Thursday, July 17, 2008

റോഷിണി (അവസാന ഭാഗം)


ചിതറുമെന്നോര്‍മ്മകള്‍ക്കുള്ളില്‍ വസന്തമായ്
ഒഴുകുന്ന കണ്ണീലെ തീര്‍ത്ഥരേണുക്കളായ്
ഇടറുന്ന പദഗമന വേഗത്തിന്‍ താളമായ്
നീറുമെന്‍ മനസ്സിന്‍റെ നോവു നീ റോഷിണീ

റോഷിണീ നീ വിടര്‍ന്നതും, പിന്നെ-
പടര്‍ന്നതും, പൂന്തേന്‍ കിനിഞ്ഞതും,
എന്നുള്ളിലെരിയുന്ന കാമാഗ്നിയില്‍
ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,

നീണ്ടയിരവുകള്‍ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നില്‍ നിറഞ്ഞതും,
നാഗശരീരിയായ് നീയെന്‍റെ മേനിയില്‍
മാറാടി വീണു തളര്‍ന്നതും,

പോരാടിയെന്നൂര്‍ജ്ജ ബാഷ്പരേണുക്കളില്‍
നീരാടിയമൃതം നുകര്‍ന്നതും,
വിഷപ്പല്ലിറക്കാതെ കണ്ഠപാര്‍ശ്വങ്ങളില്‍
തേന്‍ ചുണ്ടമര്‍ത്തിക്കടിച്ചതും,

ഓര്‍മ്മയിലിന്നുമൊരു കനല്‍ച്ചൂടായി
നീറുന്നു, പടരുന്നു, തകരുന്നു ഞാനും
ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-
യാളുന്നു ദാഹാര്‍ത്തയായിന്നു റോഷിണീ

മേവുന്നു റോഷിണീ നീയൊരു ശിലാശില്പ
ഭംഗിയാര്‍ന്നിരവിന്‍റെ വധുവായി, മധുവായി,
കാമ കേളീ രസലോലയായ് മനസ്സിലെ
കാടു പിടിച്ചൊരീ യക്ഷിത്തറകളില്‍,

ഉദ്യാനഭൂമിതന്‍ ഹൃദ്സ്പന്ദനങ്ങളില്‍,
വിജ്ഞാനശാലതന്നന്തപ്പുരങ്ങളില്‍,
കാമാര്‍ത്തയായിട്ടലഞ്ഞു നീ റോഷിണീ
ആചാര്യ ഭോഗത്തില്‍ നിര്‍വൃതി തേടി നീ!

ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ
മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്
മഹിതമാം ജന്മത്തിനര്‍ത്ഥം കുറിക്കുന്ന
മഹിതപത്രത്തില്‍ കളങ്കം കുറിച്ചു നീ!

അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ
എന്നെയറിഞ്ഞൊരു മുഗ്ധകുസുമമായ്,
പടരുന്നുവെന്നിലെ നിന്നുടെയോര്‍മ്മയില്‍
തിരയുന്നു നിന്‍റെ വിഷലിപ്ത ദംശനം

സുപ്രഭാഗര്‍ഭത്തില്‍ സൂര്യബീജം
വീണുണര്‍വള്‍
സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോള്‍
സപ്രമഞ്ചങ്ങളില്‍ രാത്രികള്‍ ലീലയാല്‍
സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോള്‍
സ്വപ്നവേഗത്തിലെന്‍ മാറിലെ ചൂടിനാല്‍
സ്വര്‍ണ്ണകുംഭങ്ങളില്‍ ക്ഷീരം ചുരത്തുവോള്‍

റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവള്‍
നേരിന്‍റെ നേരേ പുലഭ്യം പറഞ്ഞവള്‍
ലോകസത്യങ്ങള്‍ തന്നാഭിജാത്യത്തിലേ-
ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവള്‍

രാശിചക്രങ്ങളില്‍ ദൈവജ്ഞര്‍ കാണാത്ത-
രോഹിണി നക്ഷത്ര പാപം ചുമക്കുവോള്‍,
നാടിന്‍ സദാചാര മംഗളദീപത്തി-
ലെന്നും കരിന്തിരിയായി രമിപ്പവള്‍.

നിന്‍ ശ്വാസ, നിശ്വാസ സീല്‍ക്കാര നാദത്തി-
ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയില്‍,
സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,
കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം
പൂണ്ടുയര്‍ന്നു താഴും നിന്‍റെ കണ്ഠനാളത്തിന്‍റെ
ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവര്‍

ആ തീക്ഷ്ണ ദൃഷ്ടിതന്‍ മുനയേറ്റു-
രക്തം ചൊരിഞ്ഞവര്‍,
ശത കോടി ജന്മപുണ്യങ്ങളെ-
രേതസ്സു ചേര്‍ത്തു ഹോമിച്ചവര്‍,
നീ തീര്‍ത്ത കാമസമുദ്രച്ചുഴികളില്‍
അറിയാതെയാഴ്ന്നു മരിച്ചവര്‍,
നിന്‍ ഭോഗതൃഷ്ണതന്‍ ശരമേറ്റു-
മണ്ണില്‍ പതിച്ചവര്‍,
നിന്‍റെ സാമീപ്യത്തിനായി തപം ചെയ്തു-
തര്‍പ്പണപ്പലകയില്‍ രക്തമര്‍ച്ചിച്ചവര്‍…
ചിതറുന്നു പൊലിയുന്നവര്‍ക്കൊപ്പമെന്നിലെ
നിന്നില്‍ സമര്‍പ്പിച്ച പ്രണയവും മനസ്സും.

ഇനിയില്ല നിന്‍റെയനന്യമാം മാദക-
ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നില്‍.
വിടരില്ല നീയിനി വിഷപരാഗങ്ങള്‍ തന്‍-
ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.

പടരില്ലയിനിയും നീയാരിലും, പൂന്തേന്‍-
കിനിയില്ല, ലഹരിതന്‍ പാനപാത്രത്തില്‍ നീ-
നുരയില്ല, മനസ്സിന്‍റെയേകാന്ത നിദ്രയില്‍-
തെളിയില്ല ജീവിതസ്വപ്നവര്‍ണ്ണങ്ങളായ്.

കരയുവാനല്ലയെന്‍ തൂലികത്തുമ്പിനാല്‍
പൊരുതുവാനായി ജനിച്ചവന്‍ ഞാന്‍!
തളരുവാനല്ലെന്‍റെയുയിരിന്‍ പ്രഭാവത്തി-
ലൊരു യുഗം തീര്‍ക്കുവാന്‍ വന്നവന്‍ ഞാന്‍!

ഇരുളിന്‍റെ വഴികളിലഭിസാരികേ നിന്‍റെ
ചരിതം തിരുത്തുവാന്‍ വന്നവന്‍ ഞാന്‍!
കവിധര്‍മ്മമത്രേ!, ഇതെന്നില്‍ നിയുക്തമാം
വിധി തന്ന മോചന ഹൃദയമന്ത്രം!!!

മൃത്യുവിന്‍ മടിയിലടിയുന്നതിന്‍ മുന്‍പേ,
ഓര്‍മ്മയായ് ഞാനൊടുങ്ങുന്നതിന്‍ മുന്‍പേ,
കത്തിജ്വലിക്കുമെന്നന്തരംഗത്തിലെ-
ചിന്തതന്നൂഷ്മാവുറവായിടും മുന്‍പേ,
കോര്‍ത്തിടും മണിമുത്തു മാലകള്‍ നിനക്കായി
അഗ്നിവിശുദ്ധയായ് നീ വന്നണയുമ്പോള്‍.

സ്ഫുടം ചെയ്തെടുക്കുമാ പോയ കാലങ്ങളെ
ഞാന്‍ തീര്‍ത്ത കണ്ണുനീര്‍ കാവ്യതീര്‍ത്ഥങ്ങളാല്‍
നീ വന്നുദിച്ചിടുമിനിയുമെന്‍ മനസ്സിന്‍റെ
ശശിലേഖ മായാത്ത വാനവീഥികള്‍ തോറും

തിരികെയൊരു വഴി നീ തിരയും,
പ്രതീക്ഷതന്‍ പുതിയ നാളത്തിനായ് കേഴും
പുതിയൊരുഷസ്സിന്‍റെ പൊന്‍കതിരണിയുവാന്‍
മുകുളമായിനി നീ കുരുക്കും.

