Wednesday, December 31, 2008

താണ്ഡവസ്തുതി









മൃദംഗ,ശംഖ നാദവും ഉയര്‍ന്ന ഭേരി വാദ്യവും 
സുരേശ നൃ്ത്ത ഭംഗിയും മനോഹരം മനോഹരം 
ഉലഞ്ഞുടഞ്ഞ വല്ക്കലം, ജടാവൃതം, ശശി ധര- 
ശ്ശിരശ്ചലന താളവും മനോഹരം മനോഹരം 

അഷ്ടശത്രുജിത്ഭവാനനന്ത ശോഭയാര്‍ന്നൊരീ 
വിലാസ നൃ്ത്ത ഭംഗി ഹാ മനോഹരം മനോഹരം 
ഉണര്‍ന്ന താള ഭംഗിയില്‍ ഇളകിടുന്ന വാസുകീ 
ഫണങ്ങളും മനോഹരം, ഭവാന്‍റെ ദിവ്യ താണ്ഡവം !

ശിവം ശിവം ജപിച്ചു ശൈവ പൂജ ചെയ്തു ശൈലവും 
മതി മറന്നു ദേവനെ സ്തുതിച്ചു ഭൂത വൃന്ദവും 
അഴിഞ്ഞുലഞ്ഞ കേശഭാരശോഭയാര്‍ന്നു ദേവിയും 
ത്ധകത്ധകാരവം നിറഞ്ഞ ഗഗനവും മനോഹരം 

വിരിഞ്ഞ മാറിലങ്ങുമിങ്ങിളകിടും രുദ്രാക്ഷവും 
അണിഞ്ഞിടും വിഭൂതിയും ദ്രുത പദചലനവും 
ഉണര്‍ന്ന ശൈവകീര്‍ത്തനം നിറഞ്ഞൊരന്തരീക്ഷവും 
നമോനമഃശിവായ ശങ്കരാ നമോ നമഃ വിഭോ 

പ്രപഞ്ച ശക്തിയൊന്നു ചേര്‍ന്നു ബിന്ദുവായ് വിളങ്ങിടും 
മഹേശ്വരീ തിലകവും മനോഹരം മനോഹരം 
മന്ദമായ് പരന്ന കാറ്റിലിളകിടുന്ന വല്ലി പോ- 
ലിളകിടും കരങ്ങളും മനോഹരം മനോഹരം 

ലയങ്കരന്‍റെ താളവീചിയില്‍ മറന്നിളകുമീ 
ഝിലും ഝിലും കിലുങ്ങിടുന്നൊരാഭരണ ഭംഗിയും 
നഭസ്സിലെങ്ങുമുണ്മയായ് പരന്നിടുന്ന ശോഭയും 
നമോ നമഃശിവായ ശങ്കരാ ഭവാന്‍റെ താണ്ഡവം ! 

പരന്നിടുന്നൊരഷ്ടഗന്ധ ധൂപവും, പ്രജാപതേ 
ഭവാന്‍റെ ദിവ്യ ശൂലവും, ഢമരുവും മനോഹരം 
മനോഹരം, മനോഹരം മമ മനസ്സരസ്സിലെ 
സഹസ്രപദ്മമണ്ഡപേ ഭവാന്‍റെ ദിവ്യ താണ്ഡവം !

© ജയകൃഷ്ണന്‍ കാവാലം

15 comments:

കാവാലം ജയകൃഷ്ണന്‍ said...

പാറശ്ശാല ശ്രീ മഹാദേവന്‍റെ പാദാരവിന്ദങ്ങളില്‍...

ചാണക്യന്‍ said...

താണ്ഡവ സ്തുതി നന്നായി...
നവവത്സരാശംസകള്‍...
ഓടോ: പാറശാല മഹാദേവനോട് എന്താ ഇത്ര അടുപ്പം മാഷെ:)

sreeNu Lah said...

സ്നേഹം നിറഞ്ഞ പുതു വത്സരാശംസകള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആദ്യ വായനയില് ഒന്നും മനസിലായില്ല!മനസിരുത്തി ഒന്നും കൂടി വായിക്കട്ടെ! പുതു വത്സരാശംസകള്‍

കാവാലം ജയകൃഷ്ണന്‍ said...

ചാണക്യന്‍: താങ്കള്‍ക്കും എന്‍റെ നവവത്സരാശംസകള്‍. അച്ഛനും മകനും തമ്മിലുള്ള അടുപ്പം തന്നെയാണ് ഞാനും പാറശാല മഹാദേവനുമായും ഉള്ളത്.

