Monday, August 02, 2010

ആതിര

--- നീയെത്രയുരുകുന്നുവെന്നറിവീല ഞാന്‍
നീയെത്ര താപം തപിപ്പതറിവീല ഞാന്‍
നീറുമെന്‍ പ്രാണന്‍റെ പ്രേമനൈവേദ്യത്തില്‍
നീയെത്ര മധുവായ് നിറഞ്ഞതറിവീല ഞാന്‍---

1

ആതിരേ, മിഴിപ്പൂക്കളില്‍ കവിതകള്‍
ആയിരം വര്‍ണ്ണമായ് നിറയുന്ന ദേവതേ
നിന്നെ തിരഞ്ഞു ഞാനെത്ര വര്‍ഷങ്ങളാ
യലയുന്നിതാ മുഗ്ധസങ്കല്‍‍പ്പ കന്യകേ

ആതിരേ, നോവിന്‍റെ ഇടവഴിയില്‍ പൂത്ത
ജീവന്‍റെ നിറമുള്ള സ്നേഹകുസുമമേ
അറിയുന്നു നിന്നെയെന്നന്തരാത്മാവിന്‍റെ
ആഴങ്ങള്‍ തിരയുന്ന സ്നേഹനൈര്‍മ്മല്യമായ്

ഒരു കുഞ്ഞു മോഹമായ്, മലര്‍വര്‍ണ്ണ സ്വപ്നമാ-
യോമനിച്ചോമനിച്ചാശിച്ചു നിന്നെ ഞാന്‍
ഒരു മയില്‍‍പ്പീലി പോലരുമയായെന്നുടെ
മനസ്സിന്‍റെ പുസ്തകത്താളില്‍ കരുതി ഞാന്‍

ആതിരേ നീയറിയുന്നുവോ എന്‍റെ
മനസ്സിലെ നോവിന്‍ പുകച്ചിലെത്ര
ആതിരേ നീയെന്ന സ്വപ്നം പൊലിയുകില്‍
ആവതില്ലന്നീ പ്രയാണം തുടര്‍ന്നിടാന്‍

ആതിരേ, നിന്‍ മിഴിപ്പൂവില്‍ നോക്കി ഞാനെത്ര
രാവുകള്‍ കവിത ചൊല്ലിക്കഴിച്ചു
കണ്ണീര്‍ നിറയാതിരിക്കണമെന്നെത്ര
മൌനമായ് നിന്നോടു ചൊല്ലി

അഴലിനുന്മാദ നിമിഷങ്ങളില്‍ നിന്‍റെ-
യരുമസാന്നിദ്ധ്യത്തിനായ് കേണ നാള്‍
ഇരവിലുറവയായ് നിറയുന്ന സ്നേഹത്തി-
ലരുമയായ് നിന്നെയോമനിച്ചെത്ര ഞാന്‍

അരികിലുണ്ടെങ്കിലെന്നുമെന്നാതിരേ
ഹൃദയമാശിച്ചിടുന്നു നിന്‍ സാന്ത്വനം
ഹൃദയഭിത്തികള്‍ പൊട്ടിത്തകര്‍ന്നു പോം
ഒരു നിമേഷമാ സ്നേഹം പൊലിയുകില്‍

മമ മനസ്സിന്‍റെ മുഗ്ധരാജാങ്കണം
മമ സഖി നിന്‍റെ പാദസ്പര്‍ശത്തിനായ്
മരുവു പോലിതാ ദാഹിപ്പു ജീവനേ
വരിക വരികയെന്‍ ജന്മമോക്ഷത്തിനായ്...

2

അകലുവാനായി മാത്രം പ്രതീക്ഷ തന്‍
അരിയ തൂവലിന്‍ ചിറകുകള്‍ വീശിയാ
അരളി പൂത്ത നിലാവത്തു നീറുമെ-
ന്നരികില്‍ വന്നുവോ നിശ്ശബ്ദദുഃഖമേ

അകലെ മണ്ണിന്‍റെ മക്കള്‍ തന്നാരവം
ഒരു വിശപ്പിന്‍റെ നൊമ്പരം പാടുന്നു
ഇവിടെ ഞാന്‍ നിന്‍റെ ഹൃദയസോപാനത്തില്‍
സ്നേഹമന്ത്രം ജപിച്ചിരിക്കുന്നു...