അവിടെ നീ കേള്‍ക്കുമെന്നുയിരിന്‍റെയൂര്‍ജ്ജം
സുധയായ് പൊഴിയുന്ന മോചനഗീതികള്‍
അവിടെ നീ കാണുമെന്‍ ദേഹം, മഹാഗ്നി തന്‍-
പരിലാളനത്താല്‍ ജ്വലിച്ച ചിത്രം.

അവിടെ നീ കേള്‍ക്കുമാ പ്രേമകുടീരത്തിലെ,
പ്രകൃതി തന്നിടറുന്ന കണ്ഠത്തില്‍ നിന്നും,
ദിവ്യമാം സ്നേഹത്തിന്നനശ്വര ഗായകന്‍
വിട വാങ്ങിയെന്ന വിലാപ ഗീതം.

© ജയകൃഷ്ണന്‍ കാവാലം

Saturday, June 14, 2008

‘ഹൃദയേ‘ശ്വരി

എനിക്കായ് തുടിക്കുന്ന ഹൃദയമെ-
ന്നരികില്‍ വന്നെന്നോടു ചോദിച്ചു
മനുഷ്യാ നീയെന്‍റേതു തന്നെയോ
ഇനിയും നീയെന്‍റേതു മാത്രമോ?

വിറയാര്‍ന്നു പോയ് മന-
സ്സറിയാതെയൊരു ദീര്‍ഘ-
നിശ്വാസ സമയം തിരഞ്ഞു
ഉള്ളിലൊരു വര്‍ഷമേഘമിരുണ്ടു

കരളൊന്നുലഞ്ഞു, നിന-
വെന്നിലേക്കെന്നിലെ
എന്നോടു തന്നെ തിരിഞ്ഞു
ചിന്തയൊരു കൊടുംകാടിന്‍റെ
ഹൃദയം തിരഞ്ഞു കൊ-
ണ്ടറിയാതെ പാറിപ്പറന്നു

ഇവിടെയാരാര്‍ക്കൊക്കെ വേണ്ടിപ്പിറന്നു
ആര്‍ക്കൊക്കെ വേണ്ടി നില കൊണ്ടൂ
ഏതൊക്കെ ഹൃദയങ്ങളാര്‍ക്കൊക്കെ വേണ്ടിയി-
ട്ടാശിച്ചു ദാഹിച്ചലഞ്ഞു

ഏതൊന്നിലെവിടുന്നു വന്നു നീ പാര്‍ത്തുവോ
ഏതൊന്നില്‍ നീ താനലിഞ്ഞോ
ഏതൊന്നിലലിവിന്‍റെയറിവു പകര്‍ന്നു നീ-
യാനന്ദ ഗേഹം പണിഞ്ഞോ
നീ തന്നെയറിവായി, അഗ്നിയായ്, ഗന്ധമായ്,
ദാഹ, മോഹങ്ങള്‍ക്കുമപ്പുറം ജീവനായ്,
ജീവന്‍റെ സത്യമായ്, ശക്തിയായ്, മുക്തിയായ്
വീണടിയുന്നൊരിടമത്രേ ഹൃദയം!
അലിഞ്ഞലിയുന്നൊരിടമത്രേ ഹൃദയം!!

ചിന്തകളുറവായി മൌനമായ് നിറയുന്ന,
മന്ത്രപ്പൊരുളിന്‍റെ സ്പന്ദനമാകുന്ന,
ജീവസംഗീതത്തിനീണം പകരുന്ന,
സന്താപവേളയില്‍ നൊമ്പരം കൊള്ളുന്ന,
നന്മതന്നുണ്മയായ്, നീതിക്കു സാക്ഷിയായ്,
കാലചക്രത്തിന്നനുസ്യൂത സഞ്ചാര-
വേഗത്തിലിടറാതെ, പതറാതെ മരുവുന്ന
സഹചാരിയത്രെയീ ഹൃദയം!
ഒരു സ്നേഹ സംഗീതമത്രെയീ ഹൃദയം!!

പ്രേമം പൂത്തുലയുന്നതിവിടെയല്ലോ
സ്നേഹ ഗാനം രചിപ്പതും ഹൃദയമല്ലോ
നോവിന്‍റെ കണ്ണുനീരലമാലയായ് വന്നു
സാഗരം തീര്‍പ്പതും ഇവിടെയല്ലോ

ഇവിടെയനന്തമാം മോഹങ്ങളലയടി-
ച്ചാഴി ചമയ്ക്കുന്നു മറയുന്നു വീണ്ടും,
അനവധി സ്വപ്നമായ്, സങ്കല്‍പ്പ ലോകമാ-
യനവധി വേദികളനുഭവ വേളകള്‍,
അനവധിയനുപമസുന്ദരസന്ധ്യകള-
വധിയില്ലാതെ തെളിയുന്നു മറയുന്നു

ഇവിടെവന്നുറയുന്നു സ്നേഹം
ഇവിടെവന്നടിയുന്നു ദുഃഖം
ഇവിടെ വന്നലിയാതനന്തമായ് തീരുന്നു
ചില നൊമ്പരങ്ങള്‍ തന്‍ മുറിവു മാത്രം!

ഇതു തന്നെ ക്ഷേത്രം പരാത്പര ജ്യോതി-
തന്നൊളിവീശുമമര സാമ്രാജ്യം!
ഇതു തന്നെയെന്‍റെയും നിന്‍റെയും ജീവനില്‍
അമൃതം നിറയ്ക്കുന്ന സ്നേഹഗംഗ!
പ്രേമ ജലധിയില്‍ ചേരുന്നൊരമര ഗംഗ!!

ഇവിടെത്ര പുലരിതന്‍ പൊന്‍പൂവുകള്‍
മണ്ണിലുലയുന്ന ജീവിത സ്വരമാരികള്‍
ഇവിടെത്ര തേങ്ങലിന്‍ മാറ്റൊലികള്‍
സന്ധ്യയണിയാന്‍ മറന്ന പൊന്‍ നൂപുരങ്ങള്‍

ഇവിടെത്ര രാത്രിതന്‍ രതി ഗീതികള്‍
നീണ്ട പകലിന്‍റെയുന്മാദ മദസന്ധികള്‍
ഇവിടെത്ര പുഞ്ചിരിപ്പൂച്ചെണ്ടുകള്‍
നേര്‍ത്ത വിങ്ങലായുറയുന്ന ഗതചിന്തകള്‍

ഇവിടെത്രയിരവിന്‍റെ വെടുവീര്‍പ്പുകള്‍
ഓര്‍മ്മ വര്‍ണ്ണം പകര്‍ന്നിടും നിറസന്ധ്യകള്‍
ഇവിടെത്ര മലരും, വസന്തവും മാസ്മര
ഗന്ധവും, സ്വപ്നവും, സംഗീതവും
ഇനിയെത്ര വന്നു തെളിഞ്ഞു മറഞ്ഞിടും
അവയെത്ര ശോഭ വിതറി നില്‍ക്കും.

ഹൃദയമെന്നരികിലെന്നിണപോലെയുയിര്‍പോലെ
മൃദുമന്ദപവനന്‍റെ കുളിരു പോലെ
ഹൃദയമെന്നലിവിന്‍റെയലിവാര്‍ന്ന മുഖമായി
മധുരപ്രതീക്ഷ തന്നുറവയായി
ഹൃദയമെന്നകതാരിലരുവിയായരുമയാ-
യമൃതമായാത്മ സുഗന്ധമായി

കുളിരായി,കവിതയായ്,മനസ്സായി,മഹിമയായ്,
നിറവായി, നിഴലായ് നിറഞ്ഞു നില്‍ക്കേ
പറയുവതെങ്ങനെയവളെനിക്കെന്നോ - ഞാ-
നവളുടേതെന്നോ സസൂക്ഷ്മമായി...

© ജയകൃഷ്ണന്‍ കാവാലം

വാതായനങ്ങള്‍ താനേ തുറന്നു...

