Thursday, July 17, 2008

റോഷിണി (അവസാന ഭാഗം)


ചിതറുമെന്നോര്‍മ്മകള്‍ക്കുള്ളില്‍ വസന്തമായ്
ഒഴുകുന്ന കണ്ണീലെ തീര്‍ത്ഥരേണുക്കളായ്
ഇടറുന്ന പദഗമന വേഗത്തിന്‍ താളമായ്
നീറുമെന്‍ മനസ്സിന്‍റെ നോവു നീ റോഷിണീ

റോഷിണീ നീ വിടര്‍ന്നതും, പിന്നെ-
പടര്‍ന്നതും, പൂന്തേന്‍ കിനിഞ്ഞതും,
എന്നുള്ളിലെരിയുന്ന കാമാഗ്നിയില്‍
ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,

നീണ്ടയിരവുകള്‍ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നില്‍ നിറഞ്ഞതും,
നാഗശരീരിയായ് നീയെന്‍റെ മേനിയില്‍
മാറാടി വീണു തളര്‍ന്നതും,

പോരാടിയെന്നൂര്‍ജ്ജ ബാഷ്പരേണുക്കളില്‍
നീരാടിയമൃതം നുകര്‍ന്നതും,
വിഷപ്പല്ലിറക്കാതെ കണ്ഠപാര്‍ശ്വങ്ങളില്‍
തേന്‍ ചുണ്ടമര്‍ത്തിക്കടിച്ചതും,

ഓര്‍മ്മയിലിന്നുമൊരു കനല്‍ച്ചൂടായി
നീറുന്നു, പടരുന്നു, തകരുന്നു ഞാനും
ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-
യാളുന്നു ദാഹാര്‍ത്തയായിന്നു റോഷിണീ

മേവുന്നു റോഷിണീ നീയൊരു ശിലാശില്പ
ഭംഗിയാര്‍ന്നിരവിന്‍റെ വധുവായി, മധുവായി,
കാമ കേളീ രസലോലയായ് മനസ്സിലെ
കാടു പിടിച്ചൊരീ യക്ഷിത്തറകളില്‍,

ഉദ്യാനഭൂമിതന്‍ ഹൃദ്സ്പന്ദനങ്ങളില്‍,
വിജ്ഞാനശാലതന്നന്തപ്പുരങ്ങളില്‍,
കാമാര്‍ത്തയായിട്ടലഞ്ഞു നീ റോഷിണീ
ആചാര്യ ഭോഗത്തില്‍ നിര്‍വൃതി തേടി നീ!

ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ
മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്
മഹിതമാം ജന്മത്തിനര്‍ത്ഥം കുറിക്കുന്ന
മഹിതപത്രത്തില്‍ കളങ്കം കുറിച്ചു നീ!

അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ
എന്നെയറിഞ്ഞൊരു മുഗ്ധകുസുമമായ്,
പടരുന്നുവെന്നിലെ നിന്നുടെയോര്‍മ്മയില്‍
തിരയുന്നു നിന്‍റെ വിഷലിപ്ത ദംശനം

സുപ്രഭാഗര്‍ഭത്തില്‍ സൂര്യബീജം
വീണുണര്‍വള്‍
സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോള്‍
സപ്രമഞ്ചങ്ങളില്‍ രാത്രികള്‍ ലീലയാല്‍
സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോള്‍
സ്വപ്നവേഗത്തിലെന്‍ മാറിലെ ചൂടിനാല്‍
സ്വര്‍ണ്ണകുംഭങ്ങളില്‍ ക്ഷീരം ചുരത്തുവോള്‍

റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവള്‍
നേരിന്‍റെ നേരേ പുലഭ്യം പറഞ്ഞവള്‍
ലോകസത്യങ്ങള്‍ തന്നാഭിജാത്യത്തിലേ-
ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവള്‍

രാശിചക്രങ്ങളില്‍ ദൈവജ്ഞര്‍ കാണാത്ത-
രോഹിണി നക്ഷത്ര പാപം ചുമക്കുവോള്‍,
നാടിന്‍ സദാചാര മംഗളദീപത്തി-
ലെന്നും കരിന്തിരിയായി രമിപ്പവള്‍.

നിന്‍ ശ്വാസ, നിശ്വാസ സീല്‍ക്കാര നാദത്തി-
ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയില്‍,
സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,
കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം
പൂണ്ടുയര്‍ന്നു താഴും നിന്‍റെ കണ്ഠനാളത്തിന്‍റെ
ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവര്‍

ആ തീക്ഷ്ണ ദൃഷ്ടിതന്‍ മുനയേറ്റു-
രക്തം ചൊരിഞ്ഞവര്‍,
ശത കോടി ജന്മപുണ്യങ്ങളെ-
രേതസ്സു ചേര്‍ത്തു ഹോമിച്ചവര്‍,
നീ തീര്‍ത്ത കാമസമുദ്രച്ചുഴികളില്‍
അറിയാതെയാഴ്ന്നു മരിച്ചവര്‍,
നിന്‍ ഭോഗതൃഷ്ണതന്‍ ശരമേറ്റു-
മണ്ണില്‍ പതിച്ചവര്‍,
നിന്‍റെ സാമീപ്യത്തിനായി തപം ചെയ്തു-
തര്‍പ്പണപ്പലകയില്‍ രക്തമര്‍ച്ചിച്ചവര്‍…
ചിതറുന്നു പൊലിയുന്നവര്‍ക്കൊപ്പമെന്നിലെ
നിന്നില്‍ സമര്‍പ്പിച്ച പ്രണയവും മനസ്സും.

ഇനിയില്ല നിന്‍റെയനന്യമാം മാദക-
ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നില്‍.
വിടരില്ല നീയിനി വിഷപരാഗങ്ങള്‍ തന്‍-
ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.

പടരില്ലയിനിയും നീയാരിലും, പൂന്തേന്‍-
കിനിയില്ല, ലഹരിതന്‍ പാനപാത്രത്തില്‍ നീ-
നുരയില്ല, മനസ്സിന്‍റെയേകാന്ത നിദ്രയില്‍-
തെളിയില്ല ജീവിതസ്വപ്നവര്‍ണ്ണങ്ങളായ്.

കരയുവാനല്ലയെന്‍ തൂലികത്തുമ്പിനാല്‍
പൊരുതുവാനായി ജനിച്ചവന്‍ ഞാന്‍!
തളരുവാനല്ലെന്‍റെയുയിരിന്‍ പ്രഭാവത്തി-
ലൊരു യുഗം തീര്‍ക്കുവാന്‍ വന്നവന്‍ ഞാന്‍!

ഇരുളിന്‍റെ വഴികളിലഭിസാരികേ നിന്‍റെ
ചരിതം തിരുത്തുവാന്‍ വന്നവന്‍ ഞാന്‍!
കവിധര്‍മ്മമത്രേ!, ഇതെന്നില്‍ നിയുക്തമാം
വിധി തന്ന മോചന ഹൃദയമന്ത്രം!!!

മൃത്യുവിന്‍ മടിയിലടിയുന്നതിന്‍ മുന്‍പേ,
ഓര്‍മ്മയായ് ഞാനൊടുങ്ങുന്നതിന്‍ മുന്‍പേ,
കത്തിജ്വലിക്കുമെന്നന്തരംഗത്തിലെ-
ചിന്തതന്നൂഷ്മാവുറവായിടും മുന്‍പേ,
കോര്‍ത്തിടും മണിമുത്തു മാലകള്‍ നിനക്കായി
അഗ്നിവിശുദ്ധയായ് നീ വന്നണയുമ്പോള്‍.

സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ
ഞാന്‍ തീര്‍ത്ത കണ്ണുനീര്‍ കാവ്യതീര്‍ത്ഥങ്ങളാല്‍
നീ വന്നുദിച്ചിടുമിനിയുമെന്‍ മനസ്സിന്‍റെ
ശശിലേഖ മായാത്ത വാനവീഥികള്‍ തോറും

തിരികെയൊരു വഴി നീ തിരയും,
പ്രതീക്ഷതന്‍ പുതിയ നാളത്തിനായ് കേഴും
പുതിയൊരുഷസ്സിന്‍റെ പൊന്‍കതിരണിയുവാന്‍
മുകുളമായിനി നീ കുരുക്കും.

അവിടെ നീ കേള്‍ക്കുമെന്നുയിരിന്‍റെയൂര്‍ജ്ജം
സുധയായ് പൊഴിയുന്ന മോചനഗീതികള്‍
അവിടെ നീ കാണുമെന്‍ ദേഹം, മഹാഗ്നി തന്‍-
പരിലാളനത്താല്‍ ജ്വലിച്ച ചിത്രം.

അവിടെ നീ കേള്‍ക്കുമാ പ്രേമകുടീരത്തിലെ,
പ്രകൃതി തന്നിടറുന്ന കണ്ഠത്തില്‍ നിന്നും,
ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകന്‍
വിട വാങ്ങിയെന്ന വിലാപ ഗീതം.

© ജയകൃഷ്ണന്‍ കാവാലം

16 comments:

കുഞ്ഞന്‍ said...

മാഷെ.. കവിതയെ അളന്നു പറയുവാന്‍ ഞാന്‍ ആളല്ല.. എന്നാലും ഒരു ചിത്രമായി കിട്ടിയത് യക്ഷിയെയാണ്..!

തീര്‍ച്ചയായും അങ്ങേക്ക് ബൂലോകത്തിന്റെ അഭിനന്ദനങ്ങള്‍ ലഭിക്കും

കാവാലം ജയകൃഷ്ണന്‍ said...

ആസ്വാദകനും കവിതയും തമ്മിലുള്ള ഇടപാടില്‍ അളവിനൊന്നും സ്ഥാനമില്ല മാഷെ. ഇനി അഥവാ അളവെടുക്കാന്‍ നിന്നാല്‍ മിക്കവാറും വളവുകള്‍ മാത്രമേ അതില്‍ കാണൂ. (എല്ലാം ഒരു വിശ്വാസമാണല്ലൊ).

അതെ, റോഷിണി ഒരു യക്ഷിയാണ്... ജീവിക്കുന്ന യക്ഷി. എവിടെയും ഉണ്ടാവും അവള്‍. ഏതൊരാളുടെ ജീവിതതിലും, ഏതു തെരുവിലും, കൊടും കാട്ടിലും, സര്‍വ്വകലാശാലയിലും, കുളക്കടവിലും, പൂന്തോട്ടങ്ങളിലും തുടങ്ങി എല്ലായിടത്തും അനേകമനേകം റോഷിണീമാരെ നമുക്കു കാണുവാന്‍ സാധിക്കും. ഒരേ നിമിഷം ഒന്നാകാനും പലതാകാനും കഴിയുന്ന മാന്ത്രികതയോടെ...

കുഞ്ഞന് സ്നേഹപൂര്‍വ്വം നന്ദി അറിയിക്കട്ടെ...

കര്‍ണന്‍ said...

വിഷപ്പല്ലിറക്കാതെ കണ്ഠപാര്‍ശ്വങ്ങളില്‍
തേന്‍ ചുണ്ടമര്‍ത്തിക്കടിച്ചതും
veeeeeeeeeeryyyyyyy sweeeeeeeet line

Anonymous said...

ഹായ് കലക്കി....ഭാവഗംഭീരം.....

കാവാലം ജയകൃഷ്ണന്‍ said...

കര്‍ണ്ണന്‍, ഗോപീകൃഷ്ണന്‍... നന്ദി

Unknown said...

''വിഷപ്പല്ലിറക്കാതെ കണ്ഠപാര്‍ശ്വങ്ങളില്‍
തേന്‍ ചുണ്ടമര്‍ത്തിക്കടിച്ചതും''

സത്യം പറയാലോ.. ക്ഷീരമാനെന്കിലും കണ്ണ് തട്ഞ്ഞതീ അകിടിലെ ചോരയിലാണ് മാഷേ. താളം ലയിച്ച കവിത.. ഇഷ്ട്ടായി...

Anonymous said...

റോഷ്ണി സ്വപ്നയെ ആണോ ഉദ്ദേശിച്ചത്?

മിടുക്കന്‍.

കാവാലം ജയകൃഷ്ണന്‍ said...

ക്ഷീരം വാത്സല്യവും, രക്തം ജീവനുമാണ്. റോഷിണിക്കിഷ്ടം രക്തം തന്നെയാണ്. അകിടില്‍ മാത്രമല്ല ഉടലിലും അവള്‍ കാണുന്നത്‌ രക്തം തന്നെ. അതു കൊണ്ടു തന്നെ ഈ കവിതയും രക്തപങ്കിലമാണെന്നു വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു... അപ്പോള്‍ മുരളിയുടെ കണ്ടെത്തല്‍ സത്യം തന്നെ.

റോഷിണി, സ്വപ്നമല്ല കോവാലാ യാഥാര്‍ത്ഥ്യമാണ്. അവള്‍ ജീവിക്കുന്നു...

നന്ദി... മുരളികയുടെ ദേവരാഗത്തിനും, കോവാലനും

ജയകൃഷ്ണന്‍ കാവാലം

Sapna Anu B.George said...

ഇതു കവിതയോ..... സത്യമോ????? കവിത എന്തായാലും കൊള്ളാം കേട്ടോ???

കാവാലം ജയകൃഷ്ണന്‍ said...

സത്യമായ കവിത ! കവിതയിലൂടെ പറഞ്ഞ സത്യം !
നന്ദി സപ്ന അനു ജോര്‍ജ്ജ്

ജയകൃഷ്ണന്‍ കാവാലം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കവിത കൊള്ളാം കേട്ടോ???

കാവാലം ജയകൃഷ്ണന്‍ said...

ന്നന്ദി സഗീര്‍

മാണിക്യം said...

