Tuesday, March 15, 2011

സ്വപ്നാടനം..

കാലപ്രവാഹത്തില്‍ ദൂരേയ്ക്കു നീളുന്ന
മായാമരീചികപോലേ
മായുന്നു വീണ്ടും തെളിയുന്നിതോര്‍മ്മയില്‍
നോവും കിനാക്കളേ നിങ്ങള്‍

തീരാത്ത നോവിന്റെ വേദിയില്‍ ജീവിത
നാടകമാടുന്നു ഞാനും
തീരത്തടുക്കാന്‍ വിസമ്മതം മൂളുന്ന
മുങ്ങുന്ന പായ്ക്കപ്പല്‍ പോലേ

ഏതോ കിനാവിന്‍ ഞരക്കത്തിലെന്നുമെന്‍
മൌനം വിതുമ്പുന്ന മന്ത്രം
ഏതുച്ച രാവിന്നസ്വസ്ഥസ്വപ്നത്തി-
ലര്‍ത്ഥം തിരയുന്നു നിത്യം

ഏതര്‍ത്ഥഗര്‍ഭമാം നീതിക്കു വേണ്ടിയീ
ഭേദ്യം സഹിക്കുന്നു നിത്യം
ഏതൊരപൂര്‍വ സൌഖ്യം തിരഞ്ഞിന്നുമെന്‍
യാത്ര തുടരുന്നു നീളേ...

© ജയകൃഷ്ണന്‍ കാവാലം

18 comments:

Jithu said...

ഇഷ്ടപ്പെട്ടു

Kalavallabhan said...

രാവിന്നസ്വസ്ഥസ്വപ്നങ്ങളിൽ
“അർത്ഥം” തിരയുന്നു നിത്യം

കാവാലം ജയകൃഷ്ണന്‍ said...

കലാവല്ലഭൻ, അക്ഷരപ്പിശാച്! സ്ഥിരം പറ്റുന്നതാണ്. അതും ഇതേ വാക്കിൽ... ചൂണ്ടിക്കാട്ടിയതിന് നന്ദി. തിരുത്തിയിട്ടുണ്ട്‌...

കാവാലം ജയകൃഷ്ണന്‍ said...

ശ്ശെടാ ഇപ്പോൾ കൺ‌ഫ്യൂഷനായല്ലോ... വെറുതേ ഒന്നു നെറ്റിൽ പരതിയപ്പോൾ ദാ കിടക്കുന്നു രണ്ടു വാക്കും... ഇതിപ്പോൾ ഇതിൽ ഏതാണു ശരിയെന്നു കുഴയുന്ന ലക്ഷണമാണ്. (നോക്കണ്ടായിരുന്നു) ദാ ഇപ്പ ശരിയാക്കിത്തരാം

കാവാലം ജയകൃഷ്ണന്‍ said...

പിന്നേം പ്രശ്നം... ദേ... http://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%85%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82

ശ്രീ said...

നന്നായി, മാഷേ

Kalavallabhan said...

മഷേ, ഞാനിവിടെ അക്ഷരതെറ്റൊന്നും ചൂണ്ടിക്കാട്ടിയിട്ടില്ല.
ഒരു തമാശയ്ക്ക് “രാവിന്നസ്വസ്ഥ സ്വപ്നങ്ങളിൽ പോലും അർത്ഥം” അതായത് പണം തിരയുന്നു നിത്യം എന്നാണ്‌ എഴുതിയത്.
തെറ്റിദ്ധാരണയുണ്ടാക്കിയതിൽ ക്ഷമിക്കുക.

കാവാലം ജയകൃഷ്ണന്‍ said...

ഹോ ഇപ്പോഴാണ് ആശ്വാസമായത്. ഇതിന് സഹായിച്ച ഹരിശ്രീ എന്ന കംയൂണിറ്റിയിലെ, വീണ, വർഗീസ് എന്നീ സുഹൃത്തുക്കൾക്ക് നന്ദി അറിയിക്കുന്നു.

അര്‍ദ്ധം =പകുതി a half

അര്‍ദ്ധി = പകുതിയ്ക്കവകാശി one entitled to half a share

അര്‍ദ്ധു = വര്‍ദ്ധിക്കുന്ന


അര്‍ത്ഥം = ആശയം, ധനം wealth

അര്‍ത്ഥി = യാചകന്‍, അപേക്ഷകന്‍

കാവാലം ജയകൃഷ്ണന്‍ said...

