Monday, December 01, 2008

കൃഷ്ണേ* ഞാനറിയുന്നു നിന്നെ... [സമര്‍പ്പണം: സുഗതകുമാരി ടീച്ചറിന്. ]

[അതുവരെ കേട്ടറിവു മാത്രമുണ്ടായിരുന്ന ‘കൃഷ്ണാ നീയെന്നെയറിയില്ല’ എന്ന കവിത മംഗ്ലീഷില്‍ ഇ-മെയില്‍ അയച്ചു തന്ന
സ്നേഹനിധിയായ സഹോദരി ശ്രീമതി ജ്യോതിബായ് പരിയാടത്തിന് സ്നേഹപൂര്‍വം നന്ദി അറിയിക്കുന്നു]

കൃഷ്ണേയറിയുന്നു നിന്നെ ഞാനെന്നുമെന്‍
ഹൃത്താലറിയുന്നു മുഗ്ധേ
മണ്‍കുടിലിന്‍ കോണിലാരാലുമറിയാതെ
മരുവുന്ന നിന്നെ ഞാനറിയും

ശബളമാം നിന്നാട ഞൊറികളിലിഴ ചേരും
നൂലിഴ പോലെ ഞാന്‍ നിന്നെ
പുണരുന്നു ഭക്തേ നിരാലംബയല്ല നീ
അരികത്തു തന്നെ ഞാനില്ലേ

അരയില്‍ കിലുങ്ങുന്ന കങ്കണ നാദമായ്
അനുദിനം കാംബോജി തീര്‍ത്തും,
അണിവിരല്‍ക്കൈകളാല്‍ കടയുന്ന വെണ്ണ തന്‍
മാസ്മര ഗന്ധം നുകര്‍ന്നും,
അരികത്തു നില്‍പ്പു ഞാന്‍ തോഴി നീയറിയാതെ
അനുരാഗിയാം നിന്‍റെ കൃഷ്ണന്‍

നിന്‍ കണ്ണിണകളില്‍ കാളിമ ചേര്‍ക്കുന്നൊ-
രഞ്ജനം തന്നെ ഞാനാകേ
അറിയുന്നുവോ സഖീയെന്തിനായെന്നെ നീ
ഇങ്ങോട്ടു വന്നു പാര്‍ക്കേണ്ടൂ...?

നിന്‍റെ പദനിസ്വനത്തിലും ഞാനില്ലേ?

കാളിന്ദി തന്‍ നേര്‍ത്ത കുഞ്ഞോളമായ് നിന്നില്‍
കുളിരിന്നനുഭൂതി തീര്‍ക്കേ,
കരളില്‍ കുളിര്‍കോരി, നിന്‍ കപോലങ്ങളില്‍
ജലകണമായ് ഞാനിരിപ്പൂ
നിന്‍റെയുടയാട പോലും ഞാനല്ലേ..?

അറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

കാടിന്‍റെ മൌനമായ്, കടമ്പിന്‍ സുഗന്ധമായ്
അനുഭൂതി തീര്‍ത്തു നീ നില്‍ക്കേ
അറിയാതെ പാടുന്നൊരെന്‍ വേണു പോലുമാ
മധുരത്താല്‍ മതിയേ മറക്കേ,
അണിയുന്ന സുന്ദരീ നിന്‍ മുഖം കാണുവാന്‍
കണ്ണാടിയായ് മാറി കണ്ണന്‍
നിന്‍റെയരിയ ചുണ്ടത്തെത്തിയമൃതമായ് മാറുവാന്‍
പാലായ് തിളച്ചതും കൃഷ്ണന്‍
വിടുവേല ചെയ്യുന്ന നേരത്തു നിന്നിലെ
വേര്‍പ്പായ് കിനിഞ്ഞതും കൃഷ്ണന്‍...

എന്നുമരുമയായ് നീ ചാര്‍ത്തുമാ മുടിക്കെട്ടിലെ
തുളസിയും ഞാന്‍ തന്നെയല്ലേ?
നിന്നെയറിയുന്നു നിന്‍റെയാം കണ്ണന്‍.

നിത്യ സൌന്ദര്യമേ നിന്‍ മനോവേണുവില്‍
ഹൃദ്രാഗമായ് ഞാന്‍ ലയിക്കേ
കണ്മണീ തേടുവതെന്തിനായെന്നെ നീ
അരികത്തു തന്നെ ഞാനില്ലേ...

നിന്‍റെ നിശ്വാസഗന്ധവും ഞാന്‍ തന്നെയല്ലേ...?

വളകലിലുണരുന്ന പ്രേമഗീതത്തിന്‍റെ
ശ്രുതിയായി മാറി ഞാന്‍ നിത്യം
നീയെന്നെ ചന്ദ്രികയായ് പുണര്‍ന്നില്ലേ...

നൃ്ത്തമാടിത്തളരുന്നതിന്‍ മുന്‍പേ
നര്‍ത്തകര്‍ വന്നെത്തുന്നതിന്‍ മുന്‍പേ
കാത്തു നിന്നെത്ര ഞാന്‍ വിരഹാര്‍ദ്ര വദനനായ്
ദൂരെ കടമ്പിന്‍റെ താഴെ...
അണയാതിരുന്നതു നീ തന്നെയല്ലേയെന്‍
അണിമാറില്‍ വനമാല ചാര്‍ത്താന്‍
അന്നുമറിഞ്ഞിരുന്നെന്‍ പ്രിയേ നിന്‍ ഹൃത്തി-
ലരുവിയായൊഴുകുന്ന പ്രേമം
തോഴി പറയാതെ തന്നെയറിഞ്ഞു ഞാന്‍ നിന്നിലെ
പ്രേമ ദുഃഖങ്ങള്‍ സമസ്തം
നിന്‍റെയുള്ളിലെ പ്രേമവും, താപവും ഞാനാകെ
മറ്റൊരാളെന്തിനു വേറേ...?

വള്ളിക്കുടിലിലെ പല്ലവങ്ങള്‍ പോലും
എല്ലാം മറന്നുറങ്ങുമ്പോള്‍
നീയുണര്‍ന്നെത്തുന്നതും കാത്തു കാത്തെത്ര
രാത്രികള്‍ ഞാന്‍ കാത്തു നിന്നു
ദുഃഖത്താലിരുളാര്‍ന്നൊരെന്‍ മുഖം കണ്ടാവാം
മലരുകള്‍ വിടരാന്‍ മടിച്ചു

അറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

നിന്നിലൊഴുകുന്നൊരാനന്ദ ബാഷ്പവും,
നീയെനിക്കര്‍ച്ചിച്ചൊരാത്മാവുമെല്ലാം
പണ്ടേക്കു പണ്ടേ നിന്‍ സൌമ്യസ്മിതത്താലെ
ഞാനാക്കി മാറ്റിയതല്ലേ?
നമ്മളൊന്നായി മാറിയതല്ലേ?

എന്നുമറിയുന്നു കൃഷ്ണേ ഞാന്‍ നിന്നെ...

ഗോകുലം മുഴുവന്‍ കരഞ്ഞപ്പൊഴും
തേരില്‍ മധുരക്കു പോകാനണഞ്ഞപ്പൊഴും
ആര്‍ദ്രഹൃദയത്തില്‍ നീമാത്രമായിരു-
ന്നതിനാലെ ഞാനും കരഞ്ഞു
നിന്നെ പിരിയുവാന്‍ വയ്യാതെ കേണൂ
ഒന്നുമേ മിണ്ടാതനങ്ങാതിരുന്ന നിന്‍
മൌനത്തിലാനെന്‍റെ ദുഃഖം
ആ നിത്യ പ്രേമത്തിലാണെന്‍റെ ഭക്തി

മൌനമായ് നിന്നോടു വിടവാങ്ങുവാനന്നു
നിന്‍ കുടില്‍ മുന്‍പില്‍ ഞാന്‍ വന്നെങ്കിലും
ഒട്ടു കാണാന്‍ കഴിഞ്ഞില്ലെനിക്കാ മുഖം
കണ്ണുനീര്‍ മറ തീര്‍ത്തു മുന്‍പില്‍
എന്‍റെ നയനാശ്രു നീയായൊഴുകി

എന്നിലീണമായ് മാറിയ നിന്‍റെ സ്വപ്നങ്ങളില്‍
വര്‍ണ്ണം പകര്‍ന്ന നിന്‍ കൃഷ്ണന്‍
അറിയാതെ പോകയോ കൃഷ്ണേ തവ സ്നേഹ
മധുരമാം ആത്മനൈവേദ്യം...?
എന്നുമറിയുന്നു നിന്നെ നിന്‍ കണ്ണന്‍...

*മഹാഭാരതത്തില്‍ പാഞ്ചാലിയെ ‘കൃഷ്ണ’ എന്നു പറയുന്നുണ്ട്‌. എന്നാല്‍ ഈ കവിതയിലെ കൃഷ്ണ ടീച്ചറിന്‍റെ കവിതയിലെ
ഗോപികയാണ്. ഒരേ പേരു തന്നെ ഒന്നിലധികം വ്യക്തികള്‍ക്ക് വരാമല്ലോ.

© ജയകൃഷ്ണന്‍ കാവാലം

10 comments:

കാവാലം ജയകൃഷ്ണന്‍ said...

ഗോപികയുടെ പരിഭവത്തിനുള്ള കൃഷ്ണന്‍റെ മറുപടിയാണീ കവിത. അതു കൊണ്ടു തന്നെ ടീച്ചറിന്‍റെ കവിതയിലെ പല പദങ്ങളും ഈ കവിതയിലും കടന്നു വന്നിട്ടുണ്ട്‌. ടീച്ചറിന്‍റെ ‘കൃഷ്ണാ നീയെന്നെയറിയില്ല’ എന്ന കവിത ആസ്വദിച്ചിട്ടുള്ളവര്‍ക്ക് ഈ വരികള്‍ ചേര്‍ത്തു വായിക്കാന്‍ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം വര്‍ഷങ്ങള്‍ക്കു മുന്‍പേ തന്നെ പ്രൌഢഗംഭീരമായ വരികള്‍ കൊണ്ട്‌ ഈ കവിതക്കു മറുകുറിപ്പെഴുതിയ സ്നേഹനിധിയായ അമ്മാവനെ സ്മരിക്കുന്നു. ദയവായി ടീച്ചറിന്‍റെ കവിതയുടെ മറുകുറിപ്പെന്ന രീതിയില്‍ ഇതിനെ കാണുമ്പോള്‍ അപക്വമായ ഈ വരികളെ ഇവന്‍റെ അഹങ്കാരമായി കരുതരുതെന്നും അപേക്ഷിക്കുന്നു.

ജയകൃഷ്ണന്‍ കാവാലം

amantowalkwith@gmail.com said...

നന്നായി ...അഭിനനദനങ്ങള്‍

smitha adharsh said...

നല്ല വരികള്‍..

അനില്‍@ബ്ലോഗ് // anil said...

മനോഹരമായ വരികള്‍.
ഇത്തരം കവിതകളോടാണ് എനിക്കു കൂടുതല്‍ താല്‍പ്പര്യം (അല്പമെങ്കിലും ഉണ്ടെങ്കില്‍ ).

ആശംസകള്‍

വിജയലക്ഷ്മി said...

nannaayirikkunnu,nalla varikal.nanmakal nerunnu...

Sarija NS said...

“കൃഷ്ണ, നീയറിയുമോ“ എന്ന കവിതക്ക് ഒരു മറുപടിക്കവിത അയ്യപ്പപ്പണിക്കര്‍ അന്നേ എഴുതിയിരുന്നു. “അറിയുന്നു ഗോപികേ നിന്നെ ഞാന്‍” എന്നു തുടങുന്ന വരികളോടെ. യുവജനോത്സവ വേദിയില്‍ “കൃഷ്ണ നീയറിയുമോ എന്നെ” എന്നു ചൊല്ലിത്തീര്‍ത്ത് ഞാനിറങ്ങിയതും അടുത്ത ചെസ് നമ്പര്‍ , ഒരു ആണ്‍കുട്ടി വന്നു അയ്യപ്പപ്പണിക്കരുടെ മറുപടിക്കവിത ചൊല്ലി ജഡ്ജസ് അടക്കം എല്ലാവരും ചിരിച്ചതും എല്ലാം ഓര്‍മ്മിപ്പിച്ചു ഈ പോസ്റ്റ്

mayilppeeli said...

വളരെ നന്നായിട്ടുണ്ട്‌ ഈ വരികള്‍.......ഗോപികയുടെ പരിഭവങ്ങളെല്ലാം മഞ്ഞുപോലെ ഉരുക്കിക്കളയാന്‍ പാകത്തിനുള്ള വരികള്‍....ആശംസകള്‍......

കാവാലം ജയകൃഷ്ണന്‍ said...

amantowalkwith: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി

സ്മിത ആദര്‍ശ്‌: നന്ദി

അനില്‍: നന്ദി, എന്താണ് കവിതകളോട്‌ അത്ര താല്പര്യമില്ലേ?


കല്യാണി: സ്വാഗതം. സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി അറിയിക്കട്ടെ

സരിജ എന്‍ എസ്: അയ്യപ്പപ്പണിക്കര്‍ എഴുതിയ ആ കവിതയുടെ പേര് ഗോപികാദണ്ഡകം എന്നായിരുന്നു. സുഗതകുമാരിടീച്ചര്‍ അദ്ദേഹത്തിന്‍റെ ശിഷ്യ കൂടിയാണ്. നീയില്ലയെങ്കില്‍, നിന്‍ വ്രതശുദ്ധിയില്ലെങ്കില്‍ ഈ ശ്യാമകൃഷ്ണന്‍ വെറും കരിക്കട്ട... ഈ വരികള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ഞാന്‍ ഈ കവിത എഴുതിക്കഴിഞ്ഞാണ് സത്യത്തില്‍ ഗോപികാദണ്ഡകത്തെക്കുറിച്ച് കേള്‍ക്കുന്നത്. അങ്ങനെ അതെടുത്തു വായിച്ചു, ഈ അടുത്ത കാലത്ത്. ഈ ഓര്‍മ്മ പങ്കു വയ്ക്കലിന് നന്ദി

മയില്‍പ്പീലി: ടീച്ചറിന്‍റെ വരികള്‍ കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും മറുപടി പറയണമെന്നു തോന്നും. ഒരു മാന്ത്രികത്വമുണ്ട്‌ ആ വരികള്‍ക്ക്‌. നന്ദി മയില്‍പ്പീലി...

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

ഓര്‍മയുണ്ട്‌. ഗ്രാമീണനില്‍ അതു വായിച്ചത്‌. നന്ദി.

കാവാലം ജയകൃഷ്ണന്‍ said...

ജ്യോതിച്ചേച്ചി: ഗ്രാമീണന്‍??? എന്‍റെ വെബ് സൈറ്റാണോ ചേച്ചി ഉദ്ദേശിച്ചത്? ഞാന്‍ ഇതിന്‍റെയൊരു പി ഡി എഫ് ചേച്ചിക്കയച്ചു തന്നിരുന്നു എന്നാണ് എന്‍റെ ഓര്‍മ്മ. എന്തായാലും ഈ കവിതയുടെ പിന്നില്‍ ചേച്ചിയുടെ സഹായം തന്നെയാണുള്ളത്.

സ്നേഹപൂര്‍വം

അനി