Saturday, October 18, 2008
വെറുതേ ഒരു പാട്ട് (ചുമ്മാതിരിക്കുമ്പോള്‍ പാടാം)
കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
കാത്തു നില്‍ക്കുകയായിരുന്നു
കരളേ നിന്നുടെ കരിവളയുടെ
കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
കവിത പൂക്കുകയായിരുന്നു
കരിയില വഴി കഴിഞ്ഞു പോകുമ്പോള്‍
കരിനിലത്തിന്‍ വരമ്പത്ത്
കണവനെന്നുടെ വരവും കാത്തു നീ
പിണങ്ങി നില്‍ക്കുകയായിരുന്നോ-മിഴി
നിറഞ്ഞിരിക്കുകയായിരുന്നോ
കറുത്ത മാനത്ത് നിറഞ്ഞ താരക
നിരനിരന്നു ചിരിച്ചപ്പോള്‍
കരിവിളക്കിന്‍റെ മുനിഞ്ഞ വെട്ടത്തില്‍
തനിച്ചു കണ്ട കിനാവേത്-മുഖം
കുനിഞ്ഞു നാണിച്ചതെന്താണ്
കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതനെതാണ്-നിന്‍റെ
കരളു പാടിയതെന്താണ്
കിഴക്കുപാടത്ത് കതിരണിഞ്ഞ നെല്‍-
ച്ചെടികള്‍ നാണിച്ചു നിന്നപ്പോള്‍
തുടുത്ത നിന്‍ കവിള്‍പ്പൂവിലെന്‍ മനം
പറിച്ചു നട്ടതു നീയറിഞ്ഞോ-വെയില്‍
മറഞ്ഞു നിന്നതു നീയറിഞ്ഞോ
കറുത്ത സുന്ദരി കരിമഷിയിട്ട
കരിമീനോടണ കണ്ണുകളാല്‍
കഥ പറഞ്ഞെന്‍റെ കനവിനുള്ളില്
കണിയൊരുക്കിയ പെണ്ണല്ലേ-വിഷു-
ക്കണിയായ് മാറിയ മുത്തല്ലേ
നടവരമ്പിലെ നനുനനുത്തൊരു
നനവിലൂടെ നടക്കുമ്പോള്‍
നാണം കൊണ്ടെന്‍റെ നാട്ടുമാവിന്‍റെ
മറവിലന്നു മറഞ്ഞൂ നീ-നാട്ടു
മാങ്ങ പോലെ ചുവന്നൂ നീ
വരമ്പുടച്ചു നെല്‍ വയലിന്നോരത്തു
കലപ്പയേന്തി ഞാന്‍ പോകുമ്പോള്‍
കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ...
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Thursday, October 16, 2008
കവിതയുടെ അമ്മ പറയുന്നത്
ദൂരേ നിലാവത്തു മിഴി നട്ടു നില്‍ക്കുന്ന
കവിതേ നീയാണെന്‍റെ ദുഃഖപുത്രി
നാണം കുണുങ്ങുന്ന നൂപുരം ചാര്‍ത്തി നീ
നാണിച്ചു നാണിച്ചണയുമ്പൊഴും
ഏതോ കിനാവിന്‍റെയാഗമം കാത്തു നീ
ദൂരേയ്ക്കു കണ്‍ നീട്ടി നില്‍ക്കുമ്പൊഴും
ചായും വെയിലത്തു കോലകത്തിണ്ണയില്‍
ചാഞ്ഞു നിന്നെന്നോടു കൊഞ്ചുമ്പൊഴും
തേങ്ങുന്നിട നെഞ്ചമോമനേ നിന്നിലെ
വൈകല്യമോര്‍ത്തു; ഞാനമ്മയല്ലേ
അന്നോളമതുവരെ കാണാക്കിനാവു നീ
അന്നെന്‍റെ മകളായ് പിറന്നപ്പൊഴും
അച്ഛന്‍റെയാശ്ലേഷ,ചുംബനച്ചൂടേറ്റു
കുഞ്ഞിളം മേനി തുടുത്തപ്പോഴും
പിന്നെനീയിക്കയ്യില്‍ നെയ്യാമ്പല്‍ മൊട്ടു പോല്‍
താരാട്ടു കേട്ടു കുണുങ്ങുമ്പൊഴും
എത്രയോ ജന്മത്തിനര്‍ത്ഥമാം കുഞ്ഞേ നിന്‍
കുഞ്ഞുകാലിളകാന്‍ മടിച്ചതെന്തേ
പിന്നെ നീയമ്മതന്നോമനയായ് കൊച്ചു
പൂവുപോല്‍ മെല്ലെ വിരിഞ്ഞു
പിന്നെ നീയേതോ പ്രതീക്ഷതന്‍ നാളമായ്
നെഞ്ചകം തന്നില്‍ തെളിഞ്ഞു
പിന്നെ നീ നീയായ് തളിര്‍ത്തു
ഒരായിരം സ്വപ്ന രാജ്യങ്ങള്‍ ഭരിച്ചു
പിന്നെ നീയെത്രയോ നക്ഷത്ര ശോഭയെ
ഓമനക്കണ്‍കളില്‍ ചേര്‍ത്തു
മകളേ തപിക്കുന്നു നിന്‍റെയീ കൌമാര
വാസന്ത സന്ധ്യയില്‍ പോലും
അമ്മയല്ലേ, നിന്‍റെ നന്മയാണെപ്പൊഴും
അമ്മയ്ക്കു നെഞ്ചകത്തേറ്റം
നാളെ, നീ വേനലിന്‍ വെയിലേറ്റു ഭൂമിയില്‍
ഏകയായ് യാത്ര ചെയ്യുമ്പോള്‍
താങ്ങാകുവാന്‍ പോന്ന കൈകളെക്കാത്തു ഞാന്‍
എങ്ങും തിരയുന്നു നിത്യം
കവിതേ നീയാണെന്‍റെ ദുഃഖപുത്രി
നാണം കുണുങ്ങുന്ന നൂപുരം ചാര്‍ത്തി നീ
നാണിച്ചു നാണിച്ചണയുമ്പൊഴും
ഏതോ കിനാവിന്‍റെയാഗമം കാത്തു നീ
ദൂരേയ്ക്കു കണ്‍ നീട്ടി നില്‍ക്കുമ്പൊഴും
ചായും വെയിലത്തു കോലകത്തിണ്ണയില്‍
ചാഞ്ഞു നിന്നെന്നോടു കൊഞ്ചുമ്പൊഴും
തേങ്ങുന്നിട നെഞ്ചമോമനേ നിന്നിലെ
വൈകല്യമോര്‍ത്തു; ഞാനമ്മയല്ലേ
അന്നോളമതുവരെ കാണാക്കിനാവു നീ
അന്നെന്‍റെ മകളായ് പിറന്നപ്പൊഴും
അച്ഛന്‍റെയാശ്ലേഷ,ചുംബനച്ചൂടേറ്റു
കുഞ്ഞിളം മേനി തുടുത്തപ്പോഴും
പിന്നെനീയിക്കയ്യില്‍ നെയ്യാമ്പല്‍ മൊട്ടു പോല്‍
താരാട്ടു കേട്ടു കുണുങ്ങുമ്പൊഴും
എത്രയോ ജന്മത്തിനര്‍ത്ഥമാം കുഞ്ഞേ നിന്‍
കുഞ്ഞുകാലിളകാന്‍ മടിച്ചതെന്തേ
പിന്നെ നീയമ്മതന്നോമനയായ് കൊച്ചു
പൂവുപോല്‍ മെല്ലെ വിരിഞ്ഞു
പിന്നെ നീയേതോ പ്രതീക്ഷതന്‍ നാളമായ്
നെഞ്ചകം തന്നില്‍ തെളിഞ്ഞു
പിന്നെ നീ നീയായ് തളിര്‍ത്തു
ഒരായിരം സ്വപ്ന രാജ്യങ്ങള്‍ ഭരിച്ചു
പിന്നെ നീയെത്രയോ നക്ഷത്ര ശോഭയെ
ഓമനക്കണ്‍കളില്‍ ചേര്‍ത്തു
മകളേ തപിക്കുന്നു നിന്‍റെയീ കൌമാര
വാസന്ത സന്ധ്യയില്‍ പോലും
അമ്മയല്ലേ, നിന്‍റെ നന്മയാണെപ്പൊഴും
അമ്മയ്ക്കു നെഞ്ചകത്തേറ്റം
നാളെ, നീ വേനലിന്‍ വെയിലേറ്റു ഭൂമിയില്‍
ഏകയായ് യാത്ര ചെയ്യുമ്പോള്‍
താങ്ങാകുവാന്‍ പോന്ന കൈകളെക്കാത്തു ഞാന്‍
എങ്ങും തിരയുന്നു നിത്യം
ലോകക്കറുപ്പിലൊരിത്തിരി വെട്ടമായ്
മിന്നുന്ന കാരുണ്യം തേടി
അമ്മയാണിവളൊരു കുഞ്ഞിന്‍റെ, ജീവിതം
വികലാംഗയാക്കിയ പെണ്ണിന്‍...
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Thursday, August 14, 2008
വര്‍ഷം
(ആലാപനം-ആഡിയോ താഴെ...)
നീറും കനല്‍മുടിയേന്തിയേന്തി
താനേ നടന്നു തളര്‍ന്ന മെയ്യില്‍
ഭാരം മറന്നു കുളിരൊന്നിതേല്‍ക്കാന്‍
പാരം കനിഞ്ഞരുള്‍ക വര്‍ഷമേ നീ
ഏറുന്നയാധികളിലെന്നുമെന്നും
പാടുന്നു ജീവിതദുരന്ത ഗാനം
ആളുന്നവധി കിടയാതെ നിത്യം
ഏറുന്ന മോഹ ജഠരാഗ്നി മാത്രം
കാണുന്നിതെന്‍ നിനവിലെന്നുമെന്നും
കാര്‍കൊണ്ടൊരെന്‍ ഗഗന ചക്രവാളം
കാലമോ കാറ്റോ പ്രതീക്ഷകള്‍ തന്‍
മങ്ങും കരിന്തിരിയണച്ചിതല്ലോ
താരം മയങ്ങിയൊരു വര്‍ഷ സന്ധ്യേ
പോരാ തവാനന വിഷാദ ഭാവം
പോരുന്നിതെന്‍ ഭുവിലെ ശോക രാഗം
ക്ഷീരാബ്ധി തന്നകല സീമയോളം
നേര്‍ കണ്ടറിഞ്ഞ പല മാമുനിക്കും
പോരാ തപോബലമെനിക്കു ചേരും
തൈലം ചമച്ചു മന നോവകറ്റാന്‍
ദേവാക്ഷരങ്ങളില്‍ തിരുത്തു തീര്‍ക്കാന്‍
ഈയുച്ച സൂര്യമുഖ ശോഭ കണ്ടോ
വീണ്ടും വിടര്‍ന്നിടുമീ മോഹപുഷ്പം
വാടിക്കൊഴിഞ്ഞു മന നോവകറ്റാന്‍
താനേ പൊഴിഞ്ഞരുള്‍ക വര്‍ഷമേ നീ
മണ്ണിന്‍റെ രാജസ വികാരഭാവം
ഉള്ളില്‍ കൊളുത്തി സുഖ രാശി തേടി
വേഗത്തിലോടിയിടറുന്ന പാദം
താണ്ടുന്നു നീണ്ട വികാര ലോകം
വേനല്‍വെയില്‍ പകരുമുഷ്ണമേറ്റെന്‍
പ്രാണന്‍ കനല്‍ക്കനി ഭുജിച്ചിടുമ്പോള്‍
കാമം വെടിഞ്ഞുയരെ പദ്മ പുഷ്പേ
ജീവന്‍ രമിപ്പതിനു ഹേതുവായി,
ഭോഗത്തിലാണ്ട മമ ദേഹഭാരം
തീര്‍ത്ഥങ്ങള്‍ പൂകി വിലയിച്ചിടുമ്പോള്‍
തുള്ളിത്തിമിര്‍ത്തുമിടി നാദമോടേ
കോരിച്ചൊരിഞ്ഞിടുക വര്‍ഷമേ നീ
© ജയകൃഷ്ണന്‍ കാവാലം
താനേ നടന്നു തളര്‍ന്ന മെയ്യില്‍
ഭാരം മറന്നു കുളിരൊന്നിതേല്‍ക്കാന്‍
പാരം കനിഞ്ഞരുള്‍ക വര്‍ഷമേ നീ
ഏറുന്നയാധികളിലെന്നുമെന്നും
പാടുന്നു ജീവിതദുരന്ത ഗാനം
ആളുന്നവധി കിടയാതെ നിത്യം
ഏറുന്ന മോഹ ജഠരാഗ്നി മാത്രം
കാണുന്നിതെന്‍ നിനവിലെന്നുമെന്നും
കാര്‍കൊണ്ടൊരെന്‍ ഗഗന ചക്രവാളം
കാലമോ കാറ്റോ പ്രതീക്ഷകള്‍ തന്‍
മങ്ങും കരിന്തിരിയണച്ചിതല്ലോ
താരം മയങ്ങിയൊരു വര്‍ഷ സന്ധ്യേ
പോരാ തവാനന വിഷാദ ഭാവം
പോരുന്നിതെന്‍ ഭുവിലെ ശോക രാഗം
ക്ഷീരാബ്ധി തന്നകല സീമയോളം
നേര്‍ കണ്ടറിഞ്ഞ പല മാമുനിക്കും
പോരാ തപോബലമെനിക്കു ചേരും
തൈലം ചമച്ചു മന നോവകറ്റാന്‍
ദേവാക്ഷരങ്ങളില്‍ തിരുത്തു തീര്‍ക്കാന്‍
ഈയുച്ച സൂര്യമുഖ ശോഭ കണ്ടോ
വീണ്ടും വിടര്‍ന്നിടുമീ മോഹപുഷ്പം
വാടിക്കൊഴിഞ്ഞു മന നോവകറ്റാന്‍
താനേ പൊഴിഞ്ഞരുള്‍ക വര്‍ഷമേ നീ
മണ്ണിന്‍റെ രാജസ വികാരഭാവം
ഉള്ളില്‍ കൊളുത്തി സുഖ രാശി തേടി
വേഗത്തിലോടിയിടറുന്ന പാദം
താണ്ടുന്നു നീണ്ട വികാര ലോകം
വേനല്‍വെയില്‍ പകരുമുഷ്ണമേറ്റെന്‍
പ്രാണന്‍ കനല്‍ക്കനി ഭുജിച്ചിടുമ്പോള്‍
കാമം വെടിഞ്ഞുയരെ പദ്മ പുഷ്പേ
ജീവന്‍ രമിപ്പതിനു ഹേതുവായി,
ഭോഗത്തിലാണ്ട മമ ദേഹഭാരം
തീര്‍ത്ഥങ്ങള്‍ പൂകി വിലയിച്ചിടുമ്പോള്‍
തുള്ളിത്തിമിര്‍ത്തുമിടി നാദമോടേ
കോരിച്ചൊരിഞ്ഞിടുക വര്‍ഷമേ നീ
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Saturday, August 09, 2008
വര്‍ഷം-കവിത-ശബ്ദശില്പം
|
വര്‍ഷം-കവിത-ശബ്ദശില്പം
രചന: ജയകൃഷ്ണന്‍ കാവാലം
ശീര്‍ഷകം: അരുണ്‍.ബി
ആലാപനം: മിനു എന്‍
© ജയകൃഷ്ണന്‍ കാവാലം
Labels:
ഓഡിയോ
Thursday, July 17, 2008
റോഷിണി (അവസാന ഭാഗം)
ഒഴുകുന്ന കണ്ണീലെ തീര്‍ത്ഥരേണുക്കളായ്
ഇടറുന്ന പദഗമന വേഗത്തിന്‍ താളമായ്
നീറുമെന്‍ മനസ്സിന്‍റെ നോവു നീ റോഷിണീ
റോഷിണീ നീ വിടര്‍ന്നതും, പിന്നെ-
പടര്‍ന്നതും, പൂന്തേന്‍ കിനിഞ്ഞതും,
എന്നുള്ളിലെരിയുന്ന കാമാഗ്നിയില്‍
ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,
നീണ്ടയിരവുകള്‍ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നില്‍ നിറഞ്ഞതും,
നാഗശരീരിയായ് നീയെന്‍റെ മേനിയില്‍
മാറാടി വീണു തളര്‍ന്നതും,
പോരാടിയെന്നൂര്‍ജ്ജ ബാഷ്പരേണുക്കളില്‍
നീരാടിയമൃതം നുകര്‍ന്നതും,
വിഷപ്പല്ലിറക്കാതെ കണ്ഠപാര്‍ശ്വങ്ങളില്‍
തേന്‍ ചുണ്ടമര്‍ത്തിക്കടിച്ചതും,
ഓര്‍മ്മയിലിന്നുമൊരു കനല്‍ച്ചൂടായി
നീറുന്നു, പടരുന്നു, തകരുന്നു ഞാനും
ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-
യാളുന്നു ദാഹാര്‍ത്തയായിന്നു റോഷിണീ
മേവുന്നു റോഷിണീ നീയൊരു ശിലാശില്പ
ഭംഗിയാര്‍ന്നിരവിന്‍റെ വധുവായി, മധുവായി,
കാമ കേളീ രസലോലയായ് മനസ്സിലെ
കാടു പിടിച്ചൊരീ യക്ഷിത്തറകളില്‍,
ഉദ്യാനഭൂമിതന്‍ ഹൃദ്സ്പന്ദനങ്ങളില്‍,
വിജ്ഞാനശാലതന്നന്തപ്പുരങ്ങളില്‍,
കാമാര്‍ത്തയായിട്ടലഞ്ഞു നീ റോഷിണീ
ആചാര്യ ഭോഗത്തില്‍ നിര്‍വൃതി തേടി നീ!
ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ
മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്
മഹിതമാം ജന്മത്തിനര്‍ത്ഥം കുറിക്കുന്ന
മഹിതപത്രത്തില്‍ കളങ്കം കുറിച്ചു നീ!
അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ
എന്നെയറിഞ്ഞൊരു മുഗ്ധകുസുമമായ്,
പടരുന്നുവെന്നിലെ നിന്നുടെയോര്‍മ്മയില്‍
തിരയുന്നു നിന്‍റെ വിഷലിപ്ത ദംശനം
സുപ്രഭാഗര്‍ഭത്തില്‍ സൂര്യബീജം
വീണുണര്‍വള്‍
സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോള്‍
സപ്രമഞ്ചങ്ങളില്‍ രാത്രികള്‍ ലീലയാല്‍
സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോള്‍
സ്വപ്നവേഗത്തിലെന്‍ മാറിലെ ചൂടിനാല്‍
സ്വര്‍ണ്ണകുംഭങ്ങളില്‍ ക്ഷീരം ചുരത്തുവോള്‍
റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവള്‍
നേരിന്‍റെ നേരേ പുലഭ്യം പറഞ്ഞവള്‍
ലോകസത്യങ്ങള്‍ തന്നാഭിജാത്യത്തിലേ-
ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവള്‍
രാശിചക്രങ്ങളില്‍ ദൈവജ്ഞര്‍ കാണാത്ത-
രോഹിണി നക്ഷത്ര പാപം ചുമക്കുവോള്‍,
നാടിന്‍ സദാചാര മംഗളദീപത്തി-
ലെന്നും കരിന്തിരിയായി രമിപ്പവള്‍.
നിന്‍ ശ്വാസ, നിശ്വാസ സീല്‍ക്കാര നാദത്തി-
ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയില്‍,
സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,
കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം
പൂണ്ടുയര്‍ന്നു താഴും നിന്‍റെ കണ്ഠനാളത്തിന്‍റെ
ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവര്‍
ആ തീക്ഷ്ണ ദൃഷ്ടിതന്‍ മുനയേറ്റു-
രക്തം ചൊരിഞ്ഞവര്‍,
ശത കോടി ജന്മപുണ്യങ്ങളെ-
രേതസ്സു ചേര്‍ത്തു ഹോമിച്ചവര്‍,
നീ തീര്‍ത്ത കാമസമുദ്രച്ചുഴികളില്‍
അറിയാതെയാഴ്ന്നു മരിച്ചവര്‍,
നിന്‍ ഭോഗതൃഷ്ണതന്‍ ശരമേറ്റു-
മണ്ണില്‍ പതിച്ചവര്‍,
നിന്‍റെ സാമീപ്യത്തിനായി തപം ചെയ്തു-
തര്‍പ്പണപ്പലകയില്‍ രക്തമര്‍ച്ചിച്ചവര്‍…
ചിതറുന്നു പൊലിയുന്നവര്‍ക്കൊപ്പമെന്നിലെ
നിന്നില്‍ സമര്‍പ്പിച്ച പ്രണയവും മനസ്സും.
ഇനിയില്ല നിന്‍റെയനന്യമാം മാദക-
ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നില്‍.
വിടരില്ല നീയിനി വിഷപരാഗങ്ങള്‍ തന്‍-
ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.
പടരില്ലയിനിയും നീയാരിലും, പൂന്തേന്‍-
കിനിയില്ല, ലഹരിതന്‍ പാനപാത്രത്തില്‍ നീ-
നുരയില്ല, മനസ്സിന്‍റെയേകാന്ത നിദ്രയില്‍-
തെളിയില്ല ജീവിതസ്വപ്നവര്‍ണ്ണങ്ങളായ്.
കരയുവാനല്ലയെന്‍ തൂലികത്തുമ്പിനാല്‍
പൊരുതുവാനായി ജനിച്ചവന്‍ ഞാന്‍!
തളരുവാനല്ലെന്‍റെയുയിരിന്‍ പ്രഭാവത്തി-
ലൊരു യുഗം തീര്‍ക്കുവാന്‍ വന്നവന്‍ ഞാന്‍!
ഇരുളിന്‍റെ വഴികളിലഭിസാരികേ നിന്‍റെ
ചരിതം തിരുത്തുവാന്‍ വന്നവന്‍ ഞാന്‍!
കവിധര്‍മ്മമത്രേ!, ഇതെന്നില്‍ നിയുക്തമാം
വിധി തന്ന മോചന ഹൃദയമന്ത്രം!!!
മൃത്യുവിന്‍ മടിയിലടിയുന്നതിന്‍ മുന്‍പേ,
ഓര്‍മ്മയായ് ഞാനൊടുങ്ങുന്നതിന്‍ മുന്‍പേ,
കത്തിജ്വലിക്കുമെന്നന്തരംഗത്തിലെ-
ചിന്തതന്നൂഷ്മാവുറവായിടും മുന്‍പേ,
കോര്‍ത്തിടും മണിമുത്തു മാലകള്‍ നിനക്കായി
അഗ്നിവിശുദ്ധയായ് നീ വന്നണയുമ്പോള്‍.
സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ
ഞാന്‍ തീര്‍ത്ത കണ്ണുനീര്‍ കാവ്യതീര്‍ത്ഥങ്ങളാല്‍
നീ വന്നുദിച്ചിടുമിനിയുമെന്‍ മനസ്സിന്‍റെ
ശശിലേഖ മായാത്ത വാനവീഥികള്‍ തോറും
തിരികെയൊരു വഴി നീ തിരയും,
പ്രതീക്ഷതന്‍ പുതിയ നാളത്തിനായ് കേഴും
പുതിയൊരുഷസ്സിന്‍റെ പൊന്‍കതിരണിയുവാന്‍
മുകുളമായിനി നീ കുരുക്കും.
അവിടെ നീ കേള്‍ക്കുമെന്നുയിരിന്‍റെയൂര്‍ജ്ജം
സുധയായ് പൊഴിയുന്ന മോചനഗീതികള്‍
അവിടെ നീ കാണുമെന്‍ ദേഹം, മഹാഗ്നി തന്‍-
പരിലാളനത്താല്‍ ജ്വലിച്ച ചിത്രം.
അവിടെ നീ കേള്‍ക്കുമാ പ്രേമകുടീരത്തിലെ,
പ്രകൃതി തന്നിടറുന്ന കണ്ഠത്തില്‍ നിന്നും,
ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകന്‍
വിട വാങ്ങിയെന്ന വിലാപ ഗീതം.
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Subscribe to:
Posts (Atom)
