Saturday, January 31, 2009
മൌനഗീതം
ഏതു സ്വരത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി ഞാന്‍
എത്ര ജന്മങ്ങളില്‍ പാടിയെന്നറിവീല
ഏതാത്മ നിര്‍വൃതി തേടി ഞാനിന്നുമെന്‍
ആത്മസംഗീതം പൊഴിക്കുവതറിവീല
ആത്മാനുഗായികേ നിന്‍ സൌമ്യ ഭാവന
ആരാമ രാജ്ഞിയാം സൂനമായ് വിരിയവേ
ഏതന്ധകാരത്തിലാണ്ടെന്‍റെ ഭാവന
ആത്മസഖീ നിന്നെ പാടിയുണര്‍ത്തുവാന്‍
ആരും കൊതിക്കുന്ന സൌരഭ്യമേ സുര-
ഗീതമായ് പൊഴിയുന്ന സംഗീതമേ
ആ സുധാവര്‍ഷിണീ രാഗമെന്‍ ഹൃത്തിലെ
ആരാധകന്നായ് പൊഴിക്കു നീ ദേവതേ
കാലം ചിരാതുമായ് മുന്‍പേ നടക്കവേ
കാമിനീ ഞാന്‍ തവ രൂപം തിരയുന്നു
ഭൂമി തന്‍ മര്‍മ്മര മന്ത്രണ ഗീതിയില്‍
പരിചിതമായ നിന്‍ പല്ലവി തേടുന്നു
കാലം കഴിഞ്ഞങ്ങു ജീവിത സായാഹ്ന
വിശ്രമക്ഷേത്രത്തില്‍ നാമം ജപിക്കവേ
കാണുമോ നീയും മമാര്‍ദ്ധാംശമായ് സഖീ
ജീവന്‍റെ ജീവനാം പ്രേയസീ ചാരെ നീ
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Saturday, January 24, 2009
മോചനഗീതം
കാമക്കെടുതിയിലുലഞ്ഞ മനസ്സില്‍
മോഹമിരമ്പുമ്പോള്‍
തത്വം കൊണ്ടു ശമിക്കുവതാമോ
മണ്ണിലെ ദുഃഖങ്ങള്‍
നിറഞ്ഞ കണ്ണുകള്‍ പുഴകള്‍ തീര്‍ത്തി-
ട്ടിടിഞ്ഞ തീരവുമായ്
നനഞ്ഞ കവിളിന്‍ കണ്ണീര്‍ക്കവിതക-
ളുരുകിപ്പാടുമ്പോള്‍
തടുത്തിടാമോ കരളിന്‍ വ്യഥകളെ-
യൊരുപിടി സ്നേഹത്തിന്‍,
വിടര്‍ന്നു വിലസും അനുപമ സുന്ദര
വാടാമലരാലെ?
കഴിഞ്ഞ കാലം വ്യഥകള്‍ നിരത്തി
ഇരവുകള്‍ പകലാക്കെ,
കൊഴിഞ്ഞ പൂവും മധുകരനായി
മദഭരയായ് നില്‍ക്കേ
ശമിപ്പതാമോ മണ്ണില്‍ കാമം
പകര്‍ന്ന വേദനകള്‍
ഉദിച്ചിടാമോ പുതിയൊരുഷസ്സിന്‍
പൊന്‍ കതിരൊളിവെട്ടം?
കൊതിച്ചിടുന്നൂ ഇനിയൊരുഷസ്സിന്‍
മോചനഗീതിക്കായ്
വിടര്‍ന്നിടട്ടേ രജനികള്‍ തോറും
പ്രതീക്ഷ തന്‍ താരം
ഉണര്‍ന്നിടട്ടേ രാഷ്ട്രം മന്നില്‍
മഹത്വമോടെന്നും
ജ്വലിച്ചിടട്ടേ പാവനമാകും
കെടാവിളക്കായി...
