Wednesday, November 04, 2015

ഒരു കീർത്തനം

കല്ലിടാംകാവിലെ കൽവിളക്കൊന്നിൽ മനം
കരിന്തിരിയായെരിയുന്നു
കരുണാരസലോലയവിടുത്തെ തിരുമുമ്പിൽ
കർപ്പൂരമായുരുകുന്നു  - ഇവൻ
കണ്ണീരായ് വീണടിയുന്നു...

കാമനെ കത്തിച്ച കാന്തന്റെയണിയത്ത്
കാരുണ്യക്കടലേ നീയമരുമ്പോൾ
കണ്ണുനീർ തോരാത്ത കവിളുമായടിയങ്ങൾ
കാലടി തേടിയങ്ങെത്തുന്നു
തൃച്ചേവടിയിൽ നിത്യം അടിയുന്നു

നെയ്‌വിളക്കല്ല പുഷ്പ്പാഞ്ജലിയല്ലമ്മേ
കണ്ണുനീരാണിന്നു നൈവേദ്യം - ഉള്ളിൽ
കത്തുന്നൊരാഴിയാലാരതിയുഴിയുമ്പോൾ
നോക്കാതിരിക്കുവാനാമോ
ഈ നെഞ്ചകം കാണാതിരിക്കുവാനാമോ

ഉള്ളിലൊരായിരം കമ്പവിളക്കുകൾ നിൻ
കാർത്തികക്കാഴ്ച്ച ചമയ്ക്കുമ്പോൾ
ശ്രീദേവിയൊന്നിങ്ങു ചാരത്തു വന്നെങ്കിൽ
സാർത്ഥകമമ്മേയീ ജന്മം - നിന്റെ
ദാസനിന്നവലംബം നീയേ...

© കാവാലം ജയകൃഷ്ണൻ

No comments: