Saturday, December 06, 2008

കാത്തിരിക്കുക...

കാത്തിരിക്കുക കണ്ണില്‍ കുളിരായ് നിറയുന്ന
സുഖമുണര്‍ത്തുന്ന കാഴ്ച കാണുവാന്‍
കാത്തിരിക്കുക നെഞ്ചിന്‍ വീര്‍പ്പുമുട്ടലുകളില്‍
കവിത ചേര്‍ക്കുന്ന ചിന്തകള്‍ക്കായി നീ

കാത്തിരിക്കുക മണ്ണില്‍ പ്രതീക്ഷ തന്‍
പുലരി പൂക്കുന്ന നാളുകള്‍ക്കായി നീ
കോര്‍ത്തു വയ്ക്കുക ദീര്‍ഘനിശ്വാസങ്ങള്‍
മാല്യമായന്നു നീ സ്വയം ചാര്‍ത്തുക

കാത്തിരിക്കുക മണ്ണിന്‍ ദീര്‍ഘവേദനകളാല്‍
കാലമെഴുതുന്ന കാവ്യമായീടുവാന്‍
ഓര്‍ത്തിരിക്കുക നിന്‍റെയുള്‍ക്കാമ്പിലെ
ശോകഗീതവും ചേര്‍ത്തുപാടുവാന്‍

കാത്തിരിക്കുക രാത്രികള്‍ തോറും നിന്‍
വേര്‍പ്പു തിങ്ങുന്ന വ്യര്‍ത്ഥസ്വപ്നങ്ങളെ
കാത്തിരിക്കുക ശിഥിലസ്വപ്നങ്ങളില്‍
ചിറകു ചേര്‍ക്കുന്ന മൂഢപ്രതീക്ഷയെ

കാത്തിരിക്കുക കാത്തിരിക്കണമെന്ന
വാക്കു ചൊല്ലിപ്പിരിഞ്ഞൊരാത്മാവിനെ
ചേര്‍ത്തു വയ്ക്കുക നെഞ്ചിലാ തേങ്ങലിന്‍
മാറ്റൊലിയുമാ കണ്ണീരിനുപ്പും

കാത്തിരിക്കുക കാത്തിരിക്കാന്‍ മാത്ര-
മെന്‍റെ ജീവനെന്നോതിയെന്‍ വാക്കിനെ
ഓര്‍ത്തെടുക്കുക ഇനിയുമാ വാക്കിന്‍റെ
കാത്തിരിപ്പെന്ന വ്യര്‍ത്ഥവിശ്വാസത്തെ

© ജയകൃഷ്ണന്‍ കാവാലം

11 comments:

Sarija NS said...

ഉത്തരാധുനികതയില്ലാത്ത ഒരു കവിത. :)
പ്രാസമൊക്കെ ഒപ്പിച്ച് ഇപ്പോഴും ആള്‍ക്കാര്‍ കവിത എഴുതുമല്ലേ !!!

തുടരുക

mayilppeeli said...

എന്തിനൊക്കെയോ വേണ്‌ടി എല്ലാവരും കാത്തിരിപ്പു തുടരുകയാണ്‌..... വളരെ നല്ല കവിത..... അര്‍ത്‌ഥമുള്ള വരികള്‍.....ആശംസകള്‍......

smitha adharsh said...

കാത്തിരിക്കാം..
എല്ലാ കാത്തിരിപ്പും നല്ലതിന് വേണ്ടിയെന്നു ആഗ്രഹിക്കാം..
good lines..

മാണിക്യം said...

കാത്തിരിക്കുക കാത്തിരിക്കണമെന്ന
വാക്കു ചൊല്ലിപ്പിരിഞ്ഞൊരാത്മാവിനെ
ചേര്‍ത്തു വയ്ക്കുക നെഞ്ചിലാ തേങ്ങലിന്‍
മാറ്റൊലിയുമാ കണ്ണീരിനുപ്പും

വളരെ നല്ല കവിത..
ഒരൊവരിയും മനസ്സില്‍ തങ്ങുന്നു..
ആശംസകളോടെ മാണിക്യം..

Lathika subhash said...

നമുക്കു കാത്തിരിക്കാം സോദരാ...........
നല്ല വരികള്‍.
ആശംസകള്‍.

Jayasree Lakshmy Kumar said...

നല്ല വരികൾ. ഇഷ്ടമായി

കാവാലം ജയകൃഷ്ണന്‍ said...

സരിജ എന്‍ എസ്: പ്രാസം ഒന്നും നോക്കി എഴുതിയതല്ല, വന്നു പോയതാ... നന്ദി

മയില്‍പ്പീലി: അതെ, കാത്തിരിപ്പാണല്ലോ ജീവിതം സന്ദര്‍ശനത്തിന് നന്ദി... കമന്‍റിനും

സ്മിത ആദര്‍ശ്: കാത്തിരിക്കാം... ഗീതയില്‍ പറയുന്നതു പോലെ എല്ലാം നല്ലതിന്. നന്ദി

മാണിക്യം: ഒരുപാടു നാളായല്ലോ കണ്ടിട്ട്... വീണ്ടും സ്വാഗതം, സന്ദര്‍ശനത്തിനും കമന്‍റിനും നന്ദി

ലതി: കാത്തിരിക്കാം സോദരീ... നന്മയുടെ പുലരികള്‍ക്കായി... നന്ദി

ലക്ഷ്മി: നന്ദി

...........................
കാത്തിരിപ്പു തുടരാം...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നല്ല കവിത,
സരിജ പറഞ്ഞ പോലെ ഉത്തരാധുനികതയില്ലാത്ത ഒരു കവിത.

ഗീത said...

ജീവിതം തന്നെ ഒരു കാത്തിരിപ്പ് അല്ലേ? ഒടുവിലാ കാത്തിരിപ്പിന് അവസാനമാകുമ്പോള്‍ കാത്തിരുന്നതെന്താണോ അതു കിട്ടുമോ?

കാവാലം ജയകൃഷ്ണന്‍ said...

സഗീര്‍, മാറുന്ന മലയാളി: നന്ദി

ഗീത്: നമ്മുടെ കാത്തിരിപ്പിന് മൂല്യമുണ്ടെന്ന് ഈശ്വരന്‍ കരുതുന്നുവെങ്കില്‍, നമ്മള്‍ വെറുതെ കാത്തിരിക്കാതെ ആ നന്മയുടെ ലഭ്യതക്കായി പ്രയത്നിച്ചുവെങ്കില്‍ തീര്‍ച്ചയായും നാം ആഗ്രഹിക്കുന്നതു നമുക്കു ലഭിക്കും എന്നു തന്നെയാണെന്‍റെ വിശ്വാസം...
...........
കാത്തിരിപ്പു തുടരാം

നന്ദ said...

വ്യര്‍ത്ഥവിശ്വാസമാണെങ്കിലും ജീവിതത്തിന് വേണമല്ലോ ആ കാത്തിരിപ്പ്.