Monday, August 09, 2010

മഞ്ജുഷ

മന്ദഹാസങ്ങള്‍ പൂവിടര്‍ത്തുന്ന
മന്ദാരം പൂത്ത സന്ധ്യയില്‍
മന്ദമായ് വന്ന തെന്നല്‍ പോലെ നീ-
യെന്‍റെയോര്‍മ്മയില്‍ വന്നുവോ

ഹര്‍ഷഘോഷങ്ങളായിരം വര്‍ണ്ണ-
വിസ്മയം തീര്‍ത്ത വേളയില്‍
സ്വപ്നമേയെന്‍റെ ഹൃത്തടത്തില്‍ നീ-
യെത്തിയെന്തോ മൊഴിഞ്ഞുവോ

സ്വസ്ഥമാമെന്‍റെ മാനസത്തില്‍ നീ
സ്വച്ഛ സ്വച്ഛം നടക്കവേ
മഞ്ജുഷേ നിന്‍റെ പാദതാളമെന്‍
ഇച്ഛതന്‍ തുടിതാളമായ്

മേഘജാലങ്ങളാശതന്‍ സ്വര്‍ണ്ണ-
രാജികള്‍ ചൂടിയാഢ്യമായ്
വാനവീഥിയിലായിരം മലര്‍-
ച്ചാര്‍ത്തുകള്‍ പകര്‍ന്നീടവേ

ഹാ തപസ്സിളകുന്നു ജീവിത
മോദ മോഹം വളരുന്നു
നിന്‍റെ വാനത്തിലര്‍ക്കനാകുവാ-
നാഗ്രഹിക്കുന്നു മാനസം

മഞ്ജുഭാഷണമന്ത്രണത്തിലെന്‍
മോഘജന്മം പവിത്രമായ്
ധന്യമായ് മമ ജന്‍‍മദുഃഖങ്ങ-
ളന്യമായി നിസ്സംശയം

നിര്‍മ്മലേ നിന്‍റെ മന്ദഹാസത്തി-
ലെന്നുമെന്നും വിളങ്ങുവാന്‍
നോമ്പു നോല്‍ക്കട്ടെ നിത്യവും നിന്‍റെ
ചാരുശ്രീലകവാതിലില്‍...

© ജയകൃഷ്ണന്‍ കാവാലം

Sunday, August 08, 2010

ശശികല

പാര്‍വ്വണക്കുളിര്‍ ചൂടി മധുരമായ്
വാനവീഥിയില്‍ വന്ന ശശികലേ...
സൂര്യകാന്തിപോല്‍ കാന്തിയോലും മുഖം
കാണുവാന്‍ വന്ന സൂര്യനാവട്ടെ ഞാന്‍

പാരകസ്മേരഭംഗിയോലുന്ന നിന്‍
പാംസുചന്ദനാലംകൃത ശ്രീയെഴും
ആനനത്തിന്‍ പ്രകാശമായ് മാറുവാന്‍
വാനവീഥിയില്‍ വന്നുദിക്കട്ടെ ഞാന്‍

തേന്‍ കണത്തില്‍ കവിതയും ചന്ദന-
ഗന്ധവും ചേര്‍ന്ന നിന്‍റെ മനോജ്ഞമാം
സ്നേഹഭാഷണ ഗാനത്തിലീറതന്‍
ഈണമായ് ഞാനലിഞ്ഞു ചേരട്ടെ

ശുദ്ധസുന്ദരസങ്കല്‍‍പ്പ ധാരയാല്‍
ഉജ്ജ്വലം നിന്‍റെ മാനസം കാണവേ
വിശ്വപ്രേമാര്‍ത്ഥസാരം നിരന്തരം
വിസ്മയിപ്പിപ്പതെന്‍ മനോമണ്ഡലം

ദുര്‍ഘടം, ഘോര ദുഃഖമീജീവിത
കഷ്ടകാണ്ഡം കഴിക്കുവാനെങ്കിലും,
കൂട്ടു പോരുകില്‍ ചേര്‍ത്തിടാം മാമക
ശിഷ്ടയാത്രയില്‍ സ്നേഹം പകര്‍ന്നിടാം

വാനവില്ലൊളി തോല്‍ക്കുന്ന വര്‍ണ്ണങ്ങള്‍
പൂ വിടര്‍ത്തുന്ന താവകാത്മാവിലെ
ദാരുശില്പമായെങ്കിലും മാറുവാന്‍
ആശയുണ്ടെനിക്കേറ്റം ശശികലേ...

പേടമാന്‍ മിഴിപ്പൂവില്‍ നിരന്തരം
സ്വപ്നമായ് ഞാനലിഞ്ഞു ചേര്‍ന്നോട്ടേ
ചേര്‍ത്തു വയ്ക്കട്ടെ നിന്നെയെന്‍ പ്രാണന്‍റെ
പ്രാണനൊപ്പം നിരന്തരം കാവ്യമേ...

© 
കാവാലം ജയകൃഷ്ണന്‍ 

Monday, August 02, 2010

ആതിര

--- നീയെത്രയുരുകുന്നുവെന്നറിവീല ഞാന്‍
നീയെത്ര താപം തപിപ്പതറിവീല ഞാന്‍
നീറുമെന്‍ പ്രാണന്‍റെ പ്രേമനൈവേദ്യത്തില്‍
നീയെത്ര മധുവായ് നിറഞ്ഞതറിവീല ഞാന്‍---

1

ആതിരേ, മിഴിപ്പൂക്കളില്‍ കവിതകള്‍
ആയിരം വര്‍ണ്ണമായ് നിറയുന്ന ദേവതേ
നിന്നെ തിരഞ്ഞു ഞാനെത്ര വര്‍ഷങ്ങളാ
യലയുന്നിതാ മുഗ്ധസങ്കല്‍‍പ്പ കന്യകേ

ആതിരേ, നോവിന്‍റെ ഇടവഴിയില്‍ പൂത്ത
ജീവന്‍റെ നിറമുള്ള സ്നേഹകുസുമമേ
അറിയുന്നു നിന്നെയെന്നന്തരാത്മാവിന്‍റെ
ആഴങ്ങള്‍ തിരയുന്ന സ്നേഹനൈര്‍മ്മല്യമായ്

ഒരു കുഞ്ഞു മോഹമായ്, മലര്‍വര്‍ണ്ണ സ്വപ്നമാ-
യോമനിച്ചോമനിച്ചാശിച്ചു നിന്നെ ഞാന്‍
ഒരു മയില്‍‍പ്പീലി പോലരുമയായെന്നുടെ
മനസ്സിന്‍റെ പുസ്തകത്താളില്‍ കരുതി ഞാന്‍

ആതിരേ നീയറിയുന്നുവോ എന്‍റെ
മനസ്സിലെ നോവിന്‍ പുകച്ചിലെത്ര
ആതിരേ നീയെന്ന സ്വപ്നം പൊലിയുകില്‍
ആവതില്ലന്നീ പ്രയാണം തുടര്‍ന്നിടാന്‍

ആതിരേ, നിന്‍ മിഴിപ്പൂവില്‍ നോക്കി ഞാനെത്ര
രാവുകള്‍ കവിത ചൊല്ലിക്കഴിച്ചു
കണ്ണീര്‍ നിറയാതിരിക്കണമെന്നെത്ര
മൌനമായ് നിന്നോടു ചൊല്ലി

അഴലിനുന്മാദ നിമിഷങ്ങളില്‍ നിന്‍റെ-
യരുമസാന്നിദ്ധ്യത്തിനായ് കേണ നാള്‍
ഇരവിലുറവയായ് നിറയുന്ന സ്നേഹത്തി-
ലരുമയായ് നിന്നെയോമനിച്ചെത്ര ഞാന്‍

അരികിലുണ്ടെങ്കിലെന്നുമെന്നാതിരേ
ഹൃദയമാശിച്ചിടുന്നു നിന്‍ സാന്ത്വനം
ഹൃദയഭിത്തികള്‍ പൊട്ടിത്തകര്‍ന്നു പോം
ഒരു നിമേഷമാ സ്നേഹം പൊലിയുകില്‍

മമ മനസ്സിന്‍റെ മുഗ്ധരാജാങ്കണം
മമ സഖി നിന്‍റെ പാദസ്പര്‍ശത്തിനായ്
മരുവു പോലിതാ ദാഹിപ്പു ജീവനേ
വരിക വരികയെന്‍ ജന്മമോക്ഷത്തിനായ്...

2

അകലുവാനായി മാത്രം പ്രതീക്ഷ തന്‍
അരിയ തൂവലിന്‍ ചിറകുകള്‍ വീശിയാ
അരളി പൂത്ത നിലാവത്തു നീറുമെ-
ന്നരികില്‍ വന്നുവോ നിശ്ശബ്ദദുഃഖമേ

അകലെ മണ്ണിന്‍റെ മക്കള്‍ തന്നാരവം
ഒരു വിശപ്പിന്‍റെ നൊമ്പരം പാടുന്നു
ഇവിടെ ഞാന്‍ നിന്‍റെ ഹൃദയസോപാനത്തില്‍
സ്നേഹമന്ത്രം ജപിച്ചിരിക്കുന്നു...

ഇനിയൊരു പ്രത്യക്ഷദര്‍ശനം കാക്കാതെ,
ഇനിയൊരശരീരി പോലും നിനയ്ക്കാതെ,
പ്രേമാംബികേ തവ ലീലാവിനോദങ്ങളില്‍
വെറുമൊരു മണ്‍പാവയായ് തപം ചെയ്‌വു ഞാന്‍.

അഴലഴിയാത്ത മനസ്സിലെ ഭാരങ്ങള്‍
അണമുറിയാത്ത കണ്ണീര്‍ പ്രവാഹമായ്
അതിലൊരു കൈക്കുമ്പിള്‍, ഭവതി നിന്‍ ജീവനില്‍
അടിമുടിയൊഴുകുന്ന, തീര്‍ത്ഥമാവട്ടെ

ഇനിയൊരു പ്രണയപര്‍വ്വത്തിനായ് പ്രാണനേ
തുണവരിക,യെന്നേ മരിച്ചൊരീ ദേഹത്തില്‍
ഇനിയുമൊരു കുരുതിക്കു കളമൊരുക്കട്ടെ നിന്‍
തിരുവടികള്‍ തഴുകുവാന്‍ ഹൃദയം തുളയ്ക്കട്ടെ

ഇവിടെയൊരു ചെമ്പനീര്‍പ്പൂ ആരെയോ,
ഇമചിമ്മിക്കാത്തു നില്‍ക്കുന്നൂ
അവളുടെയിളം കവിളിലെയശ്രുപോല്‍
ഇവനുമൊരു ബാഷ്പമാകുന്നു...

നിന്‍റെ കണ്‍കളൊന്നിരുണ്ടാല്‍ മതി
ഇനിയുമൊരു ദീര്‍ഘനിശ്വാസമാത്രം പോരും
ഇളവെയിലില്‍ വറ്റുമായശ്രു പോലെന്‍ പ്രാണന്‍
ഒരു നേര്‍ത്ത തേങ്ങലായ് നിന്നില്‍ ലയിക്കുവാന്‍...

ഹൃദയാരവങ്ങളടങ്ങയായ് എന്നൂര്‍ജ്ജ-
മണയാന്‍ തുടങ്ങി നിഴല്‍ വീഴ്കയായ്
കവിതക്കരുത്തു കനലാടുമെന്‍ മനസ്സിന്‍റെ
കരയിന്നു കണ്ണീര്‍ത്തടാകമായ്

3

ദൈവം തന്നൊരു നിധിയേ... നീയെന്‍റെ ജീവന്‍റെ
വിധിയെഴുതുക....... കാത്തു നില്‍‍ക്കുന്നു ഞാന്‍...