ആദ്യമായിട്ടാണ്‍ ജയകൃഷ്ണന്റെ ബ്ലോഗില്‍‌,
വിശദമായി റോഷിണിയുടെ ചിത്രം വളരെ തെളിച്ചത്തില്‍ വരയ്ക്കുന്നതില്‍ കവി വിജയിച്ചിരിക്കുന്നു ..പണ്ടത്തെ യക്ഷിയുടെ ചേഷ്ടകള്‍ കേട്ടറിവേയുള്ളു.
ഇവിടെ റോഷണി ഇന്നത്തെ തലമുറയില്‍ നമുക്ക് ഒപ്പം ജീവിയ്ക്കുന്നു, ഇന്നു ദുവ്യമാം പ്രണയം ഒന്നും നിലവിലില്ല,പ്രണയം ഇന്ന് കവിതകളിലും കഥകളിലും ഒതുങ്ങുന്നു,പിന്നെ അടങ്ങാത്ത കാമം മാത്രം .. കാമവെറിപൂണ്ട പുരുഷമനസ്സല്ല ഇന്ന് പുരുഷനെ വേട്ടയാടുകയും പ്രലോഭിപ്പിക്കുകയും
ഒടുവില്‍ അതെ "രക്തം ഊറ്റി കുടിച്ചു" യക്ഷിയെ പോലെ കടന്നു പോകുകയും ചെയ്യുന്നു അഭിനവ സംസ്കാരത്തിന്റെ പ്രതിനിധിയായ റോഷണി

അവിടെ നീ കേള്‍ക്കുമാ പ്രേമകുടീരത്തിലെ,
പ്രകൃതി തന്നിടറുന്ന കണ്ഠത്തില്‍ നിന്നും,
ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകന്‍
വിട വാങ്ങിയെന്ന വിലാപ ഗീതം....


മൂല്യതകര്‍ച്ച കണ്ട് ഒന്നു മനം പൊട്ടികരയാം
കവിത വയിച്ചാസ്വദിക്കുന്നതിനെക്കാള്‍
മനസ്സില്‍ വല്ലാത്ത ഒരു പിടച്ചിലാണ് തോന്നിയത്
ഒരു നിസ്സാഹായത, ഒരു നെടുവീര്‍പ്പ്!

നന്മകള്‍ നേരുന്നു ജയ്‌കൃഷ്ണന്‍

കാവാലം ജയകൃഷ്ണന്‍ said...

സ്വാഗതം

മാണിക്യം എന്ന പേരു പോലെ തന്നെ ശുദ്ധമായ സത്യങ്ങളാണ് താങ്കള്‍ ഇവിടെ കുറിച്ചിട്ടിരിക്കുന്നത്‌. റോഷിണി ഇന്നത്തെ സംസ്കാരത്തിന്‍റെ പ്രതിനിധി മാത്രമല്ല, ഇന്നത്തെ സംസ്കാരത്തിന്‍റെ ശില്പികളില്‍ ഒരാള്‍ എന്നു കൂടി വിശേഷിപ്പിക്കാം. ഈ കവിതയെക്കുറിച്ച് ഇതുവരെ ലോകം അറിഞ്ഞിട്ടില്ലാത്ത ചില സത്യങ്ങള്‍ കൂടി ഇതില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. എന്നാല്‍ ഒരു തുറന്ന പ്രസ്താവനയ്ക്കു സമയമായിട്ടില്ല എന്നതിനാലാണ് വെളിപ്പെടുത്താത്തത്‌

ഇന്നത്തെ അവസ്ഥയില്‍ നെടുവേര്‍പ്പുകള്‍ എല്ലാം വ്യര്‍ത്ഥമാണെന്നു തോന്നിപ്പോവുകയാണ്. പണ്ടത്തെ നെടുവീര്‍പ്പുകള്‍ക്ക്‌ സം‌വേദനക്ഷമതയുണ്ടായിരുന്നു...

വിലയിരുത്തലിന് നന്ദി അറിയിക്കുന്നു. വീണ്ടും സ്വാഗതം

ജയകൃഷ്ണന്‍ കാവാലം

mayilppeeli said...

അവിടെ നീ കേള്‍ക്കുമെന്നുയിരിന്‍റെയൂര്‍ജ്ജം
സുധയായ് പൊഴിയുന്ന മോചനഗീതികള്‍
അവിടെ നീ കാണുമെന്‍ ദേഹം, മഹാഗ്നി തന്‍-
പരിലാളനത്താല്‍ ജ്വലിച്ച ചിത്രം.

മനോഹരമായ വരികള്‍..... വളരെ നന്നായിട്ടുണ്ട്‌

Sapna Anu B.George said...

സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ
ഞാന്‍ തീര്‍ത്ത കണ്ണുനീര്‍
കാവ്യതീര്‍ത്ഥങ്ങളാല്‍
നീ വന്നുദിച്ചിടുമിനിയുമെന്‍ മനസ്സിന്‍റെ
ശശിലേഖ മായാത്ത വാനവീഥികള്‍ തോറും.........................

ജയകൃഷണാ,,,,,ഈ കവിതയിലൂടെ ജീവിച്ചു മരിച്ച ഒരു അനുഭവം.