Monday, November 23, 2015

കണ്ണനെ കാണാതെ വയ്യ

കണ്ണനെ കാണാതെ വയ്യ
കണ്ണന്റെ, കാർമുകിൽ വർണ്ണന്റെ
പുല്ലാങ്കുഴൽ വിളി കേൾക്കാതെ വയ്യ
കണ്ണനെ കാണാതെ വയ്യ

അഴകോലുമാ മുഖം കാണാതെ വയ്യ
അരമണിയിളക്കങ്ങൾ കേൾക്കാതെ വയ്യ
അഴകലയിളകും പീതാംബരം കാണാതെ
അഗതികൾക്കുടയോന്റെ പുഞ്ചിരി കാണാതെ
അതിരളവില്ലാത്ത കാരുണ്യം തേടാതെ
അരുമക്കണ്ണൻ കളിക്കൊഞ്ചലിൽ മയങ്ങാതെ
അവിൽപ്പൊതിക്കൊതിയന്റെ കണ്ണേറു കൊള്ളാതെ
അഞ്ജനവർണ്ണന്റെ തഞ്ചങ്ങളറിയാതെ
നെഞ്ചകം കലങ്ങുമ്പോഴൊന്നിനും വയ്യ
കണ്ണനെ കാണാതെ വയ്യ

മോഹനവർണ്ണനെ കാണാതെ വയ്യ
മായങ്ങളിൽ വീണു മയങ്ങാതെ വയ്യ
മാനസലോലന്റെ മന്ത്രങ്ങളറിയാതെ
മായക്കണ്ണാൽ കള്ളനാട്യങ്ങൾ കാണാതെ
മായികപ്പീലിതൻ വർണ്ണങ്ങൾ തേടാതെ
മാന്ത്രികക്കൊഞ്ചലിൽ എല്ലാമേ മറക്കാതെ
മോഹനരാഗത്തിൽ പാട്ടൊന്നു കേൾക്കാതെ
മന്ദഹാസത്തിന്റെ മാധുര്യമറിയാതെ
കണ്ണുകൾ നിറയുമ്പോഴെൻ കണ്ണാ വയ്യ
കണ്ണനെ കാണാതെ വയ്യ

ഗോപികാരമണനെ കാണാതെ വയ്യ
ഗോപീചന്ദനക്കുറി കാണാതെ വയ്യ
ഗാനവിലോലൻ തന്റെ ഗീതത്തിലലിയാതെ
ഗോവർദ്ധനോദ്ധാരലീലയെ കേൾക്കാതെ
ഗൂഢമന്ദസ്മിതപ്പൊരുളിൽ രമിക്കാതെ
ഗാഢനീലോത്കൃഷ്ടവർണ്ണത്തിൽ മയങ്ങാതെ
ഗീതാർത്ഥസാരന്റെ സാമീപ്യമറിയാതെ
ഗോകുലക്കണ്ണന്റെ കളികളൊന്നറിയാതെ
ഗാണ്ഡീവധാരി തൻ തോഴനെ കാണാതെ
ഒന്നിന്നു കാണാതെ, കാണാതെ വയ്യ
കണ്ണനെ കാണാതെ വയ്യ

© കാവാലം ജയകൃഷ്ണൻ

No comments: