Saturday, June 14, 2008

എന്‍റെ പഞ്ചവര്‍ണ്ണക്കിളിക്ക്‌...

പണ്ട്‌, പണ്ടു പണ്ട്... എന്‍റെ കുഞ്ഞു പൂന്തോട്ടത്തിലെവിടെയോ, ആ പൂന്തോട്ടത്തിനതിരിട്ട പച്ചപ്പുകള്‍ക്കുള്ളിലെങ്ങു നിന്നോ ഞാന്‍ കാണാതെ എന്നെ നോക്കി പാട്ടു പാടിയിരുന്ന പഞ്ചവര്‍ണ്ണക്കിളിക്ക്‌... എന്നോടു മത്സരിച്ച്‌ പാട്ടു പാടി പാട്ടു പാടി എന്നോ നീ പിണങ്ങിപ്പോയി... നിന്‍റെ ഗാനങ്ങള്‍ കേട്ട്‌ കണ്ണന്‍റെ പൊന്നരഞ്ഞാണങ്ങള്‍ പോലെ പൂത്തുലഞ്ഞു നിന്നിരുന്ന കണിക്കൊന്നപ്പൂവുകള്‍ കോരിത്തരിക്കാറുണ്ടായിരുന്നു. അതെ... നീ കൃഷ്ണഗീതങ്ങളായിരുന്നു ആലപിച്ചിരുന്നത്‌ ഞാന്‍ നിന്നെ ഭാവനയില്‍ കണ്ടു. ആത്മാവില്‍ വരച്ചു ചേര്‍ത്തു... എന്‍റെ പൂന്തോട്ടത്തിലെ സപ്തവര്‍ണ്ണപ്പൂക്കളുടെ പരാഗ കണങ്ങള്‍ കൊണ്ട്‌... നിന്‍റെ തൂവലുകള്‍ ഞാന്‍ പട്ടു നൂലിനാല്‍ നെയ്തു ചേര്‍ത്തു. നിന്‍റെ പൂവുടലാകെ കണ്ണനു ചാര്‍ത്തിയ വരമഞ്ഞള്‍ കൊണ്ട്‌ സ്വര്‍ണ്ണവര്‍ണ്ണം ചേര്‍ത്തു. നിന്‍റെ ചിത്രത്തിന് വര്‍ണ്ണം പകരുവാന്‍ പൂക്കളായ പൂക്കളോടൊക്കെ ഞാന്‍ നിറം കടം വാങ്ങി...ഹേ സുന്ദരിപ്പക്ഷീ... എന്നിട്ടും... എന്നിട്ടും നീ പറന്നകന്നതെങ്ങോട്ടാണ്... നിന്‍റെ ചിറകടി ഇക്കിളുപ്പെടുത്താത്ത എന്‍റെ പൂന്തോട്ടം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നിന്‍റെ സംഗീതം തേടി ഞാനലയുന്നു... എന്നിനി... എന്നിനി കേള്‍ക്കാന്‍ കഴിയും നിന്‍റെ മധുരസംഗീതം... പ്രിയപക്ഷീ, എനിക്കു നിന്നെ കാണണ്ട. നീ എന്‍റെ ആത്മാവിന്‍റെ പവിത്രമായ ചുവരില്‍ ഇന്നും ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു... എന്‍റെ ബാല്യകാലത്തിന്‍റെ ചേതോഹര വര്‍ണ്ണങ്ങളാല്‍.......

കാമിനീ നിന്‍ പുഷ്പ ബാണം മടങ്ങുന്നു
കാലമാം കാകന്‍ പറന്നങ്ങകലുന്നു
കാത്തിരുപ്പിന്‍ നീണ്ട രാവുകള്‍ പകലുകള്‍
കല്പനാവേദിയില്‍ വേഷങ്ങളാടുന്നു

കണ്ണിന്‍ വിദൂരസഞ്ചാരങ്ങളൊക്കെയും
കാണാത്ത നിന്‍ സൌമ്യ വദനം തിരയുന്നു
കാലം വിളക്കണച്ചന്ധകാരം തീര്‍ത്ത
കാര്യമില്ലാത്തൊരു ജന്മം ഞാനേന്തുന്നു

ആ സുധാപൂരിത സംഗീതനാദമെന്‍
ആത്മാവിലമൃതം പകര്‍ന്നെന്നു തോന്നിപോല്‍
ആശക്കതിരിട്ട നിന്‍ തേങ്ങലത്രയും
ആപാദചൂഡം ദഹിപ്പിപ്പു കണ്മണീ

ശ്രീദീപശോഭയാര്‍ന്നാര്‍ദ്രമാമെന്‍ മന-
ശ്രീലകത്തെന്നോ വിരാജിച്ച ദേവതേ
ശ്രീകൃഷ്ണദാസിയാം തോഴി, മമ സഖീ
ശ്രീ ദേവിയെന്തേ വിതുമ്പുന്നു മൌനമായ്?

പിരിയുവാന്‍ വയ്യ നിന്‍ സാമീപ്യമെപ്പൊഴും
പിരിയാതിരിക്കുവാന്‍ പ്രാര്‍ത്ഥിപ്പു നിത്യവും
പിടിവാശിയല്ലിതെന്നാത്മാവു നിന്നോടു
പിരിയരുതേയെന്നു കേഴുന്നു കണ്മണീ

കണ്മണീ നാദസൌഭാഗ്യമേ എന്നിലെ
വെണ്മയോലുന്ന സുസ്വപ്നമേ മായ്കയോ
വിണ്‍ചന്ദ്രികേ മമ പ്രേമ സര്‍വ്വസ്വമേ
പെണ്‍കിടാവേ നീ കിനാവായ് മറയ്കയോ?

ധനുമാസരാവിന്‍റെ കുളിരില്‍ മയങ്ങിയോ
ധരണിയും മൌനമായ് തേങ്ങുന്നു നിശ്ചലം
ധനമായി നിന്നെ ഞാന്‍ കരുതിയെന്‍ ജീവന്‍റെ
ധന്യമാം സ്വപ്നങ്ങളാണു നീ പ്രിയ സഖീ

ഷഡ്കാല ഗീതപ്രിയേ നിന്‍ മനോരഥം
ഷഡ്കാല വേഗം മഥിക്കുന്നിതെന്‍ മനം
ഷഷ്ട്യബ്ദപൂര്‍ത്തിക്കുമപ്പുറം ഞാന്‍ സഖീ
ഷഡ്പദതുല്യം തിരഞ്ഞിടും നിന്‍ പദം

ഖരമായുറഞ്ഞോ ഹൃദന്തമെന്നോമനേ
വൈമുഖ്യമെന്തേ മറുവാക്കു ചൊല്ലുവാന്‍
ഹൃദയം കവര്‍ന്ന നിന്‍ മധുഗാന വൈഖരി
മതിമുഖീയിനിയും വിളമ്പാതെ പോകയോ?

ന്യായവാദങ്ങള്‍ക്കു ഞാനില്ല കണ്മണീ
ന്യായം പറഞ്ഞു നീ പോയിയെന്നാകിലും
ന്യായവാദങ്ങള്‍ക്കുമപ്പുറം സ്നേഹമാം
ന്യായമതത്രേ എനിക്കു നിന്‍ ഭാവന

മുഗ്ധാംഗിനീ തവ സ്വപ്നമെന്‍ ഹൃത്തിലെ
മുജ്ജന്മ സായൂജ്യമായി വിളങ്ങിയോ?
മുന്‍പൊന്നു കാണാത്ത നിന്‍റെ ചെഞ്ചുണ്ടിലെ
വനഗീതമാധുരി തേടുകയാണു ഞാന്‍

മാന്‍ മിഴിയൊന്നു നിറഞ്ഞെന്നു തോന്നിയാല്‍
എന്‍ കരള്‍ നോവുന്നു നിന്നെയോര്‍ത്തിപ്പൊഴും
ഏങ്ങു പറന്നുപോയ് നിന്‍ ചിറകൊച്ച കേ-
ട്ടുണരാനുറങ്ങുന്നു ജാലകം ചാരാതെ

ഇനിയെന്‍റെ ഗാനം മറന്നു നീ പോകിലും
നിന്‍ ഗാനമിനിയെനിക്കന്യമായീടിലും
നിധിയായ് മമ മനഃക്ഷേത്രത്തിലെപ്പൊഴും
പ്രിയ സഖി നിന്നെ ഞാന്‍ പൂജിച്ചിടും ചിരം...

© ജയകൃഷ്ണന്‍ കാവാലം

No comments: