Saturday, June 14, 2008

‘ഹൃദയേ‘ശ്വരി

എനിക്കായ് തുടിക്കുന്ന ഹൃദയമെ-
ന്നരികില്‍ വന്നെന്നോടു ചോദിച്ചു
മനുഷ്യാ നീയെന്‍റേതു തന്നെയോ
ഇനിയും നീയെന്‍റേതു മാത്രമോ?

വിറയാര്‍ന്നു പോയ് മന-
സ്സറിയാതെയൊരു ദീര്‍ഘ-
നിശ്വാസ സമയം തിരഞ്ഞു
ഉള്ളിലൊരു വര്‍ഷമേഘമിരുണ്ടു

കരളൊന്നുലഞ്ഞു, നിന-
വെന്നിലേക്കെന്നിലെ
എന്നോടു തന്നെ തിരിഞ്ഞു
ചിന്തയൊരു കൊടുംകാടിന്‍റെ
ഹൃദയം തിരഞ്ഞു കൊ-
ണ്ടറിയാതെ പാറിപ്പറന്നു

ഇവിടെയാരാര്‍ക്കൊക്കെ വേണ്ടിപ്പിറന്നു
ആര്‍ക്കൊക്കെ വേണ്ടി നില കൊണ്ടൂ
ഏതൊക്കെ ഹൃദയങ്ങളാര്‍ക്കൊക്കെ വേണ്ടിയി-
ട്ടാശിച്ചു ദാഹിച്ചലഞ്ഞു

ഏതൊന്നിലെവിടുന്നു വന്നു നീ പാര്‍ത്തുവോ
ഏതൊന്നില്‍ നീ താനലിഞ്ഞോ
ഏതൊന്നിലലിവിന്‍റെയറിവു പകര്‍ന്നു നീ-
യാനന്ദ ഗേഹം പണിഞ്ഞോ
നീ തന്നെയറിവായി, അഗ്നിയായ്, ഗന്ധമായ്,
ദാഹ, മോഹങ്ങള്‍ക്കുമപ്പുറം ജീവനായ്,
ജീവന്‍റെ സത്യമായ്, ശക്തിയായ്, മുക്തിയായ്
വീണടിയുന്നൊരിടമത്രേ ഹൃദയം!
അലിഞ്ഞലിയുന്നൊരിടമത്രേ ഹൃദയം!!

ചിന്തകളുറവായി മൌനമായ് നിറയുന്ന,
മന്ത്രപ്പൊരുളിന്‍റെ സ്പന്ദനമാകുന്ന,
ജീവസംഗീതത്തിനീണം പകരുന്ന,
സന്താപവേളയില്‍ നൊമ്പരം കൊള്ളുന്ന,
നന്മതന്നുണ്മയായ്, നീതിക്കു സാക്ഷിയായ്,
കാലചക്രത്തിന്നനുസ്യൂത സഞ്ചാര-
വേഗത്തിലിടറാതെ, പതറാതെ മരുവുന്ന
സഹചാരിയത്രെയീ ഹൃദയം!
ഒരു സ്നേഹ സംഗീതമത്രെയീ ഹൃദയം!!

പ്രേമം പൂത്തുലയുന്നതിവിടെയല്ലോ
സ്നേഹ ഗാനം രചിപ്പതും ഹൃദയമല്ലോ
നോവിന്‍റെ കണ്ണുനീരലമാലയായ് വന്നു
സാഗരം തീര്‍പ്പതും ഇവിടെയല്ലോ

ഇവിടെയനന്തമാം മോഹങ്ങളലയടി-
ച്ചാഴി ചമയ്ക്കുന്നു മറയുന്നു വീണ്ടും,
അനവധി സ്വപ്നമായ്, സങ്കല്‍പ്പ ലോകമാ-
യനവധി വേദികളനുഭവ വേളകള്‍,
അനവധിയനുപമസുന്ദരസന്ധ്യകള-
വധിയില്ലാതെ തെളിയുന്നു മറയുന്നു

ഇവിടെവന്നുറയുന്നു സ്നേഹം
ഇവിടെവന്നടിയുന്നു ദുഃഖം
ഇവിടെ വന്നലിയാതനന്തമായ് തീരുന്നു
ചില നൊമ്പരങ്ങള്‍ തന്‍ മുറിവു മാത്രം!

