Wednesday, November 04, 2015

മകൾ

ആർദ്രമാമശ്രുവായൊഴുകുന്നൊരോർമ്മയിൽ
കൊഞ്ചിച്ചിരിക്കുന്ന പൊന്നുമോളാണു നീ...
നോവിന്റെ ക്ഷീരസമുദ്രം കടഞ്ഞച്ഛ-
നാദ്യമായ് നേടിയ സായൂജ്യമാണു നീ...

ഏതൊരബോധ വികാരതലത്തിലും
ഏതു നോവിന്റെയനന്തതപത്തിലും
ഏതു മഹാദുരിതായന വഴിയിലും
ഏകനായ് തിരയുന്ന സർവ്വസ്വമാണു നീ...

ഏതുവികാരോന്മത്തതീക്ഷ്ണ ഭാവത്തിലും
അമൃതം പൊഴിക്കുന്ന ശാന്തതയാണു നീ
ഏതന്ധകാരത്തിലും, മഹാമൃതിയിലും
ശോഭതൂകീടുന്ന നെയ്‌വിളക്കാണു നീ...

ഏതുസമാധിതൻ ബോധോദയത്തിലും
ഏതു തപസ്സിന്റെ പാരമ്യതയിലും
ഏതൊക്കെ ജന്മസാക്ഷാത്കാരനിറവിലും
പ്രാണൻ തിരയുന്ന സാരാർത്ഥമാണു നീ...

 © കാവാലം ജയകൃഷ്ണൻ

No comments: