Saturday, October 18, 2008

വെറുതേ ഒരു പാട്ട് (ചുമ്മാതിരിക്കുമ്പോള്‍ പാടാം)



കാറ്റു വന്നെന്‍റെ കരളില്‍ തൊട്ടപ്പോള്‍
കടവില്‍ നില്‍ക്കുകയായിരുന്നു-നിന്നെ
കാത്തു നില്‍ക്കുകയായിരുന്നു
കരളേ നിന്നുടെ കരിവളയുടെ
കിലുക്കം കേള്‍ക്കുകയായിരുന്നു-ഉള്ളില്‍
കവിത പൂക്കുകയായിരുന്നു

കരിയില വഴി കഴിഞ്ഞു പോകുമ്പോള്‍
കരിനിലത്തിന്‍ വരമ്പത്ത്
കണവനെന്നുടെ വരവും കാത്തു നീ
പിണങ്ങി നില്‍ക്കുകയായിരുന്നോ-മിഴി
നിറഞ്ഞിരിക്കുകയായിരുന്നോ

കറുത്ത മാനത്ത് നിറഞ്ഞ താരക
നിരനിരന്നു ചിരിച്ചപ്പോള്‍
കരിവിളക്കിന്‍റെ മുനിഞ്ഞ വെട്ടത്തില്‍
തനിച്ചു കണ്ട കിനാവേത്-മുഖം
കുനിഞ്ഞു നാണിച്ചതെന്താണ്

കടത്തു വഞ്ചിയില്‍ കര കഴിഞ്ഞു നീ
കടന്നു പോകുന്ന നേരത്ത്
കര കവിഞ്ഞ പൂക്കൈതയാറിന്‍റെ
കവിളില്‍ നുള്ളിയതനെതാണ്-നിന്‍റെ
കരളു പാടിയതെന്താണ്

കിഴക്കുപാടത്ത് കതിരണിഞ്ഞ നെല്‍-
ച്ചെടികള്‍ നാണിച്ചു നിന്നപ്പോള്‍
തുടുത്ത നിന്‍ കവിള്‍പ്പൂവിലെന്‍ മനം
പറിച്ചു നട്ടതു നീയറിഞ്ഞോ-വെയില്‍
മറഞ്ഞു നിന്നതു നീയറിഞ്ഞോ

കറുത്ത സുന്ദരി കരിമഷിയിട്ട
കരിമീനോടണ കണ്ണുകളാല്‍
കഥ പറഞ്ഞെന്‍റെ കനവിനുള്ളില്
കണിയൊരുക്കിയ പെണ്ണല്ലേ-വിഷു-
ക്കണിയായ് മാറിയ മുത്തല്ലേ

നടവരമ്പിലെ നനുനനുത്തൊരു
നനവിലൂടെ നടക്കുമ്പോള്‍
നാണം കൊണ്ടെന്‍റെ നാട്ടുമാവിന്‍റെ
മറവിലന്നു മറഞ്ഞൂ നീ-നാട്ടു
മാങ്ങ പോലെ ചുവന്നൂ നീ

വരമ്പുടച്ചു നെല്‍ വയലിന്നോരത്തു
കലപ്പയേന്തി ഞാന്‍ പോകുമ്പോള്‍
കരിവളച്ചിരിയാലെന്‍ നെഞ്ചകം
ഉഴുതിളക്കിയ പെണ്ണാളേ-നീ
കനല്‍ വിതച്ചതു കൊയ്യണ്ടേ...

© ജയകൃഷ്ണന്‍ കാവാലം

7 comments:

Unknown said...

വളരെ നല്ല പോസ്റ്റ്‌. ഇത്‌ നാടൻപാട്ട്‌ തന്നെയാണോ അതോ ഈ നിഷ്കളങ്കൻ എഴുതിയതോ?

കാവാലം ജയകൃഷ്ണന്‍ said...

നന്ദു: സ്വാഗതം. ഒരു തനി നാടന്‍ ആയ (ഗ്രാമീണന്‍ ആയ) ഇവന്‍ എഴുതിയതു കൊണ്ട്‌ ഇതും നാടന്‍ പാട്ടായി. എന്നാലും ‘നാടന്‍‘ നീക്കം ചെയ്യുകയാണ്. വെറുതെ സംശയത്തിന് ഇട നല്‍കണ്ടല്ലോ.

ഇത് ശബ്ദശുദ്ധിയുള്ള ആരെങ്കിലും പാടി കേള്‍ക്കാന്‍ ആഗ്രഹമുണ്ട്‌.

siva // ശിവ said...

ലളിതം സുന്ദരം ഈ വരികള്‍...

ജിജ സുബ്രഹ്മണ്യൻ said...

നാടന്‍ പാട്ട് അടി പൊളി...ട്ടോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പാട്ട് അസ്സലായി. ആരേലുമൊന്ന് പാടീരുന്നേല്‍...

കാവാലം ജയകൃഷ്ണന്‍ said...

ശിവ, കാന്താരിക്കുട്ടി: നന്ദി

പ്രിയ ഉണ്ണികൃഷ്ണന്‍: നന്ദി... ആരെങ്കിലും പാടിക്കേള്‍ക്കാന്‍ ആഗ്രഹമുണ്ട്‌. ഇല്ലെങ്കില്‍ ചിലപ്പോള്‍... ഞാന്‍... അക്രമം ചെയ്യേണ്ടിവരുമോ...

Indusekhar MS said...

ഇത് ഒന്ന് ചിട്ടപ്പെടുത്തി നോക്കട്ടെ? ശരിയകുന്നെന്കില്‍ mp3 അയച്ചു തരാം.