വാതായനങ്ങള്‍ താനേ തുറന്നു
വാതില്‍ക്കല്‍ നീ വന്നു നിന്നു
വാര്‍തിങ്കളിന്‍ മുഖശ്രീ പോലെയാമുഖം
മൌനമായ് ഞാന്‍ നോക്കി നിന്നു

മണിയറ ചാരാതെ മാനത്തു പൌര്‍ണ്ണമി
മാരനെ തിരയുന്ന യാമങ്ങളില്‍
രതി ലോലമായ് വന വീണയില്‍ പവനന്‍റെ
മൃദു കരം തഴുകുന്ന നിമിഷങ്ങളില്‍

വനമോഹിനീ തവ മധുരാധരങ്ങളാല്‍
മധുരമായെന്നോടു കൊഞ്ചിയപ്പോള്‍
വനവാസ മോഹം വെടിഞ്ഞു ഞാനാ മുഖം
വരമായ് ലഭിക്കാന്‍ കൊതിച്ചു നിന്നു

മനം കുളിരാട ചൂടി തളിര്‍ത്തു നിന്നു...

©കാവാലം ജയകൃഷ്ണന്‍ 

എന്‍റെ പഞ്ചവര്‍ണ്ണക്കിളിക്ക്‌...

പണ്ട്‌, പണ്ടു പണ്ട്... എന്‍റെ കുഞ്ഞു പൂന്തോട്ടത്തിലെവിടെയോ, ആ പൂന്തോട്ടത്തിനതിരിട്ട പച്ചപ്പുകള്‍ക്കുള്ളിലെങ്ങു നിന്നോ ഞാന്‍ കാണാതെ എന്നെ നോക്കി പാട്ടു പാടിയിരുന്ന പഞ്ചവര്‍ണ്ണക്കിളിക്ക്‌... എന്നോടു മത്സരിച്ച്‌ പാട്ടു പാടി പാട്ടു പാടി എന്നോ നീ പിണങ്ങിപ്പോയി... നിന്‍റെ ഗാനങ്ങള്‍ കേട്ട്‌ കണ്ണന്‍റെ പൊന്നരഞ്ഞാണങ്ങള്‍ പോലെ പൂത്തുലഞ്ഞു നിന്നിരുന്ന കണിക്കൊന്നപ്പൂവുകള്‍ കോരിത്തരിക്കാറുണ്ടായിരുന്നു. അതെ... നീ കൃഷ്ണഗീതങ്ങളായിരുന്നു ആലപിച്ചിരുന്നത്‌ ഞാന്‍ നിന്നെ ഭാവനയില്‍ കണ്ടു. ആത്മാവില്‍ വരച്ചു ചേര്‍ത്തു... എന്‍റെ പൂന്തോട്ടത്തിലെ സപ്തവര്‍ണ്ണപ്പൂക്കളുടെ പരാഗ കണങ്ങള്‍ കൊണ്ട്‌... നിന്‍റെ തൂവലുകള്‍ ഞാന്‍ പട്ടു നൂലിനാല്‍ നെയ്തു ചേര്‍ത്തു. നിന്‍റെ പൂവുടലാകെ കണ്ണനു ചാര്‍ത്തിയ വരമഞ്ഞള്‍ കൊണ്ട്‌ സ്വര്‍ണ്ണവര്‍ണ്ണം ചേര്‍ത്തു. നിന്‍റെ ചിത്രത്തിന് വര്‍ണ്ണം പകരുവാന്‍ പൂക്കളായ പൂക്കളോടൊക്കെ ഞാന്‍ നിറം കടം വാങ്ങി...ഹേ സുന്ദരിപ്പക്ഷീ... എന്നിട്ടും... എന്നിട്ടും നീ പറന്നകന്നതെങ്ങോട്ടാണ്... നിന്‍റെ ചിറകടി ഇക്കിളുപ്പെടുത്താത്ത എന്‍റെ പൂന്തോട്ടം ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. നിന്‍റെ സംഗീതം തേടി ഞാനലയുന്നു... എന്നിനി... എന്നിനി കേള്‍ക്കാന്‍ കഴിയും നിന്‍റെ മധുരസംഗീതം... പ്രിയപക്ഷീ, എനിക്കു നിന്നെ കാണണ്ട. നീ എന്‍റെ ആത്മാവിന്‍റെ പവിത്രമായ ചുവരില്‍ ഇന്നും ചിത്രണം ചെയ്യപ്പെട്ടിരിക്കുന്നു... എന്‍റെ ബാല്യകാലത്തിന്‍റെ ചേതോഹര വര്‍ണ്ണങ്ങളാല്‍.......

കാമിനീ നിന്‍ പുഷ്പ ബാണം മടങ്ങുന്നു
കാലമാം കാകന്‍ പറന്നങ്ങകലുന്നു
കാത്തിരുപ്പിന്‍ നീണ്ട രാവുകള്‍ പകലുകള്‍
കല്പനാവേദിയില്‍ വേഷങ്ങളാടുന്നു

കണ്ണിന്‍ വിദൂരസഞ്ചാരങ്ങളൊക്കെയും
കാണാത്ത നിന്‍ സൌമ്യ വദനം തിരയുന്നു
കാലം വിളക്കണച്ചന്ധകാരം തീര്‍ത്ത
കാര്യമില്ലാത്തൊരു ജന്മം ഞാനേന്തുന്നു

ആ സുധാപൂരിത സംഗീതനാദമെന്‍
ആത്മാവിലമൃതം പകര്‍ന്നെന്നു തോന്നിപോല്‍
ആശക്കതിരിട്ട നിന്‍ തേങ്ങലത്രയും
ആപാദചൂഡം ദഹിപ്പിപ്പു കണ്മണീ

ശ്രീദീപശോഭയാര്‍ന്നാര്‍ദ്രമാമെന്‍ മന-
ശ്രീലകത്തെന്നോ വിരാജിച്ച ദേവതേ
ശ്രീകൃഷ്ണദാസിയാം തോഴി, മമ സഖീ
ശ്രീ ദേവിയെന്തേ വിതുമ്പുന്നു മൌനമായ്?

പിരിയുവാന്‍ വയ്യ നിന്‍ സാമീപ്യമെപ്പൊഴും
പിരിയാതിരിക്കുവാന്‍ പ്രാര്‍ത്ഥിപ്പു നിത്യവും
പിടിവാശിയല്ലിതെന്നാത്മാവു നിന്നോടു
പിരിയരുതേയെന്നു കേഴുന്നു കണ്മണീ

കണ്മണീ നാദസൌഭാഗ്യമേ എന്നിലെ
വെണ്മയോലുന്ന സുസ്വപ്നമേ മായ്കയോ
വിണ്‍ചന്ദ്രികേ മമ പ്രേമ സര്‍വ്വസ്വമേ
പെണ്‍കിടാവേ നീ കിനാവായ് മറയ്കയോ?

ധനുമാസരാവിന്‍റെ കുളിരില്‍ മയങ്ങിയോ
ധരണിയും മൌനമായ് തേങ്ങുന്നു നിശ്ചലം
ധനമായി നിന്നെ ഞാന്‍ കരുതിയെന്‍ ജീവന്‍റെ
ധന്യമാം സ്വപ്നങ്ങളാണു നീ പ്രിയ സഖീ

ഷഡ്കാല ഗീതപ്രിയേ നിന്‍ മനോരഥം
ഷഡ്കാല വേഗം മഥിക്കുന്നിതെന്‍ മനം
ഷഷ്ട്യബ്ദപൂര്‍ത്തിക്കുമപ്പുറം ഞാന്‍ സഖീ
ഷഡ്പദതുല്യം തിരഞ്ഞിടും നിന്‍ പദം

ഖരമായുറഞ്ഞോ ഹൃദന്തമെന്നോമനേ
വൈമുഖ്യമെന്തേ മറുവാക്കു ചൊല്ലുവാന്‍
ഹൃദയം കവര്‍ന്ന നിന്‍ മധുഗാന വൈഖരി
മതിമുഖീയിനിയും വിളമ്പാതെ പോകയോ?

ന്യായവാദങ്ങള്‍ക്കു ഞാനില്ല കണ്മണീ
ന്യായം പറഞ്ഞു നീ പോയിയെന്നാകിലും
ന്യായവാദങ്ങള്‍ക്കുമപ്പുറം സ്നേഹമാം
ന്യായമതത്രേ എനിക്കു നിന്‍ ഭാവന

മുഗ്ധാംഗിനീ തവ സ്വപ്നമെന്‍ ഹൃത്തിലെ
മുജ്ജന്മ സായൂജ്യമായി വിളങ്ങിയോ?
മുന്‍പൊന്നു കാണാത്ത നിന്‍റെ ചെഞ്ചുണ്ടിലെ
വനഗീതമാധുരി തേടുകയാണു ഞാന്‍

മാന്‍ മിഴിയൊന്നു നിറഞ്ഞെന്നു തോന്നിയാല്‍
എന്‍ കരള്‍ നോവുന്നു നിന്നെയോര്‍ത്തിപ്പൊഴും
ഏങ്ങു പറന്നുപോയ് നിന്‍ ചിറകൊച്ച കേ-
ട്ടുണരാനുറങ്ങുന്നു ജാലകം ചാരാതെ

ഇനിയെന്‍റെ ഗാനം മറന്നു നീ പോകിലും
നിന്‍ ഗാനമിനിയെനിക്കന്യമായീടിലും
നിധിയായ് മമ മനഃക്ഷേത്രത്തിലെപ്പൊഴും
പ്രിയ സഖി നിന്നെ ഞാന്‍ പൂജിച്ചിടും ചിരം...

© ജയകൃഷ്ണന്‍ കാവാലം

Friday, June 13, 2008

ആജ്ഞ

കണ്ടു കണ്ടു ഞാന്‍ പോകുന്നു രക്തത്തി-
ലാണ്ടു പോകാന്‍ തുടങ്ങുന്ന കേരളം
ചിത വെളിച്ചത്തിലിതുവരെ കാണാത്ത
വിറളി പൂണ്ട മുഖങ്ങള്‍ ചിരിക്കുന്നു

രജ പഥങ്ങളില്‍ നാല്‍ക്കവലകളില്‍
കൊടി പറത്തുന്ന പ്രൌഢരാഷ്ട്രീയമേ
കത്തുമാവേശമെന്തിനീ നാടിന്‍റെ
വെന്തുരുകുന്നൊരുദര ശാന്തിക്കോ?

പാഴ്നിലങ്ങളില്‍ പാറമടകളില്‍
വയറിനായി പണിയും ജനങ്ങളില്‍
ജനവിരോധം നിറയ്ക്കും മതങ്ങളേ
മതി മതിയീ വിഭക്തിപ്രകാശനം

വാളെടുത്താല്‍ വളരുമോ കേരളം?
പൂജകൊണ്ടു ശമിക്കുമോ രോദനം?
പുത്രവിരഹത്താലാളുന്നൊരമ്മതന്‍
ഹൃത്തിലാശ്വാസമേകുമോ ഈ മതം?

വീതിറ്റേറുന്ന വടിവാള്‍ മുനയിലെ
ചുടു നിണമോയീഭൂവിന്നു ശാശ്വതം?
ബോംബുപൊട്ടിച്ചിതറിത്തെറിച്ചൊരീ
മാംസപിണ്ഡമോ ഹാ മത ഭോജനം?

രുധിര ചിന്തയ്ക്കു മേല്‍വളം ചേര്‍ക്കുന്ന
പതിത മോക്ഷപ്രഘോഷണക്കാരേ
ഹരിത ഭൂമിയില്‍ സ്നേഹം വിളമ്പുന്ന
ധന്യ. യമ്മയ്ക്കു നിങ്ങളും മക്കളോ?

പല മതങ്ങള്‍ തന്നൊരുമയാലഭിമാനം
കടല്‍ കടത്തിയ മലയാള ഭാഗ്യമേ
കരുണയില്ലാത്ത മക്കള്‍ തന്നമ്മയായ്
കരയുവാനോ ധരിത്രി, നിന്‍ ദുര്‍വ്വിധി?!!!

പല മതങ്ങള്‍ വിതച്ചിട്ട നാശമേ
പല നിറങ്ങളായ് പാറും പതാകയേ
പതിത മോക്ഷങ്ങള്‍ വില്‍ക്കും ജനങ്ങളേ
പടി കടക്കുക... പേടിക്കയില്ലിനി.

© ജയകൃഷ്ണന്‍ കാവാലം