ശ്രീനു: സ്വാഗതം. താങ്കള്‍ക്കും എന്‍റെ ആശംസകള്‍.

സഗീര്‍: സദര്‍ശനത്തിന് നന്ദി, പുതുവര്‍ഷാശംസകള്‍.

ഞാന്‍ ആചാര്യന്‍ said...

ഹാപ്പി ന്യൂയീയര്‍ 2009... :D

ജിജ സുബ്രഹ്മണ്യൻ said...

ഇത്രേം നന്നായി കവിത എഴൂതുന്നൂ..എനിക്ക് അസൂയ വരണേ ! പ്രാസവും വൃത്തവും ഒക്കെ ഒപ്പിച്ച് നന്നായി എഴുതിയിരിക്കണൂ

ജയകൃഷ്ണനും കുടുംബത്തിനും നവവത്സരാശംസകൾ

ബഷീർ said...

Good one
പുതു വത്സരാശംസകള്‍ :)

Unknown said...

പദസൌന്ദര്യത്തിനു വേണ്ടി വിട്ടു വീഴ്ചകള്‍ ചെയ്യുന്നു മാഷേ...
(എനിക്ക് തോന്നിയതാണോ? എങ്കില്‍ ക്ഷമിക്കുക)

siva // ശിവ said...

ശിവ! ശിവ! എത്ര നന്നായിരിക്കണൂ ഈ വരികള്‍..... സന്തോഷായീന്നു തന്നെ അങ്ങ് കൂട്ടിക്കോളൂ.....

വിജയലക്ഷ്മി said...

Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
sasneham
vijayalakshmi...

കാവാലം ജയകൃഷ്ണന്‍ said...

ആചാര്യന്‍: സ്വാഗതം, പുതുവര്‍ഷ ആശംസകള്‍

കാന്താരിക്കുട്ടി: അസൂയയോ? എന്നോടോ? പാവം ഞാന്‍. ‘ജയകൃഷ്ണനും കുടുംബത്തിനും‘ എന്നെ കുടുംബസ്ഥന്‍ ആക്കല്ലേ. ഞാന്‍ ഒരു അവിവാഹിതനും, നൈഷ്ഠിക ബ്രഹ്മചാരിയുമാണ്. പെണ്‍കുട്ടികള്‍ കണ്ടാല്‍ എന്തു കരുതും???. കാന്താരിക്കുട്ടിക്കും കുടുംബത്തിനും എന്‍റേയും ആശംസകള്‍.

ബഷീര്‍ വെള്ളറക്കാട്: താങ്കള്‍ക്കും എന്‍റെ ആശംസകള്‍

മുരളിക: മനഃപൂര്‍വമായി വിട്ടുവീഴ്ചകള്‍ ഒന്നും ചെയ്തിട്ടില്ല. അത്രയേ ഉള്ളൂ കയ്യില്‍ അതുകൊണ്ടാ. തോന്നിയതാകാന്‍ സാധ്യതയില്ല, സത്യമാവും. പുതുവര്‍ഷ ആശംസകള്‍ മുരളീ.

ശിവ: താങ്കള്‍ പാറശാലക്കാരനാണല്ലോ അല്ലേ. യജ്ഞം തുടങ്ങുകയല്ലേ അവിടെ. പുതുവര്‍ഷാശംസകള്‍

വിജയലക്ഷ്മിച്ചേച്ചി: സ്വാഗതം, ആശംസകള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്നു. ചേച്ചിക്കും കുടുംബത്തിനും സര്‍വ്വേശ്വരന്‍ നല്ലതു മാത്രം വരുത്തട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.

ഈ പുതുവര്‍ഷം എല്ലാവര്‍ക്കും നന്മയുടേതാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

Sojo Varughese said...

നല്ല താളം

Jayasree Lakshmy Kumar said...

നന്നായിരിക്കുന്നുട്ടൊ ശിവസ്തുതി. മനസ്സിലൊരു ചിലമ്പിൻ നാദം അത് വായിക്കുമ്പോൾ:)

കാവാലം ജയകൃഷ്ണന്‍ said...

കാക്ക: സ്വാഗതം, സന്ദര്‍ശനത്തിന് നന്ദി.

ലക്ഷ്മി: മനസ്സിലെ ചിലമ്പല്‍, ഭഗവാന്‍റെ ഇടംകാലിലെ തളയുടേതാവും. ഭഗവാന്‍ ദേവി പാര്‍വ്വതീസമേതനായി താണ്ഡവമാടുന്നുണ്ടാവാം മനസ്സില്‍.