Sunday, November 01, 2009

മലയാളമധുരമേ... അമ്മേ...

മലയാളമേ മനസ്സിനെ ധന്യമാക്കും സന്തോഷമേ
മാതൃഭാവേ വിലസുന്ന നന്‍‍മതന്‍ പൂവേ
പൂക്കള്‍ തിങ്ങി, കര കേരസൌഭാഗ്യത്താല്‍ നിലകൊള്‍വൂ
പൂന്തിങ്കളിന്‍ പ്രഭയില്‍ നീ പരിലസിപ്പൂ
നന്‍‍മകള്‍ തന്‍ വിളനിലം, ഉണ്‍‍മയോലും സംസ്കാരത്താല്‍
വിണ്ണിലെങ്ങും ഖ്യാതി നേടി ജ്വലിച്ചു നില്‍‍ക്കെ
മക്കള്‍ ഞങ്ങള്‍ നമിക്കട്ടെ, ഹര്‍ഷാരവം മുഴക്കട്ടെ
ഹാ ജനനീ ജയിക്ക നീ നാള്‍ക്കു നാള്‍ നീളേ

നീളെനീളെ വയലുകള്‍ ഹരിതാംബരാഭ ചൂടി
കൊയ്ത്തുപാട്ടിന്‍ ശീലണിഞ്ഞ മന്ദമാരുതന്‍
മധുരകല്ലോലിനിയാല്‍ കായല്‍ പാടും നിന്‍റെ ഗാഥ
എന്നുമെന്നും ജയിക്കനീ കേരളനാടേ

അര്‍ത്ഥമായാശ്രയമായെന്‍ നിധിയായ് നീ വിലസുക
അര്‍ദ്ധനാരീസ്വരൂപത്തില്‍ നമിപ്പു നിന്നെ
അക്ഷയ സൌഭാഗ്യത്തിന്‍ പൊന്നറയേ സ്വര്‍ഗ്ഗനാടേ
അക്ഷരാര്‍ച്ചനയാലിതാ നമിപ്പു നിന്നെ...

കിഴക്കുമലനിരകള്‍ കാവല്‍ നില്‍ക്കും ധന്യമാതേ
കവി,കലാനിപുണന്‍‍മാര്‍ നിറഞ്ഞ നാടേ
വിശാലവിജ്ഞാനത്തിന്‍റെയൊളി വീശും സൌഭാഗ്യമേ
നമിച്ചിടാമെന്നുമെന്നും മംഗളം നല്‍ക...

© ജയകൃഷ്ണന്‍ കാവാലം

7 comments:

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

കവിത കൊള്ളാം.
പക്ഷേ ഈ കേരളം???സ്വപ്നത്തില്‍ പോലുമിന്നില്ലല്ലോ.

ഏ.ആര്‍. നജീം said...

ഈ മരുഭൂമിയിലിരുന്നു മനസ്സില്‍ ഞാന്‍ ആ കേരളത്തെ കണ്ടു..
കേരളപ്പിറവി ദിനാശംസകള്‍..

Sureshkumar Punjhayil said...

Mangalam...!

Manoharam, Ashamsakal...!!!

താരകൻ said...

വാലിട്ടുകണ്ണെഴുതി,പച്ചപട്ടുചേലയും ചുറ്റി,മുടികെട്ടിൽ മുക്കുറ്റി പൂക്കളും ചൂടി നാടാനുകാണാനിറങ്ങിയ ഒരു സുന്ദരിയെകാണുന്നതുപോലെ തോന്നുന്നു ഈ കവിതവായിക്കുമ്പോൾ..

ഭൂതത്താന്‍ said...

നല്ല വരികള്‍ .....കെട്ട് ചോര തിളപ്പിച്ചു ഞാന്‍ ....

രഘുനാഥന്‍ said...

:)

Umesh Pilicode said...

നന്നായി........