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Monday, January 05, 2009
റോഷിണി (ഭാഗം ഒന്ന്)

ഇന്നു നിന്‍റെ ഗാഥയാലെന്‍ തന്ത്രിയുണരട്ടെ
റോഷിണീ ഞാനോര്‍ത്തിടുന്നെന്‍ രാഗമുണരും സന്ധ്യകളില്‍
രാസലീലാ വിവശയാം നിന്‍റെ സാന്നിദ്ധ്യം
പ്രേമഗീതാമൃതം തൂവും നിന്നധര സുമം രാഗ-
മന്ത്ര മധുരം വിളമ്പിയ രാഗവായ്പോടേ
അന്നുഷസ്സിന്നൊളി ചൂടി വശ്യമന്ദസ്മിതം തൂകി
തങ്കവിഗ്രഹ ശോഭയോടെന്‍ മുന്‍പില്‍ വന്നു നീ
കണ്ടതില്ലെന്‍ കണ്ണിനാലെ, മിണ്ടിയില്ലെന്നധരങ്ങള്‍
കണ്ടതേതോ ദിവ്യലോകം അന്തരാത്മാവില്‍
കേട്ടതേതോ ദിവ്യ രാഗം, വന്നതേതോ ദിവ്യ ഗന്ധം
തന്നു നീയെന്‍ പ്രാണനില്‍ നിന്‍ ദിവ്യമാം രാഗം
റോഷിണീ നിന്നാസ്യ വര്‍ണ്ണം തീര്‍ത്തിടുന്നു ചിത്രഭാവം
നിന്നിടുന്നു മൂഢനിവനിന്നര്‍ത്ഥമറിയാതെ
എന്തിനെന്നും കരയുന്നു എന്തിനായി തിരയുന്നു
എങ്ങു നിന്നോ വന്നണഞ്ഞ ചെമ്പനീര്‍പ്പൂവേ
മിഴി രണ്ടും നിറഞ്ഞ നിന്‍ നിലാവൊത്ത മുഖം കാണ്‍കേ
ഇടറുന്നെന്‍ വാക്കുകള്‍ തന്‍ തലോടല്‍ പോലും
നിറഞ്ഞ നിന്‍ കണ്ണുകളില്‍ പൊഴിയുന്ന മുത്തു വാരി
ചൊരിഞ്ഞു നീയെന്‍റെയുള്ളില്‍ അഗ്നിവര്‍ഷങ്ങള്‍
പിടയുന്നു പിടി വിട്ടങ്ങുലയുന്നു മനം നിന്‍റെ
വ്യഥയാലെ നനഞ്ഞ കണ്‍പീലി കാണുമ്പോള്‍
റോഷിണീ തവ മുഖാഭരണമാമീ കണ്ണുകളില്‍
ഇനിയെന്തേ വിഷാദത്തിന്‍ കണ്ണുനീരോട്ടം
ഇളവെയില്‍ ചാഞ്ഞു നിന്നി ട്ടൊളിഞ്ഞു നോക്കിടും പച്ച-
പ്പുതപ്പാലെ മൂടി നിന്നെ തഴുകിടുമ്പോള്‍
പടരുന്നാ മുഖം തന്നിലുണരുന്ന വശ്യഭാവം
കുളിര്‍ കോരി, കുളിര്‍ കോരി നിന്നിടുന്നു ഞാന്‍
മൃദുല ഭാഷണമോ നിന്‍ ചകിതമാം കണ്ണുകളോ
ഭരത മാനസ പുത്രീ മയക്കിയെന്നെ
സുപ്രഭാതം സുപ്രഭയാല്‍ ജ്വലിപ്പിച്ച രവി ശോഭ
സ്വപ്നമായ് നിന്‍ കണ്ണുകളില്‍ തിളങ്ങി നിന്നു
സഖീ നീയാം സുപ്രഭാതം സ്വഛമാമെന്‍ ഹൃദയത്തില്‍
തീര്‍ത്ത കണ്ണീരലയില്‍ ഞാന്‍ മുങ്ങി നിവരുമ്പോള്‍
മന്നിലെങ്ങും നഭസ്സിലും സുന്ദരമാം സ്വപ്നമേ നിന്‍
മന്ദഹാസം മധുമാരി ചൊരിഞ്ഞിടുമ്പോള്‍
കാമദാഹാദികളില്ല, മോഹമില്ലെന്‍ മനസ്സില്‍ നീ
കാമിനിയായ് ഗാഢമെന്നെപുണരുമ്പൊഴും
മാറിലെന്നും ചേര്‍ന്നു നിന്നിട്ടാര്‍ദ്രയായ് നീ മൊഴിയുമ്പോള്‍
ഞാനലിഞ്ഞലിഞ്ഞു മധുവായ് നിന്നില്‍ നിറയുന്നു
ആശ്രമപ്പൂവേ നിലാവേ ആശയേകും തേന്‍ കനിയേ
ആരു നീ നിലാവില്‍ വിരിയും അഞ്ചിതള്‍പ്പൂവേ
എന്നുദിച്ച നിലാവു നീ എന്നു വന്ന വസന്തം നീ
എന്നിലെങ്ങു നിന്നുണര്‍ന്ന പ്രേമഗീതം നീ
നിഴലായി, നിലാവായി മണമായെന്‍ മനസ്സില്‍ നീ
മധുമയ സ്വപ്നമായി നിറഞ്ഞു നില്‍ക്കേ
മലര്‍വാടിയൊന്നിലെന്നും പാട്ടു പാടാനണയുന്ന
രാക്കിളി പോലിവനും നിന്‍ ഗാഥ പാടുന്നു
ഒഴുകുന്നു നമ്മളൊന്നായ് പൊഴിയുന്നു പ്രേമവര്‍ഷം
ലയിക്കുന്നു ഭൂമി സര്‍വ്വം നമ്മളില്‍ തന്നെ
റോഷിണി അവസാനഭാഗം ഇവിടെ
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Wednesday, December 31, 2008
താണ്ഡവസ്തുതി

മൃദംഗ,ശംഖ നാദവും ഉയര്‍ന്ന ഭേരി വാദ്യവും
സുരേശ നൃ്ത്ത ഭംഗിയും മനോഹരം മനോഹരം
ഉലഞ്ഞുടഞ്ഞ വല്ക്കലം, ജടാവൃതം, ശശി ധര-
ശ്ശിരശ്ചലന താളവും മനോഹരം മനോഹരം
അഷ്ടശത്രുജിത്ഭവാനനന്ത ശോഭയാര്‍ന്നൊരീ
വിലാസ നൃ്ത്ത ഭംഗി ഹാ മനോഹരം മനോഹരം
ഉണര്‍ന്ന താള ഭംഗിയില്‍ ഇളകിടുന്ന വാസുകീ
ഫണങ്ങളും മനോഹരം, ഭവാന്‍റെ ദിവ്യ താണ്ഡവം !
ശിവം ശിവം ജപിച്ചു ശൈവ പൂജ ചെയ്തു ശൈലവും
മതി മറന്നു ദേവനെ സ്തുതിച്ചു ഭൂത വൃന്ദവും
അഴിഞ്ഞുലഞ്ഞ കേശഭാരശോഭയാര്‍ന്നു ദേവിയും
ത്ധകത്ധകാരവം നിറഞ്ഞ ഗഗനവും മനോഹരം
വിരിഞ്ഞ മാറിലങ്ങുമിങ്ങിളകിടും രുദ്രാക്ഷവും
അണിഞ്ഞിടും വിഭൂതിയും ദ്രുത പദചലനവും
ഉണര്‍ന്ന ശൈവകീര്‍ത്തനം നിറഞ്ഞൊരന്തരീക്ഷവും
നമോനമഃശിവായ ശങ്കരാ നമോ നമഃ വിഭോ
പ്രപഞ്ച ശക്തിയൊന്നു ചേര്‍ന്നു ബിന്ദുവായ് വിളങ്ങിടും
മഹേശ്വരീ തിലകവും മനോഹരം മനോഹരം
മന്ദമായ് പരന്ന കാറ്റിലിളകിടുന്ന വല്ലി പോ-
ലിളകിടും കരങ്ങളും മനോഹരം മനോഹരം
ലയങ്കരന്‍റെ താളവീചിയില്‍ മറന്നിളകുമീ
ഝിലും ഝിലും കിലുങ്ങിടുന്നൊരാഭരണ ഭംഗിയും
നഭസ്സിലെങ്ങുമുണ്മയായ് പരന്നിടുന്ന ശോഭയും
നമോ നമഃശിവായ ശങ്കരാ ഭവാന്‍റെ താണ്ഡവം !
