
ഇന്നു നിന്‍റെ ഗാഥയാലെന്‍ തന്ത്രിയുണരട്ടെ
റോഷിണീ ഞാനോര്‍ത്തിടുന്നെന്‍ രാഗമുണരും സന്ധ്യകളില്‍
രാസലീലാ വിവശയാം നിന്‍റെ സാന്നിദ്ധ്യം
പ്രേമഗീതാമൃതം തൂവും നിന്നധര സുമം രാഗ-
മന്ത്ര മധുരം വിളമ്പിയ രാഗവായ്പോടേ
അന്നുഷസ്സിന്നൊളി ചൂടി വശ്യമന്ദസ്മിതം തൂകി
തങ്കവിഗ്രഹ ശോഭയോടെന്‍ മുന്‍പില്‍ വന്നു നീ
കണ്ടതില്ലെന്‍ കണ്ണിനാലെ, മിണ്ടിയില്ലെന്നധരങ്ങള്‍
കണ്ടതേതോ ദിവ്യലോകം അന്തരാത്മാവില്‍
കേട്ടതേതോ ദിവ്യ രാഗം, വന്നതേതോ ദിവ്യ ഗന്ധം
തന്നു നീയെന്‍ പ്രാണനില്‍ നിന്‍ ദിവ്യമാം രാഗം
റോഷിണീ നിന്നാസ്യ വര്‍ണ്ണം തീര്‍ത്തിടുന്നു ചിത്രഭാവം
നിന്നിടുന്നു മൂഢനിവനിന്നര്‍ത്ഥമറിയാതെ
എന്തിനെന്നും കരയുന്നു എന്തിനായി തിരയുന്നു
എങ്ങു നിന്നോ വന്നണഞ്ഞ ചെമ്പനീര്‍പ്പൂവേ
മിഴി രണ്ടും നിറഞ്ഞ നിന്‍ നിലാവൊത്ത മുഖം കാണ്‍കേ
ഇടറുന്നെന്‍ വാക്കുകള്‍ തന്‍ തലോടല്‍ പോലും
നിറഞ്ഞ നിന്‍ കണ്ണുകളില്‍ പൊഴിയുന്ന മുത്തു വാരി
ചൊരിഞ്ഞു നീയെന്‍റെയുള്ളില്‍ അഗ്നിവര്‍ഷങ്ങള്‍
പിടയുന്നു പിടി വിട്ടങ്ങുലയുന്നു മനം നിന്‍റെ
വ്യഥയാലെ നനഞ്ഞ കണ്‍പീലി കാണുമ്പോള്‍
റോഷിണീ തവ മുഖാഭരണമാമീ കണ്ണുകളില്‍
ഇനിയെന്തേ വിഷാദത്തിന്‍ കണ്ണുനീരോട്ടം
ഇളവെയില്‍ ചാഞ്ഞു നിന്നി ട്ടൊളിഞ്ഞു നോക്കിടും പച്ച-
പ്പുതപ്പാലെ മൂടി നിന്നെ തഴുകിടുമ്പോള്‍
പടരുന്നാ മുഖം തന്നിലുണരുന്ന വശ്യഭാവം
കുളിര്‍ കോരി, കുളിര്‍ കോരി നിന്നിടുന്നു ഞാന്‍
മൃദുല ഭാഷണമോ നിന്‍ ചകിതമാം കണ്ണുകളോ
ഭരത മാനസ പുത്രീ മയക്കിയെന്നെ
സുപ്രഭാതം സുപ്രഭയാല്‍ ജ്വലിപ്പിച്ച രവി ശോഭ
സ്വപ്നമായ് നിന്‍ കണ്ണുകളില്‍ തിളങ്ങി നിന്നു
സഖീ നീയാം സുപ്രഭാതം സ്വഛമാമെന്‍ ഹൃദയത്തില്‍
തീര്‍ത്ത കണ്ണീരലയില്‍ ഞാന്‍ മുങ്ങി നിവരുമ്പോള്‍
മന്നിലെങ്ങും നഭസ്സിലും സുന്ദരമാം സ്വപ്നമേ നിന്‍
മന്ദഹാസം മധുമാരി ചൊരിഞ്ഞിടുമ്പോള്‍
കാമദാഹാദികളില്ല, മോഹമില്ലെന്‍ മനസ്സില്‍ നീ
കാമിനിയായ് ഗാഢമെന്നെപുണരുമ്പൊഴും
മാറിലെന്നും ചേര്‍ന്നു നിന്നിട്ടാര്‍ദ്രയായ് നീ മൊഴിയുമ്പോള്‍
ഞാനലിഞ്ഞലിഞ്ഞു മധുവായ് നിന്നില്‍ നിറയുന്നു
ആശ്രമപ്പൂവേ നിലാവേ ആശയേകും തേന്‍ കനിയേ
ആരു നീ നിലാവില്‍ വിരിയും അഞ്ചിതള്‍പ്പൂവേ
എന്നുദിച്ച നിലാവു നീ എന്നു വന്ന വസന്തം നീ
എന്നിലെങ്ങു നിന്നുണര്‍ന്ന പ്രേമഗീതം നീ
നിഴലായി, നിലാവായി മണമായെന്‍ മനസ്സില്‍ നീ
മധുമയ സ്വപ്നമായി നിറഞ്ഞു നില്‍ക്കേ
മലര്‍വാടിയൊന്നിലെന്നും പാട്ടു പാടാനണയുന്ന
രാക്കിളി പോലിവനും നിന്‍ ഗാഥ പാടുന്നു
ഒഴുകുന്നു നമ്മളൊന്നായ് പൊഴിയുന്നു പ്രേമവര്‍ഷം
ലയിക്കുന്നു ഭൂമി സര്‍വ്വം നമ്മളില്‍ തന്നെ
റോഷിണി അവസാനഭാഗം ഇവിടെ
© ജയകൃഷ്ണന്‍ കാവാലം
12 comments:
റോഷിണിക്ക് ആശംസകള്‍....
ഓടോ: ഇതൊക്കെ വച്ചിട്ടാണോ സന്യസിക്കാന്‍ പോകുന്നത്:)
ആശംസകള്‍.
കവിതയും..തുടരും..??
നന്നായിരിക്കുന്നു..നല്ല വരികള്‍.
ജയകൃഷ്ണന്‍ കാവാലം,
അപ്പൊ ആദ്യമെഴുതിയത് രണ്ടാം ഭാഗമാണല്ലേ?
ഈ ഒന്നാം ഭാഗത്തോടെ ആ രണ്ടാം ഭാഗത്തിനു ശക്തി കൂടിയതുപോലെ തോന്നുന്നു!
നന്നായിരിക്കുന്നു..........
ചാണക്യന്‍: അപ്പോള്‍ എനിക്കില്ലേ ആശംസ? റോഷിണിക്കു മാത്രേയുള്ളൂ?
ഇതും സന്യാസത്തില്‍ ഉള്‍പ്പെടുന്നതാണല്ലോ ചാണക്യന്‍. ഈ കവിതയിലുള്ളത് പ്രേമമാണ്; പ്രണയമോ, കാമമോ അല്ല. അപ്പോള്‍ സന്യാസത്തിന്‍റെ പരിധിയില്‍ വന്നില്ലേ? (ആരും അറിയണ്ട)
ശ്രീനു: സന്ദര്‍ശനത്തിനു നന്ദി
സ്മിത ആദര്‍ശ്: എല്ലാം തുടരുന്നുണ്ടല്ലോ. ജീവിതം, സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍... അതു പോലെ കവിതയും...
സഗീര്‍: അങ്ങനെയൊന്നുമില്ല. ആദ്യത്തെ കവിത കണ്ടപ്പോള്‍ ചിലര്‍ക്ക് സഹിച്ചില്ല. അസഭ്യമാണ്, അശ്ലീലമാണ്, അതാണ് ഇതാണ് എന്നൊക്കെ പറഞ്ഞു വെറുതേ ഉടക്കാന്‍ നോക്കി. എന്നാല്‍ പിന്നെ ബാക്കി കൂടി ഇരിക്കട്ടെയെന്നു കരുതി. ഇനി ഇതിന്‍റെ രണ്ടാം ഭാഗം കൂടി എഴുതി പോസ്റ്റ് ചെയ്യുന്നുണ്ട്. മൂന്നു ഭാഗങ്ങള്‍ ഇരിക്കട്ടെ.
കവിതയും വരികളും ഇഷ്ടപ്പെട്ടു... ആശംസകള്‍...
എന്റെ മോളുടെ പേരു കണ്ട് ഓടിവന്നതാ ! നല്ല വരികൾ ട്ടോ.രോഷിണിക്കും രോഷിണിയെ പറ്റി എഴുതിയ സംന്യാസിക്കും ആശംസകൾ !
പകല്‍ക്കിനാവന്‍, കാന്താരിക്കുട്ടി: സന്ദര്‍ശനത്തിനു നന്ദി.
പരിശുദ്ധം മാംസനിബന്ധമല്ലാത്തയീയനുരാഗം :)
പ്രണയാര്‍ദ്രം ഈ വരികള്‍...
പ്രണയം നിറഞ്ഞു തുളുമ്പൂന്നു വരികളിൽ! മനോഹരമായി!
വല്യമ്മായി:സ്വാഗതം. മാംസനിബദ്ധമായ രാഗത്തിന് എന്താണു വില? പ്രേമം, അത് ആത്മീയമാണ്. അതേ പ്രേമമാകുന്നുള്ളൂ.
ശിവ, ലക്ഷ്മി: നന്ദി.
റോഷിണിയുടെ രണ്ടാം ഭാഗം എല്ലാവരും വായിക്കുമെന്നു കരുതുന്നു. ഉടന്‍ തന്നെ പോസ്റ്റ് ചെയ്യുന്നതാണ്. ആദ്യഭാഗവും അവസാനഭാഗവുമാണ് ഇപ്പോള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
Post a Comment