രാധികേ...നിറവാര്‍ന്നു നില്‍ക്കുമുഷസ്സിന്റെ
ദേവതേ...നിന് സൌമ്യസാന്ത്വനസ്പര്‍ശമെന്‍
ജീവനില്‍ പകരുന്നൊരായിരം നന്‍മതന്നുണ്മയെന്നും
അന്നു ഞാനൊരു ചെറു ലതയായിരുന്നതി-
ലെന്നും തലോടിയിരുന്നു നീ...
ജന്മം കഴിഞ്ഞു കലിയുഗത്തില്‍ ഒരു
മനുജനായ് പിറവി കൊണ്ടപ്പോള്‍
നിത്യ ദുഃഖത്തില്‍ വലയുന്ന മര്‍ത്യര്‍ തന്
വ്യര്‍ത്ഥ ജന്മങ്ങളെ കാണ്കേ
കാംക്ഷിപ്പു ഹാ സ്നേഹ ദേവതേ
നിന് ദിവ്യ സാന്നിദ്ധ്യമിവിടെയുണ്ടെങ്കില്‍
രാധികേ ഋതുമാറി,കാലം കുതിക്കവേ
മാറാതെയിന്നും എവിടെ വാഴുന്നു നീ
നഷ്ടസ്വപ്നത്തിന് വിഴുപ്പുഭാണ്ഡങ്ങളില്‍,
വ്യര്‍ത്ഥവിശ്വാസത്തിന്‍ നാലമ്പലങ്ങളില്‍,
കപടഭക്തി മൂഢവേദാന്തമായ് പരിണമി-
ച്ചാത്മാവറിയാതെ നെറ്റിയില്‍ ചാര്‍ത്തിയ
ഊര്‍ദ്ധ്വപുണ്ഡ്രങ്ങളിലെങ്ങുമേയില്ല നീ...
ജീവനെ കാമം ദഹിപ്പിച്ചിടുന്നൊരീ
ദേഹമാം ചുടലപ്പറമ്പിലുമില്ല നീ...
ലോകസ്ഥിതിതന്‍ വ്രണിതമാം നേര്‍ക്കാഴ്ച
കാണുന്ന കണ്ണിലുമില്ല നീ...
രാധികേ ഒരു നേര്‍ത്ത തേങ്ങലായ്,
വിങ്ങുമിടനെഞ്ചിലുറവയായന്നാത്മ
വേദനയൊഴുകിയ നിന് കണ്ണുനീര്‍ത്തുള്ളിയില്‍
കാണുന്നു ഹാ; മഹാകാവ്യങ്ങളില്‍,
സ്നേഹ മാനങ്ങളില്‍, ലോക ചരിതങ്ങ-
ളെന്നുമനന്തമാമാകാശ വീഥിയിലൊരു
പൊന്‍താരമായ് വാഴ്ത്തിയ
നിസ്തുലപ്രേമത്തിന്നായിരമനന്തമാം
സൌവര്‍ണ്ണ രാജികള്‍ വിതറും പ്രകാശരേണുക്കള്‍
രാധികേ, കാലം മറക്കാത്ത ത്യാഗമേ
യുഗങ്ങളാദ്യന്തമില്ലാതണയുന്നു, മറയുന്നു
മാധവ ജന്‍മങ്ങളനന്തമായെത്രയോ
ഭാവഹാവാദിയില്‍ പൂക്കുന്നു പൊഴിയുന്നു
അപ്പൊഴും, നിന് പ്രേമഭാവനപ്പൂക്കളീ
ലോകര്‍ക്കു ദിവ്യ സുഗന്ധം പരത്തുന്നു
രാധികേ, രാജീവനയനന്റെ ഗാഥയില്‍
കണ്ണുനീരാല്‍ കുറിച്ചിട്ട കാവ്യമേ
കാലമീ കലിയുഗ ക്ഷേത്രവാടങ്ങളില്‍
കാമത്തിനായാഭിചാരങ്ങള്‍ ചെയ്യവേ
മോഹത്തിനായാത്മ വഞ്ചന ചെയ്യുന്ന
ചണ്ഡാളരെങ്ങും അഥര്‍വ്വം ജപിക്കവേ
സര്‍വ്വം മുടിക്കാന്‍ പിറക്കുന്ന ദുര്‍ഭൂത-
ഹൃദയം വഹിപ്പവര്‍ വേദാന്തമോതവേ,
അണയുക രാധികേ നിസ്വാര്‍ത്ഥപ്രേമമേ
ലോകര്‍ ഗ്രഹിക്കട്ടെ സ്നേഹം,
അവര്‍ കാണട്ടെ ശാശ്വത സത്യം !