© ജയകൃഷ്ണന്‍ കാവാലം

Thursday, July 29, 2010

ആത്മാവു പാടുമ്പോള്‍

Get this widget Track details eSnips Social DNA

ആലാപനം: ബിജു കോട്ടില

പ്രത്യേക നന്ദി: ഷാജി മുള്ളൂക്കാരന്‍

കവിത വായിക്കാന്‍ തൊട്ടു മുന്‍പത്തെ പോസ്റ്റ് നോക്കുക

© ജയകൃഷ്ണന്‍ കാവാലം

Wednesday, June 30, 2010

ആത്മാവ്‌ പാടുന്നത്

നെഞ്ചിടിപ്പിന്‍റെ താളം മുറുകുന്നു
മനസ്സിലെ ചക്രവാകപ്പക്ഷി ചിറകടിച്ചകലുന്നു
നഭസ്സിലെ ശ്യാമരാജികള്‍ വിഷാദ മൌനത്തിന്‍റെ
ചിത്രം വരക്കുവാന്‍ വ്യര്‍ത്ഥം ശ്രമിക്കുന്നു
വെറുമൊരു ചുടലപ്പറമ്പുപോല്‍ ശൂന്യമാം-
മനസ്സേ... ചിതകളില്‍ ചിന്തയെകൊന്നെരിച്ചും,
സഫലമാകാത്ത സ്വപ്നങ്ങളെ വറളി കൂട്ടിപ്പുകച്ചും,
അരിയ മന്ദസ്മിതം പങ്കിട്ടെടുത്തൊരാ-
മധുരവര്‍ഷങ്ങളെ തിലയോടു ചേര്‍ത്തു ഹവിച്ചും,
ഒരു വിഫല ജന്മത്തിന്‍റെയളവെടുപ്പു നടത്തിയാലും.......

ഉടലെരിക്കുന്നൊരന്തരാത്മാവിന്‍റെ
വ്രണിതഗീതം മുഴങ്ങുമീസന്ധ്യയില്‍
മധുരസ്വപ്നങ്ങള്‍ കണ്ടുമടുത്തൊരെ
ന്നാത്മകഥകള്‍കാറ്റില്‍ പറന്നു നടക്കട്ടെ
വ്യഥകള്‍, നൊമ്പരപ്പാടുകള്‍ പൂക്കുമെന്‍
കവിത തന്നുടല്‍ ചിതലരിച്ചീടട്ടെ
ഇളകിയാടുന്ന മാനസസഞ്ചാര
ഗതിവിഗതികള്‍ താളം പിഴയ്ക്കുന്നു
തരളജീവിതസ്സങ്കല്‍‍പ്പകന്യകള്‍
മുടിയഴിച്ചുന്മാദ നൃ്ത്തം ചവിട്ടുന്നു
ചകിതനാണിന്നു കാലമേ നിന്‍റെയീ
ചരണതാഡനം പാടേ തളര്‍ത്തുമെ-
ന്നുടല്‍ വിറയ്ക്കുന്നു ജീവിതം കാണവേ.......

നെടിയനേരുകള്‍ നൊമ്പരപ്പൂക്കളായ്
പഴയയോര്‍മ്മതന്‍ വഴികളില്‍ പൂക്കുന്നു
നടുവൊടിക്കുന്ന ജീവിതഭാരത്തി-
ന്നഴല്‍കളില്‍ ഞാന്‍ തകര്‍ന്നു പോകുന്നു
സഫലജീവിതത്തിരിതെളിച്ചന്നു നീ
വഴിയില്‍ നില്‍‍ക്കവേ കണ്ടു ഞാനെങ്കിലും,
സഹഗമനത്തിനര്‍ത്ഥിച്ചു ഞാനെന്‍റെ
ഉയിര്‍ പകരം നിനക്കു നേദിക്കിലും,
ഹൃദയഗര്‍ഭത്തിലുണ്മയോലും സ്നേഹ
അമരകോശത്തില്‍ നിന്നെ പ്രതിഷ്ഠിച്ച്
പരിധിയില്ലാത്തനശ്വരപ്രേമത്താല്‍
ഉദയസായന്തനങ്ങള്‍ കഴിക്കിലും,
അരുവിയാം നിന്‍റെ മിഴികളൊന്നെന്നിലേ-
ക്കൊഴുകിയില്ലെന്‍റെ കരളിലെക്കണ്ണുനീര്‍-
തരളപാദം നനച്ചില്ല ദേവി നിന്‍
മിഴിയറിഞ്ഞതില്ലെന്നാത്മ നൊമ്പരം.......

വഴി പിരിഞ്ഞു നാം പോകയോ ഹാ... മനം
വഴി തിരിയാതെയിരുളില്‍ പരതുന്നു
തീയൊഴുകുമെന്‍ ഹൃത്തിലെ ധമനികള്‍
അമിതതാപത്താല്‍ പൊട്ടിത്തകരുന്നു
വരണമാല്യം കരുതിയില്ലെങ്കിലും,
വളകിലുക്കങ്ങള്‍ കവിത പാടുന്ന നിന്‍
കൈകളാലൊരു പൂച്ചെണ്ടു മാത്രമെന്‍
ചിതയില്‍ വയ്ക്ക, കൃതാര്‍ത്ഥനാവട്ടെ ഞാന്‍.......

© ജയകൃഷ്ണന്‍ കാവാലം