Wednesday, November 04, 2015

മൃത്യുഗീത !

അഗ്നിസ്ഫുലിംഗങ്ങളായിരം നാവുമാ-
യച്ഛന്റെ മന്ത്രം ജപിക്കേ,
അഞ്ചു ഭൂതങ്ങളും നിന്നിൽ സമർപ്പിച്ചു
പോകുന്നിതാ നിന്റെ പുത്രൻ !

ശിവമന്ത്രമുണരുന്ന മലയിൽ, സാമ-
ഗീതം മുഴങ്ങുന്ന വിണ്ണിൽ, പഞ്ച-
പാപങ്ങളാഹൂതിയാകുന്ന ഹിമശൈല
ഗേഹത്തിലെത്താൻ കുതിപ്പൂ
ദേഹി, ദേവന്റെയാ ശൈലശിഖരത്തി
ലൊരു മഞ്ഞു കണമായ് തപം ചെയ്തിടട്ടേ...

ഭാരം ചുമന്നും, കിതച്ചും കനൽച്ചൂടി-
ലാകെത്തളർന്നും വലഞ്ഞും; സ്നേഹ-
പാശത്തിലർത്ഥമില്ലാതാണ്ടു നാളുകൾ
നാകം തിരഞ്ഞും തളർന്നും,

മോഹഭംഗങ്ങളിൽ, നഷ്ടബോധങ്ങളിൽ
ചിത്തമെന്തിനോ വേണ്ടിത്തപിച്ചും- ദുരാഗ്രഹ
ത്തീജ്ജ്വാലയേറ്റുള്ളു വെന്തും,
വ്യർത്ഥ ജന്മത്തിനർത്ഥംഗ്രഹിക്കാതെ
യുന്മത്തവിഡ്ഢിസ്വർഗ്ഗങ്ങൾ മെനഞ്ഞും
കാലഗതിയിൽ, നിശാസ്വർഗ്ഗവടിവിൽ,
മദോന്മത്തനിനവിൽ, മദാലസാഭ്രമിതമായ്
കാലം കഴിച്ചുണ്മയറിയാതെ, നിനയാതെ,
യുണരാതെ, നിവരാതെ, നിഴലാം ജഢത്തിൽ
മദാഗ്നിയൊന്നുറയാതെ; യിരുളിൽ രമിക്കാതെ
യുണരുന്ന ബോധമായ് ജ്ഞാനാർത്ഥ സാരമാം
ശിവരൂപമണയട്ടെയമ്മേ....
യാത്രചോദിച്ചു നിൽപ്പു നിൻ പുത്രൻ ....

യാമയാനം കുതിച്ചെത്തുന്നു ദേവന്റെ
ഢമരുവിൻ താളം തളിർക്കുന്നു ചാരെ
തുടി കേട്ടുണർന്നുറഞ്ഞാടുന്ന ഫണിയിതാ
ആധാരഭേദ്യം നടത്തുന്നു, മുകളിലേ-
യ്ക്കാമോദമോടെ കുതിപ്പൂ...
മാംസ ജഡിലമാമോർമ്മകൾക്കന്ത്യം
കുറിച്ചു കൊണ്ടത്യുച്ച വേഗം ചരിപ്പൂ...

ഭൌമ ബന്ധനം കാലകാലന്റെയത്യുഗ്രമാം
നേത്രാഗ്നിയിൽ ഭസ്മമാകേ;
കാറ്റു കർപ്പൂരഗന്ധം പരത്തുന്നു, ധമനികൾ
സീൽക്കാരമോടേ ത്രസിക്കുന്നു, സിരകളിൽ
മായം കലർന്നും കൊടുംവ്യാധിയേറ്റും,
നിരർത്ഥമാം സ്വപ്നസന്താപം തിളച്ചും
വരണ്ടുഗ്ര ഹാലാഹലത്തിൻ നിറം പകർന്നും
സപ്തധാതുക്കളഞ്ചായ് പിരിഞ്ഞു പഞ്ചേന്ദ്രിയ
ധർമ്മബോധത്തെ ഹനിച്ചും -  നിരന്തരം
മൃതിയെ തപം ചെയ്ത രക്തകോശങ്ങളിൽ
പ്രണവചൈതന്യം സ്ഫുരിക്കുന്നു
വികസിതോർജ്ജാവേഗ വേഗം നവരന്ഥ്ര
പന്ഥാക്കളിൽ ജീവനണയ്കയായ്

പ്രാണഗമനങ്ങളിൽ ശിവനേ... ജപിച്ചുകൊ-
ണ്ടണയട്ടെ തവ ശൈലമുകളിൽ, നിത്യ-
സത്യമാം കൈലാസനെറുകിൽ
ചിദാനന്ദ സാരത്തിനുറവയാം പൊരുളിൽ...

© കാവാലം ജയകൃഷ്ണൻ

പിരിയുന്നതിൻ മുൻപേ...

പൂ മുഖമൊന്നിനി വാടാതിരുന്നെങ്കിൽ
ശശിലേഖയൊന്നൊളി മങ്ങാതിരുന്നെങ്കിൽ
ഒരുവേള യാത്ര ചൊല്ലും നേരമെന്നുടെ
വിറയാർന്ന കണ്ഠമൊന്നിടറാതിരുന്നെങ്കിൽ...

വിരഹതാപം സഹിയാതെയീ പൂങ്കുയിൽ
മധുഗാനമാലിക മതിയാക്കിടുമ്പൊഴും
അകലേയ്ക്കു ചിറകടിച്ചകലുമ്പൊഴെങ്കിലും
അതു നിന്റെ കൺകളിൽ പ്രതിഫലിച്ചീടുമോ

ഇനി നേരമില്ലെന്നു പകലു ചൊല്ലിത്തന്ന
പരമാർത്ഥ ചിന്തകൾ മംഗളം പാടവേ
ഇനി വരും ജന്മത്തിലണിയുവാൻ നീ തന്ന
മണിമുത്തുമോതിരം അണിയാതെ പോകയായ്

അണയുകയായ് സന്ധ്യാംബരവീഥിയിൽ തവ
മധുരാനനം കാത്തു വച്ചൊരീ നെയ്ത്തിരി
പിരിയുന്ന വേളയിൽ തകരുമീ ഹൃദയത്തി-
ലിനിയേതു ഗീതം കരുതണം പ്രിയ സഖീ...

© കാവാലം ജയകൃഷ്ണൻ

പറഞ്ഞു തീരാത്ത കഥ!

പണ്ടെത്ര നേരം പറഞ്ഞാലും തീരാത്ത
കഥകളുണ്ടായിരുന്നൂ നമുക്കായ്
പണ്ടെത്ര നേരമാ കൺകളിൽ നോക്കിലും
തീരാക്കിനാക്കളുണ്ടായിരുന്നൂ

പണ്ടെത്ര കൈപിടിച്ചാ വനച്ഛായയിൽ
ചാറ്റൽമഴയത്തു ഞാൻ നടന്നൂ
പണ്ടത്തെയാമലർത്തോപ്പിലെ സ്വച്ഛന്ദ
സ്വപ്നങ്ങളെത്ര മനോഹരങ്ങൾ

ആ മധുവാസന്തകാലം കഴിഞ്ഞുഗ്ര
വേനലിൻ ചൂടിലുരുകും മനം
വേപഥുചിന്തി, മനസ്സുഗ്രതാപത്തിൽ
വേവുന്നൊരോർമ്മതൻ രൂപമായി

താനേ സുധാരസഗീതം പൊഴിച്ചൊരെൻ
രക്തകോശങ്ങൾ തുരുമ്പെടുക്കേ
വീണുറങ്ങുന്ന ഗതചിന്തയാത്മാവി-
ലാളും ചിതയൊന്നിൽ ഭസ്മമാകേ

താഴിട്ടു പൂട്ടിയ വാതായനങ്ങൾക്കു
ചാരെ നിൻ രൂപമെൻ കൺകൾ തേടും
ഇനി വരും ജന്മങ്ങളാ മുഗ്ധരൂപത്തിൻ
തപ്തസ്മൃതികളിൽ പൂത്തു നിൽക്കും

© കാവാലം ജയകൃഷ്ണൻ

പശുപതീ കൈതൊഴാം

പശുപതീ കൈതൊഴാം കേൾക്കുമാറാകണം
 പ്രാന്തനാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ കാമമുണ്ടാക്കുമാറാകണം
 നാണമില്ലാത്തോനാകാൻ ബോധം കളയണം

 ആരെയും ചുംബിക്കാൻ ത്രാണിയുണ്ടാക്കണം
കാണുന്നോർക്കൊക്കെയും പുച്ഛമുണ്ടാക്കണം
അമ്മയേം പെങ്ങളേം കാമുകിയാക്കണം
അമ്മൂമ്മയിൽ പോലും കണ്ണു വയ്പ്പിക്കണം

തോന്ന്യവാസങ്ങൾക്കു ജീവനുണ്ടാക്കണം
ആരെയും നിന്ദിക്കാൻ ശക്തിയുണ്ടാക്കണം
 പെരുവഴി പോലുമെൻ മണിയറയാക്കണം
അവിടെല്ലാം പെണ്ണുങ്ങൾ കേറി നിരങ്ങണം

ചാനലിലെല്ലാം ഞാൻ ഓണമായ് മാറണം
എൻ തലക്കുള്ളിൽ നീ ഓളം നിറക്കണം
നിത്യം കുടിക്കുവാൻ കള്ളു നൽകീടണം
കൂടെ കുടിക്കുവാൻ കോതമാർ കൂടണം

ദൈവത്തെ നിന്ദിക്കാൻ താൽപര്യമേറണം
 ദൈവകാര്യങ്ങൾക്കു ഞാൻ പാരയായ് മാറണം
നാട്ടിൽ സദാചാരമമ്പേ നശിക്കണം
നാട്ടുകാർക്കൊക്കെ ഞാൻ ഹീറോയായ് മാറണം

നാണമില്ലായ്മയെൻ ഭൂഷണമാകണം
നാറികളാം ജനം നാണിച്ചു പോകണം
പശുപതീ കൈതൊഴാം കേൾക്കുമാറാകണം
പ്രാന്തനാമെന്നെ നീ കാക്കുമാറാകണം

©കാവാലം ജയകൃഷ്ണന്‍

പാരിജാതം പൂത്ത കാലം

പറഞ്ഞില്ല ഞാനൊന്നുമറിഞ്ഞില്ല നീയുമാ
പാരിജാതം പൂത്ത കാലം - ഉള്ളിൽ
പാൽനിലാവൊളി വീണ പ്രായം
അറിയാതെ പാടിയെൻ ഹൃദ്‌തന്ത്രികൾ പോലും
ആരിവളെന്നു തിരഞ്ഞു
ഒന്നും പറയാതെ ഞാനും നടന്നു

നിൻ വളക്കൊഞ്ചലിൻ താളമായ് മാറി ഞാ-
നെന്നെ മറന്നൊരാ കാലം
എന്തൊക്കെ സ്വപ്നങ്ങളായിരുന്നന്നു നീ
എന്നിൽ നിറഞ്ഞ തേൻസത്തേ

എത്ര ഋതുക്കൾ കഴിഞ്ഞാലുമെന്നുമെൻ
ഉള്ളിൽ നിനക്കു താരുണ്യം
എത്ര യുഗങ്ങൾ കഴിഞ്ഞാലുമെപ്പൊഴും
എന്നും നീയെന്റെ സായൂജ്യം

എത്ര ജന്മങ്ങൾ തപസ്സിരുന്നീടണം
പുണ്യവതീ നിന്റെ രൂപം
എന്നുമെപ്പോഴുമെൻ ചാരത്തു തന്നെയായ്
വന്നണഞ്ഞീടുവാൻ ദേവീ...

© കാവാലം ജയകൃഷ്ണൻ