കൃഷ്ണ കൃഷ്ണാ ജപിച്ചും,
മനക്കാമ്പിലച്യുതനെ സ്മരിച്ചും,
സ്മൃതിയിലെന്നുമെന്നും മധുരമായൊഴുകുന്ന
ശ്യാമവര്‍ണ്ണന്‍ തന്റെ വേണുഗാനത്തിലെ
പല്ലവിയായ് നീ ലയിച്ചോ?
അതുമല്ലൊരായിരം പരിഭവങ്ങള്‍
തന്റെയുള്ളില്‍ ചിരി തൂകി നിത്യം രമിക്കുന്ന
കാമുകന്നായി പകര്‍ന്നും,
ലോക മിഥ്യതന്നര്‍ത്ഥം ഗ്രഹിച്ചും,
വസുധ തന് ദുര്‍വ്വിധി കണ്ടു തപിച്ചും,
ലോക രക്ഷാകരന്‍ തന്റെ കനിവിനായ് കാട്ടില്‍ നീ
ഏകയായ് ധ്യാനത്തിലാണ്ടോ?
എവിടെ രമിപ്പു നീ രാധികേ, കണ്ണന്റെ
വൃന്ദാവനത്തില്‍ നീ മാഞ്ഞോ?
കാലമര്‍ത്ഥിപ്പു നിന്റെയാ പ്രേമസൂക്തങ്ങളെ
മന്നില്‍ വിളംബരം ചെയ്വാന്...
© ജയകൃഷ്ണന് കാവാലം
8 comments:
മറക്കില്ലൊരിക്കലുമൂഴി രാധിക തന് പ്രേമസൂക്തങ്ങള്‍...!
'രാധയെവിടെ തിരയുക തെന്നലെ കാതരമാകും മനസ്സുകളെ' - സുഗതകുമാരി
കവിത നന്നായിട്ടുണ്ട് പഴയതെങ്കിലും തെളിവുറ്റ അഖ്യാന ഭംഗികൊണ്ട് കവിത മികച്ചു നില്ക്കുന്നു പ്രമേയം വളരെ പഴയതണ്.
ആഖ്യാനത്തിണ്റ്റെയും പ്രമേയത്തിണ്റ്റേയും പുതിയ സധ്യതകളെ ചൂഷണം ചെയ്യാന്‍ കവിക്കു കാഴിയാതെ പോയി....
സുഗര്‍ കോട്ടു ചെയ്ത വൈട്ടമിന് ഗുളികപോനെ കവിത വെച്ചു വിളംബുന്ന കവിതയുടെ കാലം കഴിഞ്ഞത് ചേട്ടന് അറിഞ്ഞില്ലെന്നു തോന്നുന്നു. എഴുതുക.... വെട്ടിയും തിരുത്തിയും മിനുക്കിയെടുക്കുക.....
മാരനല്ലൂര്‍ സതീഷ്: സ്വാഗതം. ആ ത്യാഗവും, സ്നേഹവും നമുക്കോര്ക്കുക മാത്രമെങ്കിലും ചെയ്യാം. അനുവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും. സന്ദര്‍ശനത്തിന് നന്ദി അറിയിക്കട്ടെ
സന്തോഷ് പല്ലശ്ശന: സ്വാഗതം. ഈ ബ്ലോഗ് തുടങ്ങിയിട്ട് ഇത് നാല്‍പ്പത്തി മൂന്നാമത്തെ കവിതയാണിത്. എന്നാല്‍ ഇന്നേവരെ ഈ ബ്ലോഗില്‍ ലഭിച്ചിട്ടില്ലാത്ത വസ്തുനിഷ്ഠമായ ഒരു വിമര്‍ശനമായി താങ്കളുടെ വിലയിരുത്തലിനെ സ്നേഹപൂര്‍വം സ്വാഗതം ചെയ്യുന്നു.
സാങ്കേതികമായ സാദ്ധ്യതകളോ, അളവുകളോ നോക്കാതെ; ഓഫീസിലെ വിരസമായ ഇടവേളയില്‍ എഴുതിയതാണിത്.
ആദ്യ മൂന്നു വരി മാത്രം ഒരിക്കലെഴുതി,മറ്റൊരു ദിവസം പൂരിപ്പിച്ചു. അത്ര തന്നെ. (ഇതെന്നല്ല പലതും അങ്ങനെ തന്നെയാണ്) പക്ഷേ എന്തെന്നറിയാത്ത ഒരു ‘മിസ്സിംഗ്‘ എനിക്കും തോന്നുന്നു. തീര്‍ച്ചയായും, വെട്ടിത്തിരുത്തി മാറ്റിയെഴുതാന്‍ ശ്രമിക്കാം. ശ്രമം വിജയിച്ചാല്‍ തീര്‍ച്ചയായും അത് താങ്കള്‍ക്ക് ഇ മെയില്‍ ചെയ്യാം. സന്ദര്‍ശനത്തിനും, വിലയേറിയ അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു.
രുക്മിണിയേക്കാള് എനിക്കിഷ്ടം രാധയെ ആയിരുന്നു....
സീതയേക്കാള്‍ എന്റെ മനസ്സില്‍ തങ്ങി നില്ക്കുന്ന മുഖം ഊര്മ്മിളയുടെതാണ്...
നീലകടമ്പിന്‍ ചോട്ടില് അനുരാഗമുരളിയും ചുണ്ടോട് ചേര്‍ത്ത്
തന്നെയും പ്രകൃതിയെയും മറന്ന് അനുരാഗമുരളിയും ചുണ്ടോട് ചേര്‍ത്ത് നീലകടമ്പിന്‍ ചോട്ടില്കണ്ണന്റെ ഓര്‍മ്മകളില്‍
ജീവിയ്ക്കുന്ന രാധ....
നിത്യ പ്രണയിനി....
"രാധാ തന് പ്രേമത്തോടാണോ
അതോ ഞാന്‍ പാടും ഗീതത്തോടാണോ
പറയൂ നിനക്കെറെയിഷ്ടം..."
നല്ല വരികള്‍ മാഷെ...
എത്ര കേട്ടാലും
മടുക്കാത്തതാണല്ലോ ഈ പ്രമേയം!
കവിതന്നെ ഒന്ന് ‘എഡിറ്റ്’ ചെയ്താല്‍ അസ്സലാകും.
നല്ല വരികൾ, പിന്നെ കാവലത്തല്ലെ വീട്, മുല്ലപൂമ്പൊടി ഏറ്റുകിടക്കും കല്ലിനുമുണ്ടൊരു സൌരഭ്യം എന്നല്ലെ ചൊല്ല്, പിന്നെ ആ ആറിന്റിക്കരെയാണ് ഞാൻ......വെളിയനാട്....,എന്റെ ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു, അവനാണോ എന്ന് ആദ്യം സംശയിച്ചു അവന്റെ പേര് ഗോപകുമാർ, ശ്രീ ധർമ്മ ശാസ്ത്രാ ക്ഷെത്രത്തിന്റെ അടുത്താണ് അവന്റെ വീട് ഇപ്പോൾ എവിടെ എന്ന് അറിയില്ല....
Post a Comment