Wednesday, November 04, 2015

പിരിയുന്നതിൻ മുൻപേ...

പൂ മുഖമൊന്നിനി വാടാതിരുന്നെങ്കിൽ
ശശിലേഖയൊന്നൊളി മങ്ങാതിരുന്നെങ്കിൽ
ഒരുവേള യാത്ര ചൊല്ലും നേരമെന്നുടെ
വിറയാർന്ന കണ്ഠമൊന്നിടറാതിരുന്നെങ്കിൽ...

വിരഹതാപം സഹിയാതെയീ പൂങ്കുയിൽ
മധുഗാനമാലിക മതിയാക്കിടുമ്പൊഴും
അകലേയ്ക്കു ചിറകടിച്ചകലുമ്പൊഴെങ്കിലും
അതു നിന്റെ കൺകളിൽ പ്രതിഫലിച്ചീടുമോ

ഇനി നേരമില്ലെന്നു പകലു ചൊല്ലിത്തന്ന
പരമാർത്ഥ ചിന്തകൾ മംഗളം പാടവേ
ഇനി വരും ജന്മത്തിലണിയുവാൻ നീ തന്ന
മണിമുത്തുമോതിരം അണിയാതെ പോകയായ്

അണയുകയായ് സന്ധ്യാംബരവീഥിയിൽ തവ
മധുരാനനം കാത്തു വച്ചൊരീ നെയ്ത്തിരി
പിരിയുന്ന വേളയിൽ തകരുമീ ഹൃദയത്തി-
ലിനിയേതു ഗീതം കരുതണം പ്രിയ സഖീ...

© കാവാലം ജയകൃഷ്ണൻ

പറഞ്ഞു തീരാത്ത കഥ!

പണ്ടെത്ര നേരം പറഞ്ഞാലും തീരാത്ത
കഥകളുണ്ടായിരുന്നൂ നമുക്കായ്
പണ്ടെത്ര നേരമാ കൺകളിൽ നോക്കിലും
തീരാക്കിനാക്കളുണ്ടായിരുന്നൂ

പണ്ടെത്ര കൈപിടിച്ചാ വനച്ഛായയിൽ
ചാറ്റൽമഴയത്തു ഞാൻ നടന്നൂ
പണ്ടത്തെയാമലർത്തോപ്പിലെ സ്വച്ഛന്ദ
സ്വപ്നങ്ങളെത്ര മനോഹരങ്ങൾ

ആ മധുവാസന്തകാലം കഴിഞ്ഞുഗ്ര
വേനലിൻ ചൂടിലുരുകും മനം
വേപഥുചിന്തി, മനസ്സുഗ്രതാപത്തിൽ
വേവുന്നൊരോർമ്മതൻ രൂപമായി

താനേ സുധാരസഗീതം പൊഴിച്ചൊരെൻ
രക്തകോശങ്ങൾ തുരുമ്പെടുക്കേ
വീണുറങ്ങുന്ന ഗതചിന്തയാത്മാവി-
ലാളും ചിതയൊന്നിൽ ഭസ്മമാകേ

താഴിട്ടു പൂട്ടിയ വാതായനങ്ങൾക്കു
ചാരെ നിൻ രൂപമെൻ കൺകൾ തേടും
ഇനി വരും ജന്മങ്ങളാ മുഗ്ധരൂപത്തിൻ
തപ്തസ്മൃതികളിൽ പൂത്തു നിൽക്കും

© കാവാലം ജയകൃഷ്ണൻ

പശുപതീ കൈതൊഴാം

പശുപതീ കൈതൊഴാം കേൾക്കുമാറാകണം
 പ്രാന്തനാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ കാമമുണ്ടാക്കുമാറാകണം
 നാണമില്ലാത്തോനാകാൻ ബോധം കളയണം

 ആരെയും ചുംബിക്കാൻ ത്രാണിയുണ്ടാക്കണം
കാണുന്നോർക്കൊക്കെയും പുച്ഛമുണ്ടാക്കണം
അമ്മയേം പെങ്ങളേം കാമുകിയാക്കണം
അമ്മൂമ്മയിൽ പോലും കണ്ണു വയ്പ്പിക്കണം