ഇതു തന്നെ ക്ഷേത്രം പരാത്പര ജ്യോതി-
തന്നൊളിവീശുമമര സാമ്രാജ്യം!
ഇതു തന്നെയെന്‍റെയും നിന്‍റെയും ജീവനില്‍
അമൃതം നിറയ്ക്കുന്ന സ്നേഹഗംഗ!
പ്രേമ ജലധിയില്‍ ചേരുന്നൊരമര ഗംഗ!!

ഇവിടെത്ര പുലരിതന്‍ പൊന്‍പൂവുകള്‍
മണ്ണിലുലയുന്ന ജീവിത സ്വരമാരികള്‍
ഇവിടെത്ര തേങ്ങലിന്‍ മാറ്റൊലികള്‍
സന്ധ്യയണിയാന്‍ മറന്ന പൊന്‍ നൂപുരങ്ങള്‍

ഇവിടെത്ര രാത്രിതന്‍ രതി ഗീതികള്‍
നീണ്ട പകലിന്‍റെയുന്മാദ മദസന്ധികള്‍
ഇവിടെത്ര പുഞ്ചിരിപ്പൂച്ചെണ്ടുകള്‍
നേര്‍ത്ത വിങ്ങലായുറയുന്ന ഗതചിന്തകള്‍

ഇവിടെത്രയിരവിന്‍റെ വെടുവീര്‍പ്പുകള്‍
ഓര്‍മ്മ വര്‍ണ്ണം പകര്‍ന്നിടും നിറസന്ധ്യകള്‍
ഇവിടെത്ര മലരും, വസന്തവും മാസ്മര
ഗന്ധവും, സ്വപ്നവും, സംഗീതവും
ഇനിയെത്ര വന്നു തെളിഞ്ഞു മറഞ്ഞിടും
അവയെത്ര ശോഭ വിതറി നില്‍ക്കും.

ഹൃദയമെന്നരികിലെന്നിണപോലെയുയിര്‍പോലെ
മൃദുമന്ദപവനന്‍റെ കുളിരു പോലെ
ഹൃദയമെന്നലിവിന്‍റെയലിവാര്‍ന്ന മുഖമായി
മധുരപ്രതീക്ഷ തന്നുറവയായി
ഹൃദയമെന്നകതാരിലരുവിയായരുമയാ-
യമൃതമായാത്മ സുഗന്ധമായി

കുളിരായി,കവിതയായ്,മനസ്സായി,മഹിമയായ്,
നിറവായി, നിഴലായ് നിറഞ്ഞു നില്‍ക്കേ
പറയുവതെങ്ങനെയവളെനിക്കെന്നോ - ഞാ-
നവളുടേതെന്നോ സസൂക്ഷ്മമായി...

© ജയകൃഷ്ണന്‍ കാവാലം

2 comments:

siva // ശിവ said...

ഈ വരികള്‍ നന്നായി....പിന്നെ കുറച്ചുകൂടി വരികള്‍ കുറച്ചാല്‍ നന്നായിരിക്കും എന്ന് തോന്നുന്നു...

സസ്നേഹം,
ശിവ.

കാവാലം ജയകൃഷ്ണന്‍ said...

നന്ദി ശിവ, പൊതുവെ എഡിറ്റ് ചെയ്യാതെയും, തിരിഞ്ഞൊന്നു വയിച്ചു നോക്കാതെയുമാണ് ഞാന്‍ മിക്കവയും പോസ്റ്റ് ചെയ്യുന്നത്‌. അതുകൊണ്ടാണ് ആവശ്യമില്ലാത്തിടത്തു കൂടിയും കുറഞ്ഞുമൊക്കെ തോന്നുന്നത്‌. ആത്മാവിഷ്കാരത്തില്‍ സൌന്ദര്യവത്കരണം ആവശ്യമുണ്ടോ എന്നൊരു വിഡ്ഢി സിദ്ധാന്തം... മേഡ് ഇന്‍ കാവാലം. എന്തായാലും ഇനി ശ്രദ്ധിക്കാം.

ജയകൃഷ്ണന്‍