Wednesday, March 24, 2010

തീപ്പുഴ

ഞാന്‍ മരുഭൂമിയുടെ അടിയിലൂടെ
തീപ്പുഴയായി ഒഴുകുന്നുണ്ട്
മണ്ണിലാഴുന്ന ഒട്ടകക്കുളമ്പുകള്‍
എന്‍റെ നെഞ്ചിനെ വല്ലാതെ ഞെരുക്കുന്നുണ്ട്
പരിഭവമില്ലാത്ത എന്‍റെ വേദനകള്‍ക്ക്
ഒരു വരള്‍ച്ചയുടെ സൌന്ദര്യമുണ്ട്
എങ്കിലും എന്നിലെ ഓരോ തുള്ളിയും
കടലേ കടലേ എന്ന് തപിക്കുന്നു
അഗ്നിവാഹിനിയെങ്കിലും
ഓരോ പുഴകള്‍ക്കുമില്ലേ
കടലിനെ പുല്‍‍കാന്‍,
തന്‍റെ കൂടണയുവാന്‍ മോഹം...

© ജയകൃഷ്ണന്‍ കാവാലം

Thursday, December 24, 2009

ജാതകം

സന്ധ്യതന്‍ കപോലത്തില്‍ ശോണിമയേറി, ചില
കാര്‍മേഘമങ്ങിങ്ങായി പ്രേമസഞ്ചാരം ചെയ്കേ
ഇലഞ്ഞിപ്പൂക്കള്‍ തന്‍റെ മാദക ഗന്ധം തേടി
മാനസാരാമത്തിങ്കല്‍ മാരുതനണഞ്ഞപ്പോള്‍

മാരിവില്‍ സ്വപ്നങ്ങളാലാരെയോ വരച്ചിട്ടൊ-
രന്തരംഗത്തില്‍ വൃഥാ തേന്‍‍മഴ പൊഴിഞ്ഞപ്പോള്‍
ഓര്‍മ്മതന്‍ മണിച്ചെപ്പില്‍ ലാളിച്ചു വളര്‍ത്തുമെന്‍
പ്രേമസ്വപ്നങ്ങള്‍ വന്നെന്നാത്മാവില്‍ മന്ത്രിക്കുന്നു

വരവായ് പ്രിയസഖി, പ്രണയക്കതിര്‍ക്കൊടി,
പല നാള്‍ കാത്തിരുന്ന വാസന്തമലര്‍ക്കൊടി
നിന്നിലെന്നാളും നവ സ്വപ്നമായരങ്ങേറും
പ്രണയോത്സവത്തിന്‍റെ മധുരപ്രതിധ്വനി !

ഒട്ടൊരു നിമിഷമാ വാക്കുകള്‍ കേട്ടിട്ടെന്‍റെ-
യുള്‍ത്തടം സന്തോഷത്താല്‍ പ്രേമസ്വപ്നത്തെ പൂകെ
സുന്ദരിയവളുടെ നൂപുരനാദം പോലെ,
‘ഫോണടി’ച്ചുണര്‍ത്തിയെന്നാമോദ സങ്കല്‍‍പ്പത്തെ

ആരിവള്‍? മധുരാര്‍ദ്രവര്‍ഷമായ് പൊഴിയുന്ന
തേന്‍ കണം തുളുമ്പുന്ന വാക്കുകള്‍ പറയുവോള്‍
സ്നേഹമാണത്രേ ! എന്നില്‍ ചേരുവോളം നാള്‍ നിത്യം
പാര്‍വതീപതിയെത്താന്‍ പൂജിച്ചു പോരും പോലും!

ഓര്‍ത്തെടുത്തവളെയെന്‍ പൂര്‍വ്വ സഞ്ചാരങ്ങളില്‍
ഓര്‍മ്മയായ് വിട ചൊല്ലി പോയ പെണ്‍‍കൊടിയവള്‍
ഓളങ്ങളാലെ നൂറു ഗാഥകള്‍ രചിക്കുന്ന
പൂക്കൈതയാറിന്‍ തീരത്തന്നു പാര്‍ത്തിരുന്നവള്‍

ഓളങ്ങള്‍ കാലത്തിന്‍റെ നൂതന കഥകളാ-
ലായിരം കാതം ദൂരം മുന്നോട്ടു ചരിച്ചപ്പോള്‍
കാണാതെയായി തമ്മിലെങ്കിലും ചില നേരം
ഓര്‍ത്തിരുന്നവളെ ഞാനോമനിച്ചിരുന്നു ഞാന്‍

ഒന്നുമേ ചൊല്ലാനെന്‍റെ ഗദ്ഗദം തടഞ്ഞപ്പോള്‍
ഹൃത്തുടിപ്പുയര്‍ന്നതെന്‍ പ്രാണന്‍റെ താളം പോലെ
പ്രേയസീ നിന്നെ തന്നെ കാത്തിരിക്കുന്നു ഞാനെ-
ന്നാവതും പറയുവാന്‍ വാക്കുകള്‍ തിരഞ്ഞു ഞാന്‍

എങ്കിലും തമ്മില്‍ തമ്മില്‍ മൌനങ്ങള്‍ കൈമാറിയ
പുഞ്ചിരി പോലും രാവില്‍ വാനിലെ നക്ഷത്രമായ്
എന്‍ ചുടു നിശ്വാസത്തില്‍ പൂമ്പൊടി കലര്‍ന്നിട്ടോ
സുന്ദരിയവളുടെ മന്ത്രണം നുകര്‍ന്നിട്ടോ

രാത്രീരവം തെല്ലു ശാന്തമായ്, മരങ്ങളില്‍
പാര്‍ത്തിടും കിളികളും തമ്മിലാശ്ലേഷം ചെയ്തു
വൃശ്ചികപ്പുതപ്പിട്ട സന്ധ്യ തന്‍ മിഴികളില്‍
ചന്ദനക്കുളിര്‍ തൂകി ചന്ദ്രിക പ്രകാശിച്ചു

സാന്ധ്യസൌന്ദര്യത്തിലെന്നാരാമ സുരഭികള്‍
ആലോലഗാത്രങ്ങളാല്‍ പ്രേമഗീതങ്ങള്‍ പാടി
വര്‍ണ്ണങ്ങള്‍ നമുക്കായി വന്നുത്ഭവിച്ചോ പാരില്‍
വാനിലെ നക്ഷത്രങ്ങള്‍ നമുക്കായ് പിറന്നതോ

ചിന്തകള്‍ വിഹായസ്സിലഞ്ജിത വര്‍ണ്ണങ്ങളായ്
പൂക്കളായ് വസന്തമായ് മഞ്ജുള സ്വപ്നങ്ങളായ്
നമ്മള്‍ നമുക്കായ് ചമച്ച സാമ്രാജ്യത്തി-
ലര്‍ക്കനുറങ്ങാത്ത നാളുകള്‍ തുടങ്ങയായ്

ഏറെനാള്‍ കഴിഞ്ഞു നിന്‍ ശബ്ദസൌഭാഗ്യം നെഞ്ചി-
ലുള്‍ക്കുളിര്‍ പകര്‍ന്നൊരു സാന്ത്വനത്തലോടല്‍ പോല്‍
ഉല്‍ക്കടം കൊതിക്കുന്നു നിന്‍റെ സാമീപ്യം നിത്യ-,
മുല്‍‍ക്കാര്‍ദ്രചിത്തത്തിന്‍റെയാഗ്രഹം കഷ്ടം കഷ്ടം!

കാലമാം കനല്‍‍പ്പാത നീണ്ട നാള്‍വഴികളായ്
കാതങ്ങള്‍ താണ്ടാനെന്നെയാജ്ഞയാല്‍ ക്ഷണിക്കവേ
കാണുമോ കണ്ണില്‍ കണ്ണു ചേര്‍ത്തുമെന്‍ സിരകളില്‍
കാലുഷ്യമിയലാത്ത സ്നേഹമായ് നീയും കൂടെ...



© ജയകൃഷ്ണന്‍ കാവാലം

Sunday, December 20, 2009

വന്നോളൂ...

എന്നെ വന്നു പുണര്‍ന്നോളൂ നിന്‍
ഉള്ളില്‍ രാഗം നിറയുമ്പോള്‍
എന്നില്‍ വന്നു നിറഞ്ഞോളൂ നീ
കവിതക്കനിയായ് മാറുമ്പോള്‍
എന്നില്‍ വന്നു പുലര്‍ന്നോളൂ നിന്‍
സ്നേഹം പൂവായ് വിരിയുമ്പോള്‍
എന്നുടെ മുന്‍പില്‍ നടന്നോളൂ നീ-
യറിവായുള്ളില്‍ നിറയുമ്പോള്‍
എന്നില്‍ നിന്നുമകന്നോളൂ നീ
സ്വാര്‍ത്ഥതയാല്‍ വിഷമാകുമ്പോള്‍

