Thursday, August 14, 2008

വര്‍ഷം

(ആലാപനം-ആഡിയോ താഴെ...)

നീറും കനല്‍മുടിയേന്തിയേന്തി
താനേ നടന്നു തളര്‍ന്ന മെയ്യില്‍
ഭാരം മറന്നു കുളിരൊന്നിതേല്‍ക്കാന്‍
പാരം കനിഞ്ഞരുള്‍ക വര്‍ഷമേ നീ

ഏറുന്നയാധികളിലെന്നുമെന്നും
പാടുന്നു ജീവിതദുരന്ത ഗാനം
ആളുന്നവധി കിടയാതെ നിത്യം
ഏറുന്ന മോഹ ജഠരാഗ്നി മാത്രം

കാണുന്നിതെന്‍ നിനവിലെന്നുമെന്നും
കാര്‍കൊണ്ടൊരെന്‍ ഗഗന ചക്രവാളം
കാലമോ കാറ്റോ പ്രതീക്ഷകള്‍ തന്‍
മങ്ങും കരിന്തിരിയണച്ചിതല്ലോ

താരം മയങ്ങിയൊരു വര്‍ഷ സന്ധ്യേ
പോരാ തവാനന വിഷാദ ഭാവം
പോരുന്നിതെന്‍ ഭുവിലെ ശോക രാഗം
ക്ഷീരാബ്ധി തന്നകല സീമയോളം

നേര്‍ കണ്ടറിഞ്ഞ പല മാമുനിക്കും
പോരാ തപോബലമെനിക്കു ചേരും
തൈലം ചമച്ചു മന നോവകറ്റാന്‍
ദേവാക്ഷരങ്ങളില്‍ തിരുത്തു തീര്‍ക്കാന്‍

ഈയുച്ച സൂര്യമുഖ ശോഭ കണ്ടോ
വീണ്ടും വിടര്‍ന്നിടുമീ മോഹപുഷ്പം
വാടിക്കൊഴിഞ്ഞു മന നോവകറ്റാന്‍
താനേ പൊഴിഞ്ഞരുള്‍ക വര്‍ഷമേ നീ

മണ്ണിന്‍റെ രാജസ വികാരഭാവം
ഉള്ളില്‍ കൊളുത്തി സുഖ രാശി തേടി
വേഗത്തിലോടിയിടറുന്ന പാദം
താണ്ടുന്നു നീണ്ട വികാര ലോകം

വേനല്‍വെയില്‍ പകരുമുഷ്ണമേറ്റെന്‍
പ്രാണന്‍ കനല്‍ക്കനി ഭുജിച്ചിടുമ്പോള്‍
കാമം വെടിഞ്ഞുയരെ പദ്മ പുഷ്പേ
ജീവന്‍ രമിപ്പതിനു ഹേതുവായി,

ഭോഗത്തിലാണ്ട മമ ദേഹഭാരം
തീര്‍ത്ഥങ്ങള്‍ പൂകി വിലയിച്ചിടുമ്പോള്‍
തുള്ളിത്തിമിര്‍ത്തുമിടി നാദമോടേ
കോരിച്ചൊരിഞ്ഞിടുക വര്‍ഷമേ നീ

© ജയകൃഷ്ണന്‍ കാവാലം

8 comments:

ഫസല്‍ ബിനാലി.. said...

നന്നായിട്ടുണ്ട്,
ആശംസകളോടെ.......

ചാണക്യന്‍ said...

ഞാനിവിടെ വന്നിരുന്നു,
മെയിലിന് മറുപടി അയച്ചിട്ടുണ്ട്..

chithrakaran ചിത്രകാരന്‍ said...

പ്രിയ ജയകൃഷ്ണന്‍,
ചിത്രകാരന്‍ ചെറിയ തോതിലൊന്നു വായിച്ചതേയുള്ളു. അതില്‍ തോന്നിയ അഭിപ്രായം പറയാം.
താങ്കളുടെ പ്രൊഫൈല്‍ എഴുത്തില്‍ തേന്‍ തുള്ളിപോലെ കവിതയുണ്ട്. അത്രക്ക് കാവ്യരസം വര്‍ഷം എന്ന ഈ കവിതയില്‍ ഇല്ലതാനും. പാണ്ഡിത്ത്യത്തിന്റെ അലങ്കാര വാക്കുകളുടെ ഭാണ്ഡം വലിച്ചെറിഞ്ഞ് താങ്കളുടെ തേന്‍ കിനിയുന്ന ഗ്രാമത്തിന്റെ ബോധി വൃഷമാകുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.
വ്യക്തിപരമായി കുറച്ചു സ്നേഹം തോന്നിയതാണ്, വിരോധിക്കരുതേ !
സനേഹം :)
പാട്ട് കേട്ടില്ല.

കാവാലം ജയകൃഷ്ണന്‍ said...

ഫസല്‍, ചാണക്യന്‍ നന്ദി...

ചിത്രകാരന്‍: താങ്കളുടെ പ്രതികരണം ചിന്തിപ്പിക്കുന്നതാണ്. പ്രൊഫൈലിലുള്ളത് എന്‍റെ ഗ്രാമത്തെക്കുറിച്ച് ഏതൊരു ഗ്രാമീണനുമുള്ള തേന്‍ തുളുമ്പുന്ന അനുഭവങ്ങളും, ഓര്‍മ്മകളുമാണ്. കവിതയില്‍ ചിലപ്പോഴൊക്കെ അല്പം ചിന്താശകലങ്ങളും, അന്വേഷണവും, പ്രണയവും എല്ലാം കടന്നു വരുന്നതിലെ അനൌചിത്യം മനസ്സിലാവുന്നില്ല. (സ്വയം ന്യായീകരിക്കുകയാനെന്നു കരുതരുതെന്ന് അപേക്ഷ)

പലരും ചൂണ്ടിക്കാണിച്ച ഒരു കാര്യമാണ് ഇത്‌. വിശിഷ്യാ വര്‍ഷം, നേര്‍ രേഖ തേടി, എനിക്കു ചിതയൊരുങ്ങുമ്പോള്‍ തുടങ്ങിയ കവിതകളേക്കുറിച്ച്‌. മനഃപ്പൂര്‍വ്വമല്ല, ചില സമയങ്ങളില്‍ സംഭവിച്ചു പോകുന്നുവെന്നേയുള്ളൂ.

സ്നേഹം പോലെ മധുരമായ മറ്റെന്താണുള്ളതു ചിത്രകാരാ... ആ മധുരം താങ്കളുമായി ഇതാ ഞാന്‍ പങ്കു വയ്ക്കുന്നു

സ്നേഹപൂര്‍വ്വം

ജയകൃഷ്ണന്‍

Sapna Anu B.George said...

വാടിക്കൊഴിഞ്ഞു മന നോവകറ്റാന്‍
താനേ പൊഴിഞ്ഞരുള്‍ക വര്‍ഷമേ നീ
...........നല്ല വരികള്‍

Tressy said...

i dont have anything to comment on but i think its a good work.
thanz for dropping @ The Plateau.
i have left a reply there.
Keep Going.
cheers,
tressy

കാവാലം ജയകൃഷ്ണന്‍ said...

സപ്ന അനു നന്ദി,

tressy, സ്വാഗതം. സന്ദര്‍ശനത്തിനു നന്ദി. വീണ്ടും വരിക

നന്ദു കാവാലം said...

അനന്തിരവന്
കാവാലത്തു പോയിരുന്നു.
വാലടി അമ്പലവും,വിളക്കിനു പുറകിലെ ദൈവ സാന്നിധ്യവും അറിഞ്ഞു
രമച്ചേച്ചിയെ കണ്ടു.
ചെന്നിടത്തെല്ലാം ...കൊച്ചംബലത്തിലെ പുല്‍ക്കൊടി വരെ എന്‍റ്റെ അനന്തിരവനെ കുറിച്ചു അഭിമാനത്തോടെ മാത്രം പറയുന്നതു കേട്ടപ്പൊ തീര്‍ച്ചയാക്കി...
ഇതു ഇനി ജയകൃഷ്ണന്‍റെ സമയം....
നന്ദു കാവാലം