Monday, August 09, 2010

മഞ്ജുഷ

മന്ദഹാസങ്ങള്‍ പൂവിടര്‍ത്തുന്ന
മന്ദാരം പൂത്ത സന്ധ്യയില്‍
മന്ദമായ് വന്ന തെന്നല്‍ പോലെ നീ-
യെന്‍റെയോര്‍മ്മയില്‍ വന്നുവോ

ഹര്‍ഷഘോഷങ്ങളായിരം വര്‍ണ്ണ-
വിസ്മയം തീര്‍ത്ത വേളയില്‍
സ്വപ്നമേയെന്‍റെ ഹൃത്തടത്തില്‍ നീ-
യെത്തിയെന്തോ മൊഴിഞ്ഞുവോ

സ്വസ്ഥമാമെന്‍റെ മാനസത്തില്‍ നീ
സ്വച്ഛ സ്വച്ഛം നടക്കവേ
മഞ്ജുഷേ നിന്‍റെ പാദതാളമെന്‍
ഇച്ഛതന്‍ തുടിതാളമായ്

മേഘജാലങ്ങളാശതന്‍ സ്വര്‍ണ്ണ-
രാജികള്‍ ചൂടിയാഢ്യമായ്
വാനവീഥിയിലായിരം മലര്‍-
ച്ചാര്‍ത്തുകള്‍ പകര്‍ന്നീടവേ

ഹാ തപസ്സിളകുന്നു ജീവിത
മോദ മോഹം വളരുന്നു
നിന്‍റെ വാനത്തിലര്‍ക്കനാകുവാ-
നാഗ്രഹിക്കുന്നു മാനസം

മഞ്ജുഭാഷണമന്ത്രണത്തിലെന്‍
മോഘജന്മം പവിത്രമായ്
ധന്യമായ് മമ ജന്‍‍മദുഃഖങ്ങ-
ളന്യമായി നിസ്സംശയം

നിര്‍മ്മലേ നിന്‍റെ മന്ദഹാസത്തി-
ലെന്നുമെന്നും വിളങ്ങുവാന്‍
നോമ്പു നോല്‍ക്കട്ടെ നിത്യവും നിന്‍റെ
ചാരുശ്രീലകവാതിലില്‍...

© ജയകൃഷ്ണന്‍ കാവാലം

3 comments:

ശ്രീനാഥന്‍ said...

മോഹനമീ ഗീതകം!

Kalavallabhan said...

വീട്ടിൽ സന്ധ്യാനാമം ചൊല്ലുന്നതുപോലെ ചൊല്ലി.
എന്തേ അങ്ങനെതെങ്കിലും സങ്കല്പിച്ചാണോ എഴുതിയത്.
എന്തായാലും കൊള്ളാം.

Pranavam Ravikumar said...

Good!!!!!