© ജയകൃഷ്ണന്‍ കാവാലം

Wednesday, November 25, 2009

എനിക്കു ചിതയൊരുങ്ങുമ്പോള്‍

ജ്വലിക്കുമഗ്നിയില്‍ ഹവിസ്സു മാത്രമായ്
എരിഞ്ഞടങ്ങുവാന്‍ വിധിച്ച ദേഹമേ
കൊടുത്തു നിന്നെയെന്‍ അന്ത്യ ദാനമായ്
മടങ്ങട്ടെ, ഭുവില്‍ ശാന്തി വാഴട്ടെ

ജനിച്ചു ഭൂമിയില്‍ തപിച്ചു ദേഹിയും
കൊടുത്തു കൊണ്ടതും വിധി വിഹിതങ്ങള്‍
തടുത്തതില്ല ഞാന്‍ വിധി ഹസ്തങ്ങളെ
ചെറുത്തതില്ലൊരു വരപ്രസാദവും

ജനിച്ച നാള്‍ മുതല്‍ കണ്ട കാഴ്ചകള്‍
മറക്കട്ടെ, ലോകം വെടിഞ്ഞു പോകട്ടെ
ജന ശതങ്ങളും നദീ പ്രവാഹവും
വിപിനവും മൃഗ ഖഗാവലികളും

മരങ്ങളും മഹാ മലനിരകളും
മണിപുരങ്ങളും ധനധാന്യങ്ങളും
കുളങ്ങളും, നീണ്ട വഴികളും, ചെറു-
കിളികള്‍ പാടുമീ ചാഞ്ഞ ചില്ലയും,

വസന്ത ഭംഗിയും, ശിശിരമേഘവും,
ഹരിത വര്‍ണ്ണമാര്‍ന്നിളകിടും ചെറു-
വാര്‍പ്പു കുഞ്ഞുങള്‍ നീന്തിടും - കല്ലിന്‍
പടവിളകിയ കുളക്കരയുമീ

നിമിഷ ജീവിത പ്രയാണ വേളയില്‍
കണ്ടതൊക്കെയും മറക്കട്ടെ ഞാനെന്‍
പ്രതീക്ഷയും, പ്രിയ കവിതയും കണ്ണീര്‍-
ക്കിനാക്കളുമിതാ തിരികെ നല്‍കട്ടെ

വൃഥാ കരഞ്ഞിടും പ്രിയ ജനങ്ങളേ
വെറുതെയെന്തിനീ വിലാപ ഗീതകം
മറക്കുമൊക്കെയും നിങ്ങളും വരും
ഒരു ദിനം, വീണ്ടും കരയുമുടയവര്‍

പ്രപഞ്ചനീതിതന്‍ നിയമ സഞ്ചയം
മറച്ചിടുന്നു ഹാ അനന്ത വേപഥു
ചിരിച്ചിടും, നാളെ കരഞ്ഞിടാന്‍ വീണ്ടും
ചിരിച്ചിടാം, ഭവാന്‍ ചമയ്ക്കും നാടകം

കഴിഞ്ഞ ജീവിത കണക്കു കൂട്ടലില്‍
കരഞ്ഞു കൂട്ടിയ കണക്കു ബാക്കിയായ്
കഴിഞ്ഞ കാലമെന്‍ കരം കഴിച്ചിതാ
പൊതിഞ്ഞു തന്നതാം പുണ്യ സഞ്ചയം

വിദൂര യാത്രയില്‍ പാഥേയമാക്കിടാം
പൊതി, കരുതുക ‘പുണ്യ’ ഭോജനം
കടുത്ത ജീവിതക്കടല്‍ കടന്നിതാ
മടങ്ങട്ടെ, ഭുവില്‍ സുഖം ഭവിക്കട്ടെ

ചിതയൊരുങ്ങുന്നു, പലര്‍ മതില്‍ക്കക-
ത്തിരിക്കുന്നു ചിലര്‍ നടന്നു കാണുന്നു
മരണ വീടിന്‍റെ ചിതം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ കുനിഞ്ഞിരിക്കുന്നു

മരിച്ചവനുടെ ഗുണം പറഞ്ഞുകൊ-
ണ്ടിരിക്കുന്നു ചിലര്‍ പരിഹസിക്കുന്നു
പരിഹാസ ഗുണ ഗണങ്ങളൊക്കെയും
ശവത്തിനോ അതോ പരം പുരുഷനോ?

