Saturday, September 01, 2012

വിരഹം !

എന്നിലെ ഞാനിന്നകന്നു പോയീ-കണി
ക്കൊന്നകള്‍ പൂത്ത കിനാക്കള്‍ മങ്ങി
എന്നിനിക്കാണുമെന്നോര്‍ത്തോര്‍ത്തു ചിന്തതന്‍
വേദനക്കൂട്ടില്‍ കിളികള്‍ വിങ്ങി


രാവും പകലുമീയേകാന്ത ബന്ധനം
തീര്‍ക്കുന്ന നെഞ്ചിന്റെ വിങ്ങലാലെ
മുട്ടിയുരഞ്ഞു നെഞ്ചസ്ഥികള്‍ കത്തുമ്പോള്‍
താങ്ങാവതല്ലീ കഠോരതാപം

രാത്രിയില്‍, നോവും പിടയ്ക്കും മനസ്സുമായ്
നിദ്ര തീണ്ടാതെയുരുകിടുമ്പോള്‍
ഇന്നലെക്കൂടി നീ മന്ദഹാസത്താലെ
കോര്‍ത്ത മലരുകള്‍ ബാക്കിയായി

ജീവിതം! ജീവനാ ജീവനില്‍ ചേര്‍ന്നിടും
രണ്ടിണപ്പക്ഷിതന്‍ ഭംഗിപോലെ
ചേര്‍ന്നിരുന്നില്ലെങ്കിലാകെയുടഞ്ഞുപോം
രണ്ടു കണ്ണീര്‍മണി മുത്തുപോലെ

6 comments:

പ്രവീണ്‍ ശേഖര്‍ said...

വിരഹം ആസ്വാടനീയമായ ഒരു മനോ വേദനയാണ്

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തരളവാക്കുകളില്‍ ഒരു മനോഹരമായ കവിത

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

ഇത് പേമാരി ആണ് ...., കവിതയുടെ പേമാരി .... വിരഹത്തിന്റെ പേമാരി

Kalavallabhan said...

വളരെക്കാലത്തിനു ശേഷം വന്ന താങ്കളുടെ കവിത കാണ്ടു. 'വിരഹം' ഇപ്പോളവസാനിച്ചെങ്കിലും പുതിയ പോസ്റ്റുകളിലൂടെ സജീവമായിരിക്കുക

കാവാലം ജയകൃഷ്ണന്‍ said...

പ്രവീണ്‍ ശേഖര്‍: ആദ്യ സന്ദര്‍ശനത്തിന് നന്ദി.
ആറങ്ങോട്ടുകര മുഹമ്മദ്‌: നന്ദി മാഷേ
നിധീഷ് കൃഷ്നന്‍: താങ്കളും ഇവിടെ ആദ്യമാണെന്നു തോന്നുന്നല്ലോ. സ്വാഗതം, വേദനയുടെ പേമാരിയുടെ അത്രയും സംശുദ്ധിയുണ്ടാവില്ല സന്തോഷത്തിന്റെ പേമാരിക്ക്‌. കാരണം അതില്‍ അഹങ്കാരത്തിന്റെ ചെറിയൊരംശമെങ്കിലും ഉണ്ടാവും. എന്നാല്‍ വിരഹം; മനസ്സിന് ഒരു പാഠം കൂടിയാണ്... ഒന്നും ശാശ്വതമല്ലെന്ന പാഠം.
കലാവല്ലഭന്‍: തീര്‍ച്ചയായും. കുറച്ചു നാള്‍ വനവാസമായിരുന്നു. ‘കവിയാകാന്‍ വേണ്ടി’ ദിവസവും ഓരോന്നു പടച്ചു വിടുന്നതിലും നല്ലത്, വാക്കുകള്‍ വരും വരെ മിണ്ടാതിരിക്കുന്നതല്ലേ എന്നു കരുതി.

ശ്രീ said...

മനോഹരം മാഷേ.

നല്ല ഈണത്തോടെ വായിച്ചു പോകാനാകുന്നുണ്ട്