മണ്യൻ said...

ദുഃഖമെന്നാകിലും എന്നെ നീ കാംക്ഷിച്ചു
വന്നീടില്‍ വേറെ ഞാനെന്തു ചെയ് വൂ
ഏറ്റുവാങ്ങുന്നു ഞാന്‍ നിന്നെയെന്‍ ജീവനില്‍
കൂട്ടു ചേര്‍ത്തിന്നു ഞാന്‍ സ്വന്തമായി...


ഇങ്ങനെ തന്നെയാണു കുട്ടീ വേണ്ടത്.സുഖമാണെങ്കിലും ദു:ഖമാണെങ്കിലും കൂടെ കൂട്ടണം

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

കവിത നന്നായീ... കാന്താരികുട്ടിപറഞ്ഞതിനോട് യോജിക്കുന്നൂ... ഒരു ചെറിയ തിരുത്തലോടെ...

ഇങ്ങനെ തന്നെയാണു കുട്ടീ വേണ്ടത്.സുഖമാണെങ്കിലും ദു:ഖമാണെങ്കിലും കവിതയില്‍ കൂടെ കൂട്ടണം ജീവിതത്തില്‍ , പൊന്നേ, അബദ്ധം ചെയ്യല്ലേ...

നരിക്കുന്നൻ said...

‘എങ്കിലും ഞാന്‍ പ്രിയേ സ്നേഹിച്ചു പോയി -എന്‍
പ്രേയസിയായ് നീ നിറഞ്ഞതല്ലേ
രാവും പകലുമെന്‍ ജീവനില്‍, ചിന്തയില്‍
നിത്യയായ് മാറിയ കൂട്ടുകാരീ‘

ഈ കൂട്ടുകാരിയുടെ ഓർമ്മകളിൽ പിറന്ന മനോഹരമായ വരികൾ ഇഷ്ടമായി. സുഖവും ദുഖവും എല്ലാം ദൈവ നിശ്ചയം. അതിൽ അറിഞ്ഞ് കൂടെ നിൽക്കുന്നവർ നല്ല മനസ്സുള്ളവർ.

Jayasree Lakshmy Kumar said...

കുറെ നാൾ കൂടെ കൊണ്ടു നടക്കുമ്പോൾ ദുഖവും പിന്നൊരു സുഖമാകും

വരികൾ നന്നായിരിക്കുന്നു

കാവാലം ജയകൃഷ്ണന്‍ said...

കാന്താരിക്കുട്ടീ: സുഖത്തിനു വെറും സുഖം മാത്രമേ നല്‍കാന്‍ കഴിയൂ. എന്നാല്‍ ദുഃഖത്തിന് ധാരാളം അനുഭവപാഠങ്ങള്‍ നമുക്കു പകര്‍ന്നു തരുവാനുള്ള കഴിവുണ്ട്. ആയാസരഹിതമായി ജീവിക്കാന്‍ ദുഃഖത്തിലൂടെ വളരണം. കണ്ണുനീരില്‍ ശുദ്ധീകരിക്കപ്പെടുന്ന മനസ്സിന് നൈര്‍മല്യമുണ്ടായിരിക്കുമെന്ന് ഇവന്‍ വിശ്വസിക്കുന്നു. (മുതലക്കണ്ണീരായിരിക്കരുതെന്നു മാത്രം)


കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍: സ്വാഗതം. കുളത്തില്‍ കല്ലിടുന്നത് കുരുത്തക്കേടാണോ കൂട്ടുകാരാ? അപ്പോള്‍ കിണറ്റില്‍ തേങ്ങാമുറിയും, സോപ്പുമൊക്കെ ഇട്ടവനെ എന്തു വിളിക്കണം??? (അല്ല, എന്നെ എന്തു വിളിക്കണമെന്നറിയാനാ)

ജീവിതത്തിലും അല്പം ദുഃഖമൊക്കെ ആവാം കൂട്ടുകാരാ. എങ്കിലേ നമുക്കു സഹജീവികളെ കാണാനുള്ള കണ്ണുണ്ടാവൂ. മറ്റുള്ളവരുടെ വേദന മനസ്സിലാക്കാനുള്ള മനസ്സുണ്ടാവൂ. ഒന്നിനു വേണ്ടിയും കാത്തിരിക്കാതിരിക്കുക. വന്നു ചേരുന്നതിനെ പുറംതള്ളാതിരിക്കുക. അത്ര മാത്രം.

നരിക്കുന്നന്‍: ഇതു കൂട്ടുകാരിയുടെ ഓര്‍മ്മകളില്‍ പിറന്നതല്ല, ഓര്‍മ്മകള്‍ കൂട്ടുകാരിയായി മാറിയതാണ്.

ലക്ഷ്മി: സുഖദുഃഖങ്ങള്‍ തമ്മില്‍ വളരെയധികം ബന്ധമുണ്ടെന്നാണ് ഇവന്‍ന്‍ വിശ്വസിക്കുന്നത്. കാരണം ഇതില്‍ ഒന്നില്ലെങ്കില്‍ മറ്റൊന്നിന് മൂല്യമില്ലാതായിപ്പോകും.

സന്ദര്‍ശിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു