Wednesday, November 04, 2015

മൃത്യുഗീത !

അഗ്നിസ്ഫുലിംഗങ്ങളായിരം നാവുമാ-
യച്ഛന്റെ മന്ത്രം ജപിക്കേ,
അഞ്ചു ഭൂതങ്ങളും നിന്നിൽ സമർപ്പിച്ചു
പോകുന്നിതാ നിന്റെ പുത്രൻ !

ശിവമന്ത്രമുണരുന്ന മലയിൽ, സാമ-
ഗീതം മുഴങ്ങുന്ന വിണ്ണിൽ, പഞ്ച-
പാപങ്ങളാഹൂതിയാകുന്ന ഹിമശൈല
ഗേഹത്തിലെത്താൻ കുതിപ്പൂ
ദേഹി, ദേവന്റെയാ ശൈലശിഖരത്തി
ലൊരു മഞ്ഞു കണമായ് തപം ചെയ്തിടട്ടേ...

ഭാരം ചുമന്നും, കിതച്ചും കനൽച്ചൂടി-
ലാകെത്തളർന്നും വലഞ്ഞും; സ്നേഹ-
പാശത്തിലർത്ഥമില്ലാതാണ്ടു നാളുകൾ
നാകം തിരഞ്ഞും തളർന്നും,

മോഹഭംഗങ്ങളിൽ, നഷ്ടബോധങ്ങളിൽ
ചിത്തമെന്തിനോ വേണ്ടിത്തപിച്ചും- ദുരാഗ്രഹ
ത്തീജ്ജ്വാലയേറ്റുള്ളു വെന്തും,
വ്യർത്ഥ ജന്മത്തിനർത്ഥംഗ്രഹിക്കാതെ
യുന്മത്തവിഡ്ഢിസ്വർഗ്ഗങ്ങൾ മെനഞ്ഞും
കാലഗതിയിൽ, നിശാസ്വർഗ്ഗവടിവിൽ,
മദോന്മത്തനിനവിൽ, മദാലസാഭ്രമിതമായ്
കാലം കഴിച്ചുണ്മയറിയാതെ, നിനയാതെ,
യുണരാതെ, നിവരാതെ, നിഴലാം ജഢത്തിൽ
മദാഗ്നിയൊന്നുറയാതെ; യിരുളിൽ രമിക്കാതെ
യുണരുന്ന ബോധമായ് ജ്ഞാനാർത്ഥ സാരമാം
ശിവരൂപമണയട്ടെയമ്മേ....
യാത്രചോദിച്ചു നിൽപ്പു നിൻ പുത്രൻ ....

യാമയാനം കുതിച്ചെത്തുന്നു ദേവന്റെ
ഢമരുവിൻ താളം തളിർക്കുന്നു ചാരെ
തുടി കേട്ടുണർന്നുറഞ്ഞാടുന്ന ഫണിയിതാ
ആധാരഭേദ്യം നടത്തുന്നു, മുകളിലേ-
യ്ക്കാമോദമോടെ കുതിപ്പൂ...
മാംസ ജഡിലമാമോർമ്മകൾക്കന്ത്യം
കുറിച്ചു കൊണ്ടത്യുച്ച വേഗം ചരിപ്പൂ...

ഭൌമ ബന്ധനം കാലകാലന്റെയത്യുഗ്രമാം
നേത്രാഗ്നിയിൽ ഭസ്മമാകേ;
കാറ്റു കർപ്പൂരഗന്ധം പരത്തുന്നു, ധമനികൾ
സീൽക്കാരമോടേ ത്രസിക്കുന്നു, സിരകളിൽ
മായം കലർന്നും കൊടുംവ്യാധിയേറ്റും,
നിരർത്ഥമാം സ്വപ്നസന്താപം തിളച്ചും
വരണ്ടുഗ്ര ഹാലാഹലത്തിൻ നിറം പകർന്നും
സപ്തധാതുക്കളഞ്ചായ് പിരിഞ്ഞു പഞ്ചേന്ദ്രിയ
ധർമ്മബോധത്തെ ഹനിച്ചും -  നിരന്തരം
മൃതിയെ തപം ചെയ്ത രക്തകോശങ്ങളിൽ
പ്രണവചൈതന്യം സ്ഫുരിക്കുന്നു
വികസിതോർജ്ജാവേഗ വേഗം നവരന്ഥ്ര
പന്ഥാക്കളിൽ ജീവനണയ്കയായ്

പ്രാണഗമനങ്ങളിൽ ശിവനേ... ജപിച്ചുകൊ-
ണ്ടണയട്ടെ തവ ശൈലമുകളിൽ, നിത്യ-
സത്യമാം കൈലാസനെറുകിൽ
ചിദാനന്ദ സാരത്തിനുറവയാം പൊരുളിൽ...

© കാവാലം ജയകൃഷ്ണൻ

No comments: