Monday, January 31, 2011

പാഴ്മരം പാടുന്നു

വേദനിക്കുന്ന നെഞ്ചില്‍ കിളിര്‍ത്തൊരു
വേരുറപ്പുള്ള പാഴ്മരമാണു ഞാന്‍
വേനല്‍ വന്നുഗ്രതാപമേകീടിലും
ഉറവ വറ്റാത്ത കണ്ണുനീരാണു ഞാന്‍

ദുഃഖചിന്തകളുള്ളില്‍ പരസ്പരം
പകിടപന്ത്രണ്ടുരുട്ടിക്കളിക്കവേ
പകുതിയായൊരെന്നായുസ്സിനൊപ്പമെന്‍
ശിഖരകമ്പനം ശിഥിലമായീടവേ

വികൃതജീവിത കഷ്ടകാണ്ഡങ്ങള്‍ തന്‍
സ്മൃതികള്‍ വീണ്ടും വികൃതി കാണിക്കവേ
വിജനമജ്ഞാതമാമീ തുരുത്തില്‍ ഞാന്‍
പൂവിടാന്‍ കാത്തു കാത്തു നില്‍ക്കുന്നിതാ

അരുതരുതെന്‍ കടയ്ക്കല്‍ പതിക്കുവാന്‍
പരശു തീര്‍ക്കുന്ന ദുഷ്ടവ്യാപാരമേ
പകരമെന്തിനി നല്‍കണം, ജീവനായ്
ഗുണമിയലാത്തൊരെന്റെ പാഴ്ദേഹമോ???

സഫലമാവാത്തൊരെന്റെ സ്വപ്നങ്ങളോ?
ഇടയിലോര്‍മ്മതന്‍ ദീര്‍ഘനിശ്വാസമോ?
പലര്‍ പറിച്ചൊരെന്നാത്മപുഷ്പങ്ങളോ?
ഇനിയുമറിയാത്ത താതവാത്സല്യമോ?

വിജന വീഥിയിലാര്‍ നട്ടു പണ്ടെന്നെ?
പകലില്‍ വാടാതെ നീര്‍ തന്നതമ്മയോ?
പക ജ്വലിക്കുന്ന ലോകസഞ്ചാരത്തില്‍
തണലു തേടിയിങ്ങെത്രപേര്‍ വന്നു പോയ്...?

പകരമൊന്നും കൊതിക്കാതെയെത്രയോ
പകലുകള്‍ക്കുഷ്ണശാന്തി പകര്‍ന്നു ഞാന്‍
ഇരവിലെത്രയോ നഷ്ടസ്വപ്നങ്ങളാം
കിളികള്‍വന്നെന്നിലഭയം തിരഞ്ഞു പോയ്

ഇനിയുമാശതന്‍ പൂഞ്ചില്ല വീശിയീ
പുലരികള്‍ക്കഭിവാദനമേകുവാന്‍
പുതുജനങ്ങള്‍ക്കു തണല്‍ വിരിച്ചീടുവാന്‍
തരിക വിധിയേ... എനിക്കുമീ ജീവിതം...


© ജയകൃഷ്ണന്‍ കാവാലം

11 comments:

മുകിൽ said...

മനോഹരമീ കവിത…

രമേശ്‌ അരൂര്‍ said...

നന്നായി ..

jayanEvoor said...

നല്ല വരികൾ.
പകുതിയായുസ്സല്ലേ കഴിഞ്ഞുള്ളൂ?
ഇനി ഒരു പകുതി മുഴുവൻ ബാക്കി കിടക്കുന്നു.
പൂക്കാലങ്ങളെത്ര ബാക്കി കിടക്കുന്നു!?

ശാന്തനാവുക!

പദസ്വനം said...

കെട്ടടങ്ങാത്ത ആവേശം..
അവനെ മുറിച്ചു മാറ്റാതിരുന്നെങ്കില്‍... :(

മഴത്തുള്ളികള്‍ said...

എന്നത്തെയും പോലെ വീണ്ടും ഒരു നല്ല സൃഷ്ടി....അറിയാതെ ഏറ്റുപാടിപ്പോകുന്നു.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഇനിയുമാശതന്‍ പൂഞ്ചില്ല വീശിയീ
പുലരികള്‍ക്കഭിവാദനമേകുവാന്‍..
പുത്തുലഞ്ഞു തന്നെ നില്‍ക്കുന്നുണ്ട്
കവിതയുടെ ഒരു പൂമരം..!

Kalavallabhan said...

ഇനിയുമാശതൻ പൂഞ്ചില്ല വീശിയീ
കവിത തെന്നലായി തലോടുന്നെന്നെയും

Jithu said...

നല്ല കവിത......

Pranavam Ravikumar said...

വരികള്‍ മനോഹരം!

സന്തോഷ്‌ പല്ലശ്ശന said...

നല്ല വരികള്‍.. നല്ല താളബോധം..... പഴയതെങ്കിലും പ്രയോഗിക്കുന്ന ആഖ്യാനത്തില്‍ നല്ല കൈത്തഴക്കം...

(താങ്കളുടെ പ്രൊഫൈല്‍ ഫോട്ടൊ മാറ്റിയല്ലേ.... നന്നായി... )

Bibi Mohanan said...

nannayittund mashe..