Friday, November 20, 2015

മരണപത്രം!

നെഞ്ചുപൊട്ടിക്കരഞ്ഞുകൊണ്ടിങ്ങനെ
അന്ത്യചുംബനം നൽകുന്നകുഞ്ഞിനും
ഉള്ളിലുണ്ടൊരു തീജ്ജ്വാലയോർക്കുക
ശത്രുവേ... നീ മരിക്കാനൊരുങ്ങുക

രാഷ്ട്രക്ഷേമാർത്ഥമേകിയ ജീവന്റെ
യുൾത്തുടിപ്പുകൾ സിരയിൽ തുടിക്കുന്ന
ഒന്നു പത്തല്ല നൂറല്ല കോടികൾ
കാത്തു നിൽക്കുന്നു കാവലായ് മണ്ണിതിൽ

കാത്തു ഭീതിയിൽ വിറകൊണ്ടിരിക്കുക
കത്തിയഗ്നിയിൽ തീർന്നു പോയില്ലവൻ
ചാരകമ്പളം മൂടിക്കിടക്കുന്ന
താപമേറും കനൽക്കട്ടയാണവൻ

കത്തുമൂഷരഭൂമിയിൽ കാശ്മീര-
ധവളഗംഭീരസമരമുഖങ്ങളിൽ
കാനനത്തിൽ, കടൽത്തിരമാലയിൽ,
ഗഗനവീഥിയിൽ കത്തിപ്പടർന്നവർ

പൊലിയുകില്ലുഗ്ര വീര്യം നിറച്ചൊരീ
അമരഭൂമിതൻ സൈന്യതപോബലം
അണയുമോരോയരിക്കും നിരന്തരം
അണിയാൻ മൃത്യുതൻ കമ്പളം തീർപ്പവർ

സഹജനങ്ങൾക്കു സൌഖ്യം കൊടുപ്പവർ
സഹജരാണവർ ഭാരതമക്കൾക്ക്
മറവിയിൽ നീ പൊതിഞ്ഞീടിലീ സത്യം
മരണഹേതുകം നിശ്ചയം ചൊല്ലിടാം

© കാവാലം ജയകൃഷ്ണൻ


1 comment:

Shahid Ibrahim said...

വളരെ നല്ല, പ്രസക്തമായ ചിന്തകൾ