കലാവല്ലഭൻ: മാഷേ, ഒരിക്കലും ക്ഷമ പറയേണ്ട കാര്യമല്ലല്ലോ ഇത്. ഇങ്ങനെയൊരു ആശയക്കുഴപ്പം ഉണ്ടായത് ആ വാക്കു തേടിപ്പോകാൻ പ്രചോദനമായില്ലേ, കണ്ടില്ലേ അതോടൊപ്പം എത്ര പുതിയ വാക്കുകൾ കിട്ടിയെന്ന്. അപ്പോൾ മാഷിനോട് ഞാൻ വീണ്ടും കടപ്പെട്ടിരിക്കുന്നു. മലയാളം എഴുതുമ്പോൾ സ്ഥിരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിലവയിൽ ഒന്നാണ് ഇത്. ഇത്തരം പുനരന്വേഷണങ്ങളും, പുനർവിചിന്തനവും ഉണ്ടാകുന്നത് തിരുത്തപ്പെടുവാൻ നല്ലതാണെന്നേ എനിക്കഭിപ്രായമുള്ളൂ. നമ്മൾ മലയാളികളെങ്കിലും ശുദ്ധമലയാളം ഉപയോഗിക്കണ്ടേ... വീണ്ടും നന്ദി

Sabu Hariharan said...

ഏതുച്ച രാവ്‌..
ഒരപാകത
ഇവിടെ ഉച്ച യാണോ രാവാണോ?
അതോ എന്റെ കുഴപ്പമാണോ?

നല്ല വരികൾ.
ഈയിടെയായി മുഴുവനും ദുഃഖമാണല്ലോ..

കാവാലം ജയകൃഷ്ണന്‍ said...

നട്ടപ്പാതിര എന്ന് ഉദ്ദേശിച്ചെഴുതിയതാണ്. തെറ്റാണോ എന്നറിയില്ല. ഒന്നു നോക്കിക്കളയാം... കുഴപ്പം എന്റേതാവാനാണു കൂടുതൽ സാദ്ധ്യത.

ദുഃഖം ഒന്നും ഇല്ല... പൊതുവേ ജീവിതത്തിന്റെ സ്ഥായിയായ ഭാവം (എല്ലാവർക്കും) ദുഃഖമാണല്ലോ... സംസാരദുഃഖം... അത്രേയുള്ളൂ.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

എന്നാല്‍ പിന്നെ "ഏതുച്ചരാവിന്നസ്വസ്ഥസ്വപ്നത്തില്‍" എന്നാക്കിക്കോൂടേ
അതൊന്നു പാടാന്‍ നോക്കിയിട്ട്‌ അവിടെ ഒരു കല്ലുകടി.

ഞാനും ഇപ്പൊ ശരിയാക്കിത്തരാം
ഹ ഹ ഹ:)

ഇനി ഉച്ചരാവു മാറ്റുന്നെങ്കില്‍ മാറ്റിക്കൊ അസ്വസ്ഥസ്വപ്നത്തില്‍ എന്നെ ഞാന്‍ പാടൂ സ്വപ്നങ്ങള്‍ ഇല്ല
എന്തായാലും വേഗം, വേണം

കാവാലം ജയകൃഷ്ണന്‍ said...

അങ്ങനെയെങ്കിൽ അങ്ങനെ...പണിക്കർ സർ പറഞ്ഞാൽ പിന്നെ അതിന്മേലെന്തു വാദം. ഇന്നു മുതൽ അസ്വസ്ഥ സ്വപ്നത്തിൽ എന്നു മാത്രം ആയിരിക്കും ആ വരി എന്ന് ഇതിനാൽ പ്രഖ്യാപിച്ചു കൊള്ളുന്നു.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ശ്ശെടാ തിരുത്തിയപ്പോള്‍ ടൈപ്പോസ്‌ ഉച്ചരാവ്‌ ഇനി ഒന്നു കൂടി തിരുത്തണം

(ഹ ഹ ഞാന്‍ തന്നെ പറയണം ഒരു വാക്കില്‍ നൂറു തെറ്റുകള്‍ റ്റൈപ്‌ ചെയ്യുന്നവന്‍)

കാവാലം ജയകൃഷ്ണന്‍ said...

ഹഹ ഇന്നലെ പെട്ടെന്നു ടൈപ്പ് ചെയ്തു വിട്ടു. പക്ഷേ പേജിൽ വന്നൊന്നു നോക്കിയില്ല. അങ്ങനെ പറ്റിയതാണ്. ഇപ്പോ ശരിയായില്ലേ???

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരു മെയില്‍ mp3 അയച്ചിരുന്നു കിട്ടിയൊ?

കാവാലം ജയകൃഷ്ണന്‍ said...

ദാ ഇപ്പോ കിട്ടി. പണിക്കർ സാറിന്റെ സ്നേഹവായ്പിൽ, ഒരു പാട്ടിനു കൂടി ജീവൻ വച്ചിരിക്കുന്നു. വളരെയധികം നന്ദി സർ. ഉടൻ തന്നെ ബ്ലോഗിൽ പോസ്റ്റാം...

Bibi Mohanan said...

mashe..