മുറിച്ച മാവിന്‍റെ ഗുണ ഗണങ്ങളില്‍
ശവം വരുത്തിയ കുറവു തീര്‍ക്കുവാന്‍
മൂപ്പിലാന്‍റെ പട്ടടയടങ്ങുമ്പോള്‍
വളം കരുതുവാനുറച്ച മക്കളും

കൊടുത്ത ഭൂമിതന്നളവില്പവും
കുറയാതെ കരഞ്ഞിടും ബന്ധുക്കളും
നെടിയ ശ്വാസങ്ങള്‍ നിറഞ്ഞു കേള്‍ക്കുന്നു
സഹതപിക്കണേ പൊതു ജനങ്ങളേ...

ജനിച്ച ഭൂമിയില്‍ വിയര്‍പ്പൊഴുക്കി ഞാ
നിവര്‍ക്കു വേണ്ടി ഹാ കരുതിയൊക്കെയും
നിവര്‍ന്നു നില്‍ക്കുവാന്‍ പഠിച്ച മക്കളെ-
ന്നൊടിഞ്ഞൊരെല്ലിനോ വിലപറയുന്നു

കരം കൊടുത്തു ഞാന്‍ പിരിഞ്ഞു പോകവേ
വിരുന്നു വന്നൊരെന്‍ പ്രിയ ജനങ്ങളേ
ശവം കിടക്കുന്നു കണ്ടു കൊള്ളുക
നാളെ നിങ്ങളും കിടക്കുമീവിധം

ചൂട്ടു കറ്റകള്‍ കരഞ്ഞു കത്തുന്നു
കുളിച്ചു വന്നവന്‍ ശവത്തിന്‍ സീമന്തന്‍
എടുത്തു കൊള്ളുകീ ശവത്തെയഗ്നിതന്‍
കരത്തിലെന്നവന്‍ ജപിപ്പതില്ലയോ?

ജനം തിരക്കിട്ടു നിരന്നു നില്‍ക്കുന്നു
ഇടം കൊടുക്കുക അഭൂത ദര്‍ശനം!!!
മനം നിറഞ്ഞിതാ അനുഗ്രഹിക്കുന്നു
കൊളുത്തുക കുഞ്ഞേ സമയമാഗതം

ജ്വലിച്ചൊരഗ്നിതന്‍ രഥത്തിലേറി ഞാന്‍
നഭസ്സിലൂടെയെന്‍ പുരത്തിലെത്തവേ
ജപിച്ചിടുന്നു വേരറുക്ക ജീവിത
ക്കനല്‍ക്കയത്തിലേക്കുള്ള മോഹവും

കളത്രസന്തതീ വൃഥാ വിനോദവും
കറുത്ത ഭൂമിയില്‍ കര്‍മ്മയോഗവും
അറുക്ക ജനിമൃതീ പരമ്പരകളും
അനന്തജീവിതം വിധിക്ക നീ വിഭോ

© ജയകൃഷ്ണന്‍ കാവാലം

Saturday, November 14, 2009

മാതൃവന്ദനം

ശക്തിയായ് മമ ബുദ്ധിയായ് മന-
ശുദ്ധിയേകിടുമുണ്മയായ്,
സ്വപ്നസുന്ദരമാകുമെന്‍ മല-
നാടിന്‍ സൌന്ദര്യ ഗീതമായ്,

അര്‍ത്ഥികള്‍ക്കു വരപ്രസാദമായ്,
നിത്യമുള്ളില്‍ വിളങ്ങണേ
ഹാ സുഭഗേ മനോഹരീ മമ
മാതൃഭാഷേ നമിച്ചിടാം

ചാരുവര്‍ണ്ണ പദാവലീ രസ
മോദദായകരൂപിണീ
കേരനാടിനു കേള്‍വി നല്‍കിയ
കോമളാംഗി മനോഹരീ

ഒപ്പമില്ലൊരു ഭാഷയും തവ
ചാരു വശ്യ പദങ്ങള്‍പോല്‍
എത്തുകില്ലൊരു നാളുമംബികേ
നിന്‍ മഹിമ രചിക്കുകില്‍

തല്‍‍സ്തനാമൃതഭാഗ്യമേകി നീ
പോറ്റിടുന്നു നിന്‍ മക്കളെ
നാദരൂപിണീ കൈതൊഴാം മമ
മാതൃഭാഷേ ദിനം ദിനം

കാവ്യസുന്ദര മോഹിനീ തവ
ജ്ഞാനസമ്പന്നമാനസം
അന്‍‍പിനാലെ കനിയണേ മമ
മാതൃഭാഷേ നമിച്ചിടാം...

© ജയകൃഷ്ണന്‍ കാവാലം