പരന്നിടുന്നൊരഷ്ടഗന്ധ ധൂപവും, പ്രജാപതേ
ഭവാന്‍റെ ദിവ്യ ശൂലവും, ഢമരുവും മനോഹരം
മനോഹരം, മനോഹരം മമ മനസ്സരസ്സിലെ
സഹസ്രപദ്മമണ്ഡപേ ഭവാന്‍റെ ദിവ്യ താണ്ഡവം !
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Sunday, December 14, 2008
യാത്രാമൊഴി

ഇനിയും വസന്തങ്ങള്‍ വരുമായിരിക്കാം പക്ഷേ
ഇവനില്ല രാത്രി പകലിന്നത്രേ ശുഭദിനം
ഇമ്മിണിക്കാലം കൊണ്ടേ കൊഞ്ചലായ് കരച്ചിലായ്
ഇത്രയും സ്നേഹം തന്ന പൂവു നീ കൊഴിഞ്ഞപ്പോള്‍
ഇക്കഥ പേറുന്നെന്‍റെ ഹൃത്തിലെ പനിനീര്‍പ്പൂ
ഈ വ്യഥാ കിരണമേറ്റത്രയും വാടിപ്പോയി
അന്നിന്‍റെ രാവുകളിലെത്ര ഞാനുറങ്ങാതെ
അംഗനേ നിന്നെത്തന്നെ കാത്തുകാത്തിരുന്നല്ലോ
അപ്പൊഴും മനസ്സില്‍ നീ മന്ദസുസ്മേരം തൂകി
മഞ്ജുളഗാത്രീ വൃഥാ കൊഞ്ചിക്കൊണ്ടിരുന്നില്ലേ
കായലിന്‍ കുഞ്ഞോളങ്ങളീണത്തില്‍ പൊഴിക്കുമീ
പ്രേമഗീതത്തില്‍ പോലും നിന്‍ മുഖം തെളിയുമ്പോള്‍
കാര്‍കൊണ്ട മനസ്സില്‍ നീ പ്രേമമായ് പൊഴിയില്ലെ-
ന്നാകിലും വെറുതെ ഞാന്‍ കാത്തുകാത്തിരിക്കുന്നു
ഇനിയില്ല രാത്രി പകലോമനേ സമയമായ്
സാരഥിയെത്തീ ഞങ്ങള്‍ പോകയായ് ദൂരെ...ദൂരെ...
© ജയകൃഷ്ണന്‍ കാവാലം
ഇമ്മിണിക്കാലം കൊണ്ടേ കൊഞ്ചലായ് കരച്ചിലായ്
ഇത്രയും സ്നേഹം തന്ന പൂവു നീ കൊഴിഞ്ഞപ്പോള്‍
ഇക്കഥ പേറുന്നെന്‍റെ ഹൃത്തിലെ പനിനീര്‍പ്പൂ
ഈ വ്യഥാ കിരണമേറ്റത്രയും വാടിപ്പോയി
അന്നിന്‍റെ രാവുകളിലെത്ര ഞാനുറങ്ങാതെ
അംഗനേ നിന്നെത്തന്നെ കാത്തുകാത്തിരുന്നല്ലോ
അപ്പൊഴും മനസ്സില്‍ നീ മന്ദസുസ്മേരം തൂകി
മഞ്ജുളഗാത്രീ വൃഥാ കൊഞ്ചിക്കൊണ്ടിരുന്നില്ലേ
കായലിന്‍ കുഞ്ഞോളങ്ങളീണത്തില്‍ പൊഴിക്കുമീ
പ്രേമഗീതത്തില്‍ പോലും നിന്‍ മുഖം തെളിയുമ്പോള്‍
കാര്‍കൊണ്ട മനസ്സില്‍ നീ പ്രേമമായ് പൊഴിയില്ലെ-
ന്നാകിലും വെറുതെ ഞാന്‍ കാത്തുകാത്തിരിക്കുന്നു
ഇനിയില്ല രാത്രി പകലോമനേ സമയമായ്
സാരഥിയെത്തീ ഞങ്ങള്‍ പോകയായ് ദൂരെ...ദൂരെ...
© ജയകൃഷ്ണന്‍ കാവാലം
Labels:
കവിത
Subscribe to:
Posts (Atom)
