Wednesday, October 29, 2008

ഒരമ്മ ചോദിക്കുന്നു

എന്‍റെ മോനെക്കണ്ടോ?
താരാട്ടു പാടിയും, ഉമ്മ വച്ചുറക്കിയും
സങ്കടം വന്നപ്പൊഴെല്ലാം വാരിപ്പുണര്‍ന്നും
പൂക്കളും പൂമ്പാറ്റയും എല്ലാം കാട്ടിയും
ഞാനന്നു വളര്‍ത്തിയ, പാലൂട്ടി വളര്‍ത്തിയ
എന്‍റെ മോനെക്കണ്ടോ?

അവനിന്നൊത്തിരി വലുതല്ലേ?
വളര്‍ന്നങ്ങു വലുതായില്ലേ?
ഇന്നെന്നെ നോക്കാന്‍ സമയമുണ്ടോ?
എന്നാലും അവനെന്നെ ഇഷ്ടമാ
അതെനിക്കറിയാം
അല്ലെങ്കില്‍ ഈ വൃദ്ധസദനത്തില്‍
ഇത്രയധികം പണം നല്‍കി
അവനെന്നെ സൂക്ഷിക്കാന്‍ നല്‍കുമോ?
മാസത്തിലയ്യായിരം രൂപയുടെ വിലയെനിക്കിന്നില്ലേ?
ഒരു മാസം അഞ്ഞൂറു രൂപാ ശമ്പളം കിട്ടിയിരുന്ന
എന്‍റെ കൊച്ചേട്ടനേക്കാള്‍ സമ്പന്നയല്ലേ ഞാന്‍
കൊച്ചേട്ടന്‍ പോയിട്ടും ഞാന്‍ ബാക്കി നിന്നത്
അവനു വേണ്ടിയല്ലേ, അവനു വേണ്ടി മാത്രം

എന്‍റെ മോനെക്കണ്ടോ?
അവനിന്നൂണു കഴിച്ചോ?
ഞാനില്ലെങ്കില്‍ ഇതൊക്കെയവന്‍ ചെയ്യുമോ?
അവന്‍റെ നെറ്റിയില്‍ ഞാനല്ലാതെ
മറ്റാരുണ്ടൊരു ചന്ദനക്കുറി ചാര്‍ത്തുവാന്‍
എന്‍റെ നാലാം വിരല്‍ത്തുമ്പുകൊണ്ടല്ലാതെ
ആരുണ്ടവനിന്നുയര്‍ച്ച കുറിക്കുവാന്‍?
ഇപ്പോള്‍ സമയം സന്ധ്യയായില്ലേ
നാമം ജപിക്കാന്‍ സമയമായില്ലേ
ഉറങ്ങാനൊരുങ്ങുന്ന പൂക്കളേ
നിങ്ങളവനെക്കണ്ടോ?

അത്താഴപൂജയ്ക്കടുപ്പില്‍ കിടന്ന്
തിരിഞ്ഞും മറിഞ്ഞും വെന്തു പിടയുന്ന
അന്ന ദേവതമാരേ
നിങ്ങളാരെങ്കിലുമെന്‍റെ
പൊന്നുമോനെക്കണ്ടോ?

© ജയകൃഷ്ണന്‍ കാവാലം

10 comments:

Anonymous said...

കണ്ണു നിറഞു. എന്തൊക്കെ കാണണം..നന്നായിട്ടുണ്ദു

ബഷീർ said...

അമ്മേ ..നിങ്ങളിനിയവനെ കാണില്ല. അവന്‍ പരിധിക്ക്‌ പുറത്താണിന്ന് . അമ്മയുടെ മരണത്തിനു ശേഷം അച്ചടിച്ച്‌ വരേണ്ട വര്‍ണ്ണ പരസ്യമൊരുക്കുന്ന തിരക്കിലാണവന്‍. അനുശോചന സന്ദേശങ്ങള്‍ സ്വീകരിക്കനായി മാത്രം ഒരു ഇ-മെയില്‍ ക്രിയേറ്റ്‌ ചെയ്തിട്ടുണ്ട്‌. അമ്മയ്ക്ക്‌ ആശ്വസിക്കാം

Rejeesh Sanathanan said...

ഈ അമ്മയുടെ വേദനകള്‍ ആ മകനിലുമുണ്ടാകും.ഇന്നല്ല.നാളെ

ഇതൊന്നു നോക്കൂ ഏകാന്തതയുടെ സഹയാത്രികര്‍

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

vannirunnu. kandirunnu ammaye ...

ജിജ സുബ്രഹ്മണ്യൻ said...

ഈ അമ്മയുടെ വേദന ഇന്നും മകനെ കുറിച്ചോര്‍ത്തു മാത്രം..എല്ലാ അമ്മമാരും അങ്ങനെ തന്നെ ആയിരിക്കും..ഈ മകനും നാളത്തെ അനുഭവം ഇതിലും കടുത്തതാവില്ല എന്ന് ആരു കണ്ടു... ജയന്റെ ഈ വരികള്‍ മനസ്സില്‍ വല്ലാത്ത നൊമ്പരമുണര്‍ത്തി..ആര്‍ക്കും ഈ ഗതി വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം

കാപ്പിലാന്‍ said...

ജയകൃഷ്ണന്‍ ,

വായിച്ചു എന്നല്ലാതെ എനിക്ക് വികാരം ഒന്നും തോന്നിയില്ല .കാരണം ഞാനും ഈ സമൂഹത്തിലെ ഒരംഗം.നമ്മുടെയൊക്കെ മനസാക്ഷി എന്നേ മരവിച്ചുപോയി .

ബൈജു സുല്‍ത്താന്‍ said...

:(

കാവാലം ജയകൃഷ്ണന്‍ said...

അനോണിമസ്: സ്വാഗതം. നമ്മുടെ നാട്ടിലെ കാഴ്ചകള്‍ അടുത്തറിയും തോറും നാം ഭ്രാന്തന്മാരാഇക്കൊണ്ടിരിക്കുകയെ ഉള്ളൂ. തിരുത്തലുകള്‍ ഇഷ്ടപ്പെടാത്ത തീരെയും സഹിഷ്ണുതയില്ലാത്ത സമൂഹമായി മാറിക്കൊണ്ടിരിക്കുകയാണ് നാം ഓരോരുത്തരും ഉള്‍പ്പെടുന്ന നമ്മുടെ സമൂഹം.

ബഷീര്‍ വെള്ളറക്കാട്: ഈ അനുബന്ധത്തിന് മലയാളിയുടെ മുഖത്ത് വീഴുന്ന അടിയുടെ ചൂടുണ്ട്‌. പക്ഷേ ഓരോ അടിയും വ്യര്‍ത്ഥമാണ്. കാരണം സ്വയം അറിഞ്ഞു കൊണ്ടു തെറ്റു ചെയ്യുന്നവരാണു നമ്മള്‍.

മാറുന്ന മലയാളി: സ്വാഹതം. തീര്‍ച്ചയായും അതു നാളെ അവന്‍ അറിയുക തന്നെ ചെയ്യും.ഇന്നു ഞാന്‍ നാളെ നീ എന്ന സത്യം കാലത്തിന്‍റെ നിയമപുസ്തകത്തില്‍ നിന്നും മായുവോളം അനുഭവങ്ങളുടെ, പ്രവൃത്തികളുടെ ഈ തനിയാവര്‍ത്തനം തുടരും.

ജ്യോതിച്ചേച്ചി: സന്ദര്‍ശനത്തിനു നന്ദി.

കാന്താരിക്കുട്ടി: ഈ ഗതികേടില്‍ കഴിയുന്ന ധാരാളം പേര്‍ നമുക്കിടയിലുണ്ട്‌ എന്നത് ഒരു സത്യം തന്നെയാണ്. മനുഷ്യന് അറിവിനോടൊപ്പം തിരിച്ചറിവും വിവരവും ഉയരാത്തതിന്‍റെ കുഴപ്പം. അല്ലാതെന്താ.

കാപ്പിലാന്‍: സ്വാഗതം. സത്യമാണത്.നമ്മുടെ കണ്മുന്‍പില്‍, അതുമല്ലെങ്കില്‍ നമ്മുടെ കുടുംബത്തില്‍ തന്നെ ഇത്തരം പ്രവൃത്തികള്‍ നടന്നാലും നാം നിസ്സഹായരായി നോക്കി നില്‍ക്കുകയല്ലേ ചെയ്യൂ. ഒരു വാക്കു കൊണ്ടു പോലും ഇതിനൊന്നും എതിരെ സംസാരിക്കാന്‍ നാമൊരു പക്ഷേ മിനക്കെടാരില്ല. അല്ലെങ്കില്‍ അതിനുള്ള ആര്‍ജ്ജവം നമുക്കുണ്ടാകാറില്ല. മനഃസ്സാക്ഷിയുടെ മരവിപ്പു തന്നെയാണത്.

ബൈജു സുല്‍ത്താന്‍: സ്വാഗതം. സന്ദര്‍ശനത്തിനു നന്ദി അറിയിക്കുന്നു.

Jayasree Lakshmy Kumar said...

സ്നേഹം...മുകളിൽ നിന്നും താഴേക്കു മാത്രം ഒഴുക്കുള്ള നദി

കാവാലം ജയകൃഷ്ണന്‍ said...

ലക്ഷ്മി: സത്യമാണത്. സഹസ്രദളപദ്മത്തിലെ അമൃതവര്‍ഷം പോലെ, ദേവദേവന്‍റെ തിരുജടയില്‍ നിന്നൊഴുകുന്ന ഗംഗ പോലെ... സര്‍വ്വാര്‍ത്ഥമായി, സര്‍വ്വ ഗുണവാഹിനിയായി... അവധിയില്ലാതെ അത് ഒഴുകിയിറങ്ങുന്നു... ആ തീര്‍ത്ഥം ഒരിക്കല്‍ പാനം ചെയ്തവര്‍ വീണ്ടും വീണ്ടും അതിനായി മോഹിക്കുന്നു...