തോന്ന്യവാസങ്ങൾക്കു ജീവനുണ്ടാക്കണം
ആരെയും നിന്ദിക്കാൻ ശക്തിയുണ്ടാക്കണം
 പെരുവഴി പോലുമെൻ മണിയറയാക്കണം
അവിടെല്ലാം പെണ്ണുങ്ങൾ കേറി നിരങ്ങണം

ചാനലിലെല്ലാം ഞാൻ ഓണമായ് മാറണം
എൻ തലക്കുള്ളിൽ നീ ഓളം നിറക്കണം
നിത്യം കുടിക്കുവാൻ കള്ളു നൽകീടണം
കൂടെ കുടിക്കുവാൻ കോതമാർ കൂടണം

ദൈവത്തെ നിന്ദിക്കാൻ താൽപര്യമേറണം
 ദൈവകാര്യങ്ങൾക്കു ഞാൻ പാരയായ് മാറണം
നാട്ടിൽ സദാചാരമമ്പേ നശിക്കണം
നാട്ടുകാർക്കൊക്കെ ഞാൻ ഹീറോയായ് മാറണം

നാണമില്ലായ്മയെൻ ഭൂഷണമാകണം
നാറികളാം ജനം നാണിച്ചു പോകണം
പശുപതീ കൈതൊഴാം കേൾക്കുമാറാകണം
പ്രാന്തനാമെന്നെ നീ കാക്കുമാറാകണം

©കാവാലം ജയകൃഷ്ണന്‍

പാരിജാതം പൂത്ത കാലം

പറഞ്ഞില്ല ഞാനൊന്നുമറിഞ്ഞില്ല നീയുമാ
പാരിജാതം പൂത്ത കാലം - ഉള്ളിൽ
പാൽനിലാവൊളി വീണ പ്രായം
അറിയാതെ പാടിയെൻ ഹൃദ്‌തന്ത്രികൾ പോലും
ആരിവളെന്നു തിരഞ്ഞു
ഒന്നും പറയാതെ ഞാനും നടന്നു

നിൻ വളക്കൊഞ്ചലിൻ താളമായ് മാറി ഞാ-
നെന്നെ മറന്നൊരാ കാലം
എന്തൊക്കെ സ്വപ്നങ്ങളായിരുന്നന്നു നീ
എന്നിൽ നിറഞ്ഞ തേൻസത്തേ

എത്ര ഋതുക്കൾ കഴിഞ്ഞാലുമെന്നുമെൻ
ഉള്ളിൽ നിനക്കു താരുണ്യം
എത്ര യുഗങ്ങൾ കഴിഞ്ഞാലുമെപ്പൊഴും
എന്നും നീയെന്റെ സായൂജ്യം

എത്ര ജന്മങ്ങൾ തപസ്സിരുന്നീടണം
പുണ്യവതീ നിന്റെ രൂപം
എന്നുമെപ്പോഴുമെൻ ചാരത്തു തന്നെയായ്
വന്നണഞ്ഞീടുവാൻ ദേവീ...

© കാവാലം ജയകൃഷ്ണൻ

Sunday, September 08, 2013

വെറുതേ വരുന്നോണം പിന്നെയും...

എവിടെയോ വാടിക്കൊഴിഞ്ഞൊരാപ്പൂവുകള്‍
തിരികെത്തിരഞ്ഞുകൊണ്ടോണമെത്തി
മറവിയില്‍ പഴകിയ കളികള്‍ തന്നാരവം
പൂവേ പൊലി വിളിച്ചോണമെത്തി

എവിടെയക്കാലമാപ്പുതുമതന്‍ മേളമെ-
ന്നറിയാതെയോര്‍ത്തു കൊണ്ടോണമെത്തി
എവിടെയും ശൂന്യമെന്നറിയുമെന്നാകിലും
വെറുതേയിത്തവണയും ഓണമെത്തി...


© കാവാലം ജയകൃഷ്ണന്‍