Thursday, November 13, 2008

കണ്മണീ നിനക്കായ്...

അങ്ങേ തൊടിയിലെ ചീരത്തളിര്‍പ്പിന്നും
നിന്‍ കവിളിന്‍ നിറമായിരുന്നു
തെക്കേ വരമ്പിലെ ചൂണ്ടപ്പനങ്കുല
നിന്‍ മുടി തന്നഴകേന്തി നിന്നു

പാടത്തു മേയുന്ന പൈക്കിടാവും
മധു ഗാനം പൊഴിക്കുന്ന കോകിലവും
നീണ്ട കാലില്‍ കലപില കിങ്ങിണിപ്പാട്ടുമായ്
തുള്ളി നടക്കുന്നൊരീ ചോലയും
നിന്‍റെ നാണത്തിലോമനേ അന്യമായീ
നിന്‍റെയീ മുഖം കണ്ടു ഞാന്‍ നിന്നു പോയീ

ആ സ്മേരദീപത്തിലാത്മാവില്‍ നമ്മുടെ
അനുരാഗ രംഗം തെളിഞ്ഞു നിന്നൂ
രാഗ പീയൂഷ പ്രസാദവുമായ്
ശുഭ ഭാവി തന്നോമനപ്പൂക്കളുമായ്
എന്‍റെ ജീവന്‍റെ കോവിലില്‍ പ്രേമപ്രകാശമായ്
ദേവി നീയെന്നോടു മിണ്ടിയപ്പോള്‍
സഖീയെല്ലാം മറന്നു ഞാന്‍ നിന്നു പോയീ
നീ നിന്‍ ജീവഗന്ധിപ്പൂക്കള്‍ തന്നു പോയീ

ഓരോ വസന്തവും നിന്‍ മുഖം വിരിയിച്ച
പുഞ്ചിരിപ്പൂക്കളായ് മാറിയപ്പോള്‍
ഓരോ കിനാവിലും നിന്നരമണികള്‍ തന്‍
കൊഞ്ചുന്ന സംഗീതം ഒഴുകിയെത്തി
ആ നളിനങ്ങളാം നയനങ്ങളില്‍
നീണ്ട വാലിട്ടെഴുതിയ നയനങ്ങളില്‍
തുമ്പി പോലെ പറന്നു പറന്നു നടക്കുന്ന
കണ്മണിയെന്നില്‍ പതിച്ചു നിന്നു
നിന്‍റെ കണ്ണുകളെന്നെയുഴിഞ്ഞെടുത്തു
ഞാന്‍ നിന്‍ കണ്‍കളില്‍ ദീപമായ് മാറിയപ്പോള്‍

എന്‍റെ കിനാക്കളില്‍ ഒരു മയില്‍പ്പീലിയായ്
നീയെന്നരികിലണഞ്ഞിരുന്നു
എന്‍റെ സുഷുപ്തിയില്‍ ഒരു വേണു ഗാനമായ്
പ്രിയ രാഗമേ നീ ഉണര്‍ന്നിരുന്നു
ആത്മരാഗങ്ങളില്‍ താളമായി
എന്‍റെ ഹൃദയം ജപിക്കുന്ന മന്ത്രമായി
പ്രേമഗാന മധ്യത്തിലെ ആരോഹണങ്ങളില്‍
ദേവി നിന്‍ പദസ്വരം കൊഞ്ചിയപ്പോള്‍
എന്‍റെ ഗാനമീ ഭൂമിക്കു തേന്‍മഴയായ്
നമ്മില്‍ പൂത്ത കിനാവുകള്‍ കുളിര്‍മഴയായ്

നിന്‍ കേശ ലതയിലെ ചെമ്പകപ്പൂക്കളെന്‍
പഞ്ചേന്ദ്രിയങ്ങളില്‍ ലഹരി തൂകി
നിന്‍ നിറമാറില്‍ തുടിക്കുന്ന രാഗമെന്‍
ജീവഗാനത്തിന്നു രാഗമേകീ
അധരപീയൂഷം നുകര്‍ന്നിടുവാന്‍
മൃദുമേനിയെന്‍ മേനിയില്‍ ചേര്‍ത്തിടുവാന്‍
വെമ്പുമെന്‍ കരള്‍ത്തുടിപ്പിന്‍റെ മൌനമന്ത്രങ്ങളില്‍
ചാരുതേ നീയും വരികളായോ
നീയെന്നനുരാഗ ഗാഥ തന്നീണമായോ...

© ജയകൃഷ്ണന്‍ കാവാലം

5 comments:

ajeeshmathew karukayil said...

very good & congrats...

siva // ശിവ said...

പ്രണയാര്‍ദ്രം ഈ വരികള്‍....

Jayasree Lakshmy Kumar said...

പ്രേമതാപസാ...!!!

smitha adharsh said...

pranaya mayam...
good lines

കാവാലം ജയകൃഷ്ണന്‍ said...

അജീഷ് മാത്യു കറുകയില്‍: ഇതൊരു പഴയ സൃഷ്ടിയാണ്. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയതാണ്. അതിന്‍റെ കുറവുകള്‍ കണ്ടേക്കാം... നന്ദി

ശിവ: നന്ദി ശിവ

ലക്ഷ്മി: അയ്യോ... എല്ലാവരും കൂടി എന്നെ പിടിച്ച് സന്യസിപ്പിക്കുന്ന ലക്ഷണമുണ്ടല്ലോ... സാരമില്ല എനിക്ക് ഒത്തിരി ആഗ്രഹമുള്ള കാര്യമാണ്. എല്ലാവരും കൂടി, വീട്ടുകാരെ കൂടി ഒന്നു സമ്മതിപ്പിച്ചു തന്നാല്‍ മതി.

സ്മിത ആദര്‍ശ്: ഈ ലോകമേ പ്രണയമയമല്ലേ...