ഇനിയൊരു പ്രത്യക്ഷദര്‍ശനം കാക്കാതെ,
ഇനിയൊരശരീരി പോലും നിനയ്ക്കാതെ,
പ്രേമാംബികേ തവ ലീലാവിനോദങ്ങളില്‍
വെറുമൊരു മണ്‍പാവയായ് തപം ചെയ്‌വു ഞാന്‍.

അഴലഴിയാത്ത മനസ്സിലെ ഭാരങ്ങള്‍
അണമുറിയാത്ത കണ്ണീര്‍ പ്രവാഹമായ്
അതിലൊരു കൈക്കുമ്പിള്‍, ഭവതി നിന്‍ ജീവനില്‍
അടിമുടിയൊഴുകുന്ന, തീര്‍ത്ഥമാവട്ടെ

ഇനിയൊരു പ്രണയപര്‍വ്വത്തിനായ് പ്രാണനേ
തുണവരിക,യെന്നേ മരിച്ചൊരീ ദേഹത്തില്‍
ഇനിയുമൊരു കുരുതിക്കു കളമൊരുക്കട്ടെ നിന്‍
തിരുവടികള്‍ തഴുകുവാന്‍ ഹൃദയം തുളയ്ക്കട്ടെ

ഇവിടെയൊരു ചെമ്പനീര്‍പ്പൂ ആരെയോ,
ഇമചിമ്മിക്കാത്തു നില്‍ക്കുന്നൂ
അവളുടെയിളം കവിളിലെയശ്രുപോല്‍
ഇവനുമൊരു ബാഷ്പമാകുന്നു...

നിന്‍റെ കണ്‍കളൊന്നിരുണ്ടാല്‍ മതി
ഇനിയുമൊരു ദീര്‍ഘനിശ്വാസമാത്രം പോരും
ഇളവെയിലില്‍ വറ്റുമായശ്രു പോലെന്‍ പ്രാണന്‍
ഒരു നേര്‍ത്ത തേങ്ങലായ് നിന്നില്‍ ലയിക്കുവാന്‍...

ഹൃദയാരവങ്ങളടങ്ങയായ് എന്നൂര്‍ജ്ജ-
മണയാന്‍ തുടങ്ങി നിഴല്‍ വീഴ്കയായ്
കവിതക്കരുത്തു കനലാടുമെന്‍ മനസ്സിന്‍റെ
കരയിന്നു കണ്ണീര്‍ത്തടാകമായ്

3

ദൈവം തന്നൊരു നിധിയേ... നീയെന്‍റെ ജീവന്‍റെ
വിധിയെഴുതുക....... കാത്തു നില്‍‍ക്കുന്നു ഞാന്‍...

© ജയകൃഷ്ണന്‍ കാവാലം

3 comments:

Kalavallabhan said...

കവിതക്കരുത്തുകാട്ടിയെന്നെ
കറക്കിടുന്നീകവിക്കാശംസകൾ

മഴത്തുള്ളികള്‍ said...

പ്രണയ കവിതകളിലാണല്ലൊ specialisation ചെയ്യുന്നതു. എന്തായാലും നന്നായിട്ടുണ്ട് ഈ കവിതയും. രണ്ടാം ഭാഗം കൂടുതല്‍ ഇഷ്ടപ്പെട്ടു. ആശംസകള്‍.........

കാവാലം ജയകൃഷ്ണന്‍ said...

കലാവല്ലഭന്‍: നന്ദി കൂട്ടുകാരാ.
മഴത്തുള്ളീ: അതെ. മനസ്സു നിറയെ പ്രണയമാണ്. സര്‍വ്വ ചരാചരങളോടും പ്രണയം. വിശ